Image

'ജൂനിയർ ജാനകി' (വിജയ് സി.എച്ച്)

Published on 03 November, 2023
'ജൂനിയർ ജാനകി' (വിജയ് സി.എച്ച്)
 
 
തുടർച്ചയായ ഇരുപത്തിമൂന്നു വർഷം ഇമ്പമുള്ള മലയാള ഗാനങ്ങൾ ആലപിച്ചു സൗദി അറേബ്യൻ പട്ടണങ്ങളായ ജിദ്ദയിലും യാൻബുവിലും 'ജൂനിയർ ജാനകി' എന്ന സ്ഥാനനാമം നേടിയെടുത്ത മായാ ശങ്കർ ഈയിടെ മഞ്ചേരിയിൽ തിരിച്ചെത്തി സ്വദേശത്തെ വേദികളിൽ സജീവമാകുമ്പോൾ, ഗായികയ്ക്കു അനുഭവപ്പെടുന്നതൊരു വിപരീത ഗൃഹാതുരത്വം.
വികാരതീവ്രമായ സ്മരണകളുടെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നതു അന്യദേശത്തെ മണ്ണിലാകുമ്പോൾ സ്വഗൃഹത്തിൽ പോലും ആതുരത്വം അനുഭവപ്പെടുന്നതു സ്വാഭാവികം!
"ഒരു സ്വകാര്യ മ്യൂസിക് ബേൻഡ് ചെങ്കടലിൻ്റെ തീരത്തൊരുക്കിയ തുറന്ന വേദിയിൽ, ജാനകിയമ്മ ആലപിച്ച 'അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി...' എന്നു തുടങ്ങുന്ന ഗാനം പാടിക്കൊണ്ടായിരുന്നു സൗദിയിലെ എൻ്റെ അരങ്ങേറ്റം. രാജ്യത്തിൻ്റെ വടക്കേ വ്യാവസായിക നഗരം യാൻബുവിനോടു ചേർന്നുള്ള ബീച്ചിൽ, തണുപ്പു തോന്നിയ രാത്രിയിൽ, ശ്രോതാക്കളിൽ നിന്നുയർന്ന നീണ്ട കരഘോഷം ഇന്നുമുണ്ട് എൻ്റെ കാതുകളിൽ," മായ ഓർത്തെടുത്തു, 2001-ലെ ആ സൗദിഅറേബ്യൻ സംഗീത വിരുന്ന്!
പഠിതാവായിരുന്നപ്പോൾ കലാലയങ്ങളിലെ പരിപാടികളിൽ പങ്കെടുത്തു പാടിയ പരിചയം മാത്രമുണ്ടായിരുന്ന മായയുടെ പ്രഥമ പൊതുപരിപാടിയായിരുന്നു യാൻബു ബീച്ചിലേതെന്നു അന്നവിടെ എത്തിയ ശ്രോതാക്കളാരും കരുതിക്കാണില്ല.
നിലമ്പൂർ സർക്കാർ സ്കൂളിലും, കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിലും, മലപ്പുറം ബി.എഡ് കോളേജിലുമായി പഠനം പൂർത്തിയാക്കിയ മായയുടെ ഏറ്റവും വലിയ പ്രചോദന സ്രോതസ്സ്‌ തൻ്റെ ആലാപനത്തെ പ്രകീർത്തിച്ചു പറഞ്ഞ ഗായകനും എം.എൽ.എ-യുമായ ഡോ. എം.കെ. മുനീറും, കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനുമാണ്.
നല്ല ശബ്ദം, പാട്ട് ഉപേക്ഷിക്കരുതെന്നു ബി.എഡ് കോളേജിൽ ഒരു പരിപാടിയിൽ സംബന്ധിച്ച ഡോ. മുനീറും, ഇളനീർ തെളി ഉച്ചാരണം, നന്നായി പാടുന്നുവെന്നു പ്രൊവിഡൻസ് കോളേജ് കലോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയ ലീലാകൃഷ്ണനും അഭിപ്രായപ്പെട്ടതു മായ തൻ്റെ ഉള്ളിലെ ചെപ്പിൽ ഒട്ടും മായാതെ ഇന്നും സൂക്ഷിക്കുന്നുണ്ട്!
"കടൽതീരത്തെ സംഗീതനിശയ്ക്കു ശേഷം പരിപാടികൾ തുരുതുരെയെത്തി. വീടുകളിലും, വലിയ വില്ലകളിലും വാരാന്ത്യങ്ങളിൽ മലയാളികൾ പാർട്ടികൾ സംഘടിപ്പിച്ചു. അഞ്ചും, ആറും പാട്ടുകൾ പാടാൻ സ്നേഹത്തോടെ അവർ ആവശ്യപ്പെടുമായിരുന്നു. വാരത്തിലൊരു നാൾ പാട്ടിനായി എല്ലാവരും മാറ്റിവയ്ക്കാൻ തുടങ്ങി. ചില ആഴ്ചകളിൽ വ്യാഴവും വെള്ളിയും ഞങ്ങൾ ഒത്തുകൂടി. വെറൈറ്റിയ്ക്കു വേണ്ടി തമിഴ്, ഹിന്ദി ഗാനങ്ങളും ഇടയ്ക്കിടെ പാടി. ശ്രോതാക്കളിൽ തമിഴരും ഹിന്ദിക്കാരും ഉണ്ടാകാറുണ്ട്," മായ ആവേശത്തോടെ വിവരിച്ചു.
ചെറുതും വലുതുമായ സാമൂഹ്യ സമ്മേളനങ്ങളും അനൗപചാരിക ഒത്തുചേരലുകളുമാണ് ഗൾഫു മലയാളികളുടെ എന്നത്തെയും ജീവോർജം. പിരിമുറുക്കങ്ങൾ ഏറെയുള്ള ജോലി ദിവസങ്ങൾക്കൊടുവിൽ വന്നെത്തുന്ന ആ രണ്ടു സായാഹ്നങ്ങൾക്കു അതിനാൽ ശോഭ ഏറെയാണ്. നൂറു കണക്കിനു വ്യാവസായിക സംരംഭങ്ങളുള്ള നഗരമാണ് രാജ്യത്തിൻ്റെ വടക്കൻ പ്രവിശ്യയിലുള്ള യാൻബു എന്നതിനാൽ പ്രവാസികൾ അവിടെ നയിക്കുന്നതു സ്വാഭാവികമായും വളരെ തിരക്കുപിടിച്ചൊരു ജീവിതവുമാണ്.
"സൗദി ആരാംകൊ-യിലെ കമ്പ്യൂട്ടർ സെക്ഷനിൽ പ്ലേനിങ് ഷെഡ്യൂളറായിരുന്നു ഉണ്ണിയേട്ടൻ (ഭർത്താവ് ശങ്കർ). സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്ത എണ്ണശുദ്ധീകരണശാലയാണ് യാൻബുവിലുള്ളത്. ജോലിയിൽനിന്നുള്ള സമ്മർദത്തിലായിരിയ്ക്കും സദാ അദ്ദേഹം. പക്ഷേ, വാരാന്ത്യത്തിലെ പരിപാടികളിൽ അദ്ദേഹം വളരെ ശാന്തനാകാറുണ്ട്. മറ്റുള്ളവരും ഇതുപോലെ ആയിരിക്കുമല്ലോ," മായ വ്യക്തമാക്കി.
വിവാഹം കഴിഞ്ഞു ഒരു വർഷം തികയും മുമ്പെ യാൻബുവിലെത്തിയ മായയുടെ മധുവിധു കാലം കടന്നുപോയതു പാട്ടുകളുടെ വരികൾ പഠിച്ചും, ആലാപനം പരിശീലിച്ചുമാണ്.
"സദസ്സിൽ പകുതി പേരെങ്കിലും മുൻപരിപാടികളിൽ പങ്കെടുത്തവരായിരിക്കാം. അതിനാൽ എല്ലാ ആഴ്ചകളിലും ചില പുതിയ നമ്പറുകളും പാടണമല്ലൊ," ഗായിക പങ്കുവച്ചു.
'ശേഷം കാഴ്ചയി'ലെ 'മോഹം കൊണ്ടു ഞാൻ ദൂരെയേതോ...', 'മദനോത്സവ'ത്തിലെ 'സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ...', വിഷുക്കണി'യിലെ 'മലർക്കൊടി പോലെ വർണത്തുടി പോലെ മയങ്ങൂ...', 'മൂടൽമഞ്ഞി'ലെ 'ഉണരൂ വേഗം നീ സുമറാണി വന്നു നായകൻ...', 'പാളങ്ങളി'ലെ 'ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ ഇന്നും നീ വന്നൂ...', 'കാറ്റത്തെ കിളിക്കൂടി'ലെ 'ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി...' മുതലായ നിത്യഹരിത മധുരഗാനങ്ങളാണ് യാൻബുവിലെ സദസ്സുകളിൽ മായ ഏറ്റവുമധികം ആലപിച്ചിട്ടുള്ളത്.
"ഉത്തരേന്ത്യൻ സുഹൃത്തുക്കളുള്ള പരിപാടികളിൽ ലതാജി മലയാളത്തിൽ പാടിയ എക ഗാനം, 'കദളി കൺകദളി ചെങ്കദളി പൂ വേണോ...' പാടാറുണ്ട്. ലതാജി ആലപിച്ച ഗാനമാണെന്നറിയുമ്പോൾ, മലയാളമറിയില്ലെങ്കിലും അവർക്കു പറ്റുന്ന പോലെ കൂടെ പാടാനും തുടങ്ങും. വാനമ്പാടിയുടെ മലയാളം ഉച്ചാരണത്തിൽ, 'നെല്ലി'നു വേണ്ടി വയലാറെഴുതിയ വരികൾ കേൾക്കാൻ കൊതിക്കാത്തവർ ആരുമില്ല," മായയുടെ കണ്ണുകളിൽ ഗതകാലസ്മരണകളുടെ വൻ തിളക്കം!
"തുടർന്നു 'വോയിസ് ഓഫ് യാൻബു' എന്ന മ്യൂസിക് ബേൻഡിലെ സ്ത്രീ ശബ്ദമായി യാൻബു പട്ടണത്തിനു പുറത്തും ഞാൻ അറിയപ്പെടാൻ തുടങ്ങി," മായ കൂട്ടിച്ചേർത്തു.
പെട്ടെന്നാണ് ജിദ്ദയിൽ നിന്നു വേദികൾ പങ്കിടാനുള്ള വിളികൾ എത്തിത്തുടങ്ങിയത്. നിരവധി സാംസ്കാരിക സംഘടനകൾ സജീവമായി പ്രവർത്തിക്കുന്ന വൻ നഗരമാണത്. ജിദ്ദയുടെ കോസ്മോപൊളിറ്റൻ സ്വഭാവം തിരിച്ചറിഞ്ഞ മായ ആദ്യം ശ്രമിച്ചതു മലയാളത്തോടൊപ്പം റെയ്ഞ്ചു തെളിയിക്കാൻ പര്യാപ്തമായ ഹിന്ദി, തമിഴു ഗാനങ്ങളും തൻ്റെ ശേഖരത്തിലേയ്ക്കു കൊണ്ടുവരാനാണ്.
"മുന്നൂറ്റിമുപ്പത്തഞ്ചു കിലോമീറ്റർ താണ്ടി മിക്ക ആഴ്ചകളിലും ജിദ്ദയിൽ പോയിരുന്നതു പാട്ടിനോടുള്ള പ്രിയംകൊണ്ടു മാത്രമായിരുന്നു. യാൻബുവിൽ തിരിച്ചെത്തുമ്പോൾ പലപ്പോഴും നേരം പുലർന്നു കാണും," മായ വ്യാകുലപ്പെട്ടു.
പക്ഷേ, ആഴ്ചാവസാനങ്ങളിൽ വിവിധ സംഘടനകൾ മത്സരബുദ്ധിയോടെ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്ന വർണശബളമായ പരിപാടികൾ ഗായികയ്ക്കു അപൂർവമായ അവസരങ്ങളാണ് നൽകിയത്. ജിദ്ദയിലേയും, റിയാദിലേയും, ദമ്മാമിലേയും പേരെടുത്ത കലാകാരന്മാർക്കൊപ്പവും, നാട്ടിൽ നിന്നെത്താറുണ്ടായിരുന്ന ഗായകർക്കൊപ്പവും അവർ പാടി. മായയുടെ സോളോ ഗാനങ്ങൾക്കു കേൾവിക്കാർ കൂടുതലായിരുന്നു.
എന്നും സന്ധ്യകളിൽ ഒത്തുകൂടി വീട്ടിലെയും നാട്ടിലെയും വിവരങ്ങൾ പങ്കുവയ്ക്കാൻ മലയാളികളെത്തുന്ന കേന്ദ്രമാണു ജിദ്ദയിലെ ഷർഫിയ. മുരിങ്ങയില മുതൽ വാഴയില വരെ കിട്ടുന്ന കണക്കറ്റ 'ബഖാല'കൾ. സംശയമില്ല, ഒരു കൊച്ചു കേരളമാണു ഷറഫീയ! നിരവധി ഓഡിറ്റോറിയങ്ങളും, ഹാളുകളുമുണ്ടവിടെ. തൊട്ടടുത്തു തന്നെയാണ് എല്ലാ സൗകര്യങ്ങളുമുള്ള ഇന്ത്യൻ കോൺസുലേറ്റ് അങ്കണം. ജിദ്ദ മൈത്രി, ഒ.എ.സി.സി, കെ.എം.സി.സി, മലപ്പുറം പോത്തുകല്ല് കൂട്ടായ്മ, പത്തനംതിട്ട ക്ലബ്ബ്, പന്തളം പ്രവാസി അസോസിയേഷൻ തുടങ്ങിയ സംഘടനകളെല്ലാം മായയെ ഉൾപ്പെടുത്തിക്കൊണ്ടു പ്രോഗ്രാമുകൾ നടത്തി. എന്നാൽ, ആരാധകർ തിങ്ങിനിറഞ്ഞ ഇടങ്ങളിൽ ജൂനിയർ ജാനകിയെന്നു വാഴ്ത്തപ്പെട്ടപ്പോഴും, മാന്ത്രികമായ ആലാപനങ്ങൾക്കു അനേകം അംഗീകാരങ്ങൾ വാരിക്കൂട്ടിയപ്പോഴും മായ പ്രാർത്ഥിച്ചു ജാനകിയമ്മേ പൊറുക്കണേയെന്ന്!
"ജി.വേണുഗോപാലിനൊപ്പം ഡ്യൂവെറ്റ് പാടി വിപണിയിലിറക്കിയ 'പ്രണയപൂർവം' എന്ന പ്രശസ്ത ആൽബവും, മറ്റു അനേകം വീഡിയോ/ഓഡിയോ സംഗീത/ചലച്ചിത്ര സാക്ഷാൽകാരങ്ങളും, പൂവച്ചൽ ഖാദറിൻ്റെ വരികൾക്കു ജീവൻ നൽകിയതും, ദുബൈയും അബുദാബിയും ഉൾപ്പെടെ യു.എ.ഇ-യിലെ ഏഴു എമിറേറ്റുകളിലേയ്ക്കും നടത്തിയ കാൺസർട്ട് ടൂറുകളും ജിദ്ദയിലെ സ്റ്റേജ് അവതരണങ്ങൾ മൂലമുണ്ടായ നേട്ടങ്ങളാണ്," മായ വെളിപ്പെടുത്തി.
പക്ഷേ, ഗായിക നേടിയ 'ജൂനിയർ ജാനകി' എന്ന വിശേഷണം ഏറെ ശാശ്വതമായ മാനങ്ങൾ നിർവചിക്കുന്നു. നീണ്ട ഇരുപത്തിമൂന്നു വർഷം തങ്ങൾക്കു വേണ്ടി എണ്ണമറ്റ മധുരഗാനങ്ങൾ ആലപിച്ച കലാകാരിയെ ആദരിച്ചുകൊണ്ടു പ്രവാസികളായ സംഗീതപ്രേമികൾ നൽകിയ ദക്ഷിണയാണത്!
മായ-ശങ്കർ ദമ്പതിമാർക്കു രണ്ടു മക്കൾ. മകൻ, മിധുൻ ശങ്കർ; മകൾ, ശ്വേതാ ശങ്കർ. പ്രവാസം മടുത്തതുകൊണ്ടല്ല, മറിച്ചു മക്കളുടെ തുടർ വിദ്യാഭ്യാസത്തിനു വേറെ വഴിയില്ലാത്തതിനാലാണ് ഗായിക നാട്ടിലേയ്ക്കു മടങ്ങിയത്. താമസിച്ചില്ല, മായ മഞ്ചേരി നസ്രത്ത് സ്കൂളിൽ സംഗീതം/മലയാളം അധ്യാപികയായി ചേർന്നു. മകൾ ഇതേ വിദ്യാലയത്തിൽ പ്ലസ് ടു വിദ്യാർഥി. ശങ്കർ ഇപ്പോഴും യാൻബുവിലുണ്ട്.
നിലമ്പൂരിൽ വളർന്നു, വിവാഹാനന്തരം മഞ്ചേരി എളങ്കൂർ നിവാസിയായിത്തീർന്ന മായയുടെ മനസ്സിന്നു മന്ത്രിക്കുന്നു, ഷർഫിയയിൽ ഒരു വേദി കൂടി ലഭിയ്ക്കുമോ?
'ജൂനിയർ ജാനകി' (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക