Image

കേൾക്കണോ പ്രിയ കൂട്ടരേ...(വിജയ് സി. എച്ച്)

Published on 09 November, 2023
കേൾക്കണോ പ്രിയ കൂട്ടരേ...(വിജയ് സി. എച്ച്)

കലാഭവൻ മണി ഉൾപ്പെടെയുള്ള അനേകം പ്രതിഭാധനർ ചേർന്നു വെട്ടിത്തുറന്ന ഗ്രാമീണ കലാവീഥിയിൽ നാടൻ പാട്ടിൻ്റെ വായ്മൊഴി കാത്തുസൂക്ഷിയ്ക്കാൻ, ഫോക് ലോറിൽ ബിരുദാനന്തര ബിരുദവും, പോസ്റ്റ് ഗ്രാജുവെറ്റ് ഡിപ്ലോമയും, എം.ഫിലും നേടിക്കൊണ്ടൊരു യുവ കലാകാരിയെത്തുമെന്നു സംസ്ഥാനത്തെ സംഗീതാസ്വാദകരാരും കരുതിക്കാണില്ല!


പ്രസീത ചാലക്കുടി എന്ന ഈ നാടൻപാട്ടു കലാകാരിയെത്തേടി ഈയിടെ കേരള സംഗീത നാടക അക്കാദമി അവാർഡും, അതിനു മുമ്പേ ഒട്ടനവധി ജനപ്രിയ പുരസ്കാരങ്ങളും എത്തിയതു തികച്ചും സ്വാഭാവികമെന്നു ബോധ്യപ്പെടണമെങ്കിൽ, 'അജഗജാന്തരം' എന്ന മലയാള പടത്തിലെ സൂപ്പർഹിറ്റ് തുളു ഫോക്സോംഗ് 'ഓളുള്ളേരി ഓളുള്ളേരി മാണി നങ്കെരേ...' ആലപിച്ച ഗായികയോടു തന്നെ സംസാരിക്കണം...


🟥 കോവിഡാനന്തരം വൻ തിരിച്ചുവരവ്
കൊറോണ കൊണ്ടുപോയ മൂന്നു വർഷങ്ങൾക്കൊടുവിൽ വൻ തിരിച്ചുവരവാണു ഞങ്ങൾ നടത്തിയത്. നിത്യച്ചിലവിനു പോലും കാശില്ലാതെ വലഞ്ഞ മഹാമാരിക്കാലത്തിനു ശേഷം ഗ്രൂപ്പിലെ കലാകാരന്മാരെല്ലാം ഒത്തുകൂടി ശരിയ്ക്കും ചിന്തിച്ചു, പ്രവർത്തിച്ചു. ഞങ്ങൾ 18 പേർ ചേർന്നു 'പതി ഫോക് ബേൻഡി'നു രൂപം നൽകി. കോവിഡുകാലത്തെ പട്ടിണി ദിനങ്ങൾ ഓർക്കുമ്പോൾ, ഞങ്ങൾക്കെല്ലാവർക്കും ലഭിയ്ക്കുന്നതു വൻ ഊർജമാണ്. സ്റ്റേജിൽ ബേൻഡിലെ ഓരോരുത്തരും ഓരോ 'പവർപേക്കാ'യി മാറുകയാണ്. ഉച്ചത്തിൽ പാടേണ്ടതും, ഊക്കോടെ ആടേണ്ടതുമാണല്ലൊ നാടൻപാട്ടുകളും പ്രകടനങ്ങളുമെല്ലാം. വേദിയിൽ എല്ലാവരും തിമിർത്താടുന്നു. ആലാപനവും അകമ്പടി വാദ്യവും തമ്മിൽ മത്സരം നടക്കുന്നു. 'പതി'യ്ക്ക് ഈയിടെയായി തിരക്കോടുതിരക്കാണ്!


🟥 നാടൻപാട്ടു കേട്ടു വളർന്നു
എൻ്റെ അച്ഛനും അമ്മയും നാടൻ പാട്ടുകാരാണ്. മുത്തച്ഛനും, മുതുമുത്തച്ഛനും ഈ കലാമേഖലയിൽ തന്നെ ഉള്ളവരുമായിരുന്നു. പൂർവികരെല്ലാം നാടൻപാട്ടിൻ്റെ ഉപാസകരായിരുന്നു. സ്വാഭാവികമായും ഞാൻ കേട്ടുണർന്നതും കേട്ടുറങ്ങിയതും നാടൻപാട്ടുകളാണ്. ഓരോ പ്രദേശത്തുമുള്ളവർ താന്താങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങളും, സാമൂഹിക ആചാരങ്ങളും, തൊഴിൽ വിഷയങ്ങളും മറ്റും നാട്ടുഭാഷയിൽ ആലപിച്ചപ്പോഴാണ് നാടൻപാട്ടുകൾ പിറവികൊണ്ടത്. എന്നാൽ, ഈ ഗാനശാഖയുടെ ആരംഭം എങ്ങനെയായിരുന്നെന്നോ, ആരെല്ലാമായിരുന്നു ആചാര്യരെന്നോ വ്യക്തമായി പറയാൻ കഴിയില്ല. വരികൾക്കു ഭാഷയുടെ നിയമങ്ങളോ, ആവിഷ്കരണത്തിനു സംഗീതത്തിൻ്റെ അളവുകോലുകളോ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുമില്ല. വായ്മൊഴിയാൽ ലഭിച്ച ഗാനം ഇമ്പമുള്ളൊരു ശീലിൽ പാടി, മണ്ണിൻ്റെ മണമുള്ള ചെറിയൊരു കഥ പറയുകയാണ് പാടുന്നയാൾ. നിലം ഉഴുമ്പോഴും, വിത്തു വിതയ്ക്കുമ്പോഴും, ഞാറു നടുമ്പോഴും, വിള കൊയ്യുമ്പോഴും, കറ്റ മെതിയ്ക്കുമ്പോഴും പാടുവാനായി പ്രത്യേക പ്രമേയവും താളവുമുള്ള പാട്ടുകളുണ്ട്.

കൃഷിപ്പാട്ടുകൾ മാത്രമല്ല, വഞ്ചിപ്പാട്ടുകളും, വണ്ടിപ്പാട്ടുകളും, മീൻപിടുത്തപ്പാട്ടുകളുമെല്ലാം വാദ്യോപകരണങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ തന്നെ ഏറെ ഹൃദ്യമാണ്. പാടുന്നതും, പാട്ടാസ്വദിക്കുന്നതും മനസ്സിനെ പ്രചോദിപ്പിക്കുന്നതിനാൽ, ഈ ഗാന ശാഖ അദ്ധ്വാനിക്കുന്നവർക്കു ആശ്വാസം പകരുന്നു. ചരിത്രാതീതകാലം മുതൽ വായ്മൊഴി രൂപത്തിൽ നിലനിന്നു പോരുന്നവയാണ് ഉറക്കുപാട്ടുകൾ മുതൽ ഓണപ്പാട്ടുകൾ വരെയുള്ള നാടൻ പാട്ടുകൾ. ഇതൊന്നുമല്ലാത്ത പ്രമേയങ്ങളുമായെത്തി, ജനപ്രിയമായി മാറിയ നാടൻ പാട്ടുകളുമുണ്ട്. ഓരോ സമയത്തും നാട്ടിൽ നടക്കുന്ന സംഭവങ്ങളുടെ ഹാസ്യ അവതരണങ്ങൾ മുതൽ ഗൗരവമുള്ള ചില ചരിത്ര സത്യങ്ങൾ വരെ നാടൻ പാട്ടുകളായി പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. മണിച്ചേട്ടൻ്റെ (കലാഭവൻ മണി) പ്രശസ്ത ഗാനം, 'ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ...' എന്നതും, കരുനിർത്തലിനെ ഇതിവൃത്തമാക്കി ജിതേഷ് ചേട്ടൻ (ജിതേഷ് കക്കടിപ്പുറം) പാടിയ 'പാലോം പാലോം നല്ല നടപ്പാലം...' എന്നു തുടങ്ങുന്ന ചിന്തോദ്ദീപകമായ ഗാനവും ഒന്നാം തരം ഉദാഹരണങ്ങളാണ്. ഒരു സ്ത്രീയെ ജീവനോടെ കുഴിയിലിറക്കി, അവളുടെ തലയിൽ പാലത്തിൻ്റെ തൂൺ പടുത്തുയർത്തുന്നതാണ് കരുനിർത്തൽ. പാലത്തിൻ്റെ തൂണുകൾക്കു കരുത്തു കിട്ടണമെങ്കിൽ പെണ്ണിൻ്റെ ചോര വീഴണമെന്നായിരുന്നു ഒരു കാലത്തെ വിശ്വാസം! ആരെല്ലാമോ ആദ്യം എഴുതുകയും, പാട്ടിൻ്റെ അവതരണ കാലഘട്ടങ്ങളിൽ, മറ്റു കുറെ പേർ പുത്തൻ വരികൾ പഴയ ഗാനത്തിൻ്റെ കൂടെ ചേർക്കുകയും ചെയ്യുന്നു.

നാടൻ പാട്ടുകളുടെ പരിണാമവും വികാസവും സാധാരണയായി ഈ രീതിയിലാണ്. എന്നാൽ, മണിച്ചേട്ടൻ്റെയും, ജിതേഷ് ചേട്ടൻ്റെയും മിക്ക മാസ്റ്റർപീസുകളും പൂർണമായും അവർ തന്നെ രചിച്ചു, അവർ തന്നെ ആലപിച്ചവയാണ്. അവർ രണ്ടു പേരുടെയും ജീവൻ ദുർവിധി അകാലത്തു കവർന്നെടുത്തു. അവരുടെ ആത്മാവുള്ള ഗാനങ്ങൾ പല വേദികളിലും ഞാനിന്നു ആലപിച്ചുകൊണ്ടിരിയ്ക്കുന്നു. വളരെ സംതൃപ്തിയോടെ ഞാനതു ചെയ്യുന്നു, കാരണം ഫോക് ലോർ എന്നതു മനുഷ്യ സംസ്കാരമാണ്! എനിയ്ക്കു മറ്റൊരു തൊഴിലിൽ ഏർപെടാൻ താല്പര്യമില്ല, എൻ്റെ ഇഷ്ട വ്യവഹാരം ഫോക് ലോർ മാത്രമാണ്. ഈ വിഷയത്തിലെ ഗവേഷക (PhD) വിദ്യാർത്ഥിയുമാണു ഞാൻ!


🟥 ആദ്യത്തെ പാട്ട്
കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണു എൻ്റെ ആദ്യത്തെ പാട്ടിനുള്ള വരികൾ തയ്യാറാക്കിയത്. 'നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ, എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഇന്നുവരെ വന്നില്ലാരും...' എന്നു തുടങ്ങുന്ന പ്രശസ്ത നാടൻപാട്ടിൽ, പുതിയ വരികൾ അദ്ദേഹം എഴുതിച്ചേർത്തു. പഴയ വരികൾ വ്യത്യാസപ്പെടുത്തുകയും ചെയ്തു. ഈ ഗാനം പലരും ആലപിച്ചിട്ടുണ്ടെങ്കിലും, ഞാനിതു വേദികളിൽ അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ആസ്വാദകരിൽ ഒരു പ്രത്യേക ആവേശമാണ് കാണാനായത്. നടീനടന്മാർ അഭിനയിച്ചുകൊണ്ടുള്ള രംഗാവിഷ്കാരങ്ങളും ഈ പാട്ടിനു വേണ്ടി ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പാട്ടിലെ കഥാപാത്രമായി പ്രേക്ഷകർ എന്നെ കാണുന്നതുകൊണ്ടായിരിയ്ക്കാം, ഈ ഗാനം ആലപിച്ച ഗായികയെന്ന ഒരു സ്ഥാനം എനിയ്ക്കു തരുന്നതും. തന്നെ വിവാഹം ചെയ്യാൻ ആരും വന്നില്ലെങ്കിലും, പാടത്ത് പണിയെടുത്തു ജീവിക്കുമെന്നൊരു പ്രത്യാശയാണ് ഗായിക ശ്രോതാക്കൾക്കു നല്കുന്നത്. 'എന്നെക്കാണാൻ വരുന്നോരുക്ക് പൊന്നു വേണം പണവും വേണം...' എന്ന വരിയ്ക്കു ശേഷം, 'മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാൻ വന്നില്ലേലും, അരിവാളോണ്ടു ഏൻ കഴിയും' എന്ന വരി എനിയ്ക്കുവേണ്ടി ചന്ദ്രുവേട്ടൻ ചേർത്തതാണ്. മലയാളികൾ അധികമുള്ള ഏകദേശം എല്ലാ ഇന്ത്യൻ പട്ടണങ്ങളിലും ഞാൻ ഈ ഗാനം പാടിയിട്ടുണ്ട്. സിനിമാ ഗാനങ്ങൾക്കു ആധിപത്യമുളള സദസ്സുകളിൽ പോലും, ഈ പാട്ടു പാടണമെന്നു പ്രേക്ഷകർ ആവശ്യപ്പെട്ടു. ക്രമേണ 'നിന്നെക്കാണാൻ എന്നെക്കാളും...' ജനകീയമാക്കിയ ഗായികയായി ഞാൻ അറിയപ്പെടാൻ തുടങ്ങി.


🟥 പ്രകമ്പനം കൊള്ളിച്ച പാട്ട്
'കേൾക്കണോ പ്രിയ കൂട്ടരേ, അവൾ കൊഞ്ചിപ്പറഞ്ഞ കഥ...' എന്നു തുടങ്ങുന്ന ഫാസ്റ്റ് നമ്പറാണ് പ്രേക്ഷകരെ ഏറ്റവും പ്രകമ്പനം കൊള്ളിച്ച നാടൻപാട്ട്. ശ്രോതാക്കളിൽ കട്ട ആവേശം ജനിപ്പിയ്ക്കുന്ന താളവും, മേളവും, പ്രമേയവുമാണല്ലൊ ഈ പാട്ടിന്. ഗായകർക്കും ശ്രോതാക്കൾക്കും ഒരുമിച്ചു പാടി നൃത്തം ചെയ്യാൻ ഈ ഗാനം അവസരം നല്കുന്നു. രാജ്യത്തും വിദേശങ്ങളിലും പ്രേക്ഷകരെ കോരിത്തരിപ്പിച്ചൊരു ഗാനമാണിത്! ലണ്ടൻ, പാരീസ്, സ്വിറ്റ്സർലേൻഡ്, മുതലായ പത്തുപതിനഞ്ചു യൂറോപ്യൻ കേന്ദ്രങ്ങളിലും, സൗദി ഒഴിച്ചുള്ള ഗൾഫു രാജ്യങ്ങളിലും ഞങ്ങൾ ഈ പാട്ടുമായി പോയിട്ടുണ്ട്. 'കേൾക്കണോ, പ്രിയ കൂട്ടരേ...' ആരംഭിച്ചാൽ, എല്ലാം മറന്നു ഞങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന മലയാളികളെയാണ് അവിടെയൊക്കെ കാണാൻ സാധിച്ചത്! ഉടൻ തന്നെ അമേരിക്കയിലും പരിപാടിയുണ്ട്. നാടിനെക്കുറിച്ചു ഏറ്റവും അനുഭാവത്തോടെ മലയാളികൾ ഓർക്കുന്നത് നാടൻ പാട്ടുകൾ കേൾക്കുമ്പോൾ തന്നെയാണെന്നതിൻ്റെ സാക്ഷ്യപത്രവുമാണു ഈ ഗാനം. മറ്റു പല നാടൻ പാട്ടുകളിലും ശോകത്തിൻ്റെ പോറലുകളുണ്ട്, എന്നാൽ, 'കൊച്ചിക്കാരി കൊഞ്ചി കൊഞ്ചി പറഞ്ഞ കഥ' പലർക്കും ഉള്ളിൽ കുളിരുകോരുന്നൊരു അനുഭവമാണ്. ഈ പാട്ടു ആഹ്ളാദത്തോടെ നല്കുന്നതു ബാല്യകാല സ്മരണകളും, ഗൃഹാതുരത്വവും ചേർന്നെത്തുന്നൊരു അനുഭൂതിയാണ്!


🟥 മറ്റു നാടൻ ഹിറ്റുകൾ
'കുട്ടാ കുട്ടാ, പറയല്ലെ കുട്ടാ...', 'ആടണ്ടട മാങ്ങേ...', 'ആട്ടോം പാട്ടും...', 'കാവടിച്ചിന്ത്...', 'തിരിതിരി...', 'മണ്ടാരക്കാവിലെ...', 'തെയ്യം തിനന്തിനാ...' മുതലായവയെല്ലാം സാധാരണ പാടാറുള്ള ഗാനങ്ങളാണ്. മണിച്ചേട്ടൻ്റെയും, ജിതേഷ് ചേട്ടൻ്റെയും ഫേവറേറ്റ് നമ്പറുകളും, അതുപോലെയുള്ള മറ്റു പ്രശസ്ത ഗാനങ്ങളും ശ്രോതാക്കൾ ആവശ്യപ്പെടുമ്പോൾ പാടാറുണ്ട്.


🟥 'ഓളുള്ളേരി ഓളുള്ളേരി മാണി നങ്കെരേ...'
ഏറ്റവും ജനപ്രിയ മാധ്യമമായ സിനിമയിൽ നാടൻപാട്ടുകൾ നിർബന്ധമായിക്കൊണ്ടിരിക്കുന്നൊരു കാലത്താണ് നാം ഇന്നു ജീവിയ്ക്കുന്നത്. ബോക്സോഫീസിൽ പണം വാരിക്കൂട്ടിയ 'അജഗജാന്തരം' എന്ന മലയാള സിനിമയിൽ ഞാൻ പാടിയ 'ഓളുള്ളേരി ഓളുള്ളേരി മാണി നങ്കെരേ'യാണോ, അതോ അടുത്ത കാലത്തിറങ്ങിയ ഏതെങ്കിലും നാടനല്ലാത്ത (non-traditional) ഗാനമാണോ കൂടുതൽ ഇഷ്ടമെന്നു സംഗീത പ്രേമികളോടൊന്നു ചോദിച്ചു നോക്കൂ! കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ആദിവാസി വിഭാഗമായ മാവിലരുടെ പരമ്പരാഗത ഗീതമാണിത്. മലയാളമല്ലാത്തൊരു നാടൻപാട്ടു കേരളത്തിൽ മുമ്പൊരിക്കലും ഇത്രയും പ്രശസ്തമായിട്ടില്ല!


🟥 നാടൻപാട്ട് ക്ലാസ്സിക്കലിൻ്റെ മാതാവ്
ഒരുപാടു നിയമാവലികൾ അനുസരിച്ചു പാടേണ്ടതാണ് ശാസ്ത്രീയ സംഗീതം. അല്ലെങ്കിൽ, രാഗത്തിൻ്റെയും, താനത്തിൻ്റെയും, പല്ലവിയുടെയും ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കേണ്ടി വരുന്നുണ്ട് ക്ലാസിക്കൽ, സെമി-ക്ലാസിക്കൽ നമ്പറുകൾക്കെല്ലാം. എന്നാൽ, മനുഷ്യൻ്റെ ഉല്പത്തി മുതലുള്ള അവൻ്റെ സ്വതന്ത്രമായ താളബോധമാണ് നാടൻപാട്ടുകൾക്കു ആധാരം! അതിൻ്റെ ആഴവും പരപ്പും ക്ലാസിക്കൽ ചുവയുള്ളവയ്ക്കു ലഭിയ്ക്കില്ല. ക്ലാസ്സിക്കലിൽ കാണുന്ന എല്ലാ ഈണങ്ങളും നാടൻ പാട്ടുകളിൽ കണ്ടെത്താനും കഴിയും. അതിനാൽ, നാടൻപാട്ടുകളാണു ശാസ്ത്രീയ സംഗീതത്തിൻ്റെ മാതാവ് എന്നാണു എൻ്റെ അഭിപ്രായം.
🟥 കുടുംബ പശ്ചാത്തലം
ചാലക്കുടിയിൽ നിന്നു അതിരപ്പിള്ളിയിലേയ്ക്കു പോകുന്ന പാതയിലുള്ള ഹരിജൻ കോളനിയിലാണ് താമസം. വള്ളിയും ഉണ്ണിയും മാതാപിതാക്കൾ. അവരും സഹോദരനും കൂടെയുണ്ട്. നാടൻപാട്ടു കലാകാരനായ ഭർത്താവ് മനോജ് പെരുമ്പിലാവ് എൻ്റെ പ്രചോദനം. മകൻ കാളിദാസിനു പത്തു വയസ്സായി.

 

കേൾക്കണോ പ്രിയ കൂട്ടരേ...(വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക