Image

കുന്ദലത എൻ്റെ കുട്ട്യേടത്തി! (വിജയ് സി. എച്ച്)

Published on 09 January, 2024
കുന്ദലത എൻ്റെ കുട്ട്യേടത്തി! (വിജയ് സി. എച്ച്)

സുധാ നെടുങ്ങാടി സർഗ നഭസ്സിലെ വേറിട്ടൊരു കലാകാരി. അവരുടെ കലോപാസന ദരിദ്രരായ കുട്ടികൾക്കു സൗജന്യമായി സംഗീതം അഭ്യസിപ്പിച്ചുകൊണ്ടാണ്.


മലയാളത്തിലെ ആദ്യ നോവലായ 'കുന്ദലത' രചിച്ച അപ്പു നെടുങ്ങാടിയുടെ അനന്തിരവൾ അങ്ങനെയല്ലെങ്കിലേ അതിശയമുള്ളൂ! സാമ്പത്തിക പരാധീനത മൂലം നൃത്തപഠനം ഇടയ്ക്കുവച്ചു നിർത്തേണ്ടിവന്ന സുധയ്ക്ക് പണമില്ലാത്തവരുടെ അവസ്ഥ നന്നായി അറിയാം. ദക്ഷിണേന്ത്യയിലെ പ്രഥമ സ്വകാര്യ സംരംഭമായ നെടുങ്ങാടി ബാങ്ക് സ്ഥാപിച്ച റാവു ബഹദൂർ അപ്പു നെടുങ്ങാടിയുടെ അതേ ജന്മഗൃഹത്തിൽ തന്നെ നാലാം തലമുറക്കാരിയായി പിറവികൊണ്ട സുധയ്ക്ക് ചെറിയൊരു ഫീസ് നൃത്ത അധ്യാപികയ്ക്കു നൽകുവാൻ പോലും കഴിയാത്തത്ര ഇല്ലായ്മയായിരുന്നു!
"അമ്മ എന്നെ ഒമ്പതു മാസം ഗർഭിണിയായിരുന്നപ്പോൾ അച്ഛൻ മരിച്ചു. ഞാൻ എൻ്റെ പിതാവിനെ കണ്ടിട്ടേയില്ല," സുധ പറഞ്ഞു തുടങ്ങി...


🟥 സംഗീതത്തിലേയ്ക്ക്
ദുർബലമായിരുന്നു എൻ്റെ ബാല്യം. ഇരുപത്തിരണ്ടാം വയസ്സിൽ വൈധവ്യം ഏറ്റുവാങ്ങേണ്ടിവന്ന വത്സല കോവിലമ്മ പാവം എൻ്റെയമ്മ. റേഡിയോവിൽ ഇടക്കെത്താറുണ്ടായിരുന്ന സിനിമാഗാനങ്ങളായിരുന്നു അവരുടെ ഏക സാന്ത്വനം. എന്നേക്കാൾ നാലു വയസ്സു മാത്രം മുതിർന്ന സഹോദരൻ. സ്കൂൾ വിട്ടു വന്നാൽ അമ്മയോടും, ഏട്ടനോടും, അമ്മമ്മയോടും, അമ്മച്ഛനോടും, മുത്തശ്ശിയോടും ഇത്തിരി വർത്തമാനം. പിന്നെ, ആകെയുണ്ടായിരുന്ന അഭയം നൃത്തച്ചുവടുകളായിരുന്നു. അതും അവസാനിപ്പിക്കേണ്ടിവന്ന വരണ്ട നാളുകളിൽ കോതകുർശ്ശി തലക്കൊടി മഠത്തിൻ്റെ നാലുകെട്ടിനകത്തിരുന്നു ഞാൻ വല്ലാതെ വീർപ്പുമുട്ടി. ആയിടെ കുനിശ്ശേരി പാറക്കുളത്തെ ശാന്താ ഷാരസ്യാർ എനിക്കൊരു കീർത്തനം ചൊല്ലിത്തന്നു, അതെന്നെ പഠിപ്പിച്ചു. നാട്ട രാഗത്തിലുള്ള ആ ശ്ലോകം ഇടക്കിടെ ആലപിച്ചപ്പോൾ ഉള്ളിലൊരു പുതിയ വെളിച്ചം പ്രവേശിച്ചതായി എനിയ്ക്ക് അനുഭവപ്പെട്ടു. യഥാർത്ഥത്തിൽ, അതൊരു വഴിത്തിരിവായിരുന്നു. വീടിനു സമീപത്തു താമസിച്ചിരുന്ന മുതിർന്ന അധ്യാപകൻ ഉണ്ണി രാരിച്ചൻ ഫീസൊന്നുമില്ലാതെ എന്നെ സംഗീതം അഭ്യസിപ്പിക്കാൻ തയ്യാറായി. ചിട്ടയായ സാധകത്തോടെയുള്ള പഠനം നാലു വർഷം തുടർന്നു. ഒറ്റപ്പാലത്തുള്ള പ്രശസ്ത സംഗീതജ്ഞ സുകുമാരി നരേന്ദ്ര മേനോനായിരുന്നു അടുത്ത ഗുരു. ടീച്ചറുടെ കീഴിലുള്ള അധ്യായനവും, ഇടക്കിടെ ഉണ്ടായിരുന്ന സംഗീത പരിപാടികളും എനിയ്ക്കു പുതിയ പഠന മേഖലകൾ തുറന്നു തന്നു. അതു പാലക്കാടുള്ള ചെമ്പൈ മെമ്മോറിയൽ ഗവൺമെൻ്റ് സംഗീത കോളേജ് (CMGMC) വരെയെത്തി. ഞാൻ 1999-ൽ CMGMC-യിൽ നിന്നു കർണാടക സംഗീതത്തിൽ 'ഗാനഭൂഷണം' നേടി.


🟥 സംഗീത കലാലയം
ഭർത്തൃഗൃഹം മലപ്പുറം ജില്ലയിലെ മേലാറ്റൂരിലാണ്. കഴിഞ്ഞ 24 വർഷമായി അവിടെ 'രാഗസുധ സംഗീത കലാലയം' എന്നൊരു സ്ഥാപനം നടത്തിവരുന്നു. നേരിട്ടും ഓൺലൈനായും മൊത്തം മുന്നോറോളം കുട്ടികൾക്കു ക്ലാസ്സിക്കലും ജനപ്രിയവുമായ സംഗീത ശാഖകളിൽ പരിശീലനം നൽകുന്നുണ്ട്. സപ്തസ്വരങ്ങളും സ്വരസ്ഥാനങ്ങൾ വിശദമാക്കുന്ന വരിശകളും മുതൽ ഗീതം, സ്വരജതി, ജതിസ്വരം, വർണം, കീർത്തനങ്ങൾ വരെയുള്ളവ അഭ്യസിപ്പിക്കുന്നു. കൂടാതെ അഷ്ടപദി, ലളിതഗാനങ്ങൾ, സംഘഗാനങ്ങൾ, തിരുവാതിരപ്പാട്ടുകൾ, ദേശഭക്തിഗാനങ്ങൾ, നാടൻ പാട്ടുകൾ, വഞ്ചിപ്പാട്ടുകൾ, ചലച്ചിത്രഗാനങ്ങൾ മുതലായ ആലാപന വിഭാഗങ്ങൾ തേടിയും 'രാഗസുധ'യിൽ പഠിതാക്കളെത്തുന്നുണ്ട്. സംഗീതാഭിരുചിയും സാധനയുമുള്ള ഒരു അധ്യോതാവിനും അനുശീലനം നിഷേധിക്കപ്പെടരുതെന്നാണ് 'രാഗസുധ'യുടെ സ്ഥാപക ലക്ഷ്യം തന്നെ! അതു സാക്ഷാൽക്കരിക്കുവാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തുകൊണ്ടിരിക്കുന്നു.

പ്രതിഭയും സാമ്പത്തികഭദ്രതയും പലപ്പോഴും കൂടെപ്പിറപ്പുകളല്ല. ഞാൻ അതിൻ്റെയൊരു എളിയ വിലാസക്കുറിയെന്നു ചില വേദികളിൽ കുറച്ചു നല്ല മനുഷ്യർ അഭിപ്രായപ്പെട്ടതാണ് ഉള്ളു നിറയെ. അച്ഛൻ്റെ മരണാനന്തരം അമ്മയ്ക്കു ലഭിച്ചിരുന്ന തുച്ചമായ പെ൯ഷൻ തുകകൊണ്ടു പാലക്കാടു താമസിച്ചു CMGMC-യിലെ കോഴ്സ് പൂർത്തിയാക്കാൻ അനുഭവിച്ച നൊമ്പരങ്ങൾ എനിയ്ക്കു മറക്കാനാകുമോ? ആയതിനാൽ, സൗജന്യ ശിക്ഷണം മാത്രമല്ല, പരമാവധി വേദികളിലെല്ലാം 'രാഗസുധ'യിലെ കുട്ടികൾക്കു അവസരങ്ങളും ഉറപ്പുവരുത്തുന്നു. എന്തിന്, വിവാഹിതയായി മേലാറ്റൂരെത്തും മുമ്പു തന്നെ, പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന കാലം മുതൽ എനിയ്ക്കറിയാവുന്നത്രയും സംഗീതം, അതിനെ നെഞ്ചോടു ചേർക്കുന്നവർക്കു ഒറ്റപ്പാലത്തും ഞാൻ പകർന്നു കൊടുത്തിട്ടുണ്ട്. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വച്ചു നടന്ന ഒരു പുരസ്‌കാര ചടങ്ങിൽ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി ഇക്കാര്യം എടുത്തു പറഞ്ഞിരുന്നു.


🟥 കോവിഡാനന്തര ആനന്ദങ്ങൾ
മനുഷ്യർ മുൾമുനയിൽ കഴിഞ്ഞ മഹാമാരിക്കാലത്ത് 'രാഗസുധ' ദീർഘകാലം അടച്ചിടേണ്ടിവന്നു. എന്നാൽ, സംഗീത ക്ലാസ്സുകൾ പുനരാരംഭിച്ചതു ചില ശുഭവാർത്തകൾ ശ്രവിക്കുവാനായിരുന്നു. തലസ്ഥാന നഗരിയിൽ നിന്നു ലക്ഷ്മി ഭായ് തമ്പുരാട്ടി കുറച്ചു വരികൾ അയച്ചുതന്നു. മനോഹരമായ ആ കവിത കുട്ടികളോടൊപ്പം പാടി റെക്കോർഡു ചെയ്തു തിരിച്ചു അയച്ചുകൊടുക്കണമെന്നായിരിന്നു നിർദ്ദേശം. വിവരമറിഞ്ഞപ്പോൾ എൻ്റെ വിദ്യാർത്ഥികൾ തുള്ളിച്ചാടി. അവർക്കതൊരു കോവിഡാനന്തര വരപ്രസാദമായിരുന്നു! രണ്ടു ദിവസത്തെ തകൃതിയായ റിഹേഴ്സലിനൊടുവിൽ, കവിത ഗീതമായി മാറി. 'രാഗസുധ'യുടെ കൃതജ്ഞതയോടൊപ്പം സാധനം തമ്പുരാട്ടിയ്ക്ക് അയച്ചുകൊടുത്തു. തിരികെ വന്നെത്തിയ ചുവപ്പൻ ഹൃദയചിഹ്നങ്ങൾ ഇന്നും എൻ്റെ കുട്ടികൾക്ക് ഏറെ ആവേശം പകർന്നുകൊണ്ടിരിയ്ക്കുന്നു.

തുടർന്നെത്തിയൊരു നാളിലാണ് സംഗീത സംവിധായകൻ വിദ്യാധരൻ മാഷെ കാണാൻ ഭാഗ്യമുണ്ടായത്. 'കല്പാന്തകാലത്തോള'വും, 'ചന്ദനം മണക്കുന്ന പൂന്തോട്ട'വും, 'സ്വപ്നങ്ങൾക്കും ദുഃഖഭാരങ്ങൾ'ക്കുമൊപ്പം 'നഷ്ടസ്വർഗങ്ങളും' നമുക്കു സമ്മാനിച്ച സംഗീതജ്ഞനെ ആദരിച്ചുകൊണ്ടു അദ്ദേഹം ചിട്ടപ്പെടുത്തിയ 'പാടുവാനായ് വന്നു നിൻ്റെ പടിവാതിൽക്കൽ...' എന്നു തുടങ്ങുന്ന 'ഹംസധ്വനി-കല്യാണി' രാഗഗീതം ഞാൻ പാടി. കോട്ടയ്ക്കൽ മധു ശ്യാമരാഗത്തിൽ ആർദ്രമായി ആലപിച്ചു പേരെടുത്ത 'ശ്രീപദങ്ങൾ മന്ദമന്ദം' എൻ്റെ ശബ്ദത്തിലും കൊള്ളാമെന്നു വിദ്യാധരൻ മാഷ് വിലയിരുത്തി.

വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായി ലഭിച്ച ഒരു കൊച്ചു സംഗീത വിരുന്നായിരുന്നു ഒ.എൻ.വി-യുടെയും റഫീഖ് അഹമ്മദിൻ്റെയും ആത്മാവുള്ള വരികൾ. ബഹുമുഖപ്രതിഭയായിരുന്ന ബാലമുരളീ കൃഷ്ണ, സംഗീതജ്ഞന്മാരായ ഡോ.ടി.വി. ഗോപാലകൃഷ്ണൻ, മണ്ണൂർ രാജകുമാരനുണ്ണി തുടങ്ങിയ മഹദ് വ്യക്തികളുടെ രക്ഷാകർത്തൃത്വവും പ്രോൽസാഹനവും ഇല്ലായുന്നുവെങ്കിൽ എൻ്റെ ഉദ്യമങ്ങൾ പലതും ഫലം കാണുമായിരുന്നില്ല. ആകാശവാണി കോഴിക്കോട് നിലയത്തിൽ ബി-ഹൈ ഗ്രേഡ് ആർട്ടിസ്റ്റ് പദവിയുണ്ടെങ്കിലും, ഗാനങ്ങൾ പാടലും പഠിപ്പിക്കലും കഴിഞ്ഞുള്ള സമയമേ പ്രക്ഷേപണങ്ങൾക്കു നൽകുവാൻ കഴിയുന്നുള്ളൂ. മഞ്ചേരി എഫ്.എം നിലയത്തിലെ അനൗൺസുമെൻ്റിനു സമയം കണ്ടെത്തുന്നതും പാടുപെട്ടാണ്. എന്നിരുന്നാലും, കേൻസർ രോഗികളുടെ ചികിത്സാ ധനസമാഹരണാർത്ഥം സന്നദ്ധസംഘടനകൾ നടത്തിവരാറുള്ള സംഗീതപരിപാടികളിൽ പങ്കെടുക്കാറുണ്ട്.


🟥 'കുന്ദലത' കഴിഞ്ഞേ 'ഇന്ദുലേഖ'യുള്ളൂ!
1887-ൽ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടം പ്രസിദ്ധീകരിച്ച 'കുന്ദലത' മലയാളത്തിലെ ആദ്യ നോവലെന്നും, 1889-ൽ രചിക്കപ്പെട്ട 'ഇന്ദുലേഖ' മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലെന്നും വിധിയെഴുതിയവരുടെ ഭാഷായുക്തി എനിക്കൊട്ടും മനസ്സിലാകുന്നില്ല. 'ഇന്ദുലേഖ' ലക്ഷണമൊത്തതെന്നു വിശേഷിപ്പിക്കുന്നവർ, 'കുന്ദലത'യുടെ അവലക്ഷണമെന്തൊണെന്നു വ്യക്തമാക്കാത്തതെന്തുകൊണ്ടാണ്? മാത്രവുമല്ല, ഇക്കൂട്ടർ 'ഇന്ദുലേഖ'യ്ക്കു ശേഷം എഴുതപ്പെട്ട കൂടുതൽ ലക്ഷണമുള്ള നോവലുകളെ ഒന്നാം സ്ഥാനത്തേയ്ക്കു ശുപാർശ ചെയ്യുന്നുമില്ല. കറുത്താലും വെളുത്താലും, കുന്ദലത എൻ്റെ കുട്ട്യേടത്തി!

അമ്മ മലയാളത്തിനു രണ്ടു പുത്രിമാരുണ്ടെന്നു കരുതുക. ആദ്യത്തെ കുഞ്ഞിനു രണ്ടു വയസ്സു തികഞ്ഞതിനു ശേഷം പ്രസവിച്ച രണ്ടാമത്തെ കുട്ടിയ്ക്ക് ലക്ഷണം ഇത്തിരി കൂടുതൽ ഉണ്ടെങ്കിൽ പോലും, ഏതെങ്കിലും അമ്മ കടിഞ്ഞൂൽ പുത്രിയുടെ സ്ഥാനം രണ്ടാമത്തെയാൾക്കു നൽകുമോ? തിരു-കൊച്ചി, മലബാർ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ ദീർഘകാലം പാഠപുസ്തകമായിരുന്ന 'കുന്ദലത' അത്ര ലക്ഷണംകെട്ടതാണെന്നു പറയുവാൻ ആർക്കാണു കഴിയുക? കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, മഹാകവി ഉള്ളൂർ, മൂർക്കോത്ത് കുമാരൻ, എം.പി. പോൾ മുതലായ നിരവധി പ്രഗൽഭർ കാമ്പുള്ള നിരൂപണങ്ങളെഴുതി മലയാളത്തിലെ ആദ്യ നോവലെന്നു അഭിനന്ദിച്ച പുസ്തകമാണിത്.

'കുന്ദലത' എഴുതിയ അപ്പു നെടുങ്ങാടിയുടെ പിൻമുറക്കാരിയുടെ, 'കുന്ദലത നവനിരീക്ഷണങ്ങളിലൂടെ'യെന്ന നാമത്തിൽ പുസ്തകം 2015-ൽ പുന:പ്രസിദ്ധീകരിച്ചു പുത്തൻ വായനക്കാരിലേയ്ക്ക് പരമാവധി എത്തിച്ചവളുടെ, വിനയപൂർവമുള്ളൊരു വിയോജിപ്പാണിതെന്നു മനസ്സിലാക്കിയാലും. നോവലിനു ചന്തം നൽകുന്ന ഒരു കാതം അകലെയുള്ള ചന്തയും, എണ്ണ ആട്ടി വിറ്റിരുന്ന ചക്കാലത്തെരുവും, മൂകാംബികാ ക്ഷേത്രവുമെല്ലാം എൻ്റെ ജന്മഗൃഹത്തിനു ചുറ്റും പഴയ പ്രൗഢിയിൽ ഇന്നും നിലകൊള്ളുന്നു. നേരാണ്,

'കുന്ദലത' എൻ്റെ നാഡീസ്പന്ദനം! ക്ഷമിയ്ക്കണം, തനിയ്ക്കു പറയാനുള്ളതു പറയാൻ ആ ആഖ്യായികാകാരൻ ഇന്നു ജീവിച്ചിരിപ്പില്ല. 'ഇന്ദുലേഖ'യെഴുതിയ ഒയ്യാരത്ത് ചന്തുമേനോനും എൻ്റെ കാരണവരും പരസ്പരം ബഹുമാനിച്ചിരുന്ന സ്നേഹിതരായിരുന്നെന്ന യാഥാർത്ഥ്യം വിസ്മരിക്കാതെ തന്നെ പറയട്ടെ, 'കുന്ദലത' കഴിഞ്ഞേ 'ഇന്ദുലേഖ'യുള്ളൂ. 'കുന്ദലത' അമ്മ മലയളത്തിൻ്റെ സീമന്തപുത്രി! ആ സ്ഥാനം പങ്കിടാൻ ആരെയും അനുവദിയ്ക്കില്ല.


🟥 ആദ്യ ബേങ്കിനെ ആരും സഹായിച്ചില്ല
സംസ്ഥാനത്തെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനു വായ്പ നൽകുകയെന്ന ഉദ്ദേശ്യത്തോടെ 1899-ൽ കോഴിക്കോട് ആസ്ഥാനമാക്കി നെടുങ്ങാടി ബാങ്ക് സ്ഥാപിക്കുമ്പോൾ, അതിൻ്റെ ഡയറക്ടർ ഒരിക്കലും കരുതിക്കാണില്ല തൻ്റെ അനന്തിരവൾക്കു തന്നെ കേവലം അമ്പതു രൂപ പ്രതിമാസ ഫീസ് നൽകാനില്ലാത്തതിനാലും കൂടെപ്പോകാൻ ഒരാളില്ലാത്തതിനാലും പാതിവഴിയിൽ നൃത്തപഠനം നിർത്തേണ്ടി വരുമെന്ന്! കേന്ദ്ര ധനകാര്യവകുപ്പിൻ്റെ ഉത്തരവു പ്രകാരം, 2003-ൽ പഞ്ചാബ് നേഷണൽ ബേങ്കിൽ ലയിക്കുമ്പോൾ, നെടുങ്ങാടി ബാങ്കിനു വിവിധ സംസ്ഥാനങ്ങളിലായി 174 ശാഖകളും, 60 കോടി രൂപ മൂലധനവുമുണ്ടായിരുന്നു.

പുഷ്കലകാലത്ത് കീർത്തിയേറിയ കോയമ്പത്തൂർ നാഷണൽ ബാങ്ക് ലിമിറ്റഡിനെ ഏറ്റെടുത്ത നമ്മുടെ അഭിമാനഭാജനം ആയിരുന്നില്ലേയിത്! ജന്മദേശത്തിനടുത്ത ഒറ്റപ്പാലത്തും ചെർപ്പുളശ്ശേരിയിലും നെടുങ്ങാടി ബാങ്കിൻ്റെ ശാഖകൾ പ്രവർത്തിച്ചിരുന്ന റോഡിലൂടെ കടന്നുപോകുമ്പോൾ ഇന്നുമെൻ്റെ ഉള്ളിൽ ഗതകാലസ്മരണകൾ തുകിലുകൊട്ടാറുണ്ട്. വാണിജ്യ-വ്യവസായ സംരംഭങ്ങളിലെല്ലാം കാരണവർക്കു പരാജയം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും, വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു തുടങ്ങിയ സ്ഥാപനം ഇന്നും ചാലപ്പുറത്തു പ്രവർത്തിക്കുന്നില്ലേ! സംസ്ഥാനത്തെ പ്രഥമ ബേങ്കിനെ സംരക്ഷിക്കുകയെന്നത് നമ്മുടെയെല്ലാവരുടെയും കർത്തവ്യമായിരുന്നു. പക്ഷേ, നെടുങ്ങാടി ബാങ്കിനൊരു സഹായഹസ്തം നീട്ടാൻ ആരും മുന്നോട്ടുവന്നില്ലെന്ന സത്യം മനസ്സിനെ കീറിമുറിയ്ക്കുന്നു.


🟥 കുടുംബപശ്ചാത്തലം
വിവാഹം വരെ എന്നെ നോക്കിവളർത്തിയത് അമ്മാമന്മാരും ചെറിയമ്മമാരുമാണ്. മാതാവും, ജ്യേഷ്ഠനും എന്നും പ്രചോദനവും. ക്ഷീരോത്പന്ന വ്യാപാരിയായ ഭർത്താവ്, വിനോദ് എൻ്റെ സർഗവീഥിയിലെ നെയ്ത്തിരി വെട്ടം. പ്രതിഫലേച്ഛയില്ലാതെ എനിയ്ക്കു പ്രവർത്തിയ്ക്കുവാൻ കഴിയുന്നത് വിനോദേട്ടൻ്റെ പിന്തുണ ഉള്ളതുകൊണ്ടു മാത്രമാണ്. മക൯ ജയ്ഗോവിന്ദ് നെടുങ്ങാടി സി.എ വിദ്യാർത്ഥി. മകൾ ഗൗരിനന്ദ നെടുങ്ങാടി 9-ആം ക്ലാസ്സിൽ പഠിയ്ക്കുന്നു. ഗാനസപര്യയിൽ കൂടെയുണ്ട് രണ്ടു പേരും.
------------------------ 

കുന്ദലത എൻ്റെ കുട്ട്യേടത്തി! (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക