Image

കുസാറ്റ് ക്യാമ്പസ് അപകടം: പൊതുപരിപാടികളില്‍ സുരക്ഷ  മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുക - നവയുഗം.

Published on 27 November, 2023
കുസാറ്റ് ക്യാമ്പസ് അപകടം: പൊതുപരിപാടികളില്‍ സുരക്ഷ  മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുക - നവയുഗം.

ദമ്മാം: കുസാറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന പരിപാടിയ്ക്ക് ഇടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട്   മരണമടഞ്ഞവര്‍ക്ക് നവയുഗം സാംസ്‌ക്കാരികവേദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനകുറിപ്പില്‍ അറിയിച്ചു.

ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന ഒരു പരിപാടിയ്ക്ക് ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സംഘാടകര്‍ക്ക് സംഭവിച്ച വീഴ്ചയാണ് ഇത്തരം ഒരു അപകടത്തിന് കാരണമായത്. ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമാണ് ഇത്.

സുരക്ഷ (സേഫ്റ്റി) എന്നത് ഏറ്റവും പ്രധാനമായ കാര്യമാണ്. 
ഏതു ജോലി ചെയ്യുമ്പോഴും, ഏതു പരിപാടി ആസൂത്രണം ചെയ്തു നടപ്പാക്കുമ്പോഴും സുരക്ഷ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും, മറ്റു വികസിത വിദേശ രാജ്യങ്ങളിലും സേഫ്റ്റിയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്‌ക്കാരം നിലവിലുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് അത്തരം ഒരു അവബോധം ഇനിയും ഉണ്ടായിട്ടില്ല. 
സേഫ്റ്റിയുടെ പ്രാധാന്യം വിദ്യാഭ്യാസ കരിക്കുലത്തിന്റെ ഭാഗമായി കുട്ടിക്കാലം മുതലേ പഠിപ്പിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

 ഹാളുകളിലും പുറത്തും നടക്കുന്ന, ആളുകള്‍ കൂടുന്ന എല്ലാ പൊതുപരിപാടികള്‍ക്കും ബാധകമാകുന്ന സുരക്ഷ  മാനദണ്ഡങ്ങള്‍ സൃഷ്ടിയ്ക്കുകയും, അവ കൃത്യമായി പാലിയ്ക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.  എന്നാല്‍ മാത്രമേ ഇനിയും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ. അതിനു വേണ്ട നടപടികള്‍ കേരളസര്‍ക്കാര്‍ പ്രഖ്യാപിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക