Image

കേരളത്തിലെ ഡോക്ടർ മാർക്കറ്റ് ഭ്രമങ്ങൾ (ജെ എസ് അടൂർ)

Published on 10 December, 2023
കേരളത്തിലെ ഡോക്ടർ മാർക്കറ്റ് ഭ്രമങ്ങൾ (ജെ എസ് അടൂർ)

ലോകത്തിൽ ഏറ്റവും കൂടുതൽ ജനോപകാര ജോലികളാണ് ആരോഗ്യ പരിപാലന പരിപാലന പ്രവർത്തനവും അതുപോലെ അധ്യാപനവും. കാരണം ഇന്നത്തെ ലോകത്തിൽ ആരോഗ്യ പരിപാലനവും വിദ്യാഭ്യാസവും മനുഷ്യനു ജീവിക്കാൻ വേണ്ട ആവശ്യഘടകങ്ങളാണ്. അതുപോലെ തന്നെ പ്രധാനമുള്ളതാണ് കർഷകരും പോലീസും. കാരണം ഭക്ഷണവും സുരക്ഷയുമില്ലാതെ ജീവിക്കാൻ സാധിക്കില്ല.

പക്ഷെ ഈ ജോലികളിൽ ഒരു മധ്യവർഗ്ഗ സമൂഹത്തിൽ ' നിലയും വിലയുമുള്ള 'ജോലിയായി കരുതുന്നത് ആധുനിക ഡോക്ടർ എന്ന സാമൂഹിക പരികൽപ്പനായാണ്. ഏറ്റവും താഴെയാണ് കർഷകനെന്ന സാമൂഹിക പരികൽപ്പന. ഒരു സ്റ്റാറ്റസ് പൂരിത സമൂഹത്തിൽ ബഹു ഭൂരിപക്ഷ മധ്യ വർഗ്ഗവും തങ്ങളുടെ മക്കളെ കർഷകരാക്കാൻ ശ്രമിക്കില്ല. കാരണം അതിനു 'നിലയും വിലയും 'ഇല്ല.

ആധുനിക വൈദ്യശാസ്ത്രമ ന്നത്  സമൂഹത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നൂറു വർഷം പോലുമായില്ല. എന്റെയൊക്കെ ചെറുപ്പത്തിൽ പോലും നാട്ടിലെ ആയുർവേദ വൈദ്യശാലകളാണ് നാട്ടിലെ ആരോഗ്യ പരിപാലനം നടത്തിയത്. അന്ന് പനി വന്നാൽ അത്യാവശ്യം കഷായവും ഗുളികകളും വാങ്ങിയത് വൈദ്യ ശാലകളിൽ നിന്നാണ്. അതോടൊപ്പം ചുക്കും കുരുമുളകുമിട്ട ചക്കര കാപ്പി.പനി രണ്ടു ദിവസം കൊണ്ടു മാറി.ആധുനിക വൈദ്യ പ്രവർത്തകയായായിരുന്ന അമ്മക്ക് കാല് വേദന വന്നാൽ അടുത്തുള്ള വൈദ്യശാലയിൽ നിന്ന് കുഴമ്പ് വാങ്ങി തിരുമ്മികൊടുത്തിരുന്നത് ഞാനാണ്. അതായിരുന്നു ആശ്വാസം.

ആധുനിക ഡോക്ടർമാർ വളരെ കുറവ് ആയിരുന്നു. ഡിമാൻഡ് കൂടുതലും സപ്ലൈ കുറവും. അത് കൊണ്ടു തന്നെ വിലയും നിലയും കൂടുതൽ. കുട്ടി ആയിരിക്കുമ്പോൾ പൊളീഷ് ചെയ്ത ഷൂസും കറുത്ത പാന്റ്സും ഇളം നിറത്തിലുള്ള അരക്കൈ ഷർട്ട് ഒക്കെയിട്ട് സുന്ദര സുമുഖനായി ഫിയറ്റ് കാറിൽ ( അതിന്റ പുറകിലെത്തെ ഗ്ലാസിലും മുൻപിലും ഓരോ ചുവന്നു കുരിശ് അടയാളം ( ആറു വയസ്സുള്ള ഞാൻ സദാശിവൻ ഡോക്ടർ എന്തിനാണ് ഈ കുരിശ് ഒട്ടിക്കുന്ന കാറിൽ പോകുന്നത് എന്ന് ആകാംഷയോട് ചോദിച്ചു. അത് ഡോക്ടർമാരുടെ അടയാളമാണെന്ന് പറഞ്ഞു തന്നു ).
അതായത് എഴുപതുകളിൽ ഡോക്ടർ എന്നത് വലിയ  വിലയും നിലയുമുള്ള ഉദ്യോഗമാണ് എന്നാണ് ധാരണ. നാട്ടിൽ മോട്ടർ സൈക്കിളും കാറുമൊക്കെ വളരെ കുറഞ്ഞ കാലത്തു ബൈക്കും സ്‌കൂട്ടരും കാറുമൊക്കെ ഉള്ള സുന്ദര സുമുഖ ഡോക്ടർമാർക്ക് വിവാഹ മാർകെറ്റിൽ വിലയും നിലയും കൂടുതൽ ആയിരുന്നു

1970 കളുടെ ആദ്യമാണ്‌ കുടുംബത്തിൽ നിന്ന് എന്റെ കസിന് മെഡിസിന് കിട്ടുന്നത്. അന്ന് കേരളത്തിൽ നാലു മെഡിക്കൽ കോളേജുകളെയുള്ളൂ. അത് കൊണ്ടു തന്നെ മെഡിസിന് കിട്ടുക എന്നത് വലിയ കാര്യമാണ്. ഞങ്ങളുടെ (  അമ്മ വീട്ടിൽ ആയിരുന്നു എന്റെ ബാല്യം ) വീട് ഡോക്റ്ററിന്റ വീട് എന്നാണ് അറിയപ്പെട്ടത്.

പതിയെ മെഡിക്കൽ കോളേജുകളുടെയും ഡോക്ടർമാരുടെയും എണ്ണം കൂടി കൂടി വന്നു. അത് ഒരു സെൽഫ് ഇന്ട്രെസ്റ്റ് ഗ്രൂപ്പായി. അവരിൽ ഒരുപാടു പേർക്ക് ആയുർവേദമെന്ന് കേട്ടാൽ പുച്ഛമായി. ചിലർ ശാസ്ത്രവാദ ഡോഗ്മ ഡോക്ടർമാരായി.

കേരള യൂണിവേഴ്സിറ്റിയിൽ പിന്നീട് മാർക്ക് തട്ടിപ്പ് രാക്കറ്റുണ്ടായി. കാരണം അന്ന് പ്രീ ഡിഗ്രി മാർക്ക് ആയിരുന്നു പ്രവേശന മാനദണ്ഡം. ബി എസ് സി കഴിഞ്ഞു ആളുകൾ പോയിരുന്നു. പിന്നീട് അത് എന്ട്രന്സ് ആയി. അതോടു കൂടി കേരളത്തിൽ എങ്ങും വളർന്ന കൊട്ടേജ് ഇൻഡ്രസ്റ്റിയായി എന്റ്റെൻസ് കോച്ചിങ്. ആദ്യം തിരുവനന്തപുരം യൂണിവേഴ്സൽ ആയിരുന്നു. പിന്നെ തൃശൂർ തോമസ് , പാലാ ബ്രില്ലിന്റ്. ക്രെമേണ ഈ കോച്ചിങ് സെന്ററുകൾ കോച്ചിങ് മെഷിൻ പോലെയായി. ബ്രോയിലർ ചിക്കനെ വളർത്തിഎടുത്തു  എൻ‌ട്രൻസ് കടമ്പ കടത്തി ഡോക്ടർമാരാക്കുന്നു കോച്ചിങ് ഫാക്ട്ടറികൾ. കോച്ചിങ് ഫാക്ട്ടറികളിൽ സാമൂഹിക ധർമ്മികത ഒരു വിഷയമേ അല്ല.

ശമ്പള കമ്മീഷനും ഗൾഫ് പണവുമൊക്കെയായപ്പോൾ കാശ് കൊടുത്തു ക്യാപ്പിട്ടേഷൻ ഫീസിൽ പുതിയ പുതിയ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ ആകുന്നുവരുടെ എണ്ണം കൂടി. പലപ്പോഴും ഡോക്ടർ ആകുക എന്ന താല്പര്യത്തെക്കാൾ ലോവർ മിഡിൽ ക്ലാസ്സിൽ നിന്ന് അപ്പർ മിഡിൽ ക്ലാസ് സ്റ്റാറ്റസ് കിട്ടാനുള്ള സ്റ്റാറ്റസ് സിമ്പലായി പ്രൊഫഷൻ പലയിടത്തും ചുരുങ്ങി.
പലപ്പോഴും മെഡിസിനിലോ ആരോഗ്യ പരിപാലനത്തിലോ താല്പര്യമില്ലാത്തവർ പോലും ഡോ എക്‌സും ഡോ വൈ യുമായി.
പിന്നീട് പഴയ സോവിയറ്റ് യൂണിയൻ രാജ്യങ്ങളിൽ പ്രൈവറ്റ് മെഡിക്കൽ വിദ്യാഭ്യാസം തുടങ്ങിയത്തോടെ അങ്ങൂട്ടുള്ള ഒഴുക്കായി. അത് പോലെ ചൈന. അത് കഴിഞ്ഞു എലിജിബിലിറ്റി ടെസ്റ്റും പാസായി. ക്ലിനികൽ ഇന്റൻഷിപ്പ് കഴിഞ്ഞാൽ പിന്നെ പോസ്റ്റ്‌ ഗ്രാടുവെട്ട് കടമ്പ.

ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിൽ എത്ര ഡോക്ടർമാർ ഉണ്ടെന്നുള്ള കണക്ക് പോലും അറിയില്ല. എവിടെ തിരിഞ്ഞു നോക്കിയാലും ഡോക്ടർ മാർ. സപ്ലൈ കൂടി. ഡിമാൻഡ് കുറഞ്ഞു. ശമ്പളവും. ഇപ്പോൾ എം ബി ബി എസ് ഡോക്റ്റരിന് കിട്ടുന്നത് ഇരുപത്തി അയ്യായിരമൊ മുപ്പത്തിനായിരമോ. പി ജി കഴിഞ്ഞാൽ അതിന്റ ഇരട്ടി.
പലപ്പോഴും വീട്ടുകാർ നിർബന്ധിച്ചു മെഡിസിന് വിട്ട് അതിൽ താല്പര്യം ഇല്ലാതെ സാമൂഹിക പ്രവർത്തനത്തിലും മറ്റു പ്രൊഫഷണൽ മേഖലയിലും പോകുന്നവർ ധാരാളം.
അത് മാത്രം അല്ല. ഒരു നല്ല ക്ലിനിക്കൽ പരിചയവും ആത്മാർത്ഥയുമുണ്ടങ്കിൽ ഏറ്റവും പിരിമുറുക്കമുള്ള ജോലി. പലപ്പോഴും റിലാക്സ് ചെയ്യാൻ സമയം ഇല്ല. എന്റെ ഒരു സുഹൃത്ത് രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പതു മണിവരെ രോഗികളെകാണും. ഇതിനിടക്കു ഹോസ്പിറ്റലിൽ ജോലി. തിരക്കുള്ള ഒരു ഡോക്ടർ 12-16 മണിക്കൂർ ജോലി ചെയ്തു വർക് - ലൈഫ് ബാലൻസ് പലപ്പോഴും ഇല്ലാത്ത അവസ്ഥയിൽ പിരിമുറുക്കത്തിലാണ് ജീവിതം. പലപ്പോഴുംഅത് കുടുംബ ബന്ധങ്ങളെയും ബാധിക്കും.
പലപ്പോഴും ഡോക്ടർമാരുടെ മക്കൾ വേറെ പ്രൊഫഷൻ തെരെഞ്ഞെടുക്കും.

ഒരാൾ ഒരു പ്രൊഫഷനിൽ പോയി എന്ന് വിചാരിച്ചു സാമൂഹിക പ്രതിബദ്ധതയോ ബോധമോ ഉണ്ടാകണം എന്നില്ല. കേരളത്തിൽ പഠിച്ചു മെഡിസിൻ പഠിച്ചു പി ജി അസോസിയേഷൻ പ്രസിഡന്റ് അയ ഒരാളാണ് പണ കൊതി മൂത്തു വമ്പൻ സ്ത്രീ ധനം പ്രേമിച്ചു നടന്ന ഡോക്റ്ററുടെ വീട്ടുകാരോട് ചോദിച്ചത്. ഇവരൊക്കെ പിന്നെ എന്താണ് പഠിച്ചത്.? സ്ത്രീ ധനം എന്ന അശ്ലീല ഏർപ്പാടു വില പേശി ചോദിക്കുന്നവരിൽ ഒരുപാടു പേർ ഡോക്ടർമാർ എന്നത് ലജ്ജാവഹമാണ്‌.
ഇന്ന് നാട്ടിൽ ഡോക്ടർമാരെയും എഞ്ചിനിയർമാരും സുലഭം.

ഇന്ന് ഡോക്ടർമാർ ശമ്പളത്തിൽ ഒരു അവറേജ് പ്രൊഫഷൻ. ഒരു വർഷം 25 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ള ഡോക്ടർമാർ ഒരു ചെറിയ ശതമാനം.
അത് പോലെ ആരോഗ്യം പരിപാലനം ഇന്ന് ഒരു ഇന്ടെസ്ട്രിയാണ്. പല വമ്പൻ പ്രൈവറ്റ് ആശുപത്രികളും ബ്ലേഡ് ബിസിനസ്. ഒരാൾക്ക് സീരിയസ് അസുഖമായാലും അല്ലെങ്കിൽ ആദ്യം ഒരു വൻ തുക കെട്ടി വച്ചിട്ടേ അകത്തോട്ടു കയറ്റൂ. ഡോക്ടർമാർക്ക് പോലും ബിസിനസ് ടാർഗറ്റ് വയ്ക്കുന്ന കാലം. ഒരു വമ്പൻ സ്വകാര്യ ആശുപത്രിയിൽ ഒരു ദിവസം ഒരാൾ കിടന്നപ്പോൾ വേണ്ടതും വേണ്ടാത്തതുമായ ടെസ്റ്റ്‌ നടത്തി പിറ്റേന്ന് പ്രശ്നം ഇല്ലന്ന് പറഞ്ഞു ഡിസ്ചാർജ്. ബിൽ 28000 രൂപ.

ചുരുക്കത്തിൽ ഇന്ന് വിദ്യാഭ്യാസവും ആരോഗ്യം പരിപാലനവും മൾട്ടി ബില്ല്യൻ കഴുത്തറപ്പൻ ബിസിനസാണ്. ബാങ്കിൽ നിന്ന് കടം എടുത്തോ അല്ലാതെയോ വിദ്യാഭ്യാസം ഇന്ന് ഒരു ഇൻവെസ്റ്റ്‌മെന്റ് ആയിരിക്കുന്നു. അത് കൊണ്ട് തന്നെ റിട്ടൻ ഓൺ ഇൻവെസ്റ്റ്‌മെന്റ് പ്രധാനം. ഒരു പുരുഷ മേധാവിത്ത സമൂഹത്തിൽ പുരുഷന്റെ ആദ്യ മാർക്കറ്റ് ക്യാപ്പിട്ടലൈസെഷനാണ് സ്ത്രീ ധന മാർക്കെറ്റ്. അതാണ് 150 പവൻ.15 എക്കർ.50 ലക്ഷം. പീന്നെ 70 ലക്ഷത്തിന്റെ കാർ. പലരും അത് കാണുന്നത് റിട്ടൻ ഓൺ ഇൻവെസ്റ്റ്‌മെന്റ് എന്ന ലോചിക്കിൽ. വീട്ടിൽ ചെറിയ മാരുതി സെൻ ഉള്ളവർ ബി എം ഡബ്ല്യൂ ലെവലിൽ അയാൽ പിന്നെ ' നിലയും ' കൂടും.

വിദ്യാഭ്യാസം ഇന്ന് വിദ്യയും സാമൂഹിക മൂല്യങ്ങളും അടിസ്ഥാന മാനവിക ധർമ്മികതയും സിവിക് സെൻസുമൊന്നും പഠിക്കാനുള്ള സാഹചര്യം അല്ല. മാർകെറ്റിൽ ഏറ്റവും വലിയ നിലയും വിലയും കിട്ടുന്ന കരിയർ ഇൻവെസ്റ്റ്‌മെമ്റ്റാണ്. ഇന്ന് ഏറ്റവും കൂടുതൽ ബാങ്ക് ലോൺ പ്രൊഫഷണൽ കരിയർ ഇൻവെസ്ട്മെന്റിനാണ്.

ഇന്ന് കേരളത്തിൽ ആളുകൾ ഏറ്റവും കൂടുതൽ കടം എടുക്കുന്നത്  മാർകെറ്റിൽ പ്രൊഫഷണൽ / വിദേശ കരിയർ  അവസരങ്ങൾക്കാണ്. രണ്ടാമത് ലോൺ എടുക്കുന്നത് വൻകിട ഹോസ്പിറ്റലിൽ ചികിത്സക്കു. കാരണം രണ്ടും ഇന്ന്‌ ഓപ്പരെട്ട് ചെയ്യുന്നത് മാർക്കറ്റ് ലോചിക്കിലാണ്. സമൂഹ ലോചിക്കിൽ അല്ല.

ഇന്ന് വിവാഹവും ഒരു മാർക്കറ്റ് ലോജിക്കും ചോയ്സുമാണ്. കേരളത്തിലെ സ്വർണത്തിന്റ മാർക്കറ്റ് കല്യാണ മാർക്കട്ടാണ്. കല്യാണ മാർക്കറ്റ് ഒരു കാൻസ്യൂമർ സർവീസ് മാർക്കറ്റാണ്. കല്യാണം ഒരു സ്റ്റേജ് മാനേജ്ഡ് സ്‌പീക്കട്ടക്കിളാണ്. അത് ഇവന്റെ മാനേജമെന്റ് മാർക്കറ്റ് കെട്ടു കാഴ്ച്ചയായി മാറി. പ്രധാന ഐറ്റം ഫോട്ടോ ഷൂട്ടാണ്. അത് കുടുംബത്തിന്റ ബ്രാൻഡ് ഷോ യാണ്.
ഇതൊക്കെ കഴിഞ്ഞു വിദേശ ഹണി മൂൺ കഴിഞ്ഞു പലരും മൂന്നാം മാസത്തിൽ ബ്രേക്ക്‌ അപ്പ് ആകും. ചിലർ ഈ ടെൻഷനുകളിൽ വീണ്ടും ഫെർട്ടിലിറ്റി ക്ലിനിക്കിൽ പോകേണ്ട അവസ്ഥ.
ഈ മാർക്കറ്റ് ലോജിക്കിലാണ് ഇന്നും സ്റ്റാറ്റസ് പ്രൊഫഷനും കല്യാണവും ജീവിതവും. അവിടെ കാര്യം റിട്ടൻ ഓൺ ഇൻവെസ്റ്റ്‌മെന്റാണ്.

ഡോക്ടർ എന്നത് മധ്യവർഗ്ഗ സമൂഹത്തിൽ വിലയും നിലയുമുള്ള ഒരു സ്റ്റാറ്റസ കരിയർ ആണെന്ന ധാരണയിലാണ് സമയവും പണവും എല്ലാം ഇൻവെസ്റ്റ്‌ ചെയ്യുന്നത്. അല്ലാതെ അതിനു പഴയത് പോലെ ആതുര സേവനമൊ ആരോഗ്യം പരിപാലന ധാർമിക ബാധ്യതയോ ഇല്ല. ഒരു മാർക്കറ്റ് ലോചിക്കിൽ ഏറ്റവും കൂടുതൽ ശമ്പളം അല്ലെങ്കിൽ വരുമാനമുള്ള ഹെൽത് കെയർ മാർക്കറ്റിലെ വൻകിട ഹോസ്പിറ്റലിൽ ചേരും. അങ്ങനെ അല്ലാത്തവർ അനേകരുണ്ട് എന്നത് മറക്കുന്നില്ല. പക്ഷെ അജുര സേവ മനസ്ഥിതിയുള്ള ഡോക്ടർമാർ ന്യൂനപക്ഷമാണ്‌.
ഇപ്പോൾ ഒരു പി ജി ഡോക്ടറിന് പോലും ലേബർ മാർകെറ്റിൽ ശരാശരി 75000 രൂപയൊക്കെ ശമ്പളമുള്ളൂ. ഡോക്ടർമാരിൽ കൂടുതൽ ഇപ്പോൾ ലേഡി ഡോക്ടർമാർ. എന്നിട്ടും സ്ത്രീ ധന മാർകെറ്റിൽ ഇത്രയും ' വില ' പേശുന്നത് ഡോക്ടർ എന്ന പ്രൊഫഷൻ സമൂഹത്തിലെ ഫാൾസ് കോൺഷ്യൻസിന്റെ ഭാഗമായതു കൊണ്ടാണ്.

ഒരാൾ എം ബി ബി എസ് പി ജി ഒക്കെ ചെയ്തു സാമാന്യം ക്ലിനികൽ എക്സ്പീരിയൻസ് ആയുള്ളൂ ഒരു ഡോക്ടർ ആകുമ്പോഴേക്കും പ്രായം മുപ്പത് കഴിയും. അതിനു അനുസരിച്ചു മാർകെറ്റിൽ ശമ്പളം കിട്ടണമെന്നില്ല.

അത് കൊണ്ടു തന്നെ ഇന്നത്തെ അവസ്ഥയിൽ ഡോക്ടർ എന്നത് ഒരു ലുക്കറേറ്റിവ് പ്രൊഫഷനല്ല. അതിൽ താല്പര്യമുള്ളവർ ഡോക്ടറാകുന്നത് വളരെ നല്ല കാര്യം.  ആതുര സേവനത്തിലും ആരോഗ്യം പരിപാലനത്തിലും താല്പര്യമുള്ളവർ വരുന്നത് ഏറ്റവും ഉത്തമം.

ഇതൊക്കെയാണങ്കിലും ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ഇപ്പോഴും ഡോക്ടർ മാർ കുറവ്. അതിനു ഒരു കാരണം അവിടെ മാർക്കറ്റ് ലോജിക്ക് ഇല്ല. ഗ്രാമങ്ങളിൽ ആരോഗ്യ പരിപാലനവും ആതുര സേവന കാഴ്ചപ്പാടുള്ളവർ വളരെ ചെറിയ ശതമാനം മാത്രം.

ഡോക്ടറ്ററും നേഴ്‌സും അധ്യാനവും ലോകത്തിലെ ഏറ്റവും നല്ല നോബിൽ പ്രൊഫെഷ്നലുകളാണ്. പക്ഷെ അത് ജന സേവനമാകുമ്പോഴാണ്.
അതെ പ്രൊഫഷനലുകൾ മാർക്കറ്റ് റിട്ടൻ ഓൺ ഇൻവെസ്റ്റ്‌മെന്റ് മാത്രമാകുമ്പോൾ അതിന്റ ആത്മാവ് നഷ്ട്ടമാകും.
ഒരു മനുഷ്യൻ സർവ്വതും നേടിയാലും ആത്മാവ് നഷ്ട്ടപെട്ടാൽ എന്ത് ഫലം.!!
ജെ എസ് അടൂർ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക