Image

സ്വര്‍ണ്ണ പൂക്കള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ എങ്ങനെ ആഘോഷിക്കാതിരിക്കും (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 13 April, 2024
സ്വര്‍ണ്ണ പൂക്കള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ എങ്ങനെ ആഘോഷിക്കാതിരിക്കും (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

വിഷുക്കാലമായപ്പോഴേക്കും പൂക്കാതിരിക്കാനാവില്ല  എന്ന എന്നമട്ടില്‍  കൊന്നകളൊക്കെ ഇതാ സ്വര്‍ണത്തോരണങ്ങള്‍ തൂക്കിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങു  അമേരിക്കയില്‍ പോലും  സ്വര്‍ണ്ണ നിറത്തിലുള്ള  പൂക്കള്‍  വിരിഞ്ഞു വിഷുവിന്റെ വരവ്  വിളിച്ചറിയിക്കുന്നു. വിഷു  ആഘോഷങ്ങളില്‍, കുട്ടികാലത്തെ  വിഷുവിന്റെ അത്രയും മാധുര്യം പിന്നീട് അനുഭവിച്ചിട്ടില്ല. ബാല്യത്തിന്റെ  ഓര്‍മ്മത്താളുകളിലെ വിഷുവിനെന്നും പത്തരമാറ്റ് തിളക്കമാണ്, മനസ്സില്‍ ബാല്യകാലത്തിന്റെ ഗ്രഹതുരതയുടെ    ഒരായിരം ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസിന്റെ ചില്ലയിലേക്ക് നിറമുള്ള കുറെ ഓര്‍മ്മകളുമായി ഒരു വിഷുകാലം കൂടി
 വരവായി.

മനസ്സിന്റെ പുസ്തകതാളില്‍ ഒരു മയില്‍ പീലിപോലെ സൂക്ഷിച്ച് വെയ്ക്കാന്‍ കുറച്ചു മധുരമുള്ള ഓര്‍മ്മകള്‍ നമ്മുടെ ബാല്ല്യ കാലത്തു ഉണ്ടായിരുന്നു. സ്‌കൂള്‍ അടച്ചാല്‍ പിന്നെ അവധിക്കാലം,  കണ്ണാരം പോത്തിക്കളിച്ചും, മണ്ണപ്പം ചുട്ടതും, ഒറ്റ കാലില്‍ കിളിത്തട്ട് കളിച്ചും, കൂട്ടുകാരുമൊത്ത് വീടിന്റെ ഉമ്മറത്ത് പ്ലാവിലയില്‍ വിളമ്പി വയറുനിറച്ച് കഴിച്ചതും. മുറ്റത്തെ മാവിന്‍ ചുവട്ടില്‍ മാങ്ങകള്‍  ഓരോന്നായി എറിഞ്ഞു വീഴ്ത്തിയും  നടന്ന  കാലം. ഈ  അവധിക്കാലത്തു തന്നെയാണ് വിഷുവും എത്തുന്നത്.

കണ്‍നിറയെ  കാണാന്‍ സ്വര്‍ണ്ണനിറത്തില്‍  പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്‌നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി. മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്റെ സമൃദ്ധിയും, കൃഷിയിറക്കിന്റെ പ്രതീക്ഷയും ഒരുപോലെ നിറയുന്ന  ഉത്സവമാണ് വിഷു.  ഐശ്വര്യത്തിന്റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു. വസന്തകാലത്തിന്റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം.  വസന്തത്തിന്റെ വരവിനെയാണ് അക്കാലത്ത് നവവത്സരത്തിന്റെ തുടക്കമായികണക്കാക്കി വിഷു  ആഘോഷിച്ചു പോന്നിരുന്നത്.

പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഇന്നും  ധാരാളമുണ്ട്. വിഷുവിന് നല്ല കാഴ്ച ആദ്യം കണ്ടാല്‍ അല്ലെങ്കില്‍  വിഷുക്കണി കണ്ടുണരുമ്പോള്‍, ആ  വര്‍ഷത്തില്‍ എല്ലാ നന്മകളും ഉണ്ടാകും എന്നാണ് വിശ്വാസം.  നല്ല നാളെയെക്കുറിച്ചുള്ള പ്രതിക്ഷകളാണ്  ഓരോ വിഷുവും നമുക്ക്  സമ്മാനിക്കുന്നത്.

തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, പൊന്‍നിറമുള്ള കണി വെള്ളരി, ഇരട്ടക്കര മുണ്ട്,  വാല്‍കണ്ണാടി, വാല്‍കണ്ണാടിയുടെ കഴുത്തില്‍ പൊന്‍മാല, പാദത്തില്‍ കൊന്നപ്പൂങ്കുല, കുങ്കുമച്ചെപ്പ്, കണ്‍മഷിക്കൂട്, പൊതിച്ച നാളികേരം, പഴം, താമ്പൂലം, വെള്ളിനാണയങ്ങള്‍, കൊളുത്തിവച്ച നിലവിളക്ക്, ചക്ക, മാങ്ങാ തുടങ്ങിയ വീട്ടുവളപ്പില്‍ വിളഞ്ഞ ഫലവര്‍ഗങ്ങള്‍, കൃഷ്ണ വിഗ്രഹം  എന്നിവ ഒത്തു ചേരുന്നതാണ് വിഷുക്കണി. അപ്രിയമായതൊന്നും കണ്ണില്‍ പെടാതിരിക്കാനായി വഴിയിലെങ്ങും കണ്ണു തുറക്കാതെയാണ് കണികാണാന്‍ വരിക. കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ വിഷുക്കൈനീട്ടം.കുടുംബത്തിലെ കാരണവര്‍ വിഷുക്കണിക്കു ശേഷം നല്‍കുന്നതാണ് വിഷുക്കൈനീട്ടം. 

വിഷു കുട്ടികളുടെ ആഘോഷമാണെന്ന് കൂടി പറയാം.
അവര്‍ അക്ഷമരായി കാത്തു നില്‍ക്കുന്നത് വിഷുക്കൈനീട്ടത്തിന് വേണ്ടിയാണ്. അപ്പൂപ്പന്‍ അല്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന പുരുഷ അംഗം കൈനീട്ടം നല്‍കുന്നു. കുട്ടികള്‍ക്കും തന്നേക്കാള്‍ പ്രായം കുറഞ്ഞ എല്ലാവര്‍ക്കും കൈനീട്ടം ലഭിക്കും. കുട്ടികാലത്തു വര്‍ഷത്തില്‍ ഒരിക്കല്‍  സമ്പന്നനാവുന്ന   ഒരു ദിവസം കൂടിയാണ് വിഷു.

 കുട്ടികള്‍ക്ക് അന്ന് മുതിര്‍ന്നവര്‍ എല്ലാം ക്കൈനീട്ടം തരുന്നത് ഒരു പതിവായിരുന്നു. വിഷുവിന് നല്ല  ക്കൈനീട്ടം ലഭിച്ചാല്‍ ആ വര്‍ഷം നല്ലതായിത്തീരും  എന്നായിരുന്നു വിശാസം. കൈനീട്ടം ലഭിക്കുന്നവര്‍ക്കെല്ലാം  ഐശ്വര്യം ഉണ്ടാകുകയും  നല്‍കുന്നവര്‍ക്ക് ഐശ്വര്യം വര്‍ധിച്ച്  ഇനിയും നല്‍കാനാകുമെന്നുമാണ് വിശ്വാസം. വിശ്വാസം എന്ത് തന്നെയായിരുന്നാലും അവധികാലത്തു മൂവി കാണുന്നതിനും മറ്റുമുള്ള തുക കിട്ടുമായിരുന്നു. ഇന്നത്തെ കുട്ടികളെ പോലെ അന്ന് വലിയ പോക്കറ്റ് മണിയൊന്നും കുട്ടികള്‍ക്ക് കിട്ടുമായിരുന്നില്ല. അതുകൊണ്ടു തന്നെ വിഷുവിന് വേണ്ടി ഞങ്ങള്‍ കാത്തുയിരിക്കുമായിരുന്നു.

 കാലങ്ങള്‍ കടന്ന് പോയി, അമേരിക്കയില്‍ എത്തിയിട്ടും  നാട്ടില്‍ നാം ഒരുക്കുന്ന വിഷു കണിയെക്കാള്‍  കേമമായിത്തന്നെ  സഹധര്‍മ്മിണി  വിഷു ഒരുക്കുന്നത് പതിവായിരുന്നു. നാട്ടിലെ ഓരോ ആഘോഷങ്ങളും അതിന്റെ മനോഹാരിതയോടു ആഘോഷിക്കുന്നതിന് ഞങ്ങള്‍ സമയം കണ്ടെത്തിയിരുന്നു.  പക്ഷേ കുട്ടിക്കാലത്തെ പോലെ ഒരു സന്തോഷം പിന്നീട്  വിഷുവിനു അനുഭവിച്ചിട്ടില്ല. കുട്ടിയല്ലാത്തത് കൊണ്ട് ഞാന്‍ എല്ലാവര്‍ക്കും കൈ നീട്ടം  കൊടുക്കുറുമുണ്ട് . പക്ഷേ പണ്ട് കുട്ടിക്കാലത്തു വാങ്ങിയിരുന്ന കൈ നീട്ടത്തിന്റെ അത്രയും സന്തോഷം പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല.

 നാട്ടിലെക്കെ വിഭവസമൃദ്ധമായ സദ്യ ഉച്ച ഊണിന്  ഉണ്ടാകും. പക്ഷേ അമേരിക്കയില്‍ മിക്കവാറും വിഷു  ജോലി ദിവസങ്ങില്‍ ആയിരിക്കും. അങ്ങനെയുള്ള ദിവസങ്ങളില്‍ സഹധര്‍മ്മിണി  ജോലി കഴിഞ്ഞു വന്നതിന്  ശേഷം സദ്യയുണ്ടാക്കി ഞങ്ങള്‍ക്കു തന്നെ ശേഷമേ ഉറങ്ങുമായിരുന്നുള്ളു. ഓരോ ആഘോഷങ്ങളും ഓരോ സന്തോഷങ്ങള്‍ ആയിരുന്നു.

മനസ്സിന് സന്തോഷം തരുന്ന ഒരുപാട് കൊച്ചു കൊച്ചു ഓര്‍മ്മകളെ അയവിറക്കിയാണ് നാം ഓരോരുത്തരും  ഓരോ ആഘോഷങ്ങള്‍ ഓര്‍ത്തുടുക്കുക.  ഇന്ന് വിഷു ആഘോഷിക്കാന്‍ ആരുമില്ലെങ്കില്‍കൂടി  ഓര്‍മ്മകളില്‍ ഈ  ആഘോഷങ്ങള്‍ക്ക്   പത്തരമറ്റ്  തിളക്കമാണ് .   ഇന്ന്  വിഷു ഒരേസമയം സന്തോഷവും ദുഖവും സമ്മാനിക്കുന്നു, ആഘോഷിക്കാന്‍ ആരുമില്ല എന്ന് ദുഖിക്കുബോഴും  ഓര്‍മകളിലെ വിഷു  സുഗന്ധം പരത്തി മനസ്സില്‍ ഒരു വേലിയേറ്റം തന്നെ സൃഷ്ടിക്കുന്നു.

വിഷുക്കണി സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓര്‍മക്കാഴ്ച തന്നെയാണെന്ന് പറയാം.
മരിക്കാത്ത ഓര്‍മ്മകളുടെ മാസ്മരികമായ നിര്‍വൃതിയില്‍ കഴിഞ്ഞു പോയ ഓരോ വിഷുവും  ഓരോ ഓര്‍മ്മകള്‍ ആണ്. കാലത്തിന്റെ സൂചികള്‍ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി നമ്മുടെ  കരങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോവുകയാണ്.

ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ പുതിയ പുതിയ  സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. അനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. പൊന്നും, പൂവും കൊണ്ട് പ്രകൃതിയെഴുതുന്ന മധുര ഗീതം പോലെ  ഓരോ കൊന്നയും വര്‍ഷം തോറും പൂക്കുന്നു.

കൊന്നയ്ക്കു പൂക്കാതിരിക്കാനാവാത്തതുപോലെ, സ്വര്‍ണ്ണ പൂക്കള്‍  നിറയെ പൂത്തുലഞ്ഞു നില്‍ക്കുബോള്‍ നമുക്ക്  എങ്ങനെ ഒരു വിഷു ആശംസയെങ്കിലും പറയാതിരിക്കാന്‍ ആകുമോ ?

അതായിരിക്കാം കവി പാടിയത്.*

*' എനിക്കാവതില്ലേ* *പൂക്കാതിരിക്കാന്‍*
*കണിക്കൊന്നയല്ലേ* *വിഷുക്കാലമല്ലേ'

ഹൃദയത്തിന്റെ ഭാഷയില്‍  എല്ലാവര്‍ക്കും  ഐശ്വര്യവും സമാധാനവും സമൃദ്ധിയും  ഉണ്ടാകാന്‍  വിഷു ആശംസകള്‍ നേരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക