Image

സ്ത്രീ വോട്ടര്‍മാര്‍ സി.പി.എമ്മിന് എതിരാകുന്നു (സനില്‍ പി.തോമസ്)

സനില്‍ പി.തോമസ് Published on 06 April, 2024
സ്ത്രീ വോട്ടര്‍മാര്‍ സി.പി.എമ്മിന് എതിരാകുന്നു (സനില്‍ പി.തോമസ്)

കുടുംബശ്രീ ,തൊഴിലുറപ്പ് മേഖലകളിലെ വനിതകളെ തങ്ങളുടെ കൊടിക്കീഴിലാക്കി  സ്ത്രീ ശാക്തീകരണം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കേരളത്തില്‍ സി.പി. എം. നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടിട്ടുണ്ട്. അതിനൊപ്പം ക്ഷേമ പെന്‍ഷന്‍കാരെയും സംഘടിപ്പിക്കുവാനുള്ള ശ്രമത്തിലാണു പാര്‍ട്ടി ഇപ്പോള്‍. പക്ഷേ, വയനാട് പൂക്കോട് വെറ്ററിനറി  സര്‍വകലാശാലാ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവും അതിലേക്കു നയിച്ച കൊടിയ പീഡനങ്ങളും വനിതകളില്‍ വലിയൊരു വിഭാഗത്തെ പാര്‍ട്ടിക്ക് എതിരാക്കി. സാംസ്‌കാരിക പ്രവര്‍ത്തകര്‍ പലരും മൗനം പാലിച്ചപ്പോഴും സ്ത്രീകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായി പ്രതികരിച്ചു. ഇത്രയധികം വനിതകള്‍ ഭരണകക്ഷി വിദ്യാര്‍ഥി വിഭാഗത്തിനെതിരെ പരസ്യമായി പ്രതികരിച്ച മറ്റൊരു സംഭവം സമീപകാലത്ത് ഉണ്ടായിട്ടില്ല. വീട്ടമ്മമാരും അധ്യാപികമാരും സാധാരണക്കാരായ എഴുത്തുകാരികളും സംസ്ഥാന സര്‍ക്കാരില്‍ അല്ലാതെ  ജോലി നോക്കുന്നവരും അതിരൂക്ഷമായാണ് പ്രതികരിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ ,തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നു വ്യാഖ്യാനം ഉണ്ടായെങ്കിലും പ്രതിഷേധം തെല്ലൊന്നു ശമിച്ചിരുന്നു.എന്നാല്‍ ഫയല്‍ കേന്ദ്രത്തിനു കൈമാറാന്‍ വൈകിയതോടെ വീണ്ടും പ്രതിഷേധം തിളച്ചു.ഹൈക്കോടതി ഇടപെടലും തുടര്‍ന്ന് ഒട്ടും താമസിയാതെ കേസ് സി.ബി.ഐ. ഏറ്റെടുത്തതും ഭരണപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

ഇതിനിടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയില്‍ ആയിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പി.ബി.അനിതയോട് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് വിവാദമായത്. കോടതി ഉത്തരവുണ്ടായിട്ടും അനിതയെ ജോലിയില്‍ പ്രവേശിപ്പിക്കാത്ത നടപടി പരക്കെ ചോദ്യം ചെയ്യപ്പെടുകയാണ്. മുന്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ ആരോഗ്യ മന്ത്രിയുടെ സമീപനത്തെ പ്രമുഖ പത്രങ്ങളെല്ലാം ചോദ്യം ചെയ്തു കഴിഞ്ഞു. പ്രമുഖ മലയാളം പത്രങ്ങള്‍ മുഖപ്രസംഗം തന്നെ എഴുതി.അതിജീവിത തന്നെ നഴ്‌സിങ് ഓഫിസര്‍ക്ക് നീതി കിട്ടാന്‍ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്.

സ്ത്രീകള്‍ക്കൊപ്പമെന്നു കൊട്ടിഘോഷിച്ചിട്ട് ,വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗിക അധിക്രമ പരാതി ഉന്നയിച്ചപ്പോള്‍ നടപടിയെടുക്കാന്‍ വൈകിയ കേന്ദ്ര സര്‍ക്കാറിന്റെ തനിപ്പകര്‍പ്പായി സംസ്ഥാന ഭരണകൂടവും.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പോലും കുറ്റാരോപിതന്‍ ഏതു പാര്‍ട്ടിക്കാരന്‍ എന്നു നോക്കി നടപടി സ്വീകരിക്കുന്ന രീതി വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.
ഗുസ്തി താരങ്ങളുടെ കാര്യത്തില്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ പറഞ്ഞ വാക്കുകള്‍ സംസ്ഥാന ആരോഗ്യമന്ത്രിയെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു .' കായിക താരമെന്ന നിലയിലും സ്ത്രീ എന്ന നിലയിലും സംഭവം എന്നെ വിഷമിപ്പിച്ചു. '
സിദ്ധാര്‍ഥന്റെ കാര്യത്തില്‍ അമ്മ മനസ്സുകള്‍ ആണ് വേദനിച്ചതും പ്രതികരിച്ചതും. അനിതയോടുള്ള അനീതിയില്‍ സ്ത്രീകള്‍ ആകെയാണ് ആശങ്കപ്പെടുന്നത് .സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പോലും സ്വന്തക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാറിനെതിരായി പ്രതികരിക്കാനുള്ള അവസരമായി കേരളത്തിലെ സ്ത്രീകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കാണുമെന്ന ആശങ്ക സി പി എമ്മില്‍ പലര്‍ക്കുമുണ്ട്. അതവര്‍ തുറന്നു പറയുന്നില്ല എന്നു മാത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക