Image

കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

Published on 28 March, 2024
കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കാന്‍ ചട്ടമില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതില്‍ ജുഡീഷ്യല്‍ ഇടപെടലിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ജസ്റ്റിസ് മന്‍മോഹന്‍ ചോദിച്ചു. വിഷയം ലഫ്റ്റനന്റ് ഗവര്‍ണര്‍ പരിശോധിച്ചു വരികയാണെന്ന് മാധ്യമങ്ങളില്‍ കണ്ടു. അത് മറ്റൊരു തരത്തിലുള്ള നടപടിക്രമമാണ്.

വിഷയത്തില്‍ ഗവര്‍ണറും രാഷ്ട്രപതിയുമാണ് തീരുമാനമെടുക്കേണ്ടത്. എക്‌സിക്യൂട്ടീവ് തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമാണ്. ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ല. അതിനാല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിയായ സുര്‍ജിത് സിങ് യാദവ് ആണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക