Image

തിരുമുൽചമത്ക്കാരങ്ങൾ (കവിത: വേണുനമ്പ്യാർ)

Published on 28 March, 2024
തിരുമുൽചമത്ക്കാരങ്ങൾ (കവിത: വേണുനമ്പ്യാർ)

ഒരുവനു ഹൃദയാഘാതമുണ്ടാവാൻ
ഹൃദയം വേണമെന്നില്ല.

ഹൃദയമില്ലാത്തവൻ
സ്വർഗ്ഗരാജ്യത്തെ തിരസ്കരിക്കുമെങ്കിലും
അവനെ സ്വീകരിപ്പാൻ സ്വർഗ്ഗരാജ്യം
സദാ തയ്യാർ!

ദേഹവും ദാഹമില്ലാത്തവൻ
കടൽ നിറയ്ക്കുന്നു
മേഘങ്ങളെ മെനയുവാൻ!

ഇച്ഛാശക്തിയുള്ളവന്റെ കൽപന   
കേട്ട്‌ മല ഇളകുന്നു!

വേശ്യയെ എറിയുന്നതിനായി
പാറക്കല്ല് തിരയുന്ന പാപിയുടെ തലയ്ക്ക്  ഇടി വീഴുന്നു!

കരിങ്കണ്ണുള്ളവൻ സത്യം നിഷേധിക്കുന്നു മൂന്ന് വട്ടം;
കരിനാക്കുള്ളവൻ ഒറ്റിക്കൊടുക്കുന്നു
മങ്ങിയ വെളിച്ചത്തിൽ.

അത്തിമരം ശാപം സ്വീകരിച്ച്
കരിയാൻ തയ്യാറാകുന്നു.

പക്ഷാഘാതം ബാധിച്ച് പായിൽ
തളർന്നു കിടന്നവൻ മരുഭൂമിയിലെ
കാറ്റിന്റെ സമ്മോഹനശ്രുതി കേട്ട്
എഴുന്നേറ്റ് നെഞ്ചിൽ കുരിശ്
വരക്കുന്നു!

തിരുവത്താഴത്തിന്
വിളമ്പിയത് ആരുടെ മാംസം,
ആരുടെ രക്തം?

കാലില്ലാത്തവൻ
കാൽവരിക്കുന്ന് കയറുന്നു!

കുരിശിലെ വിലാപം കേൾക്കുമ്പോൾ കണ്ണില്ലാത്ത ദരിദ്രനു പോലും
തൂകാൻ അല്പം കണ്ണീർ 
മേഘം കടം കൊടുക്കുന്നു!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക