Image

നേരെ പോകാം നെല്ലിയാമ്പതിയ്ക്ക്! (വിജയ് സി. എച്ച്) 

Published on 23 February, 2024
നേരെ പോകാം നെല്ലിയാമ്പതിയ്ക്ക്!   (വിജയ് സി. എച്ച്) 
മഹാമാരിക്കാലത്തു അനിവാര്യമായിരുന്ന അടച്ചിരുപ്പിൻ്റെ പ്രതിസ്ഫുരണമായി വിനോദ സഞ്ചാര മേഖലയിൽ വൻ കുതിപ്പാണു ഈയിടെ അനുഭവപ്പെട്ടുകൊണ്ടിരിയ്ക്കുന്നത്. പലരും ഇഷ്ടപ്പെടുന്നതു ഒറ്റ ദിവസംകൊണ്ടു പോയിവരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങളാണ്. മൂന്നാറും, അതിരപ്പിള്ളിയും, വയനാടും പൊന്മുടിയുമെല്ലാം ഈ ഗണത്തിൽ ഉൾപ്പെടുന്നു. അതിരാവിലെ പുറപ്പെട്ടാൽ അർധരാത്രിയ്ക്കു മുമ്പെ ഭവനത്തിൽ തിരിച്ചെത്താം. പക്ഷേ, സംസ്ഥാനത്തെ പ്രസിദ്ധമായ സ്പോട്ടുകളെല്ലാം രണ്ടോ മൂന്നോ പ്രാവശ്യം സന്ദർശിച്ചവരായിരിക്കാം സഞ്ചാര പ്രിയരായ മിക്ക മലയാളികളും.
 
ഒരു ദിവസംകൊണ്ടു സന്ദർശിച്ചു തിരിച്ചെത്താവുന്ന മറ്റൊരിടമുണ്ടോയെന്നു ആലോചിക്കുമ്പോൾ ചിന്തയിൽ ആദ്യമെത്തുക നെല്ലിയാമ്പതിയാണ്. വേണ്ടത്ര സൗകര്യങ്ങൾ അധികൃതർ സഞ്ചാരികൾക്കു വേണ്ടി ഒരുക്കിയിട്ടില്ലെന്ന യാഥാർത്ഥ്യം പ്രകൃതി കനിഞ്ഞേകിയ മനോഹാരിതയ്ക്കു മങ്ങലേല്പിക്കുകയില്ലല്ലൊ. രാത്രിതാമസം ഉദ്ദേശിക്കാത്ത യാത്രികർക്കു വിപുലമായ സൗകര്യങ്ങളൊന്നും ആവശ്യവുമില്ല.
 
ആരോ നൽകിയ 'പാ‍വപ്പെട്ടവരുടെ ഊട്ടി' എന്ന അപരനാമത്താൽ ഈ ഇടത്തെ നാം ആദ്യം കേട്ടറിഞ്ഞതിനാൽ, കണ്ടറിയുന്നതെല്ലാം ഏറെ കൗതുകകരമായി അനുഭവപ്പെടുകയും ചെയ്യും. ധനിക൪ക്കും ദരിദ്ര൪ക്കും നിയതിയുടെ പ്രകൃതി നി൪മിതി വിഭിന്നമല്ലെന്നറിയാനും ഇക്കുറി നമ്മുടെ യാത്ര നെല്ലിയാമ്പതിയിലേയ്ക്കു തന്നെയാകട്ടെ!
പാലക്കാടു ജില്ലയുടെ തെക്കുപടിഞ്ഞാറു കിടക്കുന്ന നെല്ലിയാമ്പതിയിലെത്താൻ, സംസ്ഥാനത്തിൻ്റെ തെക്കുനിന്നോ വടക്കുനിന്നോ പുറപ്പെടുന്നവർ ആദ്യമെത്തേണ്ടതു തൃശ്ശൂരാണ്.
പാലക്കാടു റൂട്ടിൽ കുതിരാൻ ടണൽ താണ്ടി വടക്കഞ്ചേരി വരെ കിഴക്കോട്ടു സഞ്ചരിച്ചതിനു ശേഷം, വലത്തോട്ടു തിരിയുന്ന നെന്മാറ റോഡു സ്വീകരിക്കണം. നോക്കുന്നിടത്തെല്ലാം നെൽവയലുകളും, പാലക്കാടിൻ്റെ പൊതു സ്വത്വമായ ഉശിരൻ കരിമ്പനകളും കണ്ടുകൊണ്ടു ഈ പാതയിലൂടെ 15 കി.മീ തെക്കോട്ടു നീങ്ങിയാൽ വേലകളുടെ വേല നടക്കുന്ന നെന്മാറയിലെത്താം. ഇവിടെ നിന്നു ആറേഴു കി.മീ തെക്കുപടിഞ്ഞാറാണു പോത്തുണ്ടി ഡാം. തുടർന്നുള്ള മലകയറ്റമാണു വിനോദസഞ്ചാരികൾക്കു ഏറ്റവും ഹൃദയഹാരിയായി അനുഭവപ്പെടുക! യഥാർത്ഥത്തിൽ, ഈ പാലക്കാടൻ പര്യടനത്തിൻ്റെ ഏറ്റവും അവിസ്മരണീയമായ അധ്യായമായി ഏവരും നെഞ്ചിലേറ്റാൻ പോകുന്നതും പോത്തുണ്ടി അണക്കെട്ടു മുതൽ നെല്ലിയാമ്പതി വരെയുള്ള 18 കി.മീ യാത്രയായിരിക്കും. കോടമഞ്ഞിനും, കാടുകൾക്കും, കുന്നുകൾക്കും, മേഘശകലങ്ങൾക്കും മനുഷ്യ മനസ്സിനെ പൂർണമായും കവർന്നെടുക്കുവാൻ കഴിയുന്ന എന്തോ മാന്ത്രിക ശക്തിയുണ്ടെന്നു ഒരു സഞ്ചാരിയ്ക്കു ശരിയ്ക്കും ബോധ്യപ്പെടണമെങ്കിൽ ആ പത്തു ഹെയർപിൻ ബെൻഡുകളിലൂടെ തന്നെ ആരോഹണം ചെയ്തു ഡെസ്റ്റിനേഷനിലെത്തണം!
 
പശ്ചിമഘട്ടത്തിലെ പാലക്കാടു ചുരത്തിൻ്റെ തെക്കേയറ്റത്താണു ചിറ്റൂർ താലൂക്കിലുള്ള നെല്ലിയാമ്പതി മലനിരകൾ. ഇതിലെ ഏറ്റവും പൊക്കമുള്ള പാടഗിരി പർവതശിഖരത്തിനു സമുദ്രനിരപ്പിൽ നിന്നു 1585 മീറ്ററിലേറെ ഉയരമുണ്ട്. പാലക്കാടു നഗരത്തിൽ നിന്നു റോഡുമാർഗം 64 കി.മീ അകലെയാണു നെല്ലിയാമ്പതി. പാടഗിരി മലയുടെ കിഴക്കേ താഴ് വരയിലാണു ഈയിടെ കളേഴ്സ് ഓഫ് ഭാരത് എന്ന പ്രശസ്ത സാമൂഹിക-മാധ്യമ വെബ്സൈറ്റ് രാജ്യത്തെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട കൊല്ലങ്കോട്. തേയിലതോട്ടങ്ങളും, അതിലേറെ കാപ്പിത്തോട്ടങ്ങളുമുള്ള നെല്ലിയാമ്പതിയെന്ന മനോഹരമായ മലമ്പ്രദേശത്തേയ്ക്കു സഞ്ചാരികളുടെ പ്രവാഹം തുടങ്ങിക്കഴിഞ്ഞതു തികച്ചും സ്വാഭാവികം.
കൈകാട്ടി ജംങ്‌ഷനാണു സഞ്ചാരികൾ ആദ്യമെത്തുന്ന കേന്ദ്രം. പോത്തുണ്ടി ചെക്ക്പോസ്റ്റു മുതൽ കൈകാട്ടി വരെയുള്ള യാത്രയിൽ ഈ ലേഖകനു കാണാൻ സാധിച്ച ഏക റസ്റ്റോറൻ്റ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) നടത്തുന്ന ഐ.ടി.എൽ വേൾഡാണ്. ഇതു കൈകാട്ടി കവലയുടെ ഏക ലേൻഡ് മാർക്ക്.
 
പക്ഷേ, പാതയോരത്തും മരചില്ലകളിലും നിർബാധം മേയുന്ന ബഹുവർണ പറവകളും, വണ്ണമുള്ള മരയണ്ണാന്മാരും, കറുത്ത സുന്ദരന്മാരായ ഹനുമാൻ കുരങ്ങുകളും, പീലി വിടർത്തി ആഢ്യതയോടെ നടന്നടുക്കുന്ന മയിലുകളും സഞ്ചാരിയുടെ യാത്രാക്ഷീണത്തെ രണ്ടാം സ്ഥാനത്താക്കുന്നു. സംസ്ഥാനത്തു നെല്ലിയാമ്പതിയിൽ മാത്രം കണ്ടുവരുന്ന ഒരു മലമുഴക്കി വേഴാമ്പൽ (Great Indian Hornbill) ഊക്കോടെ ചിറകടിച്ചു ശബ്ദമുണ്ടാക്കി പാതയുടെ കുറുകെ പറന്നു. അൽപ നേരം അതു അടുത്തൊരു മരക്കൊമ്പിലിരുന്നു, കാനനപ്പച്ചയിൽ അപ്രത്യക്ഷമായി. എന്നാൽ, ഡി.ടി.പി.സി എഴുതിവച്ച 'Listen the nature's narration' എന്ന പരസ്യവാചകം കൃത്യതയോടെ അന്വർത്ഥമാക്കുന്നതു വന്യതയിൽ നിന്നെത്തുന്ന മർമരങ്ങളും ചെല്ലക്കിളികളുടെ വാത്സല്യപൂർണമായ വാക്ധോരണിയുമാണ്.
 
സീതാർകുണ്ട്, പാടഗിരി വെള്ളച്ചാട്ടം, കേശവൻപാറ, പലകപ്പാണ്ടി, മാമ്പാറ മുതലായവയെല്ലാം ചേർന്നതാണു നെല്ലിയാമ്പതി. കേരളത്തിലെ ഏറ്റവും വലിയ തോപ്പുകളിലൊന്നായ പോബ്സ് എസ്റ്റേറ്റ്സിൻ്റെ കാപ്പിത്തോട്ടവും തേയിലത്തോട്ടവും നെല്ലിയാമ്പതിയിലാണ്. തേയിലച്ചെടികളുടെ പരന്നു കിടക്കുന്ന പച്ചപ്പു കണ്ടുകണ്ടൊരു ക്ലീഷെ ആയിട്ടുണ്ടെങ്കിലും, പഴുത്തു നിൽക്കുന്ന കാപ്പിക്കുരുക്കളുടെ ചെറിച്ചുവപ്പിലേയ്ക്ക് ഇത്തിരി നേരം നോക്കിനിൽക്കാത്തവരുണ്ടോ! ആ പ്രദേശമാകെ ആവി പറക്കുന്ന കാപ്പിയുടെ മണമാണ്. പിടിച്ചുനിൽക്കാനായില്ല, പഴുത്തു പാകം വന്ന രണ്ടു ഫലങ്ങൾ പറിച്ചു ഈ ലേഖകൻ രുചിച്ചു!
 
അയ്യപ്പൻതിട്ടയിലെ പുലിയിറക്കവും, ആനകളുടെ കൂട്ടസവാരിയും ഭാഗ്യമുള്ളവർക്കു മാത്രം ലഭിയ്ക്കുന്ന ചില അപൂർവ ദൃശ്യങ്ങൾ. അയ്യപ്പൻതിട്ടയുടെ ഇടതു ഭാഗത്തു കൊടും കാടും, വലതു ഭാഗത്തു അഗാധമായ കൊക്കയുമാണ്. പാതയോരത്തു ഉടനെ കാണാം അരുണാഭമായ താമരകൾ വിരിയുന്നൊരു ജലാശയം. കുളിരു കോരുന്ന പ്രകൃതി ദൃശ്യങ്ങളാണു പിന്നീടെല്ലാം. എന്നാൽ, ഒരൊറ്റ ദിവസത്തെ പരിപാടിയായതിനാൽ വ്യക്തമായ ആസൂത്രണമുണ്ടെങ്കിലേ എല്ലായിടത്തും ഓടിയെത്താൻ കഴിയൂ. മടക്ക യാത്രയ്ക്കു വേണ്ട സമയവും കണക്കിലെടുക്കണമല്ലൊ.
 
പുലയപ്പാറ കവലയിൽ നിന്നു നാലഞ്ചു കി.മീ വടക്കുകിഴക്കു സഞ്ചരിച്ചാൽ സീതാർകുണ്ട് വ്യൂ പോയൻ്റിലെത്താം. പാടഗിരിയിൽ നിന്നു നൂറുമീറ്റർ താഴ്ചയിലേയ്ക്കു കുത്തനെ കുതിച്ചിറങ്ങുന്ന അരുവിയും, അതു വന്നു പതിയ്ക്കുന്ന സീതാർകുണ്ടെന്ന അഗാധവും ആകർഷകവുമായ ഗർത്തവും, കൊല്ലങ്കോടു ഗ്രാമത്തിൻ്റെ 'ഇന്ത്യൻ നിലവാരമുള്ള' സൗന്ദര്യവും നെല്ലിയാമ്പതി സഞ്ചാരിയ്ക്കു ഈയിടത്തു നിന്നു ദർശിക്കാം.
 
കേശവൻപാറയിലെത്താൻ ആദ്യം പോകേണ്ടതു കരടിപ്പാറയിലേക്കാണ്. കൈകാട്ടിയിൽ നിന്നു മണലാരു തേയിലത്തോട്ടം മുറിച്ചു കടന്നാൽ കരടിപ്പാറയെത്തും. അവിടെ നിന്നു കാട്ടിലേയ്ക്കൊരു ഇടുങ്ങിയ വഴിയുണ്ട്. അതു ചെന്നവസാനിക്കുന്നതു കേശവൻപാറയിലാണ്. സീതാർകുണ്ടു കഴിഞ്ഞാൽ യാത്രികരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന വ്യൂ പോയൻ്റാണിത്. കുത്തനെ മേലോട്ടുയരുന്ന പാറക്കുന്നുകളും വൃക്ഷാവൃതവും കിഴക്കാംതൂക്കായതുമായ മലഞ്ചെരിവുകളും, നോക്കുന്നിടത്തെല്ലാമുള്ള നിബിഡമായ പച്ചപ്പും കേമറാപ്രേമികളെ കേശവൻപാറയിലേക്കു ആകർഷിക്കുന്നു. ഗോത്രവാസികൾ കൂട്ടത്തോടെ താമസിക്കുന്നിടമായ കാരപ്പാറയിലേയ്ക്കു നിർമിച്ച തൂക്കുപാലവും ഒരു അസാധാരണ കാഴ്ചയാണ്. കലാമൂല്യമുള്ള നിശ്ചലചിത്രങ്ങൾക്കുള്ള വിഷയങ്ങൾ ഈ വ്യൂ പോയൻ്റിൽ നിന്നു ലഭിയ്ക്കും.
പ്രകൃതിയുടെ പൂർണസൗന്ദര്യമാണു കൈകാട്ടിയിൽ നിന്നു അത്ര ദൂരത്തല്ലാത്ത പലകപ്പാണ്ടി. അനന്തമായിക്കിടക്കുന്ന തേയില, കാപ്പി, ഏലം എസ്റ്റേറ്റുകളാണു ഇവിടെയെല്ലാം. കണ്ണെത്തുന്നിടത്തെല്ലാം പച്ച നിറം! കാട്ടുപോത്തുകളും, കാട്ടാനകളും തൊട്ടടുത്ത വനത്തിൽ നിന്നു പതിവായി പലകപ്പാണ്ടി തോട്ടങ്ങളിലെത്താറുണ്ടെന്നു തമിഴു സംസാരിക്കുന്ന ഒരു തോട്ടം തൊഴിലാളി ഈ ലേഖകനോടു പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച പലകപ്പാണ്ടി ബംഗ്ലാവ് വാസ്തുവിദ്യാശില്പകലയുടെ ഒരു ഉരുക്കുമൂശ! പലകപ്പാണ്ടിയിലെത്തുന്ന പലരുടേയും പ്രഥമ ലക്ഷ്യം ഈ ബംഗ്ലാവു തന്നെ. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ മനോഹര സൗധം ഇന്നൊരു റിസോർട്ടാക്കി മാറ്റിയിരിക്കുന്നു. പ്രകൃതിസൗഹൃദ വിനോദസഞ്ചാരികളുടെ ഒരു ഇഷ്ടകേന്ദ്രമാണ് ഇക്കാലങ്ങളിൽ പലകപ്പാണ്ടി. ഇവിടെ നിന്നു മാമ്പാറയിലേയ്ക്കു 15 കി.മീ ദൂരം ട്രെക്കിങ് മുഖാന്തിരമോ, ജീപ്പ് ഉപയോഗിച്ചോ സഞ്ചരിച്ചാൽ അതു വിസ്മയാവഹമായ മറ്റൊരു വ്യൂ പോയൻ്റാണെന്നു യാത്രികനു ബോധ്യപ്പെടും.
മലമുഴക്കി വേഴാമ്പലിൻ്റെ സ്ഥിരതാവളമായ കരടിപ്പാറ, മണലാരു എസ്റ്റേറ്റ്, വിക്ടോറിയ-ലില്ലി ഗാർഡൻസ്, പോത്തുപാറ എസ്റ്റേറ്റ്, ചന്ദ്രമലൈ എസ്റ്റേറ്റ്സ്... സ്പോട്ടുകൾ അവസാനിക്കുന്നില്ല, പക്ഷേ നമുക്കു ഒരു ദിവസമേയുള്ളൂ.
നെല്ലിയാമ്പതി വിനോദസഞ്ചാരികൾ അനുഭവിക്കുന്നൊരു ക്ലേശം എന്തൊക്കെയാണവിടെ കാണാനുള്ളതെന്നും ആ സ്ഥലങ്ങളിലേയ്ക്കു ഏതു വഴി പോകണമെന്നും അറിയാൻ കഴിയാത്തതാണ്. പെയ്ൻ്റ് ഇളകിത്തുടങ്ങിയ ഒരു സൈൻബോർഡിൽ ഇൻഫോർമേഷൻ ഓഫീസ് എന്നു എഴുതിയിട്ടുണ്ടെങ്കിലും, ആ മുറി അടഞ്ഞു കിടക്കുകയാണ്. തയ്യാറെടുപ്പു വായനയിൽ അറിഞ്ഞ സ്ഥലപ്പേരുകളും, വഴിയിൽ കാണുന്നവരോടൊക്കെ വഴി ചോദിക്കലും മാത്രമാണു യാത്രികനു തുണ.
വിശാലമായിക്കിടക്കുന്ന ഓറഞ്ചു തോട്ടങ്ങളുടെ അരികുകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളിൽ വണ്ടിയോടിച്ചപ്പോഴൊക്കെയും അതിനകത്തു പ്രവേശിക്കാനുള്ള മോഹം വർധിച്ചുകൊണ്ടിരുന്നു. എന്നാൽ, സഞ്ചാരിക്കു ഓറഞ്ചു ഫാമിലേയ്ക്കു പ്രവേശനമില്ലയെന്ന ദൗർഭാഗ്യകരമായ വിവരം ഒടുവിലാണറിഞ്ഞത്. ഓറഞ്ചു തോട്ടത്തിൽ വന്യമൃഗങ്ങളുണ്ടെന്നും, വിളവെടുപ്പിനോ കൃഷിയാവശ്യത്തിനോ ബന്ധപ്പെട്ടവർ പോകുമ്പോൾ അവരുടെ കൂടെ മാത്രമേ സന്ദർശകർക്കു അകത്തു കടക്കുവാൻ കഴിയൂ എന്നുമാണ് ചേർന്നുള്ള പ്ലേൻ്റ് നേഴ്സറിയിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത്. എന്നാണ്, എപ്പോഴാണ് ബന്ധപ്പെട്ടവർ തോട്ടത്തിൽ പോകുകയെന്ന വിവരങ്ങൾ അറിയുന്നവരായി എവിടെയും ആരുമില്ല. അങ്ങനെ നെല്ലിയാമ്പതിയിലെ ഏറ്റവും വലിയ ആകർഷണമെന്നു സംസ്ഥാനം വാഴ്ത്തുന്ന നാരങ്ങ വിളയുന്ന കുന്നുകൾ യാത്രികനു നിഷേധിക്കപ്പെട്ടു. മനുഷ്യനെ ചന്ദ്രനിലിറക്കാൻ തയ്യാറെടുക്കുന്നൊരു രാജ്യത്തെ നാരങ്ങാത്തോട്ടത്തിൽ സന്ദർശകരെ സുരക്ഷിതരായി കൊണ്ടുപോകാൻ സൗകര്യമില്ലെന്നതു അത്യന്തം ഖേദകരമാണ്!
നെല്ലിയാമ്പതിയിലേയ്ക്കുള്ള വഴിയിൽ പിന്നിട്ട പോത്തുണ്ടി ഡാം ഏറ്റവും മനോഹരമായി കാണാൻ കഴിയുന്നത് മലകളുടെ പടിഞ്ഞാറെ പോയൻ്റുകളിൽ നിന്നു നോക്കുമ്പോഴാണ്. നെല്ലിയാമ്പതി മലനിരയുടെ പടിഞ്ഞാറെ താഴ് വരയിലാണു പോത്തുണ്ടി ഡാം. പാടിപ്പുഴയ്ക്കും മീൻചാടിപ്പുഴയ്ക്കും കുറുകെ പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമിച്ച അണക്കെട്ടാണിത്. രാജ്യത്തു മണ്ണുകൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്ന് എന്ന വിശേഷഷണവും പോത്തുണ്ടിയ്ക്കുണ്ട്. ബോട്ടിങ് സൗകര്യമുള്ള ഡാം സമാധാനപരമായ ഉല്ലാസത്തിനു ഏറെ യോജിച്ചതാണ്. നെല്ലിയാമ്പതിയിലേയ്ക്കു പോകുമ്പോൾ അത്ര കാര്യമാക്കാതെ വിട്ടുപോകുന്ന ഇടത്തിൻ്റെ യഥാർത്ഥ സൗന്ദര്യം മലമുകളിൽ നിന്നു കണ്ടു തിരിച്ചറിയുന്നവർ മടക്ക യാത്രയിലായിരിയ്ക്കാം പോത്തുണ്ടിയിൽ വണ്ടിയൊന്നു നിറുത്തുന്നത്. പോത്തുണ്ടി ഉദ്യാനത്തിലെ 'സംഗീതസുന്ദരി' സഞ്ചാരിയെ ഹൃദ്യമായി വരവേൽക്കും!
നെല്ലിയാമ്പതിയെ ഊട്ടിയുമായി തട്ടിച്ചുനോക്കുന്നതു അർത്ഥശൂന്യതയാണ്. മഞ്ഞും, മലകളും, തേയിലത്തോട്ടങ്ങളും രണ്ടിടത്തുമുണ്ടെങ്കിലും, പൊതുവായി ഇല്ലാത്ത കാര്യങ്ങളാണ് അധികവും. യാത്രാനുഭവങ്ങൾ തികച്ചും വ്യത്യസ്തമാണ്. വ്യക്തം, 'പാ‍വപ്പെട്ടവരുടെ ഊട്ടി'യല്ല നെല്ലയാമ്പതി, മറിച്ചു സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ പാവപ്പെട്ടവരും പണക്കാരും കൂട്ടത്തോടെയെത്താൻ മാത്രം പ്രകൃതിയുടെ പ്രകൃതമുള്ളൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്!
നേരെ പോകാം നെല്ലിയാമ്പതിയ്ക്ക്!   (വിജയ് സി. എച്ച്) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക