Image

ആടുജീവിതം കണ്ടിട്ട് എഴുതുന്നു : പി. സീമ

Published on 07 April, 2024
ആടുജീവിതം കണ്ടിട്ട് എഴുതുന്നു : പി. സീമ

ആടുജീവിതം കണ്ടു.

നോവലിൽ നിന്നും വെള്ളിത്തിരയിലെ ആടുജീവിതത്തിലേക്കുള്ള യാത്രയ്ക്കു പിന്നിൽ, അതിജീവനത്തിന്റെ കനൽ പാതകൾ താണ്ടുന്ന നജീബിന്റെ വികാര വിചാരങ്ങൾ അതേ പോലെ തന്നെ ചുട്ടു പൊള്ളുന്ന ദൃശ്യങ്ങളിലൂടെ പകർന്നു നൽകാൻ പൃഥിരാജിന്റെ   അഭിനയമികവിന് സാധിച്ചിട്ടുണ്ട്. ചില കഥാപാത്രങ്ങൾ ചിലർക്കായി മാത്രം സൃഷ്ടിക്കപ്പെട്ടതായി ഉണ്ട് . ഇത് അത്തരത്തിൽ ഒന്നാണ്. ശരീരവും മുഖവും ഒക്കെ നജീബ് എന്ന കഥാപാത്രത്തിലേക്കു പ്രവേശിക്കാൻ അനുയോജ്യമാക്കി മാറ്റാൻ  ആ നടൻ സഹിച്ച ത്യാഗം അഭിനന്ദനാർഹം തന്നെ.

ഈ സിനിമയിൽ മനസ്സിന് അല്പമെങ്കിലും കുളിർമ്മ പകരാനുള്ള സന്ദർഭങ്ങൾ സംവിധായകൻ  ഒട്ടും പാഴാക്കിയിട്ടില്ല എന്നതിന് തെളിവാണ് "നിന്നെ കിനാവ് കാണും മിഴിയാകെ"   എന്ന അതി മനോഹര ഗാനത്തിന്റെ ദൃശ്യാവിഷ്കാരം. നെറ്റിയിൽ അടിയേറ്റ് മരുപ്പരപ്പിൽ  വീണു കിടന്ന നജീബിന്റെ അരികിലൂടെ അറബി വിലയ്ക്ക് വാങ്ങിയ കുടി വെള്ളത്തിൽ നിന്നു അബദ്ധവശാൽ പാഴായി പോയ അല്പം ചാലിട്ട് ഒഴുകിയപ്പോൾ  ആ ജലമർമ്മരം മറ്റൊരു പുഴയുടെയും, നജീബും സൈനുവും ഒരുമിച്ച് ദാഹം തീരാത്ത സ്‌മൃതികളുടെയും പച്ചപ്പണിഞ്ഞ അവരുടെ മധുവിധു നാളുകളുടെ ജലശയ്യയിലേക്കും നമ്മെ കൂട്ടി കൊണ്ടു പോകുന്നു.

ഉള്ളിൽ തട്ടുന്ന പശ്ചാത്തലസംഗീതം, ഫോട്ടോഗ്രഫി, വീശിയടിച്ചു മേഘം പോലെ ഉരുണ്ടു കൂടി വരുന്ന  പൊടിക്കാറ്റ്  ഇവയെല്ലാം കാഴ്ചയിലെ ആദ്യാനുഭവം ആയിരുന്നു. ഉണങ്ങാത്ത മുറിവായ്‌, സ്വസ്ഥത തരാത്ത അശാന്തിയായി ഹക്കീമും, നജീബും മനസ്സിൽ വിതുമ്പുന്നു.  

അവസാന രംഗങ്ങൾ ആവശ്യത്തിലേറെ ഇഴഞ്ഞു നീങ്ങി എന്ന് തോന്നിച്ചു എങ്കിലും ഒരു മരുഭൂമിയിൽ ചുട്ടു പൊള്ളുന്ന തീക്കാറ്റിൽ അവിടെ മറ്റൊന്ന് കൊണ്ടും നിറയ്ക്കാൻ ആകില്ലല്ലോ.

അന്തർദേശീയ തലത്തിൽ എന്ത് കൊണ്ടും ശ്രദ്ധിക്കപ്പെടാൻ സാധ്യത ഉള്ള ചിത്രം,.ഗദ്ഗദത്തിൽ മുങ്ങിപ്പോകുന്ന കഥാപാത്രങ്ങളുടെ ശബ്ദം ഇടയ്ക്കിടെ അവ്യക്തമെങ്കിലും നമുക്കവ പൂരിപ്പിക്കാനാവും. കാരണം ആ നോവലിലെ ഓരോ ഏടിലും നജീബിന്റെ യഥാർത്ഥ ജീവിതം തുടിച്ചു നിൽക്കുന്നുണ്ടല്ലോ. അതിനെ വെള്ളിത്തിരയിൽ എത്തിക്കാൻ വേണ്ടി  അണിയറയിൽ അവർ സഹിച്ച യാതനകളും, ബദ്ധപ്പാടുകളും അത്രമേൽ തന്നെ തീവ്രമായിരുന്നു എന്ന് നിസ്സംശയം പറയാം.

രണ്ടരമണിക്കൂറുകൾ വ്യഥ കൊള്ളുന്നതെങ്ങിനെ എന്ന് ചിന്തിക്കുന്നവർ കാണാൻ മടിച്ചിട്ടൊ എന്തോ തിരക്ക് കുറവായിരുന്നു. സിനിമയായല്ല ഒരു മനുഷ്യൻ ഒരായുസ്സു മുഴുവൻ ഓർമ്മിച്ചിരിക്കും വിധം നമ്മളിലേക്ക് ആഴ്ന്നിറങ്ങുന്നു ഇതിലെ പല രംഗങ്ങളും.  

വെറും കെട്ടുകഥ മാത്രം അല്ലാത്ത ഒരു പച്ച ജീവിതം.. സിനിമയിലൂടെ കണ്ടറിയേണ്ടവ നേരത്തെ പറഞ്ഞു കൂടല്ലോ. ഇങ്ങനെയും ഉണ്ട് മനുഷ്യജീവിതം എന്ന് ഒരു നടുക്കത്തോടെ മാത്രമേ കണ്ടിരിക്കാൻ സാധിക്കു.

Join WhatsApp News
Jayan varghese 2024-04-09 16:16:09
ഒരാട് ആട് ആട്. കേട്ട് കേട്ട് മടുത്തു. ഒരു സിനിമയല്ലേ ഇത് ? അല്ലാതെ യുക്രയിൻ / ഗാസ യുദ്ധ മുറിവുകൾക്കുള്ള ഔഷധ തൈലമല്ലല്ലോ ? ആവശ്യമുള്ളവർക്ക് മൂന്ന് മണിക്കൂർ കമ്മൽ കളയാതെ കണ്ടു രസിക്കാം. പച്ചയായ മനുഷ്യ ജീവിതത്തിന്റെ നിറഭേദങ്ങൾ കണ്ടിട്ടില്ലാത്തവർക്കും അനുഭവിച്ചിട്ടില്ലാത്തവർക്കും ഇത് വലിയ കാര്യമായിരിക്കാം. ആയിക്കോട്ടെ. സ്വന്തം അമ്മയുടെ ശവം മറവു ചെയ്യാൻ സ്ഥലമില്ലാതെ അടുക്കള കുഴിക്കേണ്ടി വന്നവന് ഇത് അത്ര വലിയ കാര്യമല്ല. എങ്കിലും അവനും കൂടി വാരിയെറിഞ്ഞ നാണയങ്ങളുടെ കൂമ്പാരം നൂറു കോടിയും കഴിഞ്ഞുയർന്നുവല്ലോ ? അത് പോരെ ബന്ധപ്പെട്ടവർക്ക് അടിച്ചു പൊളിക്കുവാൻ ? പിറകേ ഈ സുഖിപ്പിക്കൽ തോറ്റങ്ങളും ഞങ്ങൾ കേൾക്കാം, പക്ഷെ അധികമാവരുത്. മുൻപ് പത്തിരുന്നൂറ്‌ കോടി വാരിക്കൂട്ടിയ പുലിമുരുകനെപ്പറ്റിയും ഇതൊക്കെ കേട്ടിരുന്നുവെങ്കിലും ആ ചിത്രം മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിൽ ഗുണപരമായ എന്ത്‌ പരിണാമത്തിനാണ് വഴി വച്ചതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നുമില്ല, ജയൻ വർഗീസ്.
Sudhir Panikkaveetil 2024-04-09 16:36:52
മനുഷ്യനിൽ (എല്ലാവരിലുമില്ല) അടിഞ്ഞുകൂടി കിടക്കുന്ന അടിമത്തമാണ് കുറച്ചുപേർ നല്ലത് എന്ന് പറയുന്നതിന്റെ കൂടെ കൂക്കി വിളിക്കുക എന്ന നട്ടെല്ലില്ലയ്മ. ആട് ജീവിതം അത്ര സാഹിത്യമൂല്യമുള്ള പുസ്തകമൊന്നമല്ല. അത് ഒരാളുടെ യഥാർത്ഥ കഥയായിപ്പോയി. അതുകൊണ്ട് അതിന്റെ പിറകിൽ നടക്കുന്നു സ്വന്തം അഭിപ്രായമില്ലാത്ത ഈ അടിമകൾ.ഇങ്ങനെ പറയാൻ എനിക്കെന്ത് യോഗ്യത എന്ന് മേല്പറഞ്ഞ അടിമകൾ ചോദിക്കും. അവരോട് സഹതാപം മാത്രം. ഈ അടിമകൾ കാരണം എത്രയോ നല്ല രചനകൾ, സൃഷ്ടികൾ നഷ്ടപ്പെട്ടുപോകുന്നു. അമേരിക്കയിലെ എഴുത്തുകാരെ അംഗീകരിക്കയില്ല നാട്ടിൽ നിന്നും ആളെ കൊണ്ട് വരും. കഷ്ടം. അടിമകളെ നിങ്ങൾ ഈ ലോകം നശിപ്പിക്കുന്നു കാരണം നിങ്ങൾക്ക് ഭൂരിപക്ഷമുണ്ട്. ശ്രീ ജയൻ വർഗീസിനോട് യോജിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക