Image

ശ്രീകരം ഈ പ്രവർത്തനങ്ങൾ!  (വിജയ് സി. എച്ച്)

Published on 07 December, 2023
ശ്രീകരം ഈ പ്രവർത്തനങ്ങൾ!  (വിജയ് സി. എച്ച്)

സ്ത്രീ ശാക്തീകരണവും, ദാരിദ്ര്യ നിർമാർജനവും ലക്ഷ്യമിട്ടു 1998-ൽ തുടക്കമിട്ട കുടുംബശ്രീ അതിൻ്റെ രജതജൂബിലി വർഷത്തിൽ!

കുടുംബശ്രീ എന്നാൽ കുടുംബത്തിൻ്റെ ഐശ്വര്യം എന്നാണ് അർത്ഥമെങ്കിൽ, തൃശ്ശൂർ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് സൊസൈറ്റി അംഗമായ ഇ. സി. അജിത അതിൻ്റെയൊരു പര്യായപദമാണ്!

സ്ത്രീ ശാക്തീകരണവും, ദാരിദ്ര്യ നിർമാർജനവും ലക്ഷ്യമിട്ടു സഖാവ് ഇ.കെ.നായനാർ നേതൃത്വം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ 1998-ൽ തുടക്കമിട്ട കുടുംബശ്രീ അതിൻ്റെ രജതജൂബിലി വർഷത്തിൽ എത്തിനിൽക്കുമ്പോൾ, എടുത്തുപറയാൻ നേട്ടങ്ങൾ ഏറെയുണ്ടെന്ന് അജിത ഉള്ളുതുറന്നു പറയുന്നു.
ഭൂപരിഷ്കരണം, സാക്ഷരത, ജനകീയാസൂത്രണം മുതലായ മേഖലകളിൽ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങൾക്കു ശേഷം കേരളം ദർശിച്ച ബൃഹത്തായൊരു സാമൂഹ്യ മുന്നേറ്റമാണ് കുടുംബശ്രീയെന്നതിൽ രണ്ടഭിപ്രായമില്ല.

സംസ്ഥാനത്ത് മൊത്തം 46 ലക്ഷത്തോളം കുടുംബങ്ങൾ ഇന്നു കുടുംബശ്രീയിൽ അംഗങ്ങളാണെന്ന് അറിയുമ്പോഴാണ് അജിതയെപ്പോലെയുള്ളവരുടെ ആത്മാർത്ഥമായ സാമൂഹ്യസേവന പ്രവർത്തനങ്ങൾ എത്രത്തോളം ജനകീയമാണെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയുന്നത്.
കുടുംബശ്രീ പ്രവർത്തകയുടെ വാക്കുകളിലൂടെ...

🟥 ആത്മസമർപ്പണം
കുടുംബശ്രീയുടെ സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടം. അടുത്തടുത്ത വീടുകളിലെ പത്തിരുപത് വ്യക്തികൾ ചേർന്നു രൂപീകരിക്കുന്നതാണ് ഒരു അയൽക്കൂട്ടം. ഇത്തരത്തിൽ രൂപംകൊണ്ട മൂന്നു ലക്ഷത്തിലേറെയുള്ള അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ സംസ്ഥാനതല ജനശക്തി. വാർഡ് തലത്തിൽ ഏര്യാ ഡവലപ്മെൻ്റ് സൊസൈറ്റികളായും (എ.ഡി.എസ്), പഞ്ചായത്ത്/നഗരസഭ തലത്തിൽ കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് സൊസൈറ്റികളായും (സി.ഡി.എസ്) തരംതിരിച്ചാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള കുടുംബശ്രീയുടെ സംഘടനാ സംവിധാനം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഓരോ കുടുംബത്തിൽ നിന്നും ഒരു വനിത ഉൾപ്പെടുന്ന ആയിരത്തിലേറെ സി.ഡി.എസുകളും, ഇരുപതിനായിരത്തോളം എ.ഡി.എസുകളും കേരളത്തിൽ പ്രവർത്തിച്ചുവരുന്നു.

വാർഡിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് പഞ്ചായത്ത് ഭരണസമിതിയിലെ സി.ഡി.എസ്. അംഗം. കുടുംബശ്രീയുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവേണ്ടതും, ജില്ലാ മിഷനിൽ നിന്നും മറ്റു കുടുംബശ്രീ മുഖ്യതലങ്ങളിൽ നിന്നും ലഭിയ്ക്കുന്ന നിർദ്ദേശപ്രകാരം വാർഡിൽ പ്രവർത്തന പരിപാടികൾ നടപ്പിലാക്കേണ്ടതും സി.ഡി.എസ് അംഗമാണ്. ഞാൻ മാടക്കത്തറ പഞ്ചായത്തിലെ 13-ാം വാർഡിനെ പ്രതിനിധാനം ചെയ്യുന്നു. ശ്രീ കേരളവർമ കോളേജിലെ ബിരുദപഠനത്തിനു ശേഷം (ഫിലോസഫി) പുത്രിയെ സി.ഐ.ടി.യു. ലോക്കൽ കമ്മറ്റി അംഗമായിരുന്ന പിതാവാണ് (സഖാവ് ചന്ദ്രൻ) പൊതുപ്രവർത്തനം തെരഞ്ഞെടുക്കുവാൻ പ്രോത്സാഹിപ്പിച്ചത്. തുടർന്ന്, 2003-ൽ തന്നെ ഞാൻ കുടുംബശ്രീയുടെ സജീവ പ്രവർത്തകയായി മാറുകയായിരുന്നു. ആദ്യ സേവനം തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിലെ കുടുംബശ്രീ കേൻ്റീനിലെ കേഷ്യർ ജോലി ചെയ്തുകൊണ്ടായിരുന്നു.

രണ്ടു ദശാബ്ദങ്ങൾക്കു ശേഷം, ഇന്ന് ആത്മസമർപ്പണത്തോടെ സി.ഡി.എസ്-ൻ്റെ കർത്തവ്യങ്ങൾ 
നിർവഹിച്ചുകൊണ്ടിരിക്കുന്നു. പ്രതിഫലമൊന്നുമില്ലാത്തൊരു പ്രവൃത്തി പൂർണമനസ്സോടെ നിർവഹിക്കുമ്പോഴാണല്ലൊ ആത്മസമർപ്പണം എന്ന പദം അന്വർത്ഥമാകുന്നത്!

🟥 തൊഴിലുറപ്പ് പദ്ധതി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമ പ്രകാരം ജോലി തേടി വരുന്നവർക്ക് പണിയും, പണിയിടവും, പണി ആയുധങ്ങളും ഒരുക്കി കൊടുക്കുന്നതാണ് സി.ഡി.എസ് അംഗത്തിൻ്റെ ഏറ്റവും വലിയ ഉത്തരവാദിത്വം. കായികാധ്വാനത്തിന് തയ്യാറുള്ള കുടുംബത്തിന് വർഷത്തിൽ 100 ദിവസത്തെ തൊഴിലെങ്കിലും നൽകുകയെന്നതാണ് ഈ പദ്ധതിയുടെ പ്രാഥമികമായ ഉദ്ദേശ്യം. അവിദഗ്ദ്ധർക്കു പോലും ചെയ്യാവുന്നൊരു ജോലി ഗ്രാമത്തിൻ്റെ പൊതുവികസനത്തിന് ഉതകുമെങ്കിൽ, അതു കണ്ടെത്തി പഞ്ചായത്തിൻ്റെ അംഗീകാരം വാങ്ങി ആവശ്യമുള്ള ഫണ്ട് ആ പദ്ധതിയ്ക്ക് അനുവദിച്ചു കിട്ടുന്നതു വരെ സി.ഡി.എസ് അംഗത്തിന് വിശ്രമമില്ല. തൊഴിലുറപ്പ് ഓഫീസിലെ ഉദ്യോഗസ്ഥരുമായും, വാർഡ് മെമ്പറുമായും സഹകരിച്ചു പ്രവർത്തിക്കണം. ജോലി തേടുന്ന അയൽക്കൂട്ടം അംഗത്തിന് മാനദണ്ഡങ്ങൾ അനുസരിച്ചു 'മേറ്റ്' എന്ന പദവി നൽകും.

തൊഴിലുറപ്പ് തൊഴിലാളികളുടെ ലീഡറാണ് മേറ്റ്. സി.ഡി.എസ്-ൻ്റെ അംഗീകാരം ലഭിച്ചാൽ, മേറ്റിന് ലഭ്യമായ തൊഴിലിൽ പരിശീലനം നൽകി, ഐ.ഡി കാർഡ് നൽകുന്നു. പതിമൂന്നാം വാർഡിനോടു ചേർന്നുള്ള വെള്ളാനിശ്ശേരി-ഊരഞ്ചേരി തോടിൻ്റെ അരികുകൾ പുനർനിർമിച്ചു ജലത്തിൻ്റെ ഒഴുക്ക് സുഗമമാക്കാനുള്ള ഒരു പദ്ധതി നിലവിൽ പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു. മെയ് മാസത്തിൽ ആരംഭിച്ച നിർമാണ പ്രവർത്തനം പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിൽ നിന്നെത്തിയ പത്തിരുപത്തഞ്ചു തൊഴിലാളികളുടെ ഉപജീവന മാർഗമാണ്. 2023-24 കാലയളവിലെ പ്രോജക്റ്റിന് മൂന്നു ലക്ഷം രൂപയാണ് അനുവദിച്ചിരിയ്ക്കുന്നത്. തൊഴിലിനു വേണ്ട സൗകര്യങ്ങളൊരുക്കുകയും, ജോലിക്കെത്തുന്നവരുടെ ഹാജർ മൊബൈൽ ഏപ്പ് വഴി രേഖപ്പെടുത്തുകയും, വേതനം ഉറപ്പു വരുത്തുകയും, പുതിയ തൊഴിലുറപ്പു സാധ്യതകൾ അന്വേഷിക്കുകയും, കുടുംബശ്രീയുടെ മറ്റു സംരംഭങ്ങളിൽ കഴിയുന്നത്ര ശ്രദ്ധിക്കുകയും കൂടിയാകുമ്പോൾ എൻ്റെ ദിനരാത്രങ്ങൾക്ക് ദൈർഘ്യം കുറയുന്നു!

🟥 ജനകീയ ഹോട്ടൽ
സംസ്ഥാന സർക്കാരിൻ്റെ വിശപ്പുരഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ കേരളത്തിലുടനീളം ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. പൊതു ഇടങ്ങളിൽ കൂടാതെ, സംസ്ഥാനത്തെ മിക്കവാറും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ജനകീയ ഹോട്ടലുകൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കി കൊടുക്കണം. കെട്ടിടം, വെള്ളം, വൈദ്യുതി മുതലായവ സൗജന്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്നതിനാൽ കുറഞ്ഞ വിലയിൽ ഭക്ഷണ സാധനങ്ങൾ ലഭ്യമാണ്. സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ നിന്ന് ധാന്യങ്ങൾ പെർമിറ്റ് മുഖേന സബ്സിഡി ആനുകൂല്യത്തോടെ ലഭിക്കുകയും ചെയ്യുന്നു. ഹോട്ടലിൽ വന്നിരുന്നു കഴിക്കുന്നവരിൽ നിന്ന് 20 രൂപയും, പാർസലിന് 25 രൂപയുമാണ് മെനു അനുസരിച്ചുള്ള സാധനങ്ങളോടുകൂടിയ ഒരു ഊണിന് ഈടാക്കുന്നത്.

ഒരു ഊണിന് 30 രൂപ വിലയാണ് സർക്കാർ കണക്കാക്കുന്നത്. അതിൽ 20 രൂപ കസ്റ്റമറുടെ കയ്യിൽ നിന്നും, 10 രൂപ കുടുംബശ്രീ ജില്ലാ മിഷൻ അനുവദിയ്ക്കുന്ന സബ്സിഡിയുമാണ്. കൂപ്പൺ മുഖേനയാണ് ഊൺ നൽകുന്നത്. കൂപ്പൺ നമ്പരുകളും, വിൽപന വിവരങ്ങളും സെയിൽസ് രജിസ്റ്ററിൽ രേഖപ്പെടുത്തണം. കണക്കുകൾ പഞ്ചായത്തിലെ കുടുംബശ്രീ അക്കൗണ്ടൻ്റ് മെമ്പർ, സെക്രട്ടറി എന്നിവർ പരിശോധിച്ചു ഒപ്പുവെയ്ക്കണം. എല്ലാ ജനകീയ ഹോട്ടലുകളിലും ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഉപജീവന ബ്ലോക്ക് കോർഡിനേറ്റർമാർ ഹോട്ടൽ പ്രവർത്തനത്തിൻ്റെ മേൽനോട്ടം വഹിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷൻ്റെ നേതൃത്ത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റി എല്ലാ മാസവും ജനകീയ ഹോട്ടലിൻ്റെ പ്രവർത്തനം വിലയിരുത്തുന്നു. എന്നാൽ, കുടുംബശ്രീ അംഗങ്ങൾ, വായ്പ സ്വീകരിച്ചു, സംസ്ഥാനത്തെ കണ്ണായ സ്ഥലങ്ങളിലെല്ലാം കുടുംബശ്രീ കേൻ്റീനുകൾ തുടങ്ങിയിട്ടുണ്ട്. അവയുടെ പ്രവർത്തന രീതികൾ വിഭിന്നമാണ്. മാടക്കത്തറയിലെ ജനകീയ ഹോട്ടലിൽ ഭാരവാഹി ശുഭ അഞ്ചു പാവങ്ങൾക്ക് എല്ലാ ദിവസവും സൗജന്യമായി ഭക്ഷണം നൽകിവരുന്നത് ഏറെ പ്രകീർത്തിക്കപ്പെട്ടൊരു സൽഭാവനയാണ്. എൻ്റെ കുടുംബശ്രീ പ്രവേശം തന്നെ ഈ 'വിശപ്പുരഹിത' സംരഭത്തിലൂടെ ആയിരുന്നതിനാൽ, എനിയ്ക്കിതിനോടൊരു പ്രത്യേക മമത തോന്നാറുണ്ട്. ഭർത്താവ് സുനിൽകുമാറിനും, പുത്രന്മാർ തെന്നലിനും മുകിലിനും ഭക്ഷണമൊരുക്കാൻ ഭവനത്തിലെ പാചകമുറിയിലും എനിയ്ക്ക് എത്തേണ്ടതുണ്ടല്ലൊ.

🟥 ഹരിത കർമ സേന
കുടുംബശ്രീയുടെ കുടക്കീഴിൽ, കേരളത്തിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച ഒരു സംരംഭമാണ് ഹരിത കർമ സേന. ദൈവത്തിൻ്റെ സ്വന്തം നാടൊരു മാലിന്യക്കൂമ്പാരമായി മാറാതിരിയ്ക്കാൻ സ്വയംമറന്നു പണിയെടുക്കുന്നവരാണവർ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കുന്ന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വീടുകൾ, ഫ്ലേറ്റ് സമുച്ചയങ്ങൾ, കച്ചവട സ്ഥാപനങ്ങൾ മുതലായവയിൽ നിന്നു അജൈവ മാലിന്യങ്ങൾ ശേഖരിച്ചു മോഡുലാർ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എം.സി.എഫ്) എത്തിക്കുകയാണ് സേനയുടെ അടിസ്ഥാനപരമായ ചുമതല. എം.സി.എഫ്-ൽ തരംതിരിച്ച മാലിന്യങ്ങൾ ഉടനെത്തന്നെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലേയ്ക്ക് (ആർ.ആർ.എഫ്) അയക്കുന്നു.

ആർ.ആർ.എഫ്-ൽ വെച്ച് മാലിന്യത്തെ സംസ്കരിക്കരിക്കുകയോ, പുനരുപയോഗം ചെയ്യാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കു വിധേയമാക്കുകയോ ചെയ്യുന്നു. ഓരോ വാർഡിലെയും വാർഡു മെമ്പറും, എ.ഡി.എസ് ഭരണസമിതി അംഗങ്ങളും, അയൽക്കൂട്ടം പ്രതിനിധികളും ചേർന്ന സമിതിയാണ് സേനാംഗങ്ങളെ തെരഞ്ഞെടുക്കുകയും സി.ഡി.എസിനെ ആ വിവരം അറിയിക്കുകയും ചെയ്യുന്നത്. ഓരോ വാർഡിൽ നിന്നും രണ്ട് അംഗങ്ങൾ വീതമാണ് സേനയിലുള്ളത്. അവർ വീടുകൾ തോറുമെത്തി പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ട്യൂബ് ലൈറ്റുകൾ, പഴയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കണ്ണാടികൾ, ചില്ലുകൾ, ചെരിപ്പുകൾ, ബേഗുകൾ മുതലായവ ശേഖരിക്കുന്നു. വീടുകളിൽ നിന്ന് 50 രൂപയും, കടകളിൽനിന്ന് 100 രൂപയുമാണ് യൂസർ ഫീ ഇനത്തിൽ സേന ഈടാക്കുന്നത്. വാർഡുകളിൽ നിന്നു ശേഖരിക്കുന്ന ഇത്തരം പാഴ് വസ്തുക്കൾ പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന എം.സി.എഫ്-ൽ കൊണ്ടുപോയി വൃത്തിയാക്കി, സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡിനു കൈമാറുന്നു. സേനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ വാർഡുതലത്തിൽ മിനി എം.സി.എഫ് നിർമ്മിക്കുന്നതിനുള്ള നടപടികൾ മാടക്കത്തറ ഉൾപ്പെടെയുള്ള ചില പഞ്ചായത്തുകൾ സ്വീകരിച്ചിട്ടുണ്ട്. സംശയമില്ല, സേനയുടേത് ശ്രേഷ്‌ഠമായ സേവനം. ഗൗരവമേറിയ മാലിന്യപ്രശ്നത്തിന് പ്രതിവിധിയും, സാധാരണ സ്ത്രീകൾക്ക് വരുമാന മാർഗവും! ഞങ്ങളുടെ പഞ്ചായത്തിലെ മികച്ച സേനാംഗങ്ങളായ ലിസി ജോയിയെയും നിയ ഡെറിഷിനെയും (11-ആം വാർഡ്) പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കരയുടെ നേതൃത്വത്തിൽ ഹരിത സഭയിൽ വെച്ച് അനുമോദിച്ചു.

🟥 വയോജനങ്ങൾക്കൊപ്പം
അറുപതു വയസ്സ് കഴിഞ്ഞ സ്ത്രീകളെയും പുരുഷന്മാരെയും കണ്ടെത്തി 'വയോജനക്കൂട്ടം' രൂപീകരിക്കുകയും, അതിനെ സി.ഡി.എസിൽ രജിസ്റ്റർ ചെയ്തു അഫിലിയേഷൻ വാങ്ങികൊടുക്കുകയും ചെയ്യുന്നു. വർഷത്തിലൊരിക്കൽ ഓരോ വയോജനക്കൂട്ടത്തിനും ജില്ലാ കുടുംബശ്രീ മിഷ൯ 5000 രൂപ അനുവദിക്കുന്നുണ്ട്. ഒത്തുകൂടി ഒരു നേരത്തെ ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ചു തങ്ങളുടെ ലോകത്തെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ പ്രായമായവർക്ക് കുടുംബശ്രീ കൊടുക്കുന്ന ഈ തുണ മികവുള്ളൊരു മാനവീകതയാണ്! വയോജനക്കൂട്ടങ്ങൾ രൂപീകരിയ്ക്കുന്നതിനും, സഹായധനം വയോജനങ്ങൾക്ക് നേടിക്കൊടുക്കുന്നതിനും ഈയുള്ളവൾ സദാ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. 'സ്നേഹിത കോളിങ് ബെൽ' അതിലേറെ ജനപ്രിയമായൊരു കുടുംബശ്രീ സൽക്കർമമാണ്. വാർഡിൽ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെയും പ്രായമായവരെയും കണ്ടെത്തി, അവരോട് ഇത്തിരി നേരം ഇടപഴകി, അവർക്കൊരു തൂവൽസ്പർശമാകാൻ കഴിയുന്നതിൽ ഏറെ സംതൃപ്തി തോന്നുന്നു. അവർ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി തങ്ങളുണ്ടെന്നു ഉറപ്പു നൽകി, ജില്ലാ മിഷൻ കമ്മ്യൂണിറ്റി കൗൺസിലർമാരായ റാഷിദയും അനുവും അവർക്കൊരു പച്ചത്തുരുത്തായി മാറുകയാണ്! പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിരാ മോഹൻ, കുടുംബശ്രീ ചെയർപേഴ്സൺ സതി അജയൻ, വാർഡ് പഞ്ചായത്ത് മെമ്പർ സാവിത്രി രാമചന്ദ്രൻ, ആശാ വർക്കർ ജ്ഞാനേശ്വരി ദിലീഷ്, എ.ഡി.എസ് ഭരണസമിതിയിലെ പതിനൊന്നംഗങ്ങൾ എന്നിവർക്കാണ് വാർഡ് വികസനത്തിന് കൃതജ്ഞത രേഖപ്പെടുത്തേണ്ടത്. എന്നും എൻ്റെ ഇടതുഭാഗം ചേർന്നുനിന്നു ചെയ്യേണ്ടതെല്ലാം ശ്രദ്ധയിൽപെടുത്തുന്ന 12-ആം വാർഡ് മെമ്പർ തുളസി സുരേഷിനെ വിസ്മരിക്കാനാകുമോ?

🟥 സംരംഭങ്ങൾ, സഹായങ്ങൾ, പ്രചോദനങ്ങൾ
സ്വയം തൊഴിൽ സംരംഭങ്ങൾക്ക് കുടുംബശ്രീ വായ്പ അനുവദിക്കുന്നുണ്ട്. തയ്യൽ ശാലകൾ, പ്ലാൻ്റ് നേഴ്സറികൾ, സംഘകൃഷികൾ തുടങ്ങി ഗുണകരമായ ഏതു പദ്ധതിയും ആസൂത്രണം ചെയ്യാം. ഇത്തരത്തിൽ അടുത്ത വാർഡിൽ കൂട്ടുകാരി രേഖ തുടങ്ങിയ ലാർന സ്റ്റിച്ചിങ് സെൻ്ററിലാണ് ഞാൻ തുന്നൽവേല പരിശീലിച്ചത്. ഇക്കാലങ്ങളിൽ വ്യക്തിഗതമായും, ഗ്രൂപ്പുകളായും സ്ത്രീകൾ പലവിധ ബിസിനസ്സുകളെക്കുറിച്ചും ആലോചിക്കുന്നു. സംരംഭങ്ങൾ ആരംഭിക്കുന്നതിനും, വായ്പ അനുവദിച്ചു കിട്ടുന്നതിനും, സി.ഡി.എസ് അംഗം എന്ന നിലയിൽ ഞാൻ മുൻകൈ എടുക്കുന്നു. കുടുംബശ്രീയുടെ 'ആശ്രയ പദ്ധതി' അനുസരിച്ചു, അഗതികൾക്കും, അസുഖമായതിനാൽ ജോലിയ്ക്ക് പോകാൻ കഴിയാത്തവർക്കും, സൗജന്യ ഭക്ഷണ കിറ്റുകൾ നൽകുന്നു. കൂടാതെ, മരുന്ന്, കുടിവെള്ളം, വസ്ത്രം, മുതലായവയും കൊടുക്കുന്നു. ദരിദ്രരുടെ ഭവന പുനരുദ്ധാരണവും, ഭവന നിർമ്മാണവും കുടുംബശ്രീ ഏറ്റെടുക്കുന്നു. ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വാർഡുകളിൽ സർവേ നടത്തിയാണ് ആശ്രയ ഗുണഭോക്താവിനെ കണ്ടെത്തുന്നത്. വാർഡിലെ അയൽക്കൂട്ടം അംഗങ്ങളുടെ മക്കൾക്ക് അവരുടെ വിദ്യാലയതല പഠന മികവുകൾ അംഗീകരിച്ചുകൊണ്ടു സമ്മാനങ്ങൾ കൊടുക്കുന്നു. കുട്ടികളുടെ അയൽക്കൂട്ടങ്ങളായ ബാലസഭകൾ ഏറെ ഊർജ്ജിതമാണ്. ലഹരി വിമുക്തി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ, സ്ത്രീശാക്തീകരണം മുതലായ വിഷയങ്ങളിൽ പുതിയ തലമുറയ്ക്ക്, വിദഗ്‌ദ്ധരെ കൊണ്ടുവന്നു, ക്ലാസ്സുകൾ നൽകിവരുന്നു. ജില്ലാ മിഷൻ്റെ നിർദ്ദേശപ്രകാരം, 'സ്ത്രീപക്ഷ നവകേരളം' എന്ന കൈപ്പുസ്തകം സി.ഡി.എസ് തലത്തിൽ എഴുതി തയ്യാറാക്കി വാർഡ് സമിതിയിൽ വായിച്ചു കേൾപ്പിക്കുന്നു. വാർഡുതലത്തിൽ പച്ചക്കറി തൈകൾ വിതരണം നടക്കുമ്പോൾ, ഓണച്ചന്തയ്ക്ക് ചട്ടവട്ടം കൂട്ടുമ്പോൾ, വാർഡിലെ രാജേഷിൻ്റെയും പ്രഭയുടെയും പുത്രി രേഷ്മ, A3 സൈസ് കടലാസിൽ ലോകരാജ്യങ്ങളെ അതത് കൊടികളുടെ നിറലാവണ്യത്തിൽ 40 മിനിറ്റിൽ ആവിഷ്കരിച്ചു, India Book of Records-ൽ പ്രവേശിച്ച വാർത്ത ഇങ്ങെത്തുമ്പോൾ, ഉള്ളിൽ കുളിരുകോരാതിരിക്കുമോ! അറിയുക, ഞങ്ങൾ വീഴ്ത്തിയ വിയർപ്പൊന്നും വെറുതെയായിട്ടില്ല! സ്ത്രീശക്തിയെ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുകയും, ജനസേവന-സാമൂഹ്യവികസന വഴിയിലെ ഒരു നിർണ്ണായക ഘടകമാണ് ഞങ്ങളെന്നു ഞങ്ങളെ തന്നെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നത്ര ശ്രീകരമായ പ്രവർത്തനങ്ങൾ കുടുംബശ്രീയ്ക്കല്ലാതെ മറ്റേതൊരു ഗ്രാമീണ കൂട്ടായ്മക്കാണ് നിർവഹിക്കുവാൻ കഴിയുക! 

 

ശ്രീകരം ഈ പ്രവർത്തനങ്ങൾ!  (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക