Image

കേരളത്തിലെ തിരഞ്ഞെടുപ്പും ഡോണ്‍ ബ്രാഡ്മാനും(സനില്‍ പി.തോമസ്)

സനില്‍ പി.തോമസ് Published on 28 March, 2024
കേരളത്തിലെ തിരഞ്ഞെടുപ്പും ഡോണ്‍ ബ്രാഡ്മാനും(സനില്‍ പി.തോമസ്)

വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ രണ്ടക്കം കാണുമെന്ന് പ്രധാനമന്ത്രി. അഞ്ചു സീറ്റ് ബി.ജെ.പിക്ക്  കിട്ടുമെന്ന്  മെട്രാമാന്‍ ഇ.ശ്രീദ്ധരന്‍. 20 സീറ്റും എല്‍.ഡി.എഫ് നേടുമെന്ന്  മന്ത്രി വി.എന്‍. വാസവന്‍ .പക്ഷേ, 1998-2000 കാലത്ത്  കോട്ടയം പ്രസ്സ് ക്ലബ് സെക്രട്ടറിയായിരുന്ന കാലം മുതല്‍ക്ക് മന്ത്രിയെ അടുത്ത് അറിയാവുന്നതിനാല്‍, അദ്ദേഹം പറഞ്ഞ 20 ല്‍ നിന്ന് ഒന്നു കുറയ്ക്കുവാനുള്ള സ്വാതന്ത്ര്യം ഞാന്‍ കാട്ടുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. പക്ഷേ, അങ്ങനെ പറഞ്ഞാല്‍ സി.പി.ഐയുടെ ആത്മവിശ്വാസം നഷ്ടപ്പെടും. അതു കൊണ്ട് ബുദ്ധിപൂര്‍വം 20 എന്നു പറഞ്ഞതാണ്. 
തിരഞ്ഞെടുപ്പു കഴിയും വരെ ഇരുപതിടത്തും ജയിക്കുമെന്നു പറയുമെന്നാണ് സി.പി.എം. സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിശദീകരണം.

ഇതിനിടയ്ക്ക് മത്സരം ഇടതുപക്ഷവും ബി.ജെ.പിയും തമ്മിലാണെന്നു പറഞ്ഞ ഇടതു കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പിന്നീട് തിരുത്തി.അതിന്റെ വിവാദം കെട്ടടങ്ങും മുമ്പാണ് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ മരപ്പട്ടിയും എലിപ്പെട്ടിയുമായി രംഗ പ്രവേശം ചെയ്തത്. ഇന്ത്യയില്‍ ആകെ 11 എം.പിമാര്‍ എങ്കിലുമില്ലെങ്കില്‍ സി.പി.എം ദേശീയ പാര്‍ട്ടി അല്ലാതാകുമത്രെ. അങ്ങനെ വന്നാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം നഷ്ടമാകും.പിന്നെ പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ ചിലപ്പോള്‍ മരപ്പട്ടി യോ എലിപ്പെട്ടിയോ ഒക്കെയാകും തിരഞ്ഞെടുപ്പു ചിഹ്നമായി ലഭിക്കുക. അത് ഒഴിവാക്കാന്‍ യത്‌നിക്കണമെന്ന് അണികളെ ബോധ്യപ്പെടുത്തിയതാണ് എ.കെ.ബാലന്‍.

ക്രിക്കറ്റ് പ്രേമിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍  കെ.പി.സി.സി. അധ്യക്ഷനായി  ഉണ്ടായിരുന്നെങ്കില്‍ ട്വന്റി 20 എന്നു പറഞ്ഞേനെ. പണ്ട് അങ്ങനെ പറഞ്ഞ് ,ആരുടെയോ ഭാഗ്യത്തിന് 19 കിട്ടിയപ്പോള്‍ പിന്നാലെ ഉപ തിരഞ്ഞെടുപ്പില്‍ സിക്‌സര്‍ അടിക്കുമെന്നായി. പന്ത് ബൗണ്ടറി പോലും കടന്നില്ല. കഷ്ടിച്ചു മൂന്നു റണ്‍സ് കിട്ടി.ഒപ്പം സ്വന്തം വിക്കറ്റും പോയി.പകരം വന്ന  കുമ്പക്കുടി ആശാന് കേരളത്തില്‍  ആദ്യമായി ക്രിക്കറ്റ് കളിച്ചത് തലശേരിയില്‍ ആണെന്നു പോലും അറിയാമെന്നു തോന്നുന്നില്ല. ആശാന്  അറിയാവുന്നത് ഗുസ്തിയാണ്. ഗ്രീക്കോ റോമനോ ഫ്രീ സ്‌റ്റൈലോ എന്നൊന്നും ചോദിക്കരുത്. കണ്ണൂര്‍ സ്‌റ്റൈല്‍.ബ്രിജ്ഭൂഷന്‍ ശരന്‍സിങ്ങിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കുസ്തി.
ഇതെല്ലാം കേട്ടും വായിച്ചും, ഒരു പാര്‍ട്ടിയിലും ഇല്ലാത്തവര്‍ അമ്പരക്കുന്നു. ഇനി ഒരു മാസം എന്തെല്ലാം കേള്‍ക്കാനിരിക്കുന്നു. അമ്പരന്നിരിക്കുമ്പോഴാണ് ഒരു ബ്രാഡ്മാന്‍ കഥ ഓര്‍മയില്‍ വന്നത്. അതേ, ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണാള്‍ഡ് ബ്രാഡ്മാന്റെ കഥ തന്നെ. ക്രിക്കറ്റില്‍ സജീവമാകും മുമ്പ് ബ്രാഡ്മാന്‍ ഗോള്‍ഫ് കളിച്ചിരുന്നു. പ്രായമായ ശേഷം വീണ്ടും ഗോള്‍ഫ് കളിച്ചു. അക്കാലത്ത് ഒരു ചെറുപ്പക്കാരനെ ഗോള്‍ഫ് കോഴ്‌സില്‍ കണ്ടുമുട്ടി. കക്ഷി മരങ്ങള്‍ക്കിടയിലൂടെ പന്ത് അടിച്ചുവിടാന്‍ ശ്രമിച്ചിട്ടു വിജയിക്കുന്നില്ല. ബ്രാഡ്മാന്‍ പറഞ്ഞു. 'ഞാന്‍ ഈ മരങ്ങളുടെ മുകളില്‍ കൂടിയാണ് പന്ത് അടിച്ചിരുന്നത്. ' ആവേശഭരിതനായ യുവാവ് അത്തരത്തില്‍ ശ്രമിച്ചപ്പോഴൊക്കെ പന്ത് മരത്തില്‍ തട്ടിത്തെറിച്ചു. ഇതുകണ്ട് ബ്രാഡ്മാന്‍ പറഞ്ഞു. ' താങ്കളോട് ഒരു കാര്യം പറയാന്‍ മറന്നുപോയി. ഞാന്‍ മരത്തിനു മുകളിലൂടെ പന്തടിച്ചത് പത്തു നാല്പതു കൊല്ലം മുമ്പാണ്. അന്ന് ഈ മരങ്ങള്‍ തീരെ ചെറുതായിരുന്നു.'
എതിരാളികളെ നിസാരക്കാരായി അവതരിപ്പിക്കുന്ന സ്വഭാവം നമ്മുടെ പല സ്ഥാനാര്‍ഥികള്‍ക്കുമുണ്ട്.ഇതു കാണുമ്പോഴും ഒരു ബ്രാഡ്മാന്‍ സംഭവം ഓര്‍ത്തുപോകുന്നു. വര്‍ണവിവേചനത്തിന് എതിരായി പ്രതിഷേധം ശക്തമായപ്പോള്‍ 1970 കളുടെ ആദ്യം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ഒഴിവാക്കി. പകരം ഓസ്‌ട്രേലിയന്‍ ഇലവനും റെസ്റ്റ് ഓഫ് ദ് വേള്‍ഡും തമ്മിലൊരു പരമ്പര ക്രമീകരിച്ചു. ഇതില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ ഹില്‍ട്ടന്‍ മൈക്കല്‍ അക്കര്‍മാന്‍ (ഇപ്പോഴത്തെ  കമന്റേറ്ററും മുന്‍ ടെസ്റ്റ് താരവുമായ ഹില്‍ട്ടന്‍ ഡിയോന്‍ അക്കര്‍മാന്റെ പിതാവ്) അഡലെയ്ഡ് വിമാനത്താവളത്തില്‍ എത്തി. കൂട്ടത്തില്‍  ടോണി ഗ്രെയ്ഗുമുണ്ട്. അവരെ സ്വീകരിക്കാന്‍ ഗാരി സോബേഴ്‌സും ഒരു ഓസ്‌ട്രേലിയക്കാരനും എത്തിയിരുന്നു. വാഷ് റൂമില്‍ പോകാനായി അക്കര്‍മാന്‍ തന്റെ ബാഗേജ് സൂക്ഷിക്കാന്‍ ഓസ്‌ട്രേലിയക്കാരനെ ഏല്പിച്ചു. ' ശ്രദ്ധിച്ചോണം, വില പിടിപ്പുള്ള പലതും അതിലുണ്ട്.' അക്കര്‍മാന്‍ ഓര്‍മിപ്പിച്ചു.

സുരക്ഷിതമായി ബാഗേജ് സൂക്ഷിച്ച്, വളരെ വിനയത്തോടെ അതു കൈമാറിയ ഓസ്‌ട്രേ ലിയക്കാരനോട് അക്കര്‍മാനു താല്പര്യം തോന്നി. അദ്ദേഹം തന്നെ പരിചയപ്പെടുത്തിയ ശേഷം ചോദിച്ചു.
'അല്ല, താങ്കള്‍ക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റുമായി എന്തെങ്കിലും ബന്ധമുണ്ടോ?'
' ഉണ്ട്''
'താങ്കള്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടോ?'
'ഉണ്ട്'
ഇത്രയുമായപ്പോള്‍ ആക്കര്‍മാന്‍ ചോദിച്ചു.
' അല്ല, താങ്കളുടെ പേര് എന്താണെന്നാണ് പറഞ്ഞത്?'
ഓസ്‌ട്രേലിയക്കാരന്‍ മറുപടി പറഞ്ഞു
' ബ്രാഡ്മാന്‍.'
ഒരു മാസം ബാക്കിയുണ്ട്.ഇതുപോലെ പല ഇതിഹാസങ്ങളെയും ഓര്‍ക്കാന്‍ അവസരം കിട്ടുമെന്ന് പ്രത്യാശിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക