Image

സാന്‍ഹോസെ സെന്റ് മേരീസ് ക്നാനായ പള്ളിക്കു അഭിമാന നിമിഷങ്ങള്‍

Published on 28 March, 2024
 സാന്‍ഹോസെ സെന്റ് മേരീസ് ക്നാനായ പള്ളിക്കു അഭിമാന നിമിഷങ്ങള്‍

കാലിഫോര്‍ണിയ : അമേരിക്കയിലാകമാനം റീജിയണല്‍ അടിസ്ഥാനത്തില്‍ നടന്ന പുല്‍ക്കൂട് മത്സരത്തില്‍ സാന്‍ഹോസയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി ഇടവകയിലെ സ്റ്റീഫന്‍ വേലിക്കെട്ടേലും കുടുംബവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇടവക വികാരി ഫാദര്‍ ജെമി പുതുശ്ശേരി ഓശാന തീരുകര്‍മങ്ങള്‍ക്കു ശേഷം പള്ളിയില്‍ വച്ചു സമ്മാനം നല്‍കി ആദരിച്ചു.

ഇതോടൊപ്പം തന്നെ മിഷന്‍ ലീഗിലെ കുട്ടികള്‍ ഫുഡ് ഫെസ്റ്റിലൂടെ തങ്ങള്‍ സമാഹരിച്ച തുക പഞ്ചാബിലെ ക്നാനായ മിഷനു ദാനം ചെയ്യുന്നതായി അറിയിച്ചു . മിഷന്‍ ലീഗ് കുട്ടികളുടെ ഈ പ്രവര്‍ത്തനം എല്ലാവര്‍ക്കും ഒരു മാതൃകയും പ്രചോദനവും ആകട്ടെ എന്ന് ആശംസിച്ചു. അതോടൊപ്പം തന്നെ കുട്ടികളുടെ ഈ പ്രയത്നത്തിനു എല്ലാ വിധ നന്ദിയും പ്രോത്സാഹനവും ജെമി അച്ചന്‍ നേര്‍ന്നു.

കുരിശുമരണത്തിനു മുമ്പായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായമാണ് ക്രൈസ്തവദേവാലയങ്ങളിലെങ്ങും ഓശാനയാച്ചരിക്കുന്നത്. ഈ പ്രത്യേക ദിനം തന്നെ സന്തോഷകരമായ രണ്ടു കാര്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ സാധിച്ചതില്‍ ദൈവത്തിനു നന്ദി പറയുന്നതിനോടൊപ്പം ഇടവകയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രത്യേകമായ ഒരു ഓശാന ദിനമായി ഭവിക്കുകയും ചെയ്തതില്‍ ഒരു ഇടവക വികാരി എന്ന നിലയില്‍ താന്‍ ഏറെ അഭിമാനിക്കുന്നു എന്നും ജെമി അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ഇടവകാംഗങ്ങളുടെ പേരില്‍ അച്ചന്‍ മത്സര വിജയികളായ സ്റ്റീഫന്‍ വേലിക്കെട്ടേല്‍ ഭാര്യ അനു സ്റ്റീഫന്‍ മക്കളായ ഹെയ്‌സല്‍, ഇസബെല്‍, കെയില എന്നിവര്‍ക്കും മിഷന്‍ ലീഗിലെ കുട്ടികള്‍ക്കും എല്ലാ വിധ ആശംസകളും നേര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക