Image

വാൻഗോഗിന്റെ പക്ഷി (കവിത: കെ. പ്രേംജിത്ത്)

Published on 06 April, 2024
വാൻഗോഗിന്റെ പക്ഷി (കവിത: കെ. പ്രേംജിത്ത്)

വാൻഗോഗിന്റെ
പക്ഷി, ചുഴലിപോൽ
താണു പറക്കും.
രക്തവും, ചലവും
നക്കികുടിക്കും.
പട്ടം പോലുയരും
വെണ്ണിലാവിനെ തൊടും.

ഉയർന്നു പാറുമ്പോൾ  
കറുത്തിരുണ്ടാകാശം
ക്യാൻവാസാകും, സർഗ്ഗച്ചിറകുവിടരും, ഛായങ്ങളിൽ,'നക്ഷത്രങ്ങളുടെ
രാത്രി'യിൽ തുടിച്ചുകുളിക്കും

കൽപ്പാന്തകാലം
കാലത്തിൻ പൂപ്പൽച്ചുമരിലും
നിറപുത്തരിയാകും.

അസ്തമയങ്ങളിൽ
മദ്യശാലകളിൽ
ചിറകുകൾ പൂട്ടും.
സൂര്യനുണരുമ്പോൾ
വിഷവിഷാദത്തിൽ
കൊക്കുകളമരും.

വേശ്യാലയങ്ങളിൽ
പാറിക്കുതിച്ച്
പ്രണയത്തൂവലുകൾ
കൊഴിക്കും
സ്ഖലിക്കും സർഗോൻമാദം.

വേനൽച്ചൂടിൽ
അമാവാസികളിൽ
തലയോട്ടി കൊത്തിപ്പിളർക്കും
കാത് കടഞ്ഞ പക്ഷി!

തീർപ്പിന്റെയോളങ്ങൾ
നുരച്ച്, പകച്ച നാൾ
തലച്ചോറൊറ്റിയ
പ്രാണനെയൊറ്റിയ പക്ഷിയെ പ്രണയിച്ചിരുന്നുവോ
വാൻഗോഗ് ?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക