Image

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു, ഇന്ദിരക്ക് പിറക്കാത്ത സ്വര്‍ണചിറകുള്ള മകന്‍  : (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 13 January, 2024
അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു, ഇന്ദിരക്ക് പിറക്കാത്ത സ്വര്‍ണചിറകുള്ള മകന്‍  : (കുര്യന്‍ പാമ്പാടി)

വൈക്കം സത്യാഗ്രഹ വേളയില്‍ ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ ഇണ്ടംതുരുത്തി മനയില്‍ വച്ച് വിപ്ലവ ഗായിക പി കെ മേദിനിക്ക് സികെ വിശ്വനാഥന്‍ പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ പറഞ്ഞു: 'എനിക്കിവിടെ ഒരു ഇന്ദിരക്കുട്ടി അമ്മയുണ്ട്. ആ അമ്മയെ കാണണം. കണ്ടിട്ടേ മടങ്ങൂ.' 

(പുതിയ ആല്‍ബത്തിന് വേണ്ടി അഷിതയോടൊപ്പം)_

പതിനൊന്നു തവണ സംഗീത സംവിധാനത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും ഒരു തവണ ദേശിയ അവാര്‍ഡും നേടിയ ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവും അത്യാവശ്യം നടനുമായ എം. ജയചന്ദ്രന്‍ എന്ന മധുസൂദനന്‍ ജയചന്ദ്രന്‍ നായരുടെ ഇന്ദിരക്കുട്ടിആരാണെന്ന കൗതുകം എന്നെ വിടാതെ പിന്തുടര്‍ന്നു.

(ഇന്ദിരയുടെ ഗാനം, ജയചന്ദ്രന്റെ ശബ്ദം)

യേശുദാസ് പാടിയ  'പച്ചപനംതത്തേ പുന്നാരപ്പൂമൊട്ടെ പുന്നെല്ലില്‍ പൂങ്കരളേ..' (ചിത്രം നോട്ടം, പൊന്‍കുന്നം ദാമോദരന്‍, 2006) ശ്രേയ ഘോശാല്‍ പാടിയ 'കാത്തിരുന്നു കാത്തിരുന്നു പുഴനിറഞ്ഞു' (എന്നു നിന്റെ മൊയ്തീന്‍, 2015), യേശുദാസ്  പാടിയ 'ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ..(ബാലേട്ടന്‍, ഗിരീഷ് പുത്തഞ്ചേരി, 2018) തുടങ്ങി നൂറു കണക്കിന് ഗാനങ്ങള്‍ അനശ്വരമാക്കിയ ജയചന്ദ്രന്‍.  'കാത്തിരുന്നു കാത്തിരുന്നു'വിനായിരുന്നു ദേശീയ പുരസ്‌ക്കാരം. 'മെല്ലെ മെല്ലെ മെല്ലെയാണീ യാത്ര' ക്ക് (നോട്ടം, കൈതപ്രം, 2006) മികച്ചഗായകനുള്ള സംസ്ഥാന പുരസ്‌കാരവും നേടി.   

കൊല്ലം ആശ്രാമം മൈതാനിയില്‍ 24 വേദികളില്‍ 239 ഇനങ്ങളിലായി 14,000 പ്രതിഭകള്‍ മാറ്റുരച്ച   ഏഷ്യയിലെ ഏറ്റവും വലിയ യുവജനോത്സവത്തിനു തിരിതെളിഞ്ഞപ്പോള്‍ ആ ജിജ്ഞാസ ആകാശത്തേക്കുയര്‍ന്നു. കേരള യൂണിവേഴ്സിറ്റി  യുവജനോത്സവത്തില്‍  കണ്ണടക സംഗീതത്തിനു നാലുതവണ തുടര്‍ച്ചയായിസ്വര്‍ണമെഡല്‍ നേടിയ ആളാണ് ജയചന്ദ്രന്‍. അഞ്ചാം വയസില്‍ സംഗീതം  പഠിച്ചുതുടങ്ങി.

(ലക്ഷങ്ങള്‍ കേള്‍ക്കുന്ന ആല്‍ബം)

ആരാണ് ഈ ഇന്ദിരക്കുട്ടി എന്ന് പലരോടും അന്വേഷിച്ചു. കേട്ടവര്‍ക്കാര്‍ക്കും അറിയില്ല. ഒരുപക്ഷെ അറിയാവുന്നവരോട് ചോദിച്ചില്ല. ഒടുവില്‍ വൈക്കത്തെ പുരസ്‌കാര ദാന ചടങ്ങില്‍ ജയചന്ദ്രന്റെ 'ശിക്കാര്‍' എന്ന ചിത്രത്തില്‍ യേശുദാസ് പാടി സംസ്ഥാന പുരസ്‌ക്കാരം നേടിക്കൊടുത്ത  'പിന്നെ എന്നോടൊന്നും പറയാതെ സ്വയം പറന്നകന്നെങ്ങോ പോയി' എന്ന ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ മനോഹരമായി ആലപിച്ച ഐശ്വര്യ ലക്ഷിമിയോട് ചോദിച്ചു. 

എംജി യുണിവേഴ്‌സിറ്റിയില്‍ ബിഎ പൊളിറ്റിക്‌സ് ആന്‍ഡ് ജേര്ണലിസത്തിനു ഒന്നാം റാങ്ക് നേടിയ ഐശ്വര്യ അച്ഛനെപ്പോലാവാന്‍ എല്‍ എല്‍ ബിക്കു ചേര്‍ന്നു. പത്തുവര്‍ഷം ക്ലാസ്സിക്കല്‍ സംഗീതം പഠിച്ചതാണ്.   ഇടയ്ക്കിടെ ക്ഷേത്രോത്സവങ്ങള്‍ക്ക്  പാടാന്‍ പോകും. 

(ഗായിക  ഐശ്വര്യ, അച്ഛന്‍ അഡ്വ. പ്രദീപന്‍, വൈക്കം മനയുടെ പൂമുഖത്ത്)

ഐശ്വര്യയുടെ അച്ഛന്‍ അഡ്വ.കെജി  പ്രദീപന്‍   കണ്ടുപിടിച്ചു, വൈക്കത്തുനിന്നു അഞ്ചു കിലോമീറ്റര്‍ അകലെ ടിവിപുരത്തു പട്ടശ്ശേരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന 75 എത്തിയ ഇ എന്‍ ഇന്ദിരക്കുട്ടിയെ. മഹാരാജാസില്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്നു. 

മിനിറ്റുകള്‍ക്കുള്ളിൽ വൈക്കം മുനിസിപ്പാലിറ്റിയുടെ  കോണ്‍വെന്റ് എന്ന വാര്‍ഡ് 13 ലെ മെമ്പര്‍   സിന്ധു സജീവന്‍ വിളിച്ചു. തിരുമണി വെങ്കിടപുരം എന്ന ടിവി പുരത്തു പട്ടശ്ശേരി ദേവീ ക്ഷേത്രത്തില്‍ നിന്ന് നൂറു വാര അടുത്തതാണ് ഇന്ദിര ടീച്ചറുടെ വീട്. തഹസില്‍ദാര്‍ ആയിരുന്ന ഏറ്റുമാനൂര്‍ വീട്ടില്‍  എന്‍  നാരായണപിള്ളയുടെ മകള്‍. ഹസ്ബന്‍ഡ് മരിച്ചു. ഒറ്റയ്ക്കാണ്. രണ്ടു മക്കളുണ്ട് അവരെല്ലാം അകലെ,'

(നടന്‍ ദിലീപിന്റെ 'ദെ പുട്ടു' കടയില്‍ ജയചന്ദ്രന്‍, പ്രിയ, മക്കള്‍)

കാസര്‍ഗോഡ് മുതല്‍ എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്ത് കൂത്താട്ടുകുളത്തിനു സമീപം മണിമലക്കുന്ന് ഗവര്‍മെന്റ് കോളജു വരെയുള്ള സ്ഥാപനങ്ങളില്‍ പഠിപ്പിച്ചു, മണിമലക്കുന്നില്‍ എത്തിയപ്പോള്‍ പ്രിന്‍സിപ്പലായി. മലപ്പുറം കഴിഞ്ഞു  തൃപ്പൂണിത്തുറ നിന്നുറിട്ടയര്‍ ചെയ്തു. 

മുപ്പത്തിരണ്ടു  വര്‍ഷം കൊണ്ട് സമാഹരിച്ച പതിനായിരക്കണക്കിന് ശിഷ്യരെന്ന അക്ഷയ ഖനിയുടെ ഉടമ. മഹാരാജാസില്‍ കവി ടിആര്‍ എന്ന ടി. രാമചന്ദ്രനോടൊപ്പം പഠിപ്പിച്ചു. 'ജീവിതം ഉരുകിത്തീര്‍ത്ത പ്രതിഭാധനന്‍. എഴുത്തുകാരന്‍ എന്നതിലുപരി നല്ലൊരു മനുഷ്യന്‍,'

(പ്രിയയും മക്കള്‍ നന്ദഗോപനും കാര്‍ത്തിക്കുമൊത്ത്)

മുന്‍ വൈസ് ചാന്‍സലര്‍  ഡോ കെ എസ്  രാധാകൃഷ്ണനെ പഠിപ്പിക്കുകയൂം ഒപ്പം പഠിക്കുകയും ചെയ്തു. സുഗതകുമാരിയുടെയും ഹൃദയകുമാരിയുടെയും അനുജത്തി ദേവി എന്ന പേരില്‍ എഴുതിയിരുന്ന പ്രൊഫ. സുജാതാദേവിയുടെ സഹപ്രവത്തക ആയിരുന്നു.  മണിമലക്കുന്നില്‍  നിരൂപകന്‍ വിനയകുമാര്‍ ഒപ്പമുണ്ടായിരുന്നു. 

മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് കവിത എഴുതുമായിരുന്നു. ഇംഗ്ലീഷില്‍. പക്ഷെ പ്രസിദ്ധീകരിക്കാന്‍ മിനക്കെട്ടില്ല. പതിനെട്ടു വര്‍ഷമായി ആത്മീയ ജ്ഞാനം തേടിയുള്ള യാത്രയിലാണ്. ബൈബിള്‍  വായിക്കുന്നു. അന്യര്‍ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ ക്രിസ്തു എന്ന മഹാത്യാഗിയിലാണ് ഇനിരക്കുട്ടി സായൂജ്യം കണ്ടെത്തിയത്. 

(ഭര്‍ത്താവ് ഗോപിനാഥന്‍ നായര്‍, മകന്‍ സുദിന്‍, മകള്‍ മഞ്ജു എന്നിവരൊപ്പം) 

വീണ്ടും തൂലിക കയ്യിലെടുത്തു.  കുറേയേറെ കവിതകള്‍ രചിച്ചു. വായിച്ച പലരും പറഞ്ഞു മനോഹരമായിട്ടുണ്ടെന്നു. സാമൂഹ്യ മാധ്യമങ്ങളുടെ പെരുമഴക്കാലമാണ്. ശ്രുതിമധുരമാക്കിയാല്‍ അനേകര്‍ക്ക് ആശ്വാസം നല്‍കും. 

അങ്ങിനെ  ജയചന്ദ്രനുമായി ബന്ധപെട്ടു. കവിതകള്‍ അയച്ചു കൊടുത്തു. രണ്ടെണ്ണം അദ്ദേഹം തെരഞ്ഞെടുത്തു താന്‍ തന്നെ പാടിക്കൊള്ളമെന്നു സമ്മതിച്ചു. പതിനഞ്ചു കവിതകള്‍ പലയിടങ്ങളിലായി റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ജയചന്ദ്രന്‍ ചിട്ടപ്പെടുത്തി പാടിയ പാട്ടുകള്‍ ആയിരക്കണക്കിനാളുകള്‍ യൂട്യൂബിലൂടെ കേള്‍ക്കുന്നു. 

(കുടുംബ സുഹൃത്ത് മോഹന്‍ലാലിന്റെ കൂടെ) 

'2018ല്‍ അന്തരിച്ച ഭര്‍ത്താവ് ട്രഷറി ഓഫീസര്‍ കെപി ഗോപിനാഥന്‍ നായരുടെ സംസ്‌കാരത്തിന് എത്തിയപ്പോഴാണ് ആദ്യം ജയചന്ദ്രനെ കാണുന്നത്. ആ ആത്മബന്ധം വളര്‍ന്നു. ഏകാന്തത അനുഭവിച്ചു തുടങ്ങിയ കാലത്ത് ജയന്‍ ഒരു മകനെപ്പോലെ എന്റെ അടുത്ത് വന്നു. സ്വന്തം അമ്മയെ   നഷ്ട്ടപെട്ടതിനു ശേഷം അവന്റെ അമ്മ ഞാനാണ്. എനിക്കവന്‍ മകനും,' 52 എത്തിയ പിറക്കാത്ത മകനെപ്പറ്റി അവര്‍ വാചാലയാകുന്നു. 

അമ്മ സുകുമാരിയമ്മ കാന്‍സര്‍ മൂലം മരണമടഞ്ഞത് 2009ല്‍. പാട്ടുകള്‍ ആദ്യം അമ്മയെ കേള്‍പ്പിക്കുമായിരുന്നു. അവസാനകാലത്ത് സംസാരിക്കാനാവാതെ കിടക്കയില്‍ ആയിരിക്കുബോള്‍ പാട്ടു കേട്ട് ആ കണ്ണുകള്‍  നിറയുന്നത് ജയന്‍  കണ്ടിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരി എഴുതി ജയചന്ദ്രന്‍ സംഗീതം നല്‍കി യേശുദാസ് ആലപിച്ച 'അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു, ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു, കന്നിവെയില്‍ പാടത്തു കനലെരിഞ്ഞു, ആ മണ്‍കൂടില്‍  ഞാന്‍ പിടഞ്ഞു ' എന്ന ഗാനം (മാടമ്പി, 2008)  അമ്മക്കുള്ള മകന്റെ തര്‍പ്പണമാണ്. സംസ്ഥാന പുരസ്‌കാരം ലഭിച്ച ഗാനം.  

(ഇന്ദിരയുമൊത്ത്-അര്‍ജുന്‍, സുദിന്‍, ഇന്ദിര, ശ്രീകുമാരി (മഞ്ജുവിന്റെ ശ്വശ്രു), മഞ്ജു  )

സംഗീതമാണ് ഭാര്യ പ്രിയയെ കണ്ടെത്താന്‍ കാരണം. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജില്‍ പഠിക്കുന്ന കാലത്തു അവിടെ എംബി ശ്രീനിവാസന്റെ പേരില്‍ ഓരോ സംഗീത ഗ്രൂപ് ഉണ്ടായിരുന്നു. ഗായകരുടെ പാട്ടുകേട്ട ജയന്‍ പ്രിയയെ ഇഷ്ട്ടപെട്ടു. എഞ്ചിനീയറിങ് കഴിഞ്ഞു ജോലിയാവും വരെ അഞ്ചു വര്‍ഷം  കാത്തിരിക്കാമോ എന്ന് ചോദിച്ചു.  സമ്മതിച്ചു. നന്ദഗോപന്‍ (23), കാര്‍ത്തിക് (21)  എന്നിവര്‍ മക്കള്‍.  

'ജയന്‍ ഡിസംബര്‍ 31നു വൈക്കത്തു വന്നപ്പോള്‍ എന്റെകൂടെ ഊണ് കഴിക്കാനെത്തി. ലളിതമായ ഭക്ഷണം. മീന്‍ ഇഷ്ട്ടമാണ്. ഞാന്‍ വെജിറ്റേറിയന്‍ ആണെങ്കിലും കരിമീനും ഓലക്കുടിയനും വാങ്ങി കറിവച്ചും പൊരിച്ചും വിളമ്പി. ഞാനുമൊത്തുള്ള  ചിത്രങ്ങള്‍ എടുത്തിട്ടാണ് മടങ്ങിയത്.   

'ജയന്‍ എന്നോട് എല്ലാകാര്യങ്ങളും പറയും. പുതിയ സംരംഭങ്ങള്‍, ചിത്രങ്ങള്‍, എന്നിങ്ങനെ. പുതിയതായി  എന്തെങ്കിലും സംരംഭം തുടങ്ങും മുമ്പ് എന്നോട് പറയും. പുതുവത്സരത്തില്‍ ഏറ്റെടുക്കുന്ന ചില  കാര്യങ്ങള്‍ പങ്കു വച്ച് അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്.'  

ഇന്ദിരക്കുട്ടിയുടെ രണ്ടു ഗാനങ്ങളാണ് ജയചന്ദ്രന്‍ സംഗീതം നല്‍കി പാടാന്‍ തെരെഞ്ഞെടുത്തത്. 'അറിവിന്‍  നിറവായ്  നിറവിന്‍ അറിവായ്,  നിറയുക ഞങ്ങളില്‍ എല്ലാം നിറക്കുന്ന യേശുനാഥാ,' എന്നതും 'സര്‍വം ചമച്ചവനേ അങ്ങൊരു മണ്‍കൂടാരം എനിക്കുതന്നു, ഒരു കെടാവിളക്കായി നാഥന്റെ തേജസും ആ കളിമണ്ണില്‍ നീ തെളിച്ചുവല്ലോ' എന്നതും. ഭക്തിസാന്ദ്രമായ സ്വരം. ശാന്തമായ  കടല്‍ പോലെ അലയടിച്ചുയരുന്ന താളലയങ്ങള്‍. ശ്രോതാക്കളുടെ എണ്ണം  ലക്ഷങ്ങളായി ഉയര്‍ന്നു. 

'ആല്‍ബമായി ഇറങ്ങിയ 15 ഗാനങ്ങളില്‍   സോണിയ പാടിയ 'ദര്‍ശനം നല്കണേ നാഥാ' എന്നതാണ് ഇന്ദുവിന്റെ  ഹൃദയത്തെ ഏറെ സ്പര്‍ശിച്ചിട്ടുള്ളത്. മറ്റു ആല്‍ബങ്ങളില്‍ അഷിത ആനന്ദ്, ഉദയ രാമചന്ദ്രന്‍, അനു തോമസ്, ജോണ്‍ തോമസ്, ഹരികൃഷ്ണന്‍, വി. ദേവാനന്ദ്, ഗോപന്‍ എസ് നായര്‍ തുടങ്ങിയവരും പാടി. സംഗീതം  വൈക്കം മോന്‍സ് രാജ്.'  ആല്‍ബങ്ങള്‍  യൂട്യൂബില്‍ കേള്‍ക്കാം. 

ഏറ്റവും ഒടുവിലാണ് ഇന്ദിരക്കുട്ടി ഒരു രഹസ്യം പുറത്തുവിടുന്നത്. 'എനിക്ക് വേണ്ടപ്പെട്ട ഒരാള്‍ മനോരമയില്‍ ഉണ്ടായിരുന്നു. വൈക്കം മധു. എന്റെ ചേച്ചി രാധാമണിയുടെ  ഭര്‍ത്താവ്!'. ഓ ജീസസ്! ഞാന്‍ അമ്പരന്നു പോയി. അര നൂറ്റാണ്ടിലേറെയായി എന്റെ ആത്മ സുഹൃത്ത്. ഞങ്ങള്‍ ഇരുവരും അസിസ്റ്റന്റ് എഡിറ്റര്‍മാരായി വിരമിച്ചവര്‍.  വടക്കു കിഴക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് ആസാമിലും നാഗാലാന്റിലും ഭൂട്ടാനിലും ഒന്നിച്ചു സഞ്ചരിച്ചവര്‍. ബാംഗളൂരിലെ യെലഹങ്കയില്‍ ഒരുമിച്ച് സ്ഥലം വാങ്ങിയവര്‍. 

സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മധുവിന്റെ 'ഇടയാളം' എന്ന ക്ലാസിക് എഡിറ്റ് ചെയ്തത് ഞാനാണ്.  മനോരമ ബുക്ക്‌സ് പ്രസിദ്ധീകരിച്ചു. മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ വിസ്തരിക്കുന്ന പുസ്തകം  തയ്യാറാക്കാന്‍  വേണ്ടി പത്തു വര്‍ഷം അദ്ധ്വാനിച്ച കെ. മധുസുദനന്‍ നായര്‍ എന്ന വൈക്കം മധു ലിപികളുടെയും അച്ചടിയുടെയും ആസ്ഥാനമായിരുന്ന മാര്‍ക്കോപോളോയുടെ  വെനീസും റോമും സംസ്‌കാരങ്ങള്‍ വളര്‍ന്നടിഞ്ഞ ഗ്രീസും സന്ദര്‍ശിച്ചു.

ഇന്ദിരക്കുട്ടിയുടെ രണ്ടുമക്കളില്‍ സുദിന്‍ രണ്ടുപതിറ്റാണ്ടിലേറെയായി ദുബൈയിലാണ്. മകള്‍ മഞ്ജു ഗോപിനാഥ് മാതൃഭൂമി പത്രത്തിലും അവരുടെ  ക്‌ളബ് എഫ്എമ്മിലും റിപ്പോര്‍ട്ടര്‍ ചാനലിലും സേവനം ചെയ്ത ശേഷം എറണാകുളം ആസ്ഥാനമാക്കി  ദക്ഷിണേന്ത്യന്‍ സിനിമകളുടെ പ്രമോട്ടര്‍ ആയി ജോലി ചെയ്യുന്നു. പത്തുവര്‍ഷം,  170 സിനിമകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക