Image

ഒരുമിക്കാത്തവരുടെ പ്രണയം (കവിത : പി. സീമ )

Published on 26 March, 2024
ഒരുമിക്കാത്തവരുടെ പ്രണയം (കവിത : പി. സീമ )

പ്രണയിക്കണം
ഒരിക്കലും
ഒരുമിക്കില്ല
എന്ന്   പൂർണ്ണമായും
ഉറപ്പുള്ള ഒരാളെ

പ്രണയിക്കണം
പല വട്ടം കണ്ടാലും
പുതുതായി കാണും
പോലൊരഭിനിവേശം
ഹൃദയത്തിൽ സൂക്ഷിക്കുന്ന
ഒരാളെ 

പ്രണയിക്കണം
ഒന്നിനും പകരമാകാതെ 
ആത്മാവറിഞ്ഞ 
മധുരോന്മാദത്താൽ മാത്രം 
ഉടൽ തൊട്ട ഒരാളെ 

കാരണം ആ
പ്രണയത്തിലുണ്ടാകും 
ഒരു നൂറു ജന്മങ്ങൾ
ഒരുമിച്ച് 
പകുത്തു നൽകുന്ന
ആത്മഹർഷം 

ഭ്രാന്തമായി
തീരങ്ങളെ മുകർന്നു
പിൻവാങ്ങുന്ന
തിരകളുടെ
ഒരിക്കലും ശമിക്കാത്ത 
ആത്മദാഹം.

ആഴിയോളവും 
ആകാശത്തോളവും 
അനന്തമായ
ഒന്നിനും വേണ്ടിയല്ലാത്ത 
സ്നേഹത്തിന്റെ
സമ്പൂർണ്ണ ലയനം.

എന്നേക്കുമായി 
ഒരുമിച്ചാൽ
ചിലപ്പോഴെങ്കിലും 
ആയുസ്സറ്റ് ഒരു
ഹിമബിന്ദു പോലെ
ഉരുകിത്തീരുന്ന
പ്രണയമരണത്തേക്കാൾ
എത്രയോ മടങ്ങു
നിത്യദീപ്തമായ
പ്രശാന്ത പ്രതിഭാസമാണത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക