Image

കോട്ടയത്ത് മുൻതൂക്കം യുഡിഎഫിന് (സാബു തോമസ്‌)

Published on 28 March, 2024
കോട്ടയത്ത് മുൻതൂക്കം യുഡിഎഫിന് (സാബു തോമസ്‌)

കോട്ടയം മണ്ഡലം ഇക്കുറി ആരെ ലോക്സഭയിലേക്ക് അയയ്ക്കും ? തനി പൊളിറ്റിക്കൽ ഫൈറ്റ് എങ്കിൽ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസീസ് ജോർജ് വിജയിക്കും.കാരണം കോട്ടയം യു ഡി എഫ് മണ്ഡലമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച തോമസ് ചാഴികാടൻ 1,16000 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥിയും നിലവിൽ മന്ത്രിയുമായ വി.എൻ.വാസവനെ തോൽപ്പിച്ചത്.ഈ വോട്ടുകൾ ഇക്കുറി എൽ ഡി എഫിലേക്ക് മറിയുമോ?ആ വോട്ടുകൾ ഇക്കുറി എൽ ഡി എഫ് സ്ഥാനാർഥിയായി  മത്സരിക്കുന്ന തോമസ് ചാഴികാടനെ തുണയ്ക്കുമോ?

കേരള കോൺഗ്രസ് എം.   

എൽ ഡി എഫിൻ്റെ ഭാഗമായി മത്സരിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ ശക്തികേന്ദ്രങ്ങളായ പാലായിലും കടുത്തുരുത്തിയിലും പരാജയപ്പെട്ടു. കേരള കോൺഗ്രസുകാർ ഏറെയുണ്ടെന്ന് അവകാശപ്പെടുത്ത അയർക്കുന്നത്തു പോലും കഴിഞ്ഞ പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് പിന്നിലായത് കേരള കോൺഗ്രസ് -മാണി വിഭാഗത്തെ വെട്ടിലാക്കിയിരുന്നു. അയർക്കുന്നത്തും യു ഡി എഫ് സ്ഥാനാർഥി.ചാണ്ടി ഉമ്മനായിരുന്നു മുന്നിൽ.

കേരള കോൺഗ്രസ് എമ്മിന് കോട്ടയം മണ്ഡലത്തിൽ 50,000 വോട്ടുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ 30,000ത്തിൽ കൂടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ കണക്കെടുത്താൽ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശേരി നിയോജക മണ്ഡലങ്ങളിൽ മാത്രമാണ് എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചത്. അതു തന്നെ യു ഡി എഫിന് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷ  പകരുന്നതാണ്. ഏറ്റുമാനൂരിൽ വിജയിച്ചത് ഇ മന്ത്രി വി.എൻ.വാസവനാണ്. വാസവൻ്റെ അന്നത്തെ വിജയത്തിനു പിന്നിൽ കോൺഗ്രസിലെ ഭിന്നപ്പാണ് പ്രധാന കാരണമായത്. സീറ്റു ലഭിക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് വിട്ട ലതികാ സുഭാഷ് പിടിച്ചു മാറ്റിയ വോട്ടുകൾ എൽ ഡി എഫിൻ്റെ വിജയത്തെ തുണച്ചു. 

ഇതേസമയം,തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥിത്വം തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് കരുതുന്നു.എസ് എൻ ഡി പി വൈസ്എസിഡൻറുകൂടിയായ ബി ജെഡിഎസ് സ്ഥാനാർഥി തുഷാറിന് അനുകലമായ തരംഗം ഉള്ളത് വൈക്കത്തും ഏറ്റുമാനൂരിലുമാണ്.ഇവിടെ തുഷാർ പിടിച്ചു മാറ്റുന്ന വോട്ടുകൾ ഏറെയും എൽ ഡി എഫിൻ്റേതാകുമെന്ന് നിരീക്ഷിക്കപ്പെടുന്നു. ഇത് യു ഡി എഫിന് അനുകൂലമാകുന്ന ഘടകമാണ്.പിന്നെ, എൽ ഡി എഫ് സർക്കാരിനോടുള്ള എതിർപ്പ് അടക്കമുള്ള കാര്യങ്ങളും തങ്ങൾക്ക് അനുകൂലമാകുന്ന ഘടങ്ങളായി യു ഡി എഫ് കരുതുന്നു.

എന്നാൽ യു ഡി എഫിൻ്റെ വാദങ്ങളെ എൽഡിഎഫ് പാടേ തള്ളിക്കളയുന്നു.

തോമസ് ചാഴികാടൻ്റെ വ്യക്തി ബന്ധങ്ങൾ മുതൽ കേരള കോൺഗ്രസിൻ്റെ മുന്നണി മാറ്റം വരെ തങ്ങളെ തുണയ്ക്കുമെന്നാണ് എൽഡിഎഫിൻ്റെ കണക്ക്. പിറവം, കടുത്തുരുത്തി, പാലാ, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് എമ്മിന് നിർണായക സ്വാധീനമുണ്ടെന്ന് അവർ കരുതുന്നു.കോൺഗ്രസിൻ്റെ കുത്തകയായിരുന്ന കോട്ടയം മണ്ഡലം കേരള കോൺസ് ജോസഫ് ഗ്രൂപ്പിനു വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസുകാർ കാലുവാരുമെന്ന് എൽഡിഎഫ് കരുതുന്നു. കഴിഞ്ഞ പ്രാവശ്യം യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച ചാഴികാടൻ 116000 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയത് അന്നുണ്ടായ യു ഡി എഫ് തരംഗത്തിൻ്റെ ഫലമാണെന്ന് എൽ.ഡി എഫ് വിശ്വസിക്കുന്നു. യഥാർഥത്തിൽ യുഡിഎഫിനു മണ്ഡലത്തിലുള്ള മേൽക്കൈ 50,000 വോട്ടിൻ്റേതു മാത്രമാണ്. കേരള കോൺഗ്രസിൻ്റെ എൽ ഡി എഫിലേക്കുള്ള വരവ് ഈ ബലാബലത്തിൽ മാറ്റമുണ്ടാക്കും. അതുപോലെ അറുപതിനായിരത്തിൽപരം വോട്ടുകൾ ചാഴികാടൻ വ്യക്തിപരമായി സമാഹരിക്കുമെന്നും എൽ ഡി എഫ് കണക്കു കൂട്ടുന്നു.കഴിഞ്ഞവട്ടം യു ഡി എഫിന് അനുകൂലമായുണ്ടായ തരംഗമൊന്നും ഇക്കുറി ഉണ്ടാകില്ല. 8-10 സീറ്റുകൾ എൽ ഡി എഫ് നേടും. ഇതിൽ കോട്ടയം മണ്ഡലവും പെടുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു.

ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടാകുന്നതോടെ ജോസഫ് ഗ്രൂപ്പ് ബി ജെ പിയിൽ പോകുമെന്നാണ് എൽഡിഎഫിൻ്റെ രാഷ്ട്രീയ പ്രചാരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക