Image

കോവൂരച്ചനില്‍ തുടങ്ങി സാറ്റലൈറ്റ് യുഗത്തില്‍, പെപ്‌സിയിലും  മേലറ്റത്ത് (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 09 March, 2024
കോവൂരച്ചനില്‍ തുടങ്ങി സാറ്റലൈറ്റ് യുഗത്തില്‍, പെപ്‌സിയിലും  മേലറ്റത്ത് (കുര്യന്‍ പാമ്പാടി)

പ്രായം, വേഷം, ഭാവം -മധ്യകേരളത്തിലെ പ്രശസ്ത തറവാടുകളില്‍ ഒന്നാം നിരയിലുള്ള കോവൂരിലെ ആബാല വൃദ്ധം അംഗങ്ങള്‍ കുടുംബയോഗത്തിന്റെ നൂറാം വാര്‍ഷികത്തില്‍ അടുത്ത നാള്‍ തിരുവല്ലയില്‍  ഒത്തുകൂടിയപ്പോള്‍ ആകാശത്ത്  ഏഴഴകും നിറഞ്ഞ മഴവില്‍ക്കാവടി. 

 'നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്‌സിന്റെയും വെള്ളിത്തേരിലേറി മുന്‍തലമുറയെ ചേര്‍ത്തുപിടിച്ചുകൊണ്ടു മുന്നേറാന്‍ സമയം അതിക്രമിച്ചു,'  കുടുംബ യോഗശതാബ്ദിയില്‍  പ്രസിഡന്റ് കെഎന്‍ തോമസ് ആഹ്വാനം ചെയ്തു.

 പുതിയ തലമുറ-കോവൂര്‍ ശതാബ്ദിക്കു കണ്ട മുഖങ്ങള്‍

തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ നിന്നു മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി കോഴിക്കോട് ഗ്വാളിയര്‍ റയോണ്‍സില്‍ ജനറല്‍ മാനേജരായി സേവനം ചെയ്ത തോമസ്, ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മികച്ച സേവനം കാഴ്ച വച്ച കോവൂര്‍ക്കാരെ അനുസ്മരിച്ചുകൊണ്ടാണ് അധ്യക്ഷ പ്രസംഗം ചെയ്തത്.

 
'അമേരിക്ക ഉള്‍പ്പെടെ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ള കോവൂരിലെ യുവതലമുറ ടു എഐ, റോബോട്ടിക്‌സ്, ബഹിരാകാശപര്യവേഷണം, ബയോടെക്നോളജി, ഔഷധ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ മുന്നേറുന്നത് ശുഭോദര്‍ക്കമാണ്.

 'നിര്‍ഭാഗ്ഗമെന്നു പറയട്ടെ   കോവൂര്‍ കുടുംബത്തില്‍ നിന്ന് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ എത്തിപെട്ടവര്‍ ആരുമില്ലെന്നത് ഖേദകരമാണ്. ഇവിടെ കോളജുകളില്‍ സയന്‍സ്, എന്‍ജിനീയറിങ്  വിഷയങ്ങള്‍ പഠിക്കാന്‍ ആളില്ലെന്നായിരിക്കുന്നു, എല്ലാവരും മറു രാജ്യങ്ങളിലേക്ക് പായുകയാണ്. അതിനും പരിഹാരം  തേടണം.

മേടയില്‍ തറവാട്ടില്‍ മെത്രാപോലിത്ത; അനിത, അനു, കൊച്ചുമോന്‍ യെല്ലോസ്റ്റോണ്‍ പാര്‍ക്കില്‍

 'കുടുംബബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല.   വൈവാഹിക ജീവിതത്തില്‍ അന്തശ്ചിച്ചിദ്രം വളരുന്നു. വിവാഹമോചനങ്ങള്‍ നാഴികയ്ക്ക് നാല്‍പതു തവണ. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാമെന്നുവും വന്നിരിക്കുന്നു. ഇതെല്ലാം നമ്മുടെ പരിചിന്തനത്തിനു വിധേയമാകണം,' തോമസ് ഉദ്ബോധിപ്പിച്ചു. 

ഫിസിക്‌സില്‍  മാസ്റ്റേഴ്‌സ് ഉള്ളയാളാണ് തോമസിന്റെ ഭാര്യ സിന്ധു. മക്കളില്‍ അന്നു തോമസ്, ബെര്‍മിങ്ങാമില്‍ ഡോക്ടര്‍. മകന്‍ ന്യൂ ജേര്‍ഴ്സിയില്‍. കുടുംബയോഗത്തിന്റെ മുന്‍ പ്രസിഡന്റും ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനുമായിരുന്നു അനുജന്‍ ഡോ. കെഎന്‍ നൈനാന്‍. ഇളയ അനുജന്‍ ജേക്കബ് കോവൂര്‍ 

കോവൂരച്ചനിലാണ് കോവൂര്‍ കുടുംബത്തിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. മൂന്ന് മെത്രപ്പോലീത്തമാരുടെ കൂടെ (മാര്‍ അത്താനാസിയോസ്, തീത്തൂസ്  ഒന്നാമന്‍, തീത്തൂസ് രണ്ടാമന്‍, മൂവരും പാലക്കുന്നത്ത് കുടുംബക്കാര്‍)  പ്രവര്‍ത്തിച്ച ആളാണ് കോവൂരച്ചന്‍ എന്ന കോവൂര്‍ ഐപ്പ് തോമ്മാ കത്തനാര്‍.  മാര്‍ത്തോമ്മാ സഭയുടെ ആദ്യത്തെ വികാരി ജനറല്‍. 

കോവൂര്‍ കക്കുഴി തറവാട്ടില്‍ ജനിച്ച അദ്ദേഹം പഴയ തിരുവല്ലയുടെ നടുവില്‍ കാടു  പിടിച്ചു  കിടന്നിരുന്ന കുന്നുംപുറം വിലക്ക് വാങ്ങി സഭയുടെ ആസ്ഥാനം പണിത ആളാണ്.  അവിടെ 1919ല്‍  ലത്തീനില്‍ അരമന എന്നര്‍ത്ഥമുള്ള പൂലാത്തീന്‍  നിര്‍മ്മിച്ച് സഭയുടെ തിടമ്പ് ഉയര്‍ത്തി. അവിടെയുണ്ട്  അച്ചന് സമുജ്വലമായ സ്മാരകം-കോവൂര്‍ ഐപ്പ് തോമസ് കത്തനാര്‍ മെമ്മോറിയല്‍ ഹാള്‍. 

ശതാബ്ദി സദസിന്റെ ഒരു പരിസ്ചേദം-ആനി, മോളി, ജമിനി സുധ

എഴുപത്തഞ്ചിലെത്തി ഊര്‍ജസ്വലനായി സഭയെ നയിക്കുന്ന  ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഒപ്പമിരിക്കുക്കുന്ന ഒരു കുടുംബ ചിത്രം കോവൂര്‍ മേടയില്‍ തറവാട്ടില്‍ ഞാന്‍ കണ്ടെത്തി. മനോരമയില്‍ എന്റെ സഹ പ്രവര്‍ത്തകന്‍ ആയിരുന്ന എബ്രഹാം കോവൂര്‍  ആണ് ആ തറവാട്ടിലെ ഇപ്പോഴത്തെ അംഗം. 

കൊച്ചുമോന്‍ എന്നു   സ്‌നേഹപൂര്‍വ്വം വിളിക്കുന്ന എബ്രഹാം, ഭാര്യ അനിതയുമായി ഡാലസിലെ മകള്‍ അനുവുമൊത്ത് യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ നില്‍ക്കുന്ന ചിത്രവും എനിക്ക് കൗതുകം ജനിപ്പിച്ചു. അമേരിക്കയില്‍ നിരവധി കോവൂര്‍കാര്‍. അവിടെയുമുണ്ട് കോവൂര്‍ കുടുംബയോഗങ്ങള്‍.

കോവൂര്‍ കുടുംബത്തിന് എട്ടു ശാഖകള്‍-മേടയില്‍, കക്കുഴിയില്‍, അയ്യാത്ത്, പുത്തന്‍പുരക്കല്‍  വടക്കേപുരയില്‍, കിഴക്കേ കോവൂര്‍, പടിഞ്ഞാറേതില്‍, മാരനാട്ടില്‍. കൂത്താട്ടുകുളത്തുള്ള കോവൂര്‍ കുടുംബക്കാരെക്കൂടി കൂട്ടിയാല്‍ ഒമ്പത്. പക്ഷെ റോമന്‍ കത്തോലിക്കാരായ അവര്‍ കുടുംബയോഗത്തില്‍ ചേര്‍ന്നിട്ടില്ല.

പകാശം പരത്തുന്ന പെണ്‍കുട്ടി-ഷൈനി കോവൂര്‍

കൊടുങ്ങല്ലൂരില്‍ തുടങ്ങി കുന്നംകുളം, കൂത്താട്ടുകുളം, കുറവിലങ്ങാട്, റാന്നി, മേപ്രാല്‍ വഴി തിരുവല്ലയില്‍ എത്തിനില്‍ക്കുന്ന കുടിയേറ്റത്തിന്റെ വഴിത്താരയാണ് കോവൂര്‍ കുടുംബത്തിന്റേത്. ഇരുപത്തൊന്നാം നൂ റ്റാണ്ടു ആകുമ്പോള്‍ എല്ലാ ഭൂഖണ്ഡങ്ങളിലും അവര്‍ എത്തിയതായി കരുതണം. അധ്യാപകരും ജഡ്ജിമാരും അഭിഭാഷകരും ശാസ്തജ്ഞന്മാരും എഴുത്തുകാരും ഐടി വിദഗ്ദ്ധരും എല്ലാം കുടുംബത്തെ അലങ്കരിക്കുന്നു.

ഗള്‍ഫില്‍ കുവൈറ്റില്‍ മാത്രം 150  കോവൂര്‍ കുടുംബങ്ങളുണ്ടെന്നു കുവൈറ്റ് യുദധകാലം  ഉള്‍പ്പെടെ നാല്‍പതു വര്‍ഷം അവരെ നയിച്ച കോട്ടയം കരിക്കാട്ടൂര്‍ സ്വദേശി തോമസ് കോവൂര്‍ (80) പറയുന്നു. ഭാര്യ അന്തരിച്ചു. മകന്‍ കാലിഫോര്‍ണിയയിലാണ്. രണ്ടു പെണ്മക്കള്‍ ഡിട്രോയിറ്റിലും.കോട്ടയത്തു ഒറ്റയ്ക്ക് താമസിക്കുന്നു. ഏകസഹോദരന്‍ ജോര്‍ജ് കോവൂര്‍ (90) ന്യയോര്‍ക്കില്‍.   

ജോസ് തോമസ്, ജോര്‍ജ്, റോയ്, തോമസ് ചെറിയാന്‍

പ്രായമേറിയ ഒരു ആല്‍മരം പോലെ ശാഖോപശാഖകളായി കോവൂര്‍ കുടുംബം വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്തില്‍ അഭിമാനിക്കണമെന്നു 1971ലെ കുടുംബചരിത്രത്തിനു തോമസ് മാര്‍ അത്തനേഷ്യസ് എപ്പിസ്‌കോപ്പ എഴുതിയ മുഖവുരയില്‍  പറയുന്നു. ചരിത്രപുരുഷനായ ഐപ്പ് തോമ്മാ കത്തനാരുടെ നേതൃത്വത്തില്‍ സഭയെ കെട്ടിപ്പടുത്ത കോവൂര്‍ കുടുംബം രാജവാഴ്ചക്കാലത്തെ മാടമ്പി വംശത്തിന്റെ ഒടുവിലത്തെ കണ്ണിയായിരുന്നുവെന്നു 2004ലെ പതിപ്പില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപോലിത്ത ഉദ്‌ഘോഷിച്ചു.

ഇരുപതാം നൂറ്റാണ്ടില്‍ കോവൂര്‍ കുടുംബത്തിന്റെ ആദ്യ യോഗം 1925 ഡിസംബറില്‍ സംഘടിപ്പിച്ചു.  അന്ന് സെക്രട്ടറി അന്തരിച്ച മൂലേച്ചേരില്‍ കെപി എബ്രഹാം . യോഗത്തിന്റെ രജതജൂബിലി കെഎം നൈനാന്‍  പുത്തന്‍പുരക്കലിന്റെ വസതിയില്‍ 1948ല്‍ ആഘോഷിച്ചു. മേടയില്‍ ഐപ്പ് സി. കോവൂര്‍  സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഡോ,കെഎന്‍ നൈനാന് രാഷ്ട്രപതിയുടെ ബഹുമതി; ഇസ്രോ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍

കഥാകൃത്തും നോവലിസ്റ്റും ജഡ്ജിയുമായ ഇഎം കോവൂര്‍,  യുക്തിവാദിയും വിപ്ലകാരിയുമായ പ്രൊഫ. എടി കോവൂര്‍ എന്നിവര്‍ അന്തരിച്ചുവെങ്കിലും കോവൂര്‍ കുടുംബത്തിലെ രജത നക്ഷത്രങ്ങളായി എന്നും ഓര്‍മ്മിക്കപെടുന്നു.  ഐഎസ്ആര്‍ഒ   ശാസ്തജ്ഞന്‍ ഡോ. കെഎന്‍ നൈനാന്‍,  പെപ്‌സികോ ഇന്ത്യ വൈസ് പ്രസിഡന്റ് ജോര്‍ജ് കോവൂര്‍,  രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി  കലാവിഭാഗം (ശില്‍പം)  മേധാവി തോമസ് കോവൂര്‍, എന്നിങ്ങനെ നെടുംതൂണുകള്‍ ഏറെ.

മലയാളി ജീവിതത്തെയും അഭിമാനങ്ങളെയും പൊങ്ങച്ചങ്ങളെയും നര്‍മ്മഭാവനയുടെ ദൂരദര്‍ശിനിയിലൂടെ നോക്കിക്കണ്ട കഥാകാരനായിരുന്നു ഇഎം കോവൂര്‍ എന്ന ഐപ്പ് മാത്യു കോവൂര്‍. (1906-1983). അദ്ദേഹത്തിന്റെ കാട്, കാട്ടുതാറാവ്, അയ്യര്‍ ആന്‍ഡ് അയ്യര്‍,  ഹണിപുരാണം തുടങ്ങിയ ഗ്രന്ഥങ്ങള്‍  പ്രചുരപ്രചാരം നേടി. കാട് കേരള സാഹിത്യ അക്കാദമി  പുരസ്‌കാരം നേടി. 1970 ക്രിസ്മസ് ദിവസം കുടുംബയോഗത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ഘോഷിച്ചത് കുറ്റപ്പുഴയിലെ  അദ്ദേഹത്തിന്റെ ഭവനത്തിലാണ്.

ശതാബ്ദി പുരസ്‌ക്കാരം-പ്രസി. കെഎന്‍ തോമസ്, റവ. പുന്നൂസ് മാത്യു, സെക്രട്ടറി ലിന്‍ കോവൂര്‍

മന്ത്രതന്ത്രദികള്‍ക്കെതിരെ പോരാട്ടം നടത്തി അന്താരാഷ്ട്ര പ്രസിദ്ധി നേടിയ  യുക്തിവാദി ഏബ്രഹാം  ടി കോവൂര്‍ (1898-1978)  മാര്‍ത്തോമ്മാസഭയുടെ ആദ്യ വികാരിജനറല്‍ ആയിരുന്ന കോവൂരച്ചന്റെ മകന്‍.  മൂന്ന് പതിറ്റാണ്ടോളം സിലോണില്‍ ബോട്ടണി പ്രൊഫസര്‍ ആയിരുന്നു. അവിടത്തെ യുക്തിവവാദി സംഘത്തിന്റെ സ്ഥാപക അധ്യക്ഷനും.

ഇംഗ്ലീഷ്, സിംഹള, മലയാളം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, പഞ്ചാബി, ബംഗാളി ഭാഷകളില്‍ കോവൂരിന്റെ പുസ്തകങ്ങള്‍ ഇറങ്ങി. അദ്ദേഹത്തിന്റെ അനുഭവകഥകളെ  അടിസ്ഥാനമാക്കി പുനര്‍ജ്ജന്മം (മലയാളം, 72), മറുപിറവി (തമിഴ്, 73) നിന്തകഥ (തെലുങ്ക്) എന്നീ ചലച്ചിത്രങ്ങള്‍ ഇറങ്ങി. 'പികെ' എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്റെ നായക വേഷം കോവൂരിനെ മനസ്സില്‍ കണ്ടായിരുന്നു. 

1993 ല്‍ ഏറ്റവും ജനപ്രിയ സിനിമകളില്‍ ഒന്നായ മണിചിത്രത്താഴ് നിര്‍മ്മിക്കപ്പെട്ടത് കോവൂരിന്റെ കേസ് ഡയറിയിലെ ഒരു കഥ അടിസ്ഥാനമാക്കിയാണ്.  മധുമുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, ശോഭന തുടങ്ങിയവര്‍ പ്രത്യക്ഷപെട്ടു.

ഇ എം കോവൂരും പ്രൊഫ. എ.ടി. കോവൂരും

പ്രകൃതിക്കു അതീതമായി ഒരു ശക്തിയുണ്ടെന്നു തെളിയിച്ചാല്‍ ഒരുലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ച ആളാണ് പ്രൊഫ. കോവൂര്‍. ആ സമ്മാനത്തുക സിലോണ്‍ യുക്തിവാദി സമിതി പത്തു ലക്ഷമായി വര്‍ധിപ്പിച്ചു. ആര്‍ക്കും സമ്മാനം നേടാന്‍ കഴിഞ്ഞില്ല. ഏറ്റവും മികച്ച സെക്കുലര്‍ നടനുള്ള എടി കോവൂര്‍ പുരസ്‌കാരം കമലഹാസനാണ് ലഭിച്ചത്.

എണ്‍പതാം വയസില്‍ 1978ല്‍  അന്തരിക്കുന്നതു കാന്‍സര്‍ മൂലം. കണ്ണുകള്‍ സിലോണിലെ ഐബാങ്കിനും ശരീരം കൊളമ്പോയിലെ ശ്രീലങ്ക മെഡിക്കല്‍ കോളജിനും ദാനം ചെയ്തു. ഭാര്യ അക്ക എന്ന കുഞ്ഞമ്മയുടെ മൃതദേഹവും  അങ്ങിനെ തന്നെ. ഏകമകന്‍  ഡോ.  ആരീസ് കോവൂരും ഫ്രഞ്ച്കാരി  ഭാര്യ ജാക്വിലിനും  പാരീസില്‍ സോര്‍ബോണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍.

പെപ്‌സികോ ഇന്ത്യ വൈസ് പ്രസിഡന്റ് ജോര്‍ജ് കോവൂര്‍

പെപ്‌സി ഇന്ത്യയുടെ തലപ്പത്തിരിക്കുന്ന ജോര്‍ജ് കോവൂരിനെപ്പറ്റി ഞാന്‍ ആദ്യം കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ നീനയുടെ പിതാവ് കെ ജെ  ജേക്കബ് ഐപിഎസിലൂടെയാണ്.  ബിഹാറില്‍ ഡയക്ടര്‍ ജനറല്‍ ഓഫ് പോലീസായി റിട്ടയര്‍ ചെയ്തു കോട്ടയത്തു താമസിക്കുന്ന ജേക്കബിനെ (84)  ഭഗത്പൂരില്‍ പോലീസ് മേധാവിയായിരിക്കുമ്പോള്‍ ഞാന്‍ പോയി കണ്ടിരുന്നതാണ്. അടുത്ത എടുത്ത ദിവസം വീണ്ടും പാക്കില്‍ ഇല്ലിമൂട് കളപ്പുരക്കല്‍ എത്തി അദ്ദേഹത്തെസന്ദര്‍ശിച്ചു. 

ആര്‍ിസ്‌റ് വിനോദ് വൈക്കത്തു പ്രതിഷ്ഠിച്ച ഗാന്ധി ശില്‍പ്പം

സേനാമെഡല്‍ നേടി  ബംഗ്ളാദേശ് യുധ്ധത്തില്‍ ധീരസേവനം ചെയ്ത കേണല്‍ നൈനാന്‍ കോവൂരിന്റെ മകനാണ്. മനിലയിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് എംബിഎം നേടിയ ജോര്‍ജ് കോവൂര്‍  ബ്രുക് ബോണ്ടില്‍ നിന്നാണ്  1986ല്‍  പെപ്‌സിയില്‍ പ്രവേശിക്കുന്നത്. രാജ്യാന്തരതലത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചവ്യക്തിക്കുള്ള  എ. ടി.കോവൂര്‍  മെമ്മോറിയല്‍ അവാര്‍ഡ് നല്‍കി കുടുംബയോഗം അദ്ദേഹത്തെ ആദരിച്ചു. ദുബായിയിലെ മൈക്രോസോഫ്ട് മേധാവി ആബെന്‍ കോവൂര്‍ സഹോദരനും ബാംഗളൂരില്‍ വിപ്രോ ടെക്നോളജീസ് മാനേജര്‍ ശാലിനി കോവൂര്‍  സഹോദരിയുമാണ്.

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനായ വിശ്രുത ശില്പി തോമസ് ജോണ്‍  കോവൂര്‍ (വിനോദ്)  അന്താരാഷ്ട്ര പ്രസിദ്ധനായ കലാകാരനാണ്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ പഠിച്ചയാള്‍. ഭാര്യ ബിന്ദു ജയ്പ്പൂരില്‍ നടത്തുന്ന സുകൃതി സ്‌റുഡിയോയില്‍ വിശ്രുതരായ നിരവധി കലാകാരന്മാരുടെ സൃഷ്ട്ടികള്‍ ഉണ്ട്.

പുരസ്‌കാര നിറവില്‍ അനു കോവൂര്‍ ഭര്‍ത്താവ് നൈനാന്‍ ഐപ്പിനൊപ്പം

തിരുവന്തപുരത്തു 2015ല്‍  വിനോദ് നിര്‍മ്മിച്ച സ്വാതന്ത്ര്യ ഭടന്‍മാര്‍ എന്ന ശില്‍പ്പത്തിന് ചെലവ് ഒന്നേമുക്കാല്‍ കോടി രൂപ. വൈക്കത്ത് ഗാന്ധിജിയുടെ പ്രതിമയും കണ്ണൂരില്‍ നായനാരുടെ പ്രതിമയും ഒരുക്കി. ഏകമകള്‍ യമുന ജയ്പ്പൂരില്‍ ബിഎഫ്എ വിദ്യാര്‍ത്ഥിനി.

എഐഎസ്ആര്‍ഒ സീനിയര്‍ സയന്റിസ്റ്റായി മികച്ച സേവനം ചെയ്ത ഡോ. കെഎന്‍. നൈനാന്‍ മികച്ച സേവനത്തിനു രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്ന് പ്രശസ്തി പത്രം ലഭിച്ച ആളാണ്. കുടുംബയോഗം പ്രസിഡന്റ്  ആയിരുന്നു. മകന്‍ ബിനു നൈനാന്‍ കോവൂര്‍ ഇന്തോനേഷ്യയില്‍ പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിളിന്റെ സീനിയര്‍ ഡയറക്ടര്‍.

ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയുടെ ചാപ്ലൈനും ട്രിനിറ്റി കോളജ് പ്രിന്‍സിപ്പലുമായിരുന്ന കാനന്‍ ജോര്‍ജ് ഐപ്പ് കോവൂര്‍ ഇപ്പോള്‍ അമേരിക്കയില്‍ കണക്ടികട്ടിലെ ഡാരിയനില്‍  എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് റെക്ടര്‍ ആണ്.

പരസ്യ ഏജന്‍സിയായ വേവ് മേക്കര്‍ ഇന്ത്യയുടെ ചീഫ് ക്രിയേറ്റിവ് ഓഫീസര്‍ ആണ്  ചെറപ്പൂര്‍  ശാഖയിലെ ജോര്‍ജ് കോവൂര്‍.

ഇന്‍ഡോ ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സ്ഥാപക സെക്രട്ടറിയും ജപ്പാനിലെ എഒടിഎസ് (അസോസിയേഷന്‍ ഫോര്‍ ഓവര്‍സീസ് ടെക്‌നിക്കല്‍ കോഓപ്പറേഷന്‍ ആന്‍ഡ് സസ്റ്റൈനബിള്‍ പാര്‍ട് നര്‍ഷിപ്)  പ്രകാരം  ജപ്പാനില്‍  പരിശീലനം നേടിയ വിദഗ്ധരുടെ കേരളത്തിലെ സംഘടനാ  പ്രസിഡന്റുമാണ് സിഎ ജേക്കബ് കോവൂര്‍.

കോട്ടയത്തു കാല്‍ നൂറ്റാണ്ടായി എ.സി.വി. വാര്‍ത്താ പ്രക്ഷേപണത്തിനു ചുക്കാന്‍ പിടിക്കുന്ന അനു കോവൂരിനെ അറിയാത്തവര്‍ കാണില്ല.  കുടുംബയോഗത്തിന്റെ എല്ലാ പരിപാടികള്‍ക്കും മാസ്‌റര്‍ ഓഫ് സെറിമോണിയായി സേവനം ചെയ്യുന്ന അനുവിന് ശതാബ്ദി സമ്മേളനത്തില്‍ വച്ച് അതിനുള്ള ഉപഹാരവും സമ്മാനിച്ചു.

മൈക്രോലാബ് ഫാര്‍മ സീനിയര്‍ എകിസ്‌ക്യൂട്ടീവും കോവൂര്‍ കുടുംബയോഗത്തിന്റെ സീനിയര്‍ ഭാരവാഹിയുമായ നൈനാന്‍  ഐപ്പ് കോവൂരിന്റെ പതിനിയാണ് കെമിസ്ട്രി യില്‍ മാസ്‌റെര്‍ഴ്‌സ് ഉള്ള അനു. എന്‍സിഇആര്‍ടി കണ്‍സള്‍റ്റന്റ്, എഴുത്തുകാരി.

അങ്ങിനെ നീളുന്നു കോവൂര്‍ കുടുംബത്തിന്റെ ഗോളാന്തര സുകൃതങ്ങള്‍.

ശതാബ്ദി വര്‍ഷത്തില്‍ ഇവരാണ് കുടുംബയോഗം ഭാരവാഹികള്‍:   കെഎന്‍ തോമസ്, പ്രസിഡന്റ്, ഏബ്രഹാം  കോവൂര്‍, വൈസ് പ്രസിഡന്റ്, നൈനാന്‍  കെ വര്‍ഗീസ്, ട്രഷറര്‍, ഡോ. ലിന്‍ കോവൂര്‍, സെക്രട്ടറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക