Image

ഇല്ല, ഞാൻ വിശ്വസിക്കില്ല ( കവിത : അന്നാ പോൾ )

Published on 28 March, 2024
ഇല്ല, ഞാൻ വിശ്വസിക്കില്ല ( കവിത : അന്നാ പോൾ )

ഞാൻ സൈബോറിയാ
നസ്രത്തിലെ എന്റെ സ്നേഹിത
മേരിയുടെ മകന്റെ പ്രിയ സ്നേഹിതൻ
യൂദയുടെ മാതാവ്
നിങ്ങൾക്കറിയാമോ
അവനെന്റെ ഏക മകൻ,കന്നിക്കിടാവ്
എന്റെ ഓമന
നല്ലവനും സത്യവാനുമായവൻ.
ജനമെല്ലാം പറയുന്നു അവൻ
പ്രിയ സ്നേഹിതനെ ഒറ്റു കൊടുത്തുവെന്ന്
മേരീ, നിനക്കു തോന്നുന്നുണ്ടോ
അവനങ്ങിനെ ചെയ്യുമെന്ന് 
ഭ്രാന്തുപിടിച്ച ജനത്തിന്റെ
നിർദ്ദയമായ  പഴിചാരലുകളിൽ
വ്രണിതമായ എന്റെ ഹൃദയത്തുടിപ്പുകൾ
നിനക്കു കേൾക്കാമോ..
മേരീ, നമ്മൾ പിന്നിട്ട വഴികളും
നേരിട്ട ജീവിത പ്രതിസന്ധികളും
ഒന്നായിരുന്നില്ലേ.. ഒന്നിച്ചായിരുന്നില്ലേ?
നമ്മുടെ അണിവിരലിൽ തൂങ്ങി
ലെബാനോനിലെ താഴ് വരകളിലും
ദേവദാരുക്കൾക്കിടയിലൂടെയും 
മാതള മരച്ചുവടുകൾക്കു ചുറ്റിലും
അവരുടെ പിഞ്ചു പാദങ്ങൾ 
പിച്ചവച്ചതോർമ്മയില്ലേ ?
ചിലപ്പോൾ യൂദാ നിന്റെ കയ്യിലും
യേശു എന്റെ കൈയിലും തൂങ്ങിയായിരുന്നില്ലേ
വേനലിൽ മെലിഞ്ഞു പോയ യോർദ്ദാൻ കടന്നിരുന്നത്

നിന്നെ അവനെന്തിഷ്ടമായിരുന്നെന്നോ ?

നീ അവർക്കായി തുന്നലില്ലാതെ
നെയ്തെടുത്ത അങ്കി

വിശേഷാവസരങ്ങളിൽ മാത്രമേ

അവനണിയാറുണ്ടായിരുന്നുള്ളു

നീ അറിയാത്ത ഒരു രഹസ്യവും എനിക്കില്ലായിരുന്നു.
നീ ഹൃദയത്തിൽ പേറിയിരുന്ന ഖഡ്ഗം
ഞാനുമറിഞ്ഞിരുന്നു.
ഇരുവരും മുതിർന്നപ്പോൾ
അവരുടെ സംസാരങ്ങളും വാദപ്രതിവാദങ്ങളും
നമുക്കു തീരെ അറിയാത്ത കാര്യങ്ങളായിരുന്നു.
നിന്റെ മകനെ ഭ്രാന്തനെന്നും നീചനെന്നും
വ്യഭിചാരിണികളുടെ തോഴനെന്നും
തെണ്ടി നടക്കുന്നവനെന്നു - മൊക്കെ
ജനങ്ങളാക്ഷേപിക്കുമ്പോൾ
ആശ്വാസ വാക്കുകളുമായി യുദാ
നിഴലായി കൂടെയുണ്ടായിരുന്നു
എന്നേയും അവന്റെ പിതാവിനേയും
വീടിനേയും, പ്രിയപ്പെട്ട എല്ലാറ്റിനേയും
ഉപേക്ഷിച്ചു നിന്റെ മകനോടൊപ്പം
ഇറങ്ങിത്തിരിച്ചവൻ, അവന്റെ 
വാക്കുകൾക്കായി മാത്രം 
കാതോർത്തവൻ, ഏറെ സ്നേഹിച്ചവൻ

അവനെ മസീഹയെന്നും
റബ്ബൂനിയെന്നും കർത്താവേ എന്നുമൊക്കെ
ജനം വിളിച്ചാദരിച്ചപ്പോൾ ഏറ്റവുമാനന്ദിച്ചത്
എന്റ മകനായിരുന്നു. സ്നേഹിതനെ ഒറ്റുകൊടുത്തവനെന്നു
ജനം കൂവിയാർത്തപ്പോൾ ജനം ചതിയനെന്നും നിഷേധിയെന്നും ഭ്രാന്തനെന്നും വിശേഷിപ്പിയ്ക്കപ്പെട്ട
നിന്റെ മകനു ഹോശന്നാ പാടിയവർ
അവനെ പരിഹസിച്ചും മുഖത്തടിച്ചും ഭ്രാന്തമായി ആക്രമിച്ചു
ഒടുവിൽ ക്രൂശിലേറ്റിയപ്പോൾ
ഹൃദയ വേദനയാൽ പുളഞ്ഞത് എന്റെ മകൻ .
മലമുകളിൽ നിന്നു ചാടി
താഴ് വരയിലെ കരിമ്പാറയിൽ വീണ് ചിതറിത്തെറിക്കുമ്പോൾ
മേരീ , തച്ചന്റെ മകനെന്ന് അവർ പരിഹസിച്ചു വിളിച്ച
നിന്റെ മകൻ സ്വർഗത്തോളം ഉയർന്നു.
മഹാനായി ദൈവതുല്യനായി
നീ മഹതിയായ്.... ഞാനോ ഒറ്റുകാരന്റെ ചതിയന്റെ ആത്മഹത്യ ചെയ്ത നീചന്റെ അമ്മ !!
അവൻ മരിച്ചെന്നു ഞാൻ വിശ്വസിയ്ക്കാം.
ഒരിക്കലും അവൻ നിന്റെ മകനെ ഒറ്റുകൊടുക്കുമെന്നു
ഞാൻ വിശ്വസിക്കില്ല... 
ഇല്ല മേരീ ഞാൻ ഒരിക്കലും വിശ്വസിയ്ക്കില്ല.

ജൂദാസിന്റെ അമ്മ - ഖലീൽ ജിബ്രാനോടു കടപ്പാട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക