Image

പൂരനഗരി പുസ്തകനഗരി! (വിജയ് സി.എച്ച്)

Published on 27 February, 2024
പൂരനഗരി പുസ്തകനഗരി! (വിജയ് സി.എച്ച്)

തൃശ്ശൂരിനെ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനെസ്കോ പഠിപ്പു നഗരങ്ങളുടെ അന്തർദേശീയ ശൃംഖലയിൽ (Global Network of Learning Cities -- GNLC) പ്രവേശിപ്പിച്ചതിനെത്തുടർന്നു, ഒരു സ്വയംഭരണ സ്ഥാപനത്തിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന തെരുവു വായനശാലയുള്ള, രാജ്യത്തെ പ്രഥമ പ്രദേശമായി പൂരനഗരി മാറി!
തൃശ്ശൂർ കോർപ്പറേഷൻ ഓഫീസ് കെട്ടിടത്തിൻ്റെ പ്രവേശന കവാടത്തിനു സമീപം പാതയോരത്തു സ്ഥാപിച്ച 'സ്റ്റ്രീറ്റ് ലൈബ്രറി' നഗരവാസികളിൽ ഉണർത്തുന്നതു നിലയ്ക്കാത്ത കൗതുകമാണ്. തിരക്കുപിടിച്ച യാത്രക്കിടയിലും അലമാരകൾ തുറന്നു പുസ്തകങ്ങളെടുത്തു വായിക്കുന്നവർ, അതുവഴി കടന്നുപോകുന്ന മറ്റുള്ളവർക്കും ഈ നവീന വിജ്ഞാന കേന്ദ്രത്തിൽ ഇത്തിരി നേരം ചിലവഴിക്കാൻ പ്രചോദനം നൽകുന്നു.


നഗരസഭയുടെ പടിവാതിൽ ചുവരിൽ പ്രദർശിപ്പിച്ചിരിക്കുന്ന യുനെസ്കോയുടെ പഠിപ്പു നഗര (GNLC) സാക്ഷ്യപത്രം ആകാംക്ഷയോടെ വായിച്ചറിയുന്നവരും നിരവധിയാണ്.
ആജീവനാന്ത പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും പ്രവർത്തനങ്ങളും സ്ഥിരമായി പിന്തുടരുന്ന ഭരണസംവിധാനമുള്ളൊരു പട്ടണത്തെയാണ് GNLC-യിലെ അംഗമായി യുനെസ്കോ സ്വീകരിക്കുന്നത്. ഇപ്പോൾ എഴുപത്തിയാറു രാജ്യങ്ങളിലായി 294 നഗരങ്ങളാണ് ശൃംഖലയിലുള്ളത്.


പത്തിരുപതു റോഡുകൾ വന്നുചേരുന്ന സ്വരാജ് റൗണ്ടിൽ ഏറ്റവും പ്രസിദ്ധമായതാണ് എം.ഒ.റോഡ്. തൃശ്ശൂർ പൂരത്തിൻ്റെ വർണ്ണവിസ്മയം എന്നറിയപ്പെടുന്ന കുടമാറ്റം അരങ്ങേറുന്ന തെക്കെ ഗോപുരനടയിൽ നിന്നു തുടങ്ങി പോസ്റ്റ് ഓഫീസ് റോഡ് വരെയുള്ള ഏകദേശം 500 മീറ്റർ ദൂരം. വീതിയേറിയ ഈ പാതയിലാണു മുനിസിപ്പൽ ബസ്സ്റ്റാ൯ഡും, പണ്ടുകാലം മുതലുള്ള തുണിക്കടകളും സ്വർണ്ണക്കടകളുമെല്ലാം. പാതയുടെ നടുവിൽ തെക്കോട്ടുചേർന്നു രാമവർമ്മ തമ്പുരാൻ സ്റ്റാച്ച്യു. അതിൻ്റെ പടിഞ്ഞാറു ഭാഗത്താണു ചൈമിങ് ക്ലോക്ക് ടിക്-ടിക് അടിക്കുന്ന, 1932-ൽ പണിതീർത്ത ചരിത്ര സ്മാരകമായ കോർപ്പറേഷൻ കെട്ടിടം. സിറ്റിയിലേയ്ക്കു വരുന്നവരുടെ ഒഴിവു സമയം ഇനി സ്റ്റ്രീറ്റ് ലൈബ്രറിയിൽ വായനയിലൂടെ ചിലവിടാം.


യുനെസ്കോ മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ഫോർ പീസ് (MGIEP)-ൻ്റെ സീനിയർ പ്രോഗ്രാം ഓഫീസർ അമാറ മാർട്ടിനസ് നേരിട്ടെത്തിയാണ് സ്റ്റ്രീറ്റ് ലൈബ്രറി ഈയിടെ ഉൽഘാടനം ചെയ്തത്.
"കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിലാണ് തെരുവോര വായനശാല പ്രവർത്തിക്കുന്നതെങ്കിലും, സൂക്ഷിപ്പുകാരനോ പാറാവുകാരനോ ഇല്ലാതെയുള്ളൊരു ഉദ്യമമാണിത്. ഇരുപത്തിനാലു മണിക്കൂറും സ്റ്റ്രീറ്റ് ലൈബ്രറി തുറന്നു തന്നെയിരിയ്ക്കും," മേയർ എം.കെ.വർഗീസ് വ്യക്തമാക്കി.


ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഇതു പോലെ മറ്റൊരു സ്റ്റ്രീറ്റ് ലൈബ്രറി രാജ്യത്തില്ലെന്നു നഗരസഭയുടെ ഭരണത്തലവൻ എടുത്തു പറഞ്ഞു.
ഒരാൾക്ക് ഇരുന്നു വായിക്കാനുള്ള ഇരിപ്പിടം പുസ്തക അലമാരകൾക്കു സമീപം ഒരുക്കിയിട്ടുണ്ട്. മറ്റുള്ളവർക്കു നടപ്പാതയിൽ മാറിനിന്നുകൊണ്ടു വായിക്കാൻ ഇൻ്റർലോക്ക് വിരിച്ച ഇടവുമുണ്ട്.
"അംഗത്വം, തിരിച്ചറിയൽ രേഖകൾ, മുതലായ യാതൊരു ഉപാധികളുമില്ലാതെ ആർക്ക് എപ്പോൾ വേണമെങ്കിലും പുസ്തകങ്ങളെടുക്കാം. വീട്ടിൽ കൊണ്ടുപോയി വായിക്കുകയും ചെയ്യാം. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ കൊണ്ടുവന്നുവച്ചാൽ മതി. എല്ലാം വായനക്കാരൻ്റെ സ്വാതന്ത്ര്യമാണ്. റെജിസ്റ്ററിൽ ഒന്നും രേഖപ്പെടുത്തുന്നില്ല. ചുമതലകൾ സ്വയം ഏറ്റെടുത്തും പൊതുസംരംഭങ്ങൾക്കു വിജയം കാണാൻ കഴിയണമല്ലൊ. അതിനാൽ ഇതൊരു മാതൃകാപരമായ ദൗത്യമാണ്," വർഗീസ് വിശദീകരിച്ചു.
നിലവിൽ ആയിരത്തിലേറെ പുസ്തകങ്ങൾ വായനശാലയിൽ ഉണ്ടെന്നും, കൂടുതൽ പുസ്തകങ്ങൾ സംഭാവനചെയ്യാൻ ധാരളം സഹൃദയർ മുന്നോട്ടു വരുന്നുണ്ടെന്നും മേയർ വെളിപ്പെടുത്തി.
ഡേവിഡ് വാലിയംസ് രചിച്ച 'റാറ്റ്ബർഗർ' എന്ന പ്രശസ്ത ഇംഗ്ളീഷ് പുസ്തകം മുഴുകിയിരുന്നു വായിക്കുന്ന എൻ.കെ.രാജീവ് എം.ഒ.റോഡിൽ തെക്കോട്ടും വടക്കോട്ടും ഇടതടവില്ലാതെ ഓടുന്ന ബസുകളുടെ ആരവങ്ങളോ, അവിരാമം ഒഴുകുന്ന ഓട്ടോറിക്ഷകളുടെ ആക്രന്ദനങ്ങളോ അറിയുന്നേയില്ല!


"സ്പെക്സേവേഴ്സ് നാഷണൽ ബുക്ക് അവാർഡിൽ ചിൽഡ്രൻസ് ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം നേടിയ പുസ്തകമാണിത്. വാലിയംസിൻ്റെ അഞ്ചാമത്തെ വർക്ക്. മുമ്പു ഒരുപാടു സ്ഥലങ്ങളിൽ തിരഞ്ഞെങ്കിലും, ലഭിച്ചില്ല. ഒട്ടും പ്രതീക്ഷിക്കാതെയാണ് 'റാറ്റ്ബർഗർ' സ്റ്റ്രീറ്റ് ലൈബ്രറിയിൽ കണ്ടത്. അതിനാൽ പുസ്തകം വായിച്ചു തീർന്നേ ഇവിടെ നിന്നു ഇന്നു പോകുന്നുള്ളൂ," അത്താണിയിൽ നിന്നെത്തിയ രാജീവ് തൃപ്തി അറിയിച്ചു.
ഷോപ്പിങ്ങിനെത്തിയ മൂന്നാലു സ്ത്രീകളുടെ ദൃഷ്ടിയിൽ പട്ടണപ്പാതയിലെ പുസ്തകാലയം പതിഞ്ഞതു വളരെ പെട്ടെന്നാണ്. ധൃതിയിൽ നടന്നെത്തി പുസ്തകങ്ങൾ പലതും അവർ എടുത്തു തുറന്നുനോക്കി. ഒരു നിമിഷം അതിലൊരാൾ റീഡേഴ്സ് സീറ്റിലുമിരുന്നു. അടുത്തയാഴ്ച നേരത്തെ വന്നു കൂടുതൽ സമയം പുസ്തകങ്ങളോടൊപ്പം കഴിയാമെന്നു പരസ്പരം പറഞ്ഞുകൊണ്ടവർ അടുത്തുള്ള തുണിക്കടയിലേക്കു നടന്നുനീങ്ങി.


മറ്റൊരു സന്ദർശകൻ പരാതിപ്പെട്ടത് തെരുവു വായനശാലയിൽ വേണ്ടത്ര മലയാളം പുസ്തകങ്ങൾ ലഭ്യമല്ലാത്തതിനെക്കുറിച്ചാണ്.
"ഘട്ടം ഘട്ടമായി എല്ലാ കുറവുകളും പരിഹരിയ്ക്കും. കൂടുതൽ പുസ്തകങ്ങൾ എത്തിക്കാനുള്ള പദ്ധതികളുണ്ട്. സ്വരാജ് റൗണ്ടിലും, രാമവർമ പാർക്കിലും, നെഹ്രു പാർക്കിലും, വടക്കേ സ്റ്റാൻഡിലും സ്റ്റ്രീറ്റ് ലൈബ്രറികൾ വ്യാപിപ്പിക്കുന്നതോടുകൂടി മാത്രമേ ലേണിങ് സിറ്റിയുടെ വികസനം പൂർണമാകൂ," തെരുവോര വായനശാലകളുടെ ഉത്തരവാദിത്വമുള്ള കൗൺസിലർ സുബി സുകുമാരൻ വിശദീകരിച്ചു.
ലേണിങ് സിറ്റിയുടെ വികസന പ്രവർത്തനങ്ങൾ സുഗമമാക്കാൻ എം.ഒ.റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിൽ തന്നെയുള്ള മറ്റൊരു കെട്ടിടത്തിൽ അഖിൽ കുര്യൻ, സുഹൈൽ, സാരംഗ്, അബ്ദുൾ റാവൂഫ്, ഐറിൻ ജോയ്, ട്വിങ്ക്ൾ കെ.സണ്ണി, റാഫേൽ ജോസ് മുതലായ യുവ സാരഥിമാരുടെ ഒരു നിരയുമുണ്ട്.

പൂരനഗരി പുസ്തകനഗരി! (വിജയ് സി.എച്ച്)
പൂരനഗരി പുസ്തകനഗരി! (വിജയ് സി.എച്ച്)
പൂരനഗരി പുസ്തകനഗരി! (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക