Image

കറുപ്പ് ഒരു നിറം മാത്രമല്ലയോ? (സുധീർ പണിക്കവീട്ടിൽ)

Published on 29 February, 2024
കറുപ്പ് ഒരു നിറം മാത്രമല്ലയോ? (സുധീർ പണിക്കവീട്ടിൽ)

നേരത്തെ സൂചിപ്പിച്ചപോലെ വിമോചന വിളംബരം കറുത്ത വർഗ്ഗക്കാരെ പൂർണ്ണമായി സ്വാതന്ത്രരാക്കിയില്ല. അവർക്ക് വിധികർത്താക്കളുടെ സമിതിയിൽ അംഗമാകാനോ, വെള്ളക്കാർക്കെതിരെ സാക്ഷ്യം പറയാനോ, രാഷ്ട്രസേനയിൽ സേവനമർപ്പിക്കാനോ അനുവാദമുണ്ടായിരുന്നില്ല. വിമോചന വിളംബരത്തിലൂടെ സ്വതന്ത്രരായവർക്ക് സമ്പൂർണ്ണ സ്വാതന്ത്രത്തിനായുള്ള അവരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കാൻ അവസരം ലഭിച്ചുവെന്ന് മാത്രം.  
അടിമത്തവിരുദ്ധ  പ്രസ്ഥാനമെന്ന പേരുമായി  വന്ന വില്യം ലോയ്ഡ് ഗാരിസൺ "immediatist" തത്വത്തിൽ വിശ്വസിച്ചിരുന്നു.  അതായത് കാര്യങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്തുകയെന്നു. അടിമത്തം അവസാനിപ്പിക്കുക മാത്രമല്ല അതിനെ തുണയ്ക്കുന്ന അമേരിക്കയുടെ ഭരണഘടനയും മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൃസ്തുമത വിശ്വാസങ്ങൾക്കെതിരാണ് അടിമ സമ്പ്രദായമെന്നു വിശ്വസിച്ചവറായിരുന്നു "ക്വേകർ " എന്ന സമൂഹം. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിനു മുമ്പ് ക്വേകർ എന്ന സമൂഹം അമേരിക്കയിലും യു കെ യിലും അടിമത്തം പൂർണമായി നിരുത്തണമെന്ന ഉദ്ദേശ്യത്തോടെ  അടിമകച്ചവടം നിർത്താനുള്ള സംഘടനക്ക് രൂപം കൊടുത്തിരുന്നു. അതിനായി അവർ ഒരു സീൽ രൂപകല്പന ചെയ്തിരുന്നു. അവരുടെ ദൗത്യത്തിന്റെ അടയാളമായ അവരുടെ വിശ്വാസങ്ങളെ സൂചിപ്പിക്കുന്ന ഒരു സീൽ. അതിൽ ഒരു ആഫ്രിക്കൻ പുരുഷൻ കണങ്കാലിലും കൈകളിലും ചങ്ങലയാൽ ബന്ധിതനായി "(1)ഞാൻ  ഒരു മനുഷ്യനും സഹോദരനുമല്ലേ" എന്ന് ചോദിക്കുന്ന വിധത്തിൽ കൊത്തിവച്ചിരുന്നു. ഈ സീൽ ലോകമെമ്പാടും പ്രസിദ്ധമായി. അടിമത്തത്തെ എതിർക്കുന്നവർ ഈ സീൽ അവരുടെ കൈവളകളിലും മുടിപിന്നുകളിലും പകർത്തുകയുണ്ടായി.
രണ്ടരനൂറ്റാണ്ടുകാലത്തെ അടിമത്തവും വര്ണവിവേചനാടിസ്ഥാനത്തിലുള്ള മാറ്റിനിറുത്താലും കറുത്തവർഗ്ഗക്കാർക്ക്  സീമാതീതമായ കഷ്ടപ്പാടുകളും ജീവിതം സുഖകരമാക്കുന്നത് എങ്ങനെ എന്നുള്ള സ്വപനങ്ങളും നൽകി. അവർക്കായി അവർ സർവ്വകലാശാലകൾ ഉണ്ടാക്കി ജീവിതത്തിന്റെ എല്ലാ തുറകളിലും വിജയം വരിച്ചു. അതിനായി അവർക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നു. കറുത്ത വർഗ്ഗക്കാർ അമേരിക്കയിലെ ഏറ്റവും വലിയ വർഗീയ വംശീയ വിഭാഗമാണ്. ഇവരിൽ ഭൂരിഭാഗവും അടിമകളായി കൊണ്ടുവന്നവരുടെ പിൻഗാമികളാണ്.
ആഫ്രിക്കൻപൗരൻമാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങൾക്കായുള്ള പ്രസ്ഥാനത്തിന്റെ മന്ദഗതിയിൽ നിരാശപൂണ്ട ആഫ്രിക്കൻ അമേരിക്കക്കാർ “ബ്ലാക് പവർ” എന്ന സംഘടനക്ക് രൂപം കൊടുത്തു. സ്റ്റോക്‌ലി കാർമൈക്കിൾ എന്നയാളാണ് ബ്ലാക് പവർ എന്ന വാക്കിനു പ്രചാരം നൽകിയത്. ഈ പ്രസ്ഥാനം കറുത്ത വർഗ്ഗക്കാരെ  കൂട്ടിയോജിപ്പിക്കാനും ശാക്തീകരിക്കാനും സഹായകമായി. അമേരിക്കയുടെ തെക്കൻ സംസ്ഥാനത്ത്  നിലനിന്നിരുന്ന വർണ്ണവിവേചനത്തിനെതിരെ നിസ്സഹകരണപ്രസ്ഥാനത്തിലൂടെ കറുത്തവർഗ്ഗക്കാർ പ്രതികരിച്ചു. അവർക്ക് പ്രത്യേകം പള്ളികളും, സ്‌കൂളുകളും , റെസ്റ്റോറന്റുകളും ബസ്സുകളും നൽകി വെള്ളക്കാർ അവരുടെ  പ്രാമാണ്യം പ്രകടിപ്പിച്ചു.  സിവിൽ റൈറ്സ് മൂവേമെന്റിനു തുടക്കം കുറിച്ച റോസാ പാർക്കിന്റെ പ്രതിഷേധം ഡിസമ്പർ ഒന്ന് 1955 ഇൽ ആയിരുന്നു. വെള്ളക്കാരനു വേണ്ടി അവർ ഇരുന്നിരുന്ന സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ അവർ തയ്യാറായില്ല. ഇന്നത്തെ പൗരാവകാശ പ്രവർത്തനങ്ങളുടെ അമ്മ എന്ന് അമേരിക്കൻ കൊണ്ഗ്രെസ്സ് അവരെ  വിശേഷിപ്പിച്ചിട്ടുണ്ട്. വംശീയമായ വേർതിരിവ് നില നിർത്താൻ വേണ്ടി നടപ്പാക്കപ്പെട്ടിരുന്ന ജിം ക്രോ നിയമം ലംഘിച്ചുവെന്ന  പേരിൽ അവർ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിനെ തുടർന്ന് മാർട്ടിൻ ലൂതർ കിങ്ങിന്റെ നേതൃത്വത്തിൽ മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം സംഘടിപ്പിക്കപ്പെട്ടു. കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള ഏറ്റവും വലിയ സമരങ്ങളിൽ ഒന്നായിരുന്നു അത്.

വെള്ളക്കാരനും കറുത്തവനും ഇടയിൽ ഒരു വർണ്ണ രേഖ (കളർ ലൈൻ ) ഉണ്ടായിരുന്നു. ഫ്രെഡറിക് ഡഗ്ഗൽസ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞു  കറുത്ത വർഗക്കാർ ഇപ്പോൾ വിൽക്കുകയും വാങ്ങുകയും ചെയ്യപ്പെടുന്നില്ലെങ്കിലും  അവനു ചുറ്റും പ്രതികൂലമായ അന്തരീക്ഷം നിലനിൽക്കുന്നു; അത് അവന്റെ നീക്കങ്ങൾക്ക് ചങ്ങലയിടുന്നു. ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലും നിലനിൽക്കുന്ന വർണ്ണവർഗ്ഗ  വിവേചനത്തിന്റെ വികൃതമായ മുഖാമയിരുന്നു ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരനെ വെള്ളക്കാരനായ പോലീസ് ഓഫിസർ തന്റെ മുട്ടുകൾക്ക്  ഇടയിലിട്ട് ശ്വാസം മുട്ടിച്ചു കൊന്നത്. . ഇത് നടന്നതിന്  നൂറു കൊല്ലങ്ങൾക്ക് മുമ്പ് യു എസിലെ ഒക്‌ലഹോമ സംസ്ഥാനത്തെ ഒരു നഗരമായ ടൽസ യിലെ ഗ്രീൻവുഡ്‌ എന്ന പ്രദേശത്തു കറുത്ത വർഗ്ഗക്കാരും വെളുത്തവരും തമ്മിൽ ഏറ്റുമുട്ടി ഏകദേശം മുന്നോറോളം കറുത്തവർ കൊല്ലപ്പെട്ടു. കറുത്തവർഗക്കാരെ കലാപകാരികൾ നിർദ്ദയം തെരുവിൽ വച്ച് വെടിവച്ചു കൊന്നു.

വർഗവിവേചനത്തിനെതിരെ പോരാടിയ കറുത്തവർഗക്കാർ പുരോഗതിയുടെ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. സ്‌കൂളുകളും കോളേജുകളും കറുത്തവർഗ്ഗക്കാർക്ക് പ്രവേശനം നൽകിയതിലൂടെ അവരുടെയിടയിൽ കോളേജ് പ്രൊഫസേഴ്സ്, ഡോക്ടേഴ്സ്, എഞ്ചിനിയേർസ്, അറ്റോർണീയ്സ് തുടങ്ങിയ പദവികൾ കറുത്തവർഗക്കാർക്ക് ലഭ്യമായി. 1964 ലെ സിവിൽ റൈറ്സ് ആക്ട് പ്രകാരം വിവേചനത്തിന് എതിരായ പ്രൊവിഷൻസ് കൊണ്ടുവന്നതുമൂലം കറുത്തവർഗക്കാരുടെ വേതനം വർധിക്കുകയും വെള്ളക്കാരനു ഒപ്പമാവുകയും ചെയ്തു. ആഫ്രിക്കൻ അമേരിക്കൻ സംസ്കാരത്തിനു ഇന്ന് ലോകത്തിലെ വിവിധ സംസ്കാരങ്ങളിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. ദൃശ്യകല, സാഹിത്യം , ഇംഗ്ളീഷ് ഭാഷ  തത്വചിന്ത, രാഷ്ട്രീയം കായികമത്സരങ്ങൾ എന്നിവയിലേക്ക് ആഫ്രിക്കൻ അമേരിക്കൻസിന്റെ സംഭാവനകളും പ്രാധാന്യമർഹിക്കുന്നു.  ആഫ്രിക്കൻ അമേരിക്കൻ സാഹിത്യം അമേരിക്കൻ സാഹിത്യത്തിലെ മുഖ്യമായ ഒരു ജനുസ്സാണ്.

കറുപ്പിന്റെ അവസാനം (The End of Blackness) എന്ന പുസ്തകത്തിൽ ഡെബ്ര ഡിക്കേഴ്‌സൻ  വാദിക്കുന്നു കറുത്തവർ എന്ന പദം അമേരിക്കയിലേക്ക് അടിമകളായി കൊണ്ടുവന്നവരെ വിശേഷിപ്പിക്കാൻ മാത്രം ഉപയോഗിക്കണം.  അല്ലാതെ നിയമപരമായി കുടിയേറിപ്പാർത്തവരെയല്ലെന്നു. അവരുടെ വാദം ആഫ്രിക്കൻ വംശജരെ എല്ലാം ഒരു ഗ്രൂപ്പിൽ പെടുത്തുന്നത്  അടിമകളുടെ പിന്തുടർച്ചക്കാരെയും കുടിയേറി പാർത്തവരെയും ഒന്നിച്ചു കാണുന്നതിന് തുല്യമാകുമെന്നാണ്. ഞങ്ങളെ ഒരുമിച്ച് വിശേഷിപ്പിക്കുന്നത് അടിമത്തത്തിന്റെ പ്രാധാന്യം മാച്ചുകളയുമെന്നു അവർ പറയുന്നു.  എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും വിവേചനങ്ങളീയും അവഗണനകളെയും മറി കടന്നുകൊണ്ട് ഒരു ജനത പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കുന്നുവെന്നത് മനുഷ്യരാശിക്ക് അഭിമാനം നൽകുന്നു.  
ശുഭം

Join WhatsApp News
Joseph Abraham 2024-02-29 02:29:48
A brief history of black life in America. The freedom struggle of black people was the inspiration for removing the ban on the immigration of Asians, and in turn, the entry of Indian folks to the US became possible. Congrats, Mr. Sudhir, and thank you for taking your time to write this article
Abdul Punnayurkulam 2024-02-29 22:24:06
It's always great to know more and more the black histories.
G. Puthenkurishu 2024-02-29 22:39:49
ആഫ്രിക്കൻ അമേരിക്കൻസ് അമേരിക്കയുടെ ചരിത്രത്തിൽ നൽകിയിരിക്കുന്ന സംഭാവനകളെ അനുസ്മരിക്കുന്ന ഈയവസരത്തിൽ, ഇങ്ങനെ ഒരു ലേഖനം എഴുതാൻ തുനിഞ്ഞ സുധീറിന് അഭിനന്ദനം. അധികമാരും കൈകാര്യം ചെയ്യാൻ തയ്യാറാകാത്ത ഈ വിഷയം സുധീർ ഇതിന് മുൻപും എഴുതിയിരുന്നു എന്നാണ് എന്റെ ഓർമ്മ. കറുപ്പ് നിറമുള്ള കാറ് വാങ്ങി അതിൽ സഞ്ചരിക്കുമ്പോഴും, കറുത്ത വർഗ്ഗക്കാരെനെ കാണുമ്പൊൾ നെറ്റി ചുളിക്കുന്ന സ്വഭാവമുള്ളർവരാണ് നമ്മളിൽ പലരും. കറുത്ത നിറത്തെ ഇഷ്ടപ്പെടുക , കറുത്ത മനുഷ്യരെ വെറുക്കുക! ഒരു പക്ഷെ നമ്മളുടെ ഉള്ളിൽ അടിഞ്ഞുകൂടികിടക്കുന്ന, അജ്ഞതയിൽ നിന്ന് ഉളവായ, വെറുപ്പ്കൊണ്ടായിരിക്കാം. പീനട്ട് ബട്ടർ തേച്ച സാന്ഡ്വിച്ചിൽ ജാമും ചേർത്ത് ആസ്വദിച്ചു കഴിക്കുമ്പോൾ, പീനട്ട് ബട്ടറിന്റ 300 ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയെടുത്ത ജോർജ് വാഷിങ്ടൺ കാർവറെന്ന ആഫ്രിക്കൻ അമേരിക്കനെയോ, അമേരിക്കയിലെ പൗരാവകാശത്തിനു വേണ്ടി പടവെട്ടിയ റോസാ പാർക്കിനെയോ, മാർട്ടിൻ ലൂഥർ കിങ്ങിനെയോ, അടിമത്വവിരുദ്ധ പോരാളിയായ ഫ്രഡറിക് ഡൗഗ്ലസിനെയോ ആരും ഓർക്കാറില്ല. നേരെമറിച്ചു പോലീസ് ഓഫീസറുടെ മുട്ടിനടിയിൽ ഞെരിഞ്ഞമർന്ന് മരിച്ച ജോർജ് ഫ്ലോയിഡ് എന്ന കറുത്ത മനുഷ്യൻ ചെയ്ത കുറ്റവും അത്പോലെ അമേരിക്കയിലെ സ്റ്റേറ്റ്‌കളിൽ നടക്കുന്ന കുറ്റകൃത്ത്യങ്ങളിൽ കറുത്ത വർഗ്ഗക്കാരുടെ പങ്ക് എത്രയെന്നാന്നാണ് നമ്മളുടെ നോട്ടം . യാദവവർഗ്ഗത്തിൽപ്പെട്ട ശ്രീകൃഷ്ണനെന്ന ശ്യാമളൻ (കറുപ്പ്) എന്ന് വിളിച്ചു ആരാധിക്കുമ്പോഴും, കറുത്ത നിറമുള്ള പുലയനെ കാണുമ്പോൾ ആകെ മനസ്സിന് അസ്വസ്ഥത. അറിവ് പകരുന്ന സുധീറിന്റ് ലേഖനം ഏതെങ്കിലും ഒരു കുറ്റത്തിന്റെ പേരിൽ ഒരു സമൂഹത്തെ വർഗ്ഗീകരിച്ചുകാണാനുള്ള പ്രവണതയെ നിരുത്സാഹപ്പെടുത്തുമെന്ന് കരുതുന്നു.
കായത്തിന്റെ മണമുള്ള വേകാത്ത പരിപ്പിലെ വേകാത്ത കഷണങ്ങൾ = 2024-03-01 02:04:18
കറപ്പും വെളുപ്പും തമ്മിൽ തുലനം ചെയ്യുമ്പോൾ രണ്ടും മഹത്തരമാണെന്ന് പറയുകയും വെളിപ്പിനെ ആശ്ലേഷിക്കുകയും ചെയുന്ന നമ്മൾ, കറമ്പനെക്കാൾ ബുദ്ധിമാന്മാരാണെന്നു ഒരു ഹുങ്കും നമുക്കുണ്ട്. നമ്മുടെ നിറം എന്താണെന്നു നമുക്ക് പോലും പറയാൻ കഴിയാത്ത നാം . അവസരത്തിനൊപ്പിച്ചു ആരെയെങ്കിലും ഉയർത്തിയും , താഴ്ത്തിയും കാര്യം നേടാനും നമുക്ക് നാട്ടിൽ നിന്ന് ലഭിച്ച കഴിവ് പരമാവധി ഉപയോഗിച്ചു ജീവിക്കുന്നു . അമേരിക്കൻ ഭരണകൂടങ്ങളിൽ എത്ര ഇന്ത്യക്കാർ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുമ്പോൾ മലയാളികൾ അമേരിക്കയെക്കാളും ഉന്നതമായ ഫൊക്കാന. ഫോമാ, WMC തുടങ്ങിയ മഹാ സംഭവങ്ങളുടെ ഉന്നത അധികാരികൾ ആകാൻ യുദ്ധം ചെയ്തു സായുജ്യം നേടുന്നു. മത വിഭാഗങ്ങളുടെ കാര്യം അതുക്കും മേലെ ആണ് . ആകപ്പാടെ പറയാൻ നാം മലയാളം സംസാരിക്കുന്നു !
കോരസൺ 2024-03-01 02:55:19
അടിമത്തത്തിന്റെ നിറം എന്നും കറുപ്പായിരുന്നു. കറുപ്പോടു ചേർന്നു നിൽക്കുന്ന കടുത്ത ബ്രൗൺ നിറവും. നിറങ്ങളിൽ ജീവിച്ചിറങ്ങിയ വേദനയുടെ കരുത്ത്, അത് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. അവസരോചിതമായ ഒരു കുറിപ്പ്, അഭിനന്ദനങ്ങൾ സുധീർ സാർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക