Image

കഥകളിയിലെ പെൺമുദ്രകൾ! (വിജയ് സി. എച്ച്)

Published on 18 November, 2023
കഥകളിയിലെ പെൺമുദ്രകൾ! (വിജയ് സി. എച്ച്)

കഥകളി പഠനത്തിനു പെൺകുട്ടികൾക്കു പ്രവേശനം നൽകാൻ തുടങ്ങിയ പ്രഥമ സർക്കാർ സ്ഥാപനമായ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്നു ആദ്യമായി പഠിച്ചിറങ്ങിയ വിദ്യാർത്ഥിനി സ്ഥാപനത്തിലെ ആദ്യത്തെ കഥകളിവേഷം അധ്യാപികയായി ഈയിടെ ജോലിയിൽ പ്രവേശിച്ചതു കലാ-സാംസ്കാരിക രംഗത്തെ ഒരു ചരിത്ര സംഭവം! വൈകിയാണെങ്കിലും നടപ്പിലായതൊരു ലിംഗനീതിയാണ്.

തൊണ്ണൂറു വർഷത്തെ ചരിത്രമുള്ള കേരള കലാമണ്ഡലത്തിൽ കഥകളി അഭ്യസിക്കാൻ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയതു 2021 അവസാനം മാത്രമാണ്. നവോത്ഥാന നായകൻ കൂടിയായിരുന്ന മഹാകവി വള്ളത്തോൾ നാരായണ മേനോൻ സ്ഥാപിച്ച അഭിമാന കലാകേന്ദ്രത്തിൽ പോലും കഥകളി ഒരു പുരുഷകലയായി പരിഗണിച്ചു പോന്നപ്പോൾ, 2017-ൽ ആർ.എൽ.വി-യിൽ ചേർന്നു കഥകളിവേഷം കോഴ്സിൽ ബിരുദവും (B.A) ബിരുദാനന്തര ബിരുദവും (M.A) പൂർത്തിയാക്കി, ഗസ്റ്റ് ലക്ച്ചറർ പദവിയിൽ സന്ധ്യ പി. അവിടെ കഴിഞ്ഞ മാസം അധ്യാപനവും തുടങ്ങിയതിനു അതിനാൽ ഇരട്ടി മധുരം! സന്ധ്യയുടെ വാക്കുകളിലൂടെ...


🟥 അറിയാതെ കഥകളിയിൽ
പ്ലസ് ടു വരെയുള്ള പഠന കാലത്ത് ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, നാടൻപാട്ട് മുതലായവയ്ക്കു ജില്ലാ-സംസ്ഥാന തല കലോത്സവങ്ങളിൽ കുറേ സമ്മാനങ്ങൾ നേടിയിട്ടുണ്ടെങ്കിലും, കഥകളിയെക്കുറിച്ചു ഒരിയ്ക്കലും ചിന്തിച്ചിട്ടില്ലായിരുന്നു. അതു പെണ്ണിനു പറഞ്ഞതല്ലല്ലൊ! എൻട്രൻസ് പരീക്ഷയിലെ റേങ്ക് അനുസരിച്ചു ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിലാണു സീറ്റു ലഭിച്ചത്. പതിനായിരം രൂപ അഡ്മിഷൻ ഫീസു നൽകുവാൻ കഴിയാത്തതിനാൽ എൻജിനീയറിങ് മോഹം ഉപേക്ഷിച്ചു. വല്ലവരും വിളിയ്ക്കുമ്പോൾ അവരുടെ കാറ് ഓടിയ്ക്കാൻ പോകുന്ന അച്ഛനും, വീട്ടുജോലികൾക്കു പോകുന്ന അമ്മയ്ക്കും പെട്ടെന്നു സ്വരൂപിയ്ക്കാൻ കഴിയാത്തതായിരുന്നു ആ തുക. മൂന്നു കുഞ്ഞുങ്ങളെ വളർത്തിയതും, പഠിപ്പിച്ചതും, വീട്ടുവാടക കൊടുത്തിരുന്നതുമെല്ലാം തന്നെ കടം വാങ്ങിയും കുടുംബശ്രീയിൽ നിന്നും ലോൺ എടുത്തും മറ്റുമാണ്. തുടർന്നു വന്ന ഒരു നാളിലാണ് ആർ.എൽ.വി. കോളേജിൽ ചേർന്നു ഭരതനാട്യം ഡിഗ്രി ചെയ്യുന്നതിനേക്കുറിച്ചു നൃത്താധ്യാപിക സൂചിപ്പിച്ചത്.

അപേക്ഷ അയച്ചു, ഇൻ്റർവ്യൂവും കഴിഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം കഥകളി ഡിപ്പാർട്ടുമെൻ്റിൽ നിന്നൊരു വിളി വന്നു. അത്ഭുതം തോന്നി. കാരണം, കഥകളി ഡിപ്പാർട്ടുമെൻ്റ് അതു വരെ ഒരു പുരുഷ സാമ്രാജ്യം ആയിരുന്നുവല്ലൊ. ഞാ൯ ഹാജരാക്കിയിരുന്ന ഒരട്ടി നൃത്ത-നൃത്ത്യ-സംഗീത മികവു സാക്ഷ്യപത്രങ്ങളിൽ അവർ ആകൃഷ്ടരായിരുന്നുവത്രേ! കൂടുതൽ ഒന്നും ആലോചിക്കാതെ തന്നെ ഞാൻ താൽപര്യം അറിയിച്ചു. സ്ത്രീകൾ കഥകളിക്കാരാവുന്നതിലുള്ള പുതുമകൊണ്ടോ മറ്റോ വീട്ടുകാരും കൂട്ടുകാരുമൊക്കെ ശക്തിയായി പിന്താങ്ങി. എൻ്റെ കൂടെ കഥകളിയ്ക്കു സെലക്ഷൻ കിട്ടിയ മറ്റൊരു വിദ്യാർത്ഥിനി ഇടയ്ക്കു വച്ചു പഠിപ്പു നിറുത്തിയതിനാൽ, പെൺകുട്ടികൾക്കു പ്രവേശനം ആരംഭിച്ച വർഷത്തെ ഒരൊറ്റ പഠിതാവായി ഞാനവിടെ കഥകളി അഭ്യസിക്കുവാൻ തുടങ്ങി.

എൻ്റെ ബേച്ചിലെ ഏറ്റവും വലിയ പ്രത്യേകത പഠിതാക്കളായി ആൺകുട്ടികൾ ഇല്ലായിരുന്നുവെന്നതാണ്. പരമാവധി പത്തു കുട്ടികൾക്കാണ് ഒരു വർഷം അഡ്മിഷൻ കൊടുക്കുന്നത്. അങ്ങനെ ഒറ്റയ്ക്കിരുന്നു മുദ്രകൾ മനസ്സിലാക്കി ഞാൻ രണ്ടാം വർഷത്തേയ്ക്കു പ്രവേശിച്ചപ്പോൾ ആരംഭിച്ച പുതിയ കഥകളി ബേച്ചിൽ പത്തിൽ ആറും പെൺകുട്ടികളായിരുന്നു. സർക്കാർ തലത്തിൽ നൃത്തനാടകങ്ങൾ അധ്യാപനം ചെയ്യുന്ന മൂന്നാമത്തെ സ്ഥാപനമായ കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കഥകളി കോഴ്സ് ഇതുവരെയും തുടങ്ങിയില്ല. ലളിതകലാ വിഭാഗത്തിൽ ഭരതനാട്യവും, മോഹിനിയാട്ടവും, തിയേറ്ററും, ചിത്രകലയും മാത്രമാണ് അവിടെയുള്ളത്. തിരുവനന്തപുരത്തെ സ്വാതി തിരുനാൾ സംഗീത കോളേജിൽ കഥകളി പഠനം തുടങ്ങാൻ ചില കലാസ്നേഹികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. 


🟥 കലാമണ്ഡലത്തിൽ ജോലി ലഭിച്ചില്ല
ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിനു ശേഷം, കേരള സാംസ്‌കാരിക വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം, കോഴിക്കോടു ജില്ലയിലെ മുപ്പതു പേരെ സൗജന്യമായി കഥകളി അഭ്യസിച്ചു വരുന്നതിനിടയിലാണു കേരള കലാമണ്ഡലത്തിൽ കഥകളി അഭ്യസിപ്പിക്കാൻ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളുണ്ടെന്നു ഞാൻ അറിഞ്ഞത്. അവിടെ കഥകളി പഠനത്തിനു പെൺകുട്ടികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയിരുന്നതിനാൽ, അധ്യാപനത്തിനു ഒരു സ്ത്രീയെ എങ്കിലും എടുക്കാൻ സാധ്യതയുണ്ടെന്നു ഞാൻ സ്വപ്നം കണ്ടു. കലാമണ്ഡലത്തിൽ മോഹിയാട്ടത്തിനു നേരിട്ടും, അതിൻ്റെ കീഴിൽ പരിശീലിക്കാവുന്ന ഭരതനാട്യത്തിനും കുച്ചിപ്പുടിയ്ക്കും പെൺകുട്ടികളെ മാത്രം അധ്യോതാക്കളായി എടുക്കുന്നതിനാൽ, ഈ ഫാക്കൽറ്റികളിൽ പഠിപ്പിയ്ക്കാൻ പുരുഷന്മാരെ അനുവദിക്കുന്നില്ലല്ലൊ. നിരവധി ആണുങ്ങൾക്കിടയിൽ ഒരേയൊരു പെൺ ഉദ്യോഗാർത്ഥിയായി ഞാൻ ഇൻ്റർവ്യൂ കൊടുത്തു.

പക്ഷേ, തിരഞ്ഞെടുക്കപ്പെട്ടില്ല. മൂന്നു പുരുഷന്മാരെയാണ് അവർ നിയമിച്ചത്. ഡിഗ്രി കോഴ്സുകൾക്കു മറ്റു വിഷയങ്ങൾ പഠിച്ചതിനു ശേഷം കഥകളിയിൽ പി.എച്ച്.ഡി നേടിയ സ്ത്രീകളുണ്ടാകാം, പക്ഷേ കഥകളിയിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള (പ്രായോഗിക പഠനം) ഏക വനിതയാണു ഇന്നു ഞാൻ. ആർ.എൽ.വി-യിലെ എൻ്റെ ജൂനിയർ ബേച്ച് ഇതുവരെ പഠിച്ചിറങ്ങിയില്ല. കലാമണ്ഡലത്തിലെ പെൺകുട്ടികൾ എം.എ (കഥകളി) പൂർത്തിയാക്കാൻ വർഷങ്ങൾ കഴിയേണ്ടതുണ്ട്. അവരിപ്പോൾ എട്ടാം ക്ലാസ്സ് ലെവലിലാണ് പഠിയ്ക്കുന്നത്. എന്നെ ആ ജോലിയ്ക്ക് എടുക്കാതിരുന്നതു ഏറെ ഖേദകരമല്ലേ? താമസിയാതെ ആർ.എൽ.വി-യിലെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞതു ഭാഗ്യം.


🟥 വിദ്യാർത്ഥി അധ്യാപികയായപ്പോൾ...
ഒക്ടോബർ 9-ആം തീയതിയാണ് കഥകളി അധ്യാപികയായി ആർ.എൽ.വി-യിലെ ഉദ്യോഗത്തിൽ പ്രവേശിച്ചത്. ഒന്നാം വർഷം ബി.എ കഥകളി ക്ലാസ്സിൽ എട്ടിൽ ആറും പെൺകുട്ടികളാണ്. കൂടുതൽ പെൺകുട്ടികൾ കഥകളി പഠിയ്ക്കാനെത്തുന്നു എന്നറിഞ്ഞതിൽ തുടക്കത്തിൽ തന്നെ വളരെ സന്തോഷം തോന്നി. വഴി കാട്ടാനും പിന്തുണയ്ക്കുമായി മുതിർന്ന അധ്യാപകൻ കലാമണ്ഡലം ശ്രീരാമും ഒപ്പമുണ്ട്. അധ്യാപികയായി വിദ്യാർത്ഥികൾക്കു മുന്നിൽ നിൽക്കുമ്പോഴും, ഉള്ളു നിറയെ എൻ്റെ വിദ്യാർത്ഥി ദിന സ്മരണകളാണ്!

കഥകളിയുടെ സുപ്രധാന ഘടകമായ കാൽ സാധകം (Leg practices) ചുഴിപ്പുകൾ, മെയ്യുറപ്പടവുകൾ, മുദ്രകളോടു കൂടിയ ഇളകിയാട്ടം മുതലായവ ക്ലാസ്സിൽ പരിശീലിച്ചതും, ഹയർ ക്ലാസ്സുകളിൽ പഠിയ്ക്കുന്ന ചേട്ടന്മാരുടെ കൂടെ നിന്നു മദ്ദള വാദനത്തിൻ്റെ മാസ്മരികതയിൽ തോടയം (സ്തുതി നൃത്തം) ചെയ്യാറുള്ളതും ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. വള്ളത്തോൾ നാരായണമേനോൻ വിവർത്തനം ചെയ്ത 'ഹസ്തലക്ഷണദീപിക'യും, കലാമണ്ഡലം പത്മനാഭനാശാൻ്റെ 'കഥകളിവേഷം', 'ചൊല്ലിയാട്ടം' ഒന്നും, രണ്ടും പുസ്തകങ്ങളും പല കുറി വായിച്ചതും, തനിച്ചിരുന്നു പരീക്ഷകൾ എഴുതിയതും മറ്റും അത്ര പെട്ടെന്നു ചിന്തയിൽ നിന്നു മാഞ്ഞുപോകുമോ?


🟥 അരങ്ങേറ്റം മങ്ങാതെ മായാതെ
ജോലി സ്വീകരിച്ചു തൃപ്പൂണിത്തുറയിൽ വീണ്ടുമെത്തിയപ്പോൾ സമീപത്തുള്ള പൂർണത്രയീശ ക്ഷേത്രമൊന്നു സന്ദർശിച്ചു. ബി.എ രണ്ടാം വർഷം പഠിയ്ക്കുമ്പോൾ, അവിടത്തെ ഊട്ടുപുരയിൽ വച്ചായിരുന്നു എൻ്റെ അരങ്ങേറ്റം. ആ കെട്ടിടത്തിൻ്റെ ദൃശ്യം ഉള്ളിലെത്തിയപ്പോൾ 'കല്യാണസൗഗന്ധികം' കഥയിൽ ഞാൻ അവതരിപ്പിച്ച കൃഷ്ണൻ്റെ പച്ചവേഷം ഉള്ളിലങ്ങനെ മായാനൃത്തമാടി! ധർമ്മപുത്രരുടെ വേഷത്തിൽ മറുപടിപദം ചൊല്ലിക്കൊണ്ടു സീനിയർ വിദ്യാർത്ഥിയായിരുന്ന അനുരാജ് ചേട്ടൻ തൊട്ടടുത്തു നിൽക്കുന്നുണ്ട്.

ഗാംഭീര്യം ഇത്തിരി ഏറെത്തോന്നിയ ആ പുരയുടെ അകത്തളത്തിൽ മനോഹരമായ 'കൃഷ്ണമുടി' കിരീടവും, തിളങ്ങുന്ന വെള്ള ചുട്ടിയും വച്ചു നിറഞ്ഞാടുന്ന കൃഷ്ണൻ എന്നെ തിരിച്ചറിഞ്ഞു കാണും, സംശയമില്ല! തുടർന്നു വന്ന നാളുകളിൽ വിവിധ വേദികളിൽ ഞാൻ ആവിഷ്കരിച്ച മിനുക്കു വേഷങ്ങളിൽ ചിലതായ ബകവധ'ത്തിലെ കുന്തിക്കോ, 'ദക്ഷയാഗ'ത്തിലെ വേദവല്ലിക്കോ, 'കീചകവധ'ത്തിലെ സുദേക്ഷണക്കോ, 'പ്രഹ്ളാദചരിത'ത്തിലേതു ഉൾപ്പെടെയുള്ള മികച്ച പച്ചവേഷങ്ങൾക്കോ മാറ്റ് കുറയ്ക്കാനാകാത്തൊരു തിളക്കമായിരുന്നു സ്മൃതിപഥത്തിൽ എൻ്റെ കന്നിപ്രകടനത്തിന്! തൃപ്പൂണിത്തുറ MLA സഖാവ് എം. സ്വരാജ് സ്ഥലത്തെത്തി ആശിർവദിച്ചു. ആർ.എൽ.വി കോളേജിലെ ഒരു വിദ്യാർത്ഥിനി കഥകളിയിൽ ആദ്യമായി അരങ്ങേറിയെന്ന വാർത്ത അച്ചടി-ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.


🟥 കൃതജ്ഞത, കുടുംബം
എൻ്റെ സർഗ നഭസ്സ് ആർ.എൽ.വി കോളേജിനും, കഥകളിയുടെ ക്ലാസ്സിക് കലാവീഥിയിൽ എനിയ്ക്കു നെയ്തിരി നാളമായിത്തീർന്ന എൻ്റെ ഗുരുക്കന്മാർ കലാമണ്ഡലം രാധാകൃഷ്ണൻ, കലാമണ്ഡലം തുളസികുമാർ, കലാമണ്ഡലം വൈശാഖ് രാജശേഖരൻ, കലാമണ്ഡലം വിപിൻ ശങ്കർ, കലാമണ്ഡലം ചിനോഷ് ബാലൻ, കലാമണ്ഡലം പ്രമോദ് എന്നിവർക്കും സമർപ്പിയ്ക്കുന്നു ഈ കലാ ഫലപ്രാപ്തി.

നൃത്താധ്യാപിക ഇന്ദിരാദാസിനും, അച്ഛനമ്മമാരെപ്പോലെ എന്നെ പിന്തുണച്ചു അഞ്ചു വർഷം എനിയ്ക്കു വസതിയും ഭക്ഷണവും ഒരുക്കിയവർക്കും കൃതജ്ഞത. ജപ്തിയുടെ വക്കിൽ നിന്നു വീട് വീണ്ടെടുത്തു തന്ന ഷൈല ഇത്താത്തയെയും, ജവഹർ സാറിനേയും, ഉമ്മയേയും മറക്കാനാകുമോ? കോഴിക്കോടു ജില്ലയിലെ ഫറോക്കിലാണ് ജനിച്ചു വളർന്നത്. ബിന്ദുവും സുരേഷും മാതാപിതാക്കൾ. ജ്യേഷ്ഠൻ സന്ദീപ് സിറ്റിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അനിയത്തി സ്നേഹ വിദ്യാർത്ഥി. ഭർത്താവ് അഖിൽദാസ് പ്രൈവറ്റ് സർവെയറാണ്.

 

കഥകളിയിലെ പെൺമുദ്രകൾ! (വിജയ് സി. എച്ച്)
Join WhatsApp News
Sandhya p 2023-11-18 06:03:48
🙏🏻🥰🙏🏻
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക