Image

പ്രണയം തുടരുന്നു ( സിനിമ : പി. സീമ )

Published on 27 March, 2024
പ്രണയം തുടരുന്നു ( സിനിമ : പി. സീമ )

എഴുതണ്ട എഴുതണ്ട എന്നോർത്തു തൂലിക പിൻവലിച്ചാലും വീണ്ടും എഴുതിച്ചേ അടങ്ങു എന്ന് നിർബന്ധം ഉള്ളത് പോലെ അനുഭവങ്ങൾ മുന്നിൽ വന്നു വീഴുന്നു.. ഞാൻ തുഴയുന്നു..

ഇന്ന് പോയത് തോണിയിൽ അല്ല. തൃണയംകുടത്തപ്പൻ ബസിലാണ്. തലയോലപ്പറമ്പിലെ പ്രശസ്തമായ തീയേറ്ററിലേക്ക് "പ്രണയം തുടരുന്നു" എന്ന സിനിമ കാണാനുള്ള യാത്ര.കൂടെ പഠിച്ച  ഇപ്പോൾ തൃശൂർ താമസിക്കുന്ന റിട്ടയർ  ചെയ്ത ഹോമിയോ ഡോക്ടർ ആയ കൂട്ടുകാരിയുടെ അനുജൻ ആണ് ഫോട്ടോഗ്രഫി   ചെയ്തത്.  അത്ര പേര് ഇല്ല എങ്കിലും അവാർഡ് ഒക്കെ ഉള്ള നല്ല കഥയുള്ള ഒരു ചെറിയ ഫിലിം എന്ന് അവൾ പറഞ്ഞു കേട്ടപ്പോൾ കണ്ടേ അടങ്ങു എന്നായി.

ഒരു കൂട്ടുകാരിയെ കൂട്ടി തിയേറ്ററിൽ എത്തി. അവിടെ ചെന്നപ്പോൾ ആണ് ആ പുതിയ അറിവ് ലഭിച്ചത്. രണ്ടു പേർക്കായി സിനിമ ഓടിക്കാൻ പറ്റില്ല മിനിമം 7 പേര് വേണം എന്ന്. വേണേൽ 7 പേരുടെ കാശു അടച്ചാൽ കാണാം എന്ന്. എത്ര മനോഹരമായ ആചാരങ്ങൾ .

സംഗതി ശരിയായിരിക്കും. അവർക്കു നഷ്ടം വരും . പക്ഷെ അത്തരം ഒരു സാധ്യത വരാൻ ഇടയുള്ളപ്പോൾ എന്തിന് ഗൂഗിളിൽ ഇപ്പോഴും പരസ്യം ഇട്ടിരിക്കുന്നു എന്ന് ഞങ്ങൾ തട്ടി കേറി. പിന്നെ ഇനി ഇവിടേക്ക് ഇല്ലെന്നു പറഞ്ഞു മടങ്ങി.

തിരികെ സ്റ്റാൻഡിലേക്ക് ഒരു റിട്ടേൺ ഓട്ടോ കൈ കാണിച്ചു നിർത്തിച്ചു. കഷ്ടകാലത്തിനു  വഴിയോരത്തു വണ്ടി ഒതുക്കി നിന്ന ഒരാളുടെ ദേഹത്ത് ഓട്ടോയുടെ മിറർ മുട്ടാൻ ഒരുങ്ങി.അയാൾ മാസ്ക് വെച്ച ഓട്ടോക്കാരനോട്   കലി ബാധിച്ച പോലെ തട്ടി കയറി 

'കള്ള് കുടിച്ചിട്ടാണോടാ വണ്ടി ഓടിക്കുന്നെ. "എന്നായി.

"ഒന്നും പറ്റീ ലല്ലോ ഭാഗ്യം "എന്ന് പറഞ്ഞ കൂട്ടുകാരിയുടെ നേർക്കു അയാൾ തുള്ളി ഉറഞ്ഞു.

"പിന്നെ എന്തെങ്കിലും പറ്റണമായിരുന്നോ" "എന്നായി.

ചുമ്മാ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു ##&% വെച്ച പോലായല്ലോ  എന്ന് ഞാൻ ചിന്തിച്ചു. അവൾ പച്ചക്കറി ചന്തയിലേക്കും   പച്ചക്കറി കണ്ടുകൂടാത്ത ഞാൻ സ്റ്റാൻഡിലേക്കും പോന്നു.   വെള്ളൂരിലേക്കുള്ള ഒരു ശ്രീമുരുകൻ  ബസ്   റ്റാറ്റാ പറഞ്ഞു നേരത്തെ കടന്നു പോയത് തീയേറ്ററിൽ നിന്നു കണ്ടിരുന്നു.   പല പല വണ്ടികളും   അങ്ങനെ വന്നു പോയപ്പോൾ കന്യാകുമാരി എന്ന് എഴുതി വന്ന KSRTC  ബസ് "കൂടെ വരുന്നോ  ഉദയം അസ്തമയം കാണിക്കാം" ന്നു പറഞ്ഞു. എന്നിട്ട് വേണം സൂര്യനും ചന്ദ്രനും ഇല്ലാത്ത നട്ടപ്പാതിരയ്ക്ക് പെണ്ണൊരുത്തി ഒറ്റയ്ക്ക്..."നീ പോ "എന്ന്   മുഖം തിരിക്കെ വന്നു എനിക്കുള്ള ബസ്.

സ്കൂൾ കൂട്ടികൾ എത്തും മുൻപ്  തന്നെ കയറി കൂടി എങ്കിലും അടുത്തിരുന്ന  ഒരു കൊച്ചു പെൺകുട്ടി പരീക്ഷ കാര്യങ്ങൾക്കൊപ്പം   സുഹൃത്തിനോട് പറഞ്ഞ ഒരു വാചകം കാത് തുളച്ചു കയറി.

"നേരിട്ട് അച്ഛാ എന്നും കേൾക്കാതെ കാലാ " എന്നും വിളിക്കുമെന്നു. ഞാൻ ഒന്ന് നടുങ്ങി അച്ഛൻ കാലനോ  ദൈവമേ.. ടീവി വാർത്തയിൽ ഇന്ന്  കൊച്ചിനെ മർദിച്ചു കൊന്ന് ഒരു അച്ഛൻ "കാലൻ" ആയതു കണ്ടായിരുന്നല്ലോ എന്നോർത്തു ഞാൻ ഒരു നെടുവീർപ്പിട്ടു. വണ്ടി അതിന്റെ പ്രയാണം തുടർന്നപ്പോൾ ആരോ പേരെടുത്തു വിളിക്കും പോലെ തോന്നി. നോക്കിയപ്പോൾ  തൊട്ട് എതിർ വീട്ടിലെ ഗൃഹനാഥൻ.   അടുത്ത വീട്ടു മുറ്റമെങ്കിലും മറയും മതിലും ആയതു കൊണ്ടു അയൽക്കാരെ കാണാൻ  അമ്പലത്തിലും പുറത്തും പോകണമല്ലോ എന്ന് ചിന്തിച്ചു.

ഏതായാലും നേരത്തെ വീട് അണഞ്ഞു. ഇരുട്ടിനെ ഭയക്കേണ്ടി വന്നില്ല.  പ്രിയപ്പെട്ട തിയേറ്റർ മുതലാളിമാരെ  നിങ്ങളോട് ഒരു അപേക്ഷ.. ഓടാൻ സാധ്യത കുറഞ്ഞു എന്നായാൽ പിന്നെന്തിനു  ആ സിനിമയും സമയവും ഒക്കെ ഗൂഗിളിൽ ഇട്ടേക്കണം. ക്യാൻസൽ ആക്കി കൂടെ.? സിനിമ നല്ലതാകാം.. കഥ ഉണ്ടാകാം.. 

"പ്രണയം തുടരുന്നു" എന്ന പേരിൽ തന്നെ ഉണ്ട് ഒരു ആർദ്രത.. പ്രണയം തുടരട്ടെ.. പ്രണയമില്ലെങ്കിൽ പ്രിയപ്പെട്ടവനെ എന്ന് പറഞ്ഞും പ്രിയപ്പെട്ടവളെ എന്നും പറഞ്ഞു കവിത കുറിക്കാൻ ആകുമോ? പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ ആ വികാരം  അവസാനിക്കാതെ തുടരട്ടെ.  എന്നെങ്കിലും കാണാം ഒ ടി ടി വരുമല്ലോ.. അത് വരെ കാത്തിരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക