Image

സ്ത്രീകൾ, പ്രിയദർശിനികൾ (വനിതാദിനക്കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

Published on 08 March, 2024
 സ്ത്രീകൾ, പ്രിയദർശിനികൾ (വനിതാദിനക്കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

അന്താരാഷ്ട്ര വനിതാദിനാശംസകൾ!
 
“യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ..തത്ര ദേവതാ” = എവിടെ സ്ത്രീകൾ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതമാർ കളിയാടുന്നു.”, ഇങ്ങനെയൊക്കെ നമ്മൾ പ്രസംഗിക്കുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ എല്ലാം വിസ്മരിക്കുന്നു. അവകാശങ്ങൾ നിഷേധിക്കപ്പെടുബോൾ  പ്രതികരണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമാണ് സ്ത്രീകൾക്ക് അർഹമായ പദവിയും പ്രതിഫലങ്ങളും അംഗീകാരങ്ങളും തുടക്കം മുതൽ നൽകിയെങ്കിൽ ഇങ്ങനെ ഒരു ദിനത്തിന്റെ ആവശ്യംവരില്ലായിരുന്നു. 

സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ സ്ത്രീക്ക് രണ്ടാം സ്ഥാനം കൊടുത്തതായിട്ടാണ്  കാണുന്നത്. ആദം ഏകനായിരിക്കുന്നത് കണ്ടു അവനു ഒരു തോഴിയെ, സഖിയെ, പങ്കാളിയെ ദൈവം കൊടുത്തുവത്രെ. അങ്ങനെ പറയുമ്പോൾ സ്ത്രീ പുരുഷന് വേണ്ടി സൃഷ്ടിക്കപ്പെട്ടവൾ എന്ന വ്യാഖ്യാനം നിരർത്ഥകമല്ല. ആദമിന്റെ വാരിയെല്ലിൽ നിന്നും സ്ത്രീയെ സൃഷ്ടിച്ച ദൈവം അവളെ ആദാമിന് നൽകിയപ്പോൾ അവൻ അവളെ നാരി എന്ന് വിളിച്ചുവെന്ന് കാണുന്നു. അത് കഴിഞ്ഞു പാമ്പിനോട് സംസാരിക്കുമ്പോഴും അവളെ സ്ത്രീ എന്ന് പറയുന്നു.  വിലക്കപ്പെട്ട പഴം തിന്നലും അതിന്റെ കോലാഹലവും കഴിയുമ്പോൾ ആദം അവളെ ജീവനുള്ളവർക്കെല്ലാം മാതാവ് എന്നർത്ഥം വരുന്ന  ഹവ്വ എന്ന് വിളിക്കുന്നു. അങ്ങനെ എല്ലാ കാര്യങ്ങളും പുരുഷനായ ആദം ആണ് ചെയ്യുന്നത്, പറയുന്നത്. ഈ ലേഖകൻ മനസ്സിലാക്കുന്നതനുസരിച്ച് കുറ്റക്കാരൻ ആദം ആണ്. ആദാമിനാണു  ദൈവം കൽപ്പനകൾ  കൊടുത്തിരുന്നത്.  അദ്ദേഹം അത് ഹവ്വയോട് പറഞ്ഞിരുന്നു. അപ്പോൾ പിന്നെ പാമ്പിന്റെ വാക്ക് കേട്ട് ദൈവം അരുതെന്നു വിലക്കിയ പഴം അവൾ തിന്നപ്പോൾ അവനു വച്ചുനീട്ടിയപ്പോൾ അയാൾ തിന്നരുതായിരുന്നു. തിന്നു കഴിഞ്ഞു ദൈവം ചോദിച്ചപ്പോൾ ഇവൾ തന്നു ഞാൻ തിന്നുവെന്നു മണക്കൂസ് മറുപടി. അവിടെ വച്ച് നാണം കേട്ട ആദം ഇവൾക്കും ഇവളുടെ തലമുറയ്ക്കും പണി കൊടുക്കണമെന്ന് നിശ്ചയിച്ചുകാണും.

ഭാര്യ പറഞ്ഞത് കേൾക്കരുതെന്നു ഇന്ന് പുരുഷന്മാർ ചിന്തിക്കുന്നത് ഈ കഥ ഓർത്തായിരിക്കും. പക്ഷെ സാത്താൻ ഒരു സത്യം അവരോട് പറഞ്ഞിരുന്നു. "യഹോവയുടെ നിയന്ത്രണവും വഴികാട്ടലുമില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞാൽ നിങ്ങൾ  കൂടുതൽ സംതൃപ്തരായിരിക്കും. പക്ഷെ മനുഷ്യൻ സാത്താനെ തള്ളിപ്പറഞ്ഞു യഹോവയുടെ കീഴിൽ പോയി. അന്നുമുതൽ  അവൻ സംതൃപ്തനല്ലെന്നു നമ്മൾ കാണുന്നു. എന്നിട്ടും അവനു അതിൽ സങ്കടമില്ല. അവന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കോട്ടയത്തെ വല്ല്യപ്പച്ചൻ പറഞ്ഞപോലെ ദൈവത്തിന്റെ ഓരോ തമാശകൾ അല്ലയോ എന്ന് അവൻ സമാധാനിക്കുന്നു.

ജൂതന്മാരുടെ  ചില വ്യാജ കഥകളുടെ കൂട്ടത്തിൽ പ്രചരിച്ചിരുന്ന ഒന്നാണ് ആദാമിന്റെയും ഈവനിന്റെയും ജീവിതം എന്ന പുസ്തകം.  ഏദനിൽ നിന്നും പുറത്താക്കപ്പെട്ട ആദാമിന്റെയും ഹവ്വയുടെയും അന്നുമുതലുള്ള ജീവിതവും മരണവും ഇതിൽ വിവരിച്ചിട്ടുണ്ട്. ഇതിലും ഹവ്വയെ കുറ്റബോധമുള്ളവളാക്കിയും  ആദാമിനുവേണ്ടി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറുള്ള  ആദർശ വനിതയായും ചിത്രീകരിച്ചിരിക്കുന്നു, ഉദാഹരണം (3 :2 ) ആദാമേ ഞാൻ മരിക്കണോ, ഒരു പക്ഷെ അങ്ങനെ സംഭവിച്ചാൽ യഹോവ നിനക്ക് പറുദീസാ തിരികെ തരും. നിനക്കെന്നെ കൊല്ലണോ? ഞാൻ കാരണമല്ലേ നീ പറുദീസയിൽ നിന്നും പുറത്താക്കപ്പെട്ടത്.  ആദം മറുപടി പറയുന്നു. അങ്ങനെ ഒന്നും പറയാതെ. അങ്ങനെ പറഞ്ഞാൽ യഹോവ വേറെ ശാപങ്ങൾ നമ്മുടെ മേൽ കൊണ്ടുവരും. എന്റെ സ്വന്തം ശരീരമായ നിന്നെ ഞാൻ എങ്ങനെ കൈ വയ്ക്കും. നമുക്ക് ജീവിക്കാനായി എന്തെങ്കിലും കണ്ടുപിടിക്കാം നമ്മൾ അകാലത്തിൽ മണ്മറഞ്ഞുപോകാതെ. ഇതിലെ ഹവ്വയുടെ വിധേയത്വവും തന്റെ കുറ്റങ്ങൾക്ക് ആദത്തിനു ശിക്ഷ വിധിക്കാമെന്നും സൂചന നൽകുന്ന സംഭാഷണങ്ങൾ പിൽക്കാലത് സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു മുന്നിൽ തടസ്സമായി നിന്ന്. പുരുഷൻ അത്തരം മുടന്തൻ ന്യായങ്ങൾ നിരത്തി സ്ത്രീയെ ഒതുക്കി. സ്ത്രീക്ക്‌ എന്നും രണ്ടാം സ്ഥാനമാണ് സമൂഹം നല്കുന്നത്.കുടുംബങ്ങളിലും ഇതു തന്നെ അവസ്ഥ.  ഒന്നിലധികം സ്ത്രീകളെ ഭാര്യമാരാക്കുന്ന സമ്പ്രദായം ഇന്നും നിലവിലുണ്ട്. ഇത് സ്ത്രീകളോടുള്ള സ്നേഹം മൂലമല്ല മറിച്ച് വീട്ടിലെ പണികൾ സൗജന്യമായി ചെയ്യിപ്പിക്കുക എന്ന ഉദ്ദേശ്യം തന്നെയാണ്. .സ്ത്രീയെ നോവിപ്പിക്കുന്ന സാമൂഹ്യനീതിയെ ചോദ്യം ചെയ്യാൻ ആരും തയ്യാറാകുന്നില്ല. അതിനു മുതിരുന്ന സ്ത്രീയെ പുരുഷൻ നിയന്ത്രിക്കുന്നു. 
 സൃഷ്ടിയെക്കുറിച്ച് ഹിന്ദുയിസം വ്യക്തമായി ഒന്നും പറയുന്നതായി കാണുന്നില്ല. പുരാണങ്ങളും ഉപനിഷത്തുകളും വ്യത്യസ്തമായ കഥകൾ പറയുന്നു. ബ്രഹ്മപുരാണം പറയുന്നത് ബ്രഹ്‌മാവ്‌ ഒരാണിനെയും പെണ്ണിനേയും സൃഷ്ടിച്ചു . ആണിന് സ്വയംഭുവ മനു എന്നും പെണ്ണിന് ശതരൂപ (പിന്നീട് സരസ്വതി) എന്നും പേര് വിളിച്ചെന്നാണ്.. പക്ഷെ ഇതിനെ ഖണ്ഡിച്ചുകൊണ്ടു പദ്മപുരാണം പറയുന്നു രുദ്രന്റെ (ശിവൻ) അർദ്ധനാരീശ്വര രൂപം പകുത്ത് ആണുങ്ങളെയും പെണ്ണുങ്ങളെയും ഉണ്ടാക്കി അവരിൽ പ്രഥമർ ആണ് മനുവും സ്വരസ്വതിയും. തുല്യമായി  ദൈവം പകുത്തുണ്ടാക്കിയവർ എന്ന് നിലക്ക് സ്ത്രീപുരുഷന്മാർക്ക് സമത്വം ഉണ്ടാകേണ്ടതാണ്. പക്ഷെ അതല്ല നമ്മൾ ആര്ഷഭാരതത്തിൽ കണ്ടത് കാണുന്നത്. 

പൗരാണികഭാരതത്തിൽ വൈദികകാലഘട്ടത്തിൽ  സ്ത്രീകൾക്ക് സമത്വം നൽകിയിരുന്നു. ആത്മീയവും ബൗദ്ധികവുമായ കാര്യങ്ങളിൽ പുരുഷനൊപ്പം തുല്യത നൽകിയിരുന്നു. എന്നാൽ ഋഗ്വേദ കാലഘട്ടത്തിനുശേഷം സ്ത്രീയുടെ അവസ്ഥ പരിതാപകരമായി. അവളെ നാലു ചുമരുകൾക്കുള്ളിൽ തള്ളി. പതി ദേവനാണെന്നു പഠിപ്പിച്ചു. അയാൾ മരിച്ചപ്പോൾ അവളെ ചിതയിൽ തള്ളി എന്നിട്ട് സതി എന്ന ഒരു പുണ്യ സ്ഥാനം നൽകി. ഒന്നിലും തീരുമാനമെടുക്കാൻ അനുവാദം കൊടുക്കാതെയായി. അഞ്ചാമത്തെ വയസ്സിൽ മുപ്പതു വയസ്സുകാരന്റെ ഭാര്യയാക്കാനുള്ള നിയോഗമുണ്ടായി.ഒരു പാവം പെണ്ണിനെക്കൊണ്ടു അവളുടെ വിടനായ ഭർത്താവിനെ ചുമലിലേറ്റി അയാളുടെ ഭോഗാസക്തി ശമിപ്പിക്കാൻ ഒരു വേശ്യാലയത്തിലേക്ക് നടത്തിപ്പിപ്പിച്ചു. ഒരു രാക്ഷസരാജാവ് തട്ടിക്കൊണ്ടുപോയ രാജകുമാരിയെ അപവാദങ്ങൾ പറഞ്ഞു കാട്ടിലേക്കയച്ചതും നമ്മൾ വായിക്കുന്നു. അന്ന് ആ സ്ത്രീ ധൈര്യം സംഭരിച്ച് ചോദിച്ചിട്ടുണ്ടാകാമെന്ന ഭാവനയിൽ ഒരു കവി ഇങ്ങനെ എഴുതി "നെടുനാൾ വിപിനത്തിൽ വാഴുവാ-നിടയായ് ഞങ്ങളതെന്റെ കുറ്റമോ? പടുരാക്ഷസചക്രവർത്തിയെന്നുടൽ മോഹിച്ചത് ഞാൻ പിഴച്ചതോ? പിൽക്കാലത്ത്  അങ്ങനെയൊക്കെ ചോദിക്കാൻ സ്ത്രീകളെ പ്രാപ്തനാക്കിയത്

സമൂഹപരിഷ്കർത്താക്കളും, സാഹിത്യകാരന്മാരും, വിദ്യാഭ്യാസം നേടാനുള്ള അവസരവുമായിരിക്കാം. സാഹിത്യത്തിലും ചിലപ്പോൾ സ്ത്രീവിരുദ്ധ മാതൃകകൾ ചിലർ സൃഷ്ടിക്കാറുണ്ട്. അവയെല്ലാം അവർ ഉദ്ദേശിക്കുന്നപോലെ സമൂഹത്തിൽ വിപരീതഫലങ്ങൾ ഉണ്ടാക്കുന്നു.
സാഹിത്യം സ്ത്രീപുരുഷന്മാരുടെ ജീവിതത്തോടുള്ള സമീപനത്തിൽ നിർണ്ണായകമായി പങ്കു വഹിച്ചു. പുരുഷന്റെ അടിമയായി കിടക്കുന്ന കഥാപാത്രങ്ങളെയാണ് മതങ്ങളും സാമൂഹ്യവ്യവസ്ഥിതിയും എന്നും ഉയർത്തികാട്ടിയിരുന്നത്. എന്നാൽ കാലാന്തരത്തിൽ അതിനു മാറ്റം വന്നു. ആശാന്റെ ലീല പാരമ്പര്യങ്ങളെ അനുസരിക്കാൻ വിസ്സമ്മതിക്കുന്നുണ്ട്. ചിന്താവിഷ്ടയായ സീത അഭിമാനിയായി  മാറുന്നുണ്ട്. അവർ രാമനെ വിമർശിക്കുന്നു.  (“അരുതെന്തയി! വീണ്ടുമെത്തി ഞാൻ തിരുമുമ്പിൽ തെളിവേകി ദേവിയായ് മരുവീടണമെന്നു മന്നവൻ കരുതുന്നോ? ശരി! പാവയോയിവൾ”) ആശാൻ സീതയെകൊണ്ട് രാമനോട് ചോദിപ്പിക്കുന്നു. താൻ ഒരു പാവയോ? പുരുഷനെ ചോദ്യം ചെയ്യാൻ ഉത്തമ സ്ത്രീകൾ ധൈര്യപ്പെടരുതെന്നാണ് സമൂഹം ഉപദേശിക്കുന്നത്. എഴുത്തുകാർ ത്യാഗിനികളായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. അതുകൊണ്ടവർ വായനക്കാരുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. സീതയെപോലെയാകണം തങ്ങളുടെ ഭാര്യമാർ എന്ന് പുരുഷന്മാർ ചിന്തിക്കുന്നു. ശകുന്തളയെ പ്പോലെ   സുന്ദരിയാകണമെന്നും, സ്ത്രീക്കും പ്രണയിക്കാൻ അവകാശമുണ്ട് അത് തുറന്നു പറയാനുള്ള അവകാശവുമുണ്ടെന്ന് ആശാന്റെ സ്ത്രീ കഥാപാത്രങ്ങൾ തെളിയിക്കുന്നു. കുലീനകളായ സ്ത്രീകൾ പ്രേമം ഉള്ളിൽ തോന്നിയാൽ അത് അടക്കിയേക്കണം പുറത്തു പറയരുതെന്ന അലിഖിത നിയമം പല സ്ത്രീകൾക്കും അവരുടെ ഇഷ്ടപ്രാണേശ്വരന്മാരെ നഷ്ടപ്പെടുത്തി. വീട്ടുകാർ കൊണ്ടുവരുന്ന  ഏതോ ആൺരൂപത്തെ പതിയായി സ്വീകരിക്കേണ്ടിവന്നു. ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു.  "യുവജനഹൃദയം സ്വാതന്ത്രമാണവരുടെ കാവ്യപരിഗ്രഹേച്ഛയിൽ. എന്നു ആശാൻ എഴുതിവെച്ചു.  "സ്ത്രീകൾ എല്ലാ തുറകളിലും സ്വാതന്ത്ര്യം നേടുകയാണ്. അത് വളരെ അഭിലഷണീയമായ കാര്യമാണ്.

1857 മാർച്ച് എട്ടിന് ന്യയോർക്കിലെ വനിതകൾ നടത്തിയ സമരത്തിന്റെയും പ്രക്ഷോഭത്തിന്റെയും തുടർച്ചയായി അന്താരാഷ്ട്രവനിതാ ദിനം ആചരിച്ചുപോരുന്നെങ്കിലും 167 വർഷങ്ങൾ കഴിഞ്ഞിട്ടും ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലകളിൽ ലിംഗസമത്വം പൂർണമായി നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന് കണക്കുകൾ കാണിക്കുന്നു. തുല്യാവകാശങ്ങളും പങ്കാളിത്തവുമെന്നൊക്കെ മുറവിളി കൂട്ടാമെങ്കിലും അതെല്ലാം ഇന്നത്തെ സാഹചര്യത്തിൽ നേടിയെടുക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്ന്  ജെൻഡർ ഗാപ് റിപ്പോർട്ട് രേഖപെടുത്തുന്നു.   സ്ത്രീകളുടെയും പെൺകുട്ടികളുടെയും  ശാക്തീകരണം, സമത്വം, സ്വാതന്ത്ര്യം എന്നിവ ലക്ഷ്യമാക്കി പ്രതിവർഷം ഇങ്ങനെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ മാറ്റങ്ങൾ  ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
സ്ത്രീകളുടെ ഉന്നമനത്തിനും മുന്നോട്ടുള്ള പ്രയാണത്തിനു പ്രസിദ്ധീകരണങ്ങൾ നല്ല പങ്കു വഹിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിർത്തലാക്കാൻ അത്തരം പ്രസിദ്ധീകരണങ്ങൾക്ക് കഴിയുന്നു. സാമൂഹിക ദുരാചാരങ്ങളായ സതി, സ്ത്രീധനം, ശൈശവവിവാഹം, സ്ത്രീ പീഡനം തുടങ്ങിയവയുടെ ഇരകൾ സ്ത്രീകൾ തന്നെ  നവോത്ഥാനം എന്ന പ്രസ്ഥാനം ഇതിനെതിരെ രംഗത്തുവന്നെങ്കിലും ഇത്തരം മഹാവ്യാധികൾ തുടച്ചുനീക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ത്രീകൾക്ക് മാത്രമായി ഉണ്ടാക്കിയിട്ടുള്ള അരുതായ്കൾ ഇന്ന് നവോത്ഥാനത്തിലൂടെ മാറി കൊണ്ടിരിക്കുന്നവെങ്കിലും  സ്ത്രീകൾ തന്നെ പുരുഷന്റെ അടിമയാകാനും, അവന്റെ വേലക്കാരിയാകാനും തയ്യാറാകുന്നുവെന്ന അത്ഭുതവും ചുറ്റിലും ഉണ്ടെന്നുള്ളത് ലജ്ജാവഹം തന്നെ.
എല്ലാം പ്രിയംവദമാർക്കും പ്രിയദർശിനികൾക്കും ആനന്ദകരമായ വനിതാദിനവും വിജയകരമായ വരും ദിവസങ്ങളും ഹാർദ്ദമായി നേരുന്നു.
ശുഭം

Join WhatsApp News
Raju Mylapra 2024-03-08 13:32:59
"പ്രപഞ്ച സൗന്ദര്യമുള്ളിൽ വിടർത്തും പ്രകാശബുൽബുദ ബിന്ദു,,, സ്ത്രീയൊരു പ്രഭാതനക്ഷത്ര ബിന്ദു..."
പാവം പുരുഷൻ 2024-03-08 15:42:29
ഒരു അന്താരാഷ്ട്ര പുരഷ ദിനത്തിനായി എത്രനാൾ കാത്തിരിക്കണം.എല്ലാരംഗത്തും സ്ത്രീകൾക്കാണ് മുൻഗണന.കള്ളക്കേസുകളിൽ കുടുങ്ങി അനേകം പുരുഷന്മാർ പീഡനം അനുഭവിക്കുന്നു.സ്ത്രീകളുടെ മൊഴിക്കാണ് പരിഗണന കിട്ടുന്നത്.മുമ്പ് സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീപുരുഷ സമത്വം വേണമെന്ന് വാദിച്ചിരുന്നെങ്കിൽ പുരുഷന് നീതികിട്ടാൻ സ്ത്രീപുരുഷ സമത്വം വേണമെന്ന് വാദിക്കണ്ട സമയമായി.
Jayan varghese 2024-03-09 14:47:30
എന്താണ് സാർ ഈ ബുൽബുദ ബിന്ദു? വിശദീകരിക്കണം പ്രതീക്ഷിക്കുന്നു. ജയൻ വർഗീസ്.
Sudhir Panikkaveetil 2024-03-09 16:53:19
ബുല്‍ബുദം (അഥവാ ബുദ്ബുദം) എന്ന വാക്കിനു നീർക്കുമിള എന്നാണർത്ഥം എന്നാൽ അത് നീർക്കുമിള പോലെ ലോലമല്ല. നീർകുമിളകൾ എന്നുപയോഗിക്കാൻ കവിക്ക് കഴിയുന്നില്ല കാരണം സ്ത്രീ സ്വർഗീയ സൗന്ദര്യം പ്രസരിപ്പിക്കുന്ന നക്ഷത്രമാണ്. അതുകൊണ്ടാണ് അടുത്ത വരിയിൽ സ്ത്രീ പ്രഭാത നക്ഷത്രമാണ് എന്ന് പറയുന്നത്. പിന്നീട് . ആ ബുൽ ബുദങ്ങളെ മനുഷ്യർ നീർകുമിളകളാക്കി ഉടച്ചുകളയുന്നു എന്ന് എഴുതുന്നു, ഈ വാക്കു ഉദ്ധരിച്ച ശ്രീ രാജു മൈലാപ്രക്കും വിശദീകരണം ചോദിച്ച ശ്രീ ജയൻ വർഗീസിനും നന്ദി.
"സ്പിരിറ്റല്ലാ " 2024-03-09 16:58:10
IN HINDI IT MEANS BUBBLE . IN MALAYAYAM .......
Raju Mylapra 2024-03-09 17:09:10
വയലാർ രാമവർമ്മ 'പണിതീരാത്ത വീടിനു' വേണ്ടി എഴുതിയ ഒരു ഗാനമാണല്ലോ ഇത്‌. പ്രിയ സുധീറിന്റെ ലേഖനത്തിനുള്ള ഒരു അഭിനന്ദനം എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. ഗാനത്തിന്റെ വരികൾ google സെർച്ച്-ൽ നിന്നും കിട്ടിയതാണ്. വിശദീകരണം ചോദിച്ചതു കൊണ്ട് എനിക്ക് മനസിലായ രീതിയിൽ തരാം. Bulb എന്ന വാക്കിനു പണ്ട് 'ബുൽബുല' എന്നാണ് പറഞ്ഞിരുന്നത്. വേണ്ട രീതിയിൽ കൈകാര്യം ചെയ്‌തില്ലെങ്കിൽ സ്ത്രീ ഇരുട്ടിനു തുല്യമെന്നും, സ്നേഹത്തോടെയും, കരുതലോടെയും പെരുമാറിയാൽ അവൾ ഇരുട്ടിനെ അകറ്റുന്ന ബൾബ് പോലെ പ്രകാ ശിക്കുമെന്നുമാണ് എനിക്ക് മനസിലായിട്ടുള്ളത്. സംശയം തീർന്നു എന്നു കരുതുന്നു.
Jayan varghese 2024-03-10 08:51:58
ഓമൽക്കുളിരെ നിന്മുഖം കോമളം ചേതോഹരം, തൂവൽ ശയ്യാ തലം സമം മാദകം മനോഹരം ! ഈ മൽക്കരം തഴുകും നിമിഷം നിനക്കോ - രാപൽ ശങ്കക്കിടം അതെത്ര രാഗാമൃതം ! സൗന്ദര്യാരാധകർക്ക്‌ ഒരു വാക്ക് മാറ്റിച്ചേർക്കാം. പ്രതിഭാശാലികളുടെ വിശദീകരണങ്ങൾക്ക് നന്ദി. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക