Image

ഭാര്യയെ 'സെക്കന്‍ഡ് ഹാന്‍ഡ്' എന്ന് വിളിച്ചു: ഭര്‍ത്താവ് മൂന്നു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Published on 28 March, 2024
ഭാര്യയെ 'സെക്കന്‍ഡ് ഹാന്‍ഡ്' എന്ന് വിളിച്ചു:  ഭര്‍ത്താവ്   മൂന്നു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്  കോടതി

മധുവിധു നാളുകളില്‍ ഭാര്യയെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് വിളിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ഭര്‍ത്താവിനോട് 3 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. അമേരിക്കയില്‍ താമസിക്കുന്ന ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. പിഴ വിധിച്ച കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ഹര്‍ജി സമര്‍പ്പിച്ച ഭാര്യയും ഭര്‍ത്താവും അമേരിക്കന്‍ പൗരന്‍മാരാണ്. 1994 ജനുവരി 3ന് മുംബൈയില്‍ വെച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.

ശേഷം അമേരിക്കയിലും ഇവര്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. 2005-06 കാലത്ത് ഇവര്‍ മുംബൈയില്‍ തിരികെയെത്തുകയും  ഫ്‌ളാറ്റ് വാങ്ങി താമസിക്കുകയുമായിരുന്നു. ഭാര്യയ്ക്ക് മുംബൈയില്‍  ജോലി ലഭിച്ചിരുന്നു. തുടര്‍ന്ന് അവര്‍ തന്റെ അമ്മയുടെ വീട്ടിലേക്ക് മാറുകയും ചെയ്തു. 2014-15 കാലത്ത് ഭര്‍ത്താവ് തിരികെ അമേരിക്കയിലേക്ക് പോയി. ശേഷം 2017ല്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഇയാള്‍ അമേരിക്കയിലെ കോടതിയെ സമീപിക്കുകയും ചെയ്തു. അതേവര്‍ഷം തന്നെ ഭാര്യ മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി. 2018ല്‍ അമേരിക്കയിലെ കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു.

എന്നാല്‍ നേപ്പാളിലെ ഹണിമൂണ്‍ കാലത്ത് ഭര്‍ത്താവ് തന്നെ സെക്കന്‍ഡ് ഹാന്‍ഡ് എന്ന് വിളിച്ച് അപമാനിച്ചുവെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. തന്റെ ആദ്യത്തെ വിവാഹാലോചന മുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് തന്നെ ഇങ്ങനെ വിളിച്ചിരുന്നതെന്നും ഭാര്യയുടെ ഹര്‍ജിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ് അമേരിക്കയിലെത്തിയ ശേഷം ഇയാള്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്നും ഭാര്യ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. തന്നെ വ്യക്തിഹത്യ ചെയ്യുകയും മറ്റ് പുരുഷന്‍മാരുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നതായി ഭാര്യ പറഞ്ഞു.

2000ല്‍ തന്റെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് പോയ സമയത്ത് തന്റെ പിതാവിന് ഹൃദയാഘാതമുണ്ടായി. എന്നാല്‍ ആ സമയത്ത് പിതാവിനോടൊപ്പം നില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നും ഭാര്യ പറഞ്ഞു.

എന്നാല്‍ ഭാര്യയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ ഭര്‍ത്താവിന്റെ വാദം. എന്നാല്‍ അതിന് ബദലായി തെളിവുകള്‍ നല്‍കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ല. കേസില്‍ ഭാര്യയുടെ അച്ഛനും അമ്മയും സഹോദരനും സാക്ഷി പറയാനെത്തുകയും ചെയ്തു. 2023ല്‍ ഭാര്യ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. മുംബൈയില്‍ ഇവര്‍ ഒന്നിച്ച് വാങ്ങിയ ഫ്‌ളാറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് വിചാരണകോടതി ഭാര്യയെ വിലക്കുകയും ചെയ്തു. ഭാര്യയ്ക്ക് താമസിക്കാനായി പകരം വീട് കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. അല്ലെങ്കില്‍ വീട്ടുവാടകയിനത്തില്‍ 75000 രൂപ ഭാര്യയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

2017ല്‍ തന്നെ ഭാര്യയ്ക്ക് 1,50,000 രൂപ പ്രതിമാസം ജീവനാംശമായി നല്‍കണമെന്നും മൂന്ന് കോടി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു കോടതി വിധി. തുടര്‍ന്ന് വിധിയ്‌ക്കെതിരെ ഭര്‍ത്താവ് സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. സെഷന്‍സ് കോടതിയും ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയതോടെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച ഹൈക്കോടതി മൂന്ന് കോടി കോടി നഷ്ടപരിഹാരമായി നല്‍കണമെന്ന് വിധിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക