Image

ആടുജീവിതം ആദ്യ ഷോ കണ്ടപ്പോൾ (ജീജെ)

Published on 29 March, 2024
ആടുജീവിതം ആദ്യ ഷോ കണ്ടപ്പോൾ (ജീജെ)

ആടുജീവിതം ആദ്യ ഷോ ന്യു യോർക്ക് റോക്ക് ലാൻഡ് കൗണ്ടിയിലെ പാലിസെഡ് സെന്ററിലെ എ.എം.സി. തീയറ്ററിൽ കാണാൻ മിക്കവാറും നിറഞ്ഞ സദസ് ഉണ്ടായിരുന്നു. പെസഹാ വ്യാഴാഴ്ച്ച ആയിട്ടും  ഈ ഐതിഹാസിക ചിത്രം കാണണമെന്ന് പലരും മുൻകൂട്ടി തീരുമാനിച്ചിരിക്കണം.

ഉടായിപ്പ് കുറ്റാന്വേഷണ കഥകളും കടുത്ത വയലൻസും രാഷ്ട്രീയ-മത പൈങ്കിളികളും അരങ്ങു വാഴുന്ന മലയാള സിനിമാ ലോകത്തിനു അടുത്ത കാലത്തു കിട്ടിയ നല്ല ചിത്രങ്ങളാണ് പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ഇപ്പോൾ ആടുജീവിതവും. സ്വാതന്ത്ര്യത്തോടുളള മനുഷ്യന്റെ അടങ്ങാത്ത അഭിവാഞ്ച വരച്ചുകാട്ടുന്ന പാപ്പിയോൺ (ചിത്രശലഭം-1973) എന്ന സിനിമയോട് വേണമെങ്കിൽ  ആടുജീവിതത്തെ  താരതമ്യപ്പെടുത്താം. സ്റ്റീവ് മക്വീൻ, ഡസ്റ്റിൻ   ഹോഫ്മാൻ  തുടങ്ങിയ മഹാനടന്മാരാണ്  ആ ചിത്രത്തെ ക്ലാസിക്ക് ആക്കിയത്.

മനുഷ്യനിലെ നൻമയും തിന്മയും ചിത്രീകരിക്കുന്നതാണ്  ആടുജീവിതം. ആടുജീവിതം നോവൽ   വായിക്കാത്ത മലയാളിയോ അതിന്റെ കഥ  അറിയാത്തവരോ ഉണ്ടാവാൻ ഇടയില്ല.  ഭാഷയറിയാത്ത രണ്ടു പാവങ്ങളെ പിടിച്ചു കൊണ്ട് പോയി അടിമകളാക്കി പണിയെടുപ്പിക്കുന്ന കാട്ടറബി. വര്ഷങ്ങള്ക്കു ശേഷം അവരെ രക്ഷിക്കാൻ ശ്രമിക്കുന്ന ആഫ്രിക്കക്കാരൻ സഹപ്രവർത്തകൻ. വഴിയിൽ കണ്ട വൃത്തികെട്ട വേഷധാരിയയായ നജീബിനെ  (പൃഥ്‌വിരാജ്) മുന്തിയ കാറിൽ കയറ്റിക്കൊണ്ടു പോയ ദയാലുവായ  അറബി. പിന്നെ തുണയായാകുന്നത്  മലയാളികൾ...എവിടെയും നമ്മുടെ ആളുകളും നമ്മുടെ ഭാഷയും നമ്മുടെ സംസ്കാരവുമാണ് നമുക്ക് തുണയായി വരുന്നത്.

ചെറുപ്പക്കാരനായി  ചെല്ലുന്ന പൃഥ്‌വിരാജ് മെലിഞ്ഞുണങ്ങി എല്ലുന്തി ആടുകൾക്കൊപ്പം കഴിയുന്നത് കണ്ണ് നനയിക്കും.  ഹക്കിം എന്ന കുട്ടിത്തം മാറാത്ത ചങ്ങാതിയുമായാണ് നജീബിന്റെ വരവ്. വഴിയിൽ വച്ചുള്ള വേർപിരിയൽ മുതൽ മരുഭൂമിയിൽ ഹക്കിം മരിച്ചു വീഴുന്നത് വരെ ഹൃദയം കവരുന്ന കഥാപാത്രമാണ് ഹക്കിം.

നജീബിന്റെ ഭാര്യ സൈനു ആയി അമലാ പോൾ. അത് പോലെ അവരുടെ പ്രേമരംഗങ്ങളും അവയ്ക്ക്  ഗൂഢസ്മിതത്തോടെ സാക്ഷിയാകുന്ന ഉമ്മയും -ശോഭാ മോഹൻ. രണ്ടാളും സ്വാഭാവികത പുലർത്തി.

ഏറ്റവും നല്ല അഭിനയം കാഴ്ചവച്ചത്  അറബിയായി വന്ന  താലിബ് അൽ ബലുഷി ആണ്. അഭിനയം ആയി തോന്നാത്ത പ്രകടനം. ഇബ്രാഹിം കാദിരി എന്ന ആഫ്രിക്കക്കാരനായി ജിമ്മി ജീൻ ലൂയിസും തിളങ്ങി. 

ഈ സിനിമ യു.എ.ഇയിൽ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. അത് വലിയ കഷ്ട്ടം  തന്നെ. അറബി സമൂഹത്തിലെ മനുഷ്യത്വരാഹിത്യവും തൊഴിൽ നിയമങ്ങളുടെ അഭാവവും അതുപോലെ നൻമയും  ചിത്രം വരച്ചു കാട്ടുന്നു. അത്  കണ്ണാടി  പോലെയാണ്. അതിൽ  കാണുമ്പോഴാണ് നമ്മുടെ കുറവുകൾ  നാം മനസിലാക്കുക. പക്ഷെ അതിനു തയ്യാറല്ലാത്തത്  ഖേദകരം തന്നെ.

അറബി നാട് യൂസഫലിമാരെ മാത്രമല്ല  നജീബുമാരെയും സൃഷ്ടിച്ചിട്ടുണ്ട്. കൂടുതലും നജീബുമാർ.  കേരളത്തിന്റെ  വളർച്ചയിൽ ഗൾഫ് വലിയ പങ്കു വഹിച്ചിട്ടുണ്ട്. അപ്പോൾ ഇത്തരമൊരു നോവൽ എഴുതിയത് തന്നെ തെറ്റായി എന്ന് കരുതുന്നവരുണ്ട്. നോവൽ ജീവിതമല്ല. ജീവിതത്തിന്റെ ചിത്രീകരണം മാത്രമാണ്. സിനിമയാകട്ടെ നോവലിന്റെ ഒരു ചിത്രീകരണവും.

എല്ലാംകൊണ്ടും സംവിധായൻ ബ്ലെസിയുടെ ഒന്നര പതിറ്റാണ്ടിന്റെ പ്രയത്നം നമുക്ക് ഒരു ക്ലാസിക്കാണ്  നല്കിയതെന്നതിൽ സംശയിക്കേണ്ടതില്ല. 

എ.ആർ. റഹ്‌മാൻ മുതൽ റസൂൽ പൂക്കുട്ടി വരെ അതികായർ  സിനിമക്ക് പിന്നിൽ പ്രവർത്തിച്ചു. ഒരു ഹോളിവുഡ് ചിത്രത്തിന്റെ മികവ് നൽകാൻ അവർക്കായി 

കഴിയുന്നത്ര പേർ  തീയറ്ററിൽ പോയി ഈ സിനിമ കാണണം.

പിൻകുറിപ്പ്: അടുത്ത് വെള്ളമോ കുറച്ചെങ്കിലും പച്ചപ്പൊ ഇല്ലാത്ത വെറും മരുഭൂമിയിൽ ആരെങ്കിലും മൃഗങ്ങളെ വളർത്തുമോ? അത് അല്പം അസ്വാഭാവികമായി തോന്നി 

Join WhatsApp News
പന്തളം 2024-03-29 01:38:48
ആടുജീവിതം റിവ്യൂ വായിച്ചപ്പോൾ അത് അമേരിക്കൻ മലയാളികളുടെ അഭിപ്രായമായി കരുതാം. നമ്മൾ അനുഭവിക്കാത്ത ജീവിതം നമ്മൾക്ക് അന്യമാണ്, അതുകൊണ്ടുതന്നെ ആടുജീവിതം പോലെയുള്ള ജീവിതങ്ങൾ അഭ്രപാളികളിൽ എത്തിക്കുമ്പോൾ വിമർശകരുടെ മുനയൊടിക്കണം. അതിൽ ഈ സിനിമയുടെ ക്രൂ വിജയിച്ചു എന്ന് ജിജേയുടെ റിപ്പോർട്ടിൽ നിന്നും മനസിലാക്കുന്നു. അങ്ങിനെ മലയാളത്തിന് ഒരു ക്ലാസിക് കൂടിയായി.
Jacob 2024-03-29 11:24:26
Santhosh George kulangara has a new video (Sancharam) in Qatar about a goat farm. The water and grass are brought there in trucks. Just watch it. Yes, they have goat farms in the desert.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക