Image

ഹോളണ്ടിലെ കാറ്റാടിമില്ലുകള്‍  (വാല്‍ക്കണ്ണാടിയിലിന്ന് - 2 -കോരസണ്‍)

കോരസണ്‍ Published on 13 April, 2024
ഹോളണ്ടിലെ കാറ്റാടിമില്ലുകള്‍  (വാല്‍ക്കണ്ണാടിയിലിന്ന് - 2 -കോരസണ്‍)

ചെറുപ്പം മുതല്‍ ആനകള്‍, വിമാനങ്ങള്‍, കപ്പല്‍ അങ്ങനെ വലിപ്പംകൂടിയ ചലനാത്മകമായ സംഭവങ്ങള്‍ ഒക്കെ വിസ്മയമായിരുന്നു. ഹോളണ്ടിലെ കൂറ്റന്‍ കാറ്റാടിമില്ലുകളുടെ പടങ്ങള്‍ എത്രകണ്ടാലും മടുക്കാതെ മനസ്സില്‍ തങ്ങിനില്‍ക്കാറുണ്ടായിരുന്നു. അവയെ നേരില്‍ കാണുന്നത് സ്വപ്നം യാഥാര്‍ത്ഥ്യമാവുകയായി.  

കടുത്ത കാറ്റും തണുത്ത മഴയും നിറഞ്ഞ ദിവസം. മുന്‍ നിശ്ചയിച്ചപോലെത്തന്നെ അതിരാവിലെ ഡ്രൈവര്‍ റിക്കാര്‍ഡോ വാഹനവുമായി എത്തി. ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഹയാത് പ്ലേസ് ഹോട്ടലിലേക്കുള്ള ഷട്ടില്‍ ബസ് ഡ്രൈവറാണ് റിക്കാര്‍ഡോ. ഹോട്ടലിലേക്കുള്ള യാത്രയില്‍ മറ്റാരും ഇല്ലാതിരുന്നതുകൊണ്ടു അയാളുമായി അല്‍പ്പം പരിചയപ്പെടാനായി. അയാള്‍ക്ക് സ്വന്തമായി ഒരു പ്ലംബിങ് കമ്പനി, ബസ് കമ്പനി ഒക്കെയുണ്ട്. ഇനിയും മോട്ടോര്‍ ബോട്ടുകളുടെ ഒരു കമ്പനികൂടി പ്ലാനില്‍ ഉണ്ടത്രേ. സമയമുള്ളപ്പോള്‍ പബ്ലിക് ബസ് ഓടിക്കാനും പോകും. എന്തായാലും ഡച്ചുകാരന്‍ റിക്കാര്‍ഡോ എന്തിനും ഒരു സുഹൃത്തിനെപ്പോലെ ഒപ്പം ഉള്ളത് ആശ്വാസമായി. 

മഴയില്‍ കുതിര്‍ന്ന പ്രഭാതം, ഞായറാഴ്ച്ച ആയതുകൊണ്ട് വഴികള്‍ കൂടുതലും വിജനമായിത്തോന്നി. ഞങ്ങള്‍ കാറ്റാടിമില്ലുകള്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചു. വെടിപ്പോടെ സൂക്ഷിക്കുന്ന പാതകള്‍ അവക്കുഇരുവശങ്ങളിലും ശ്രദ്ധയോടെ പരിപാലിക്കുന്ന പൂക്കളുടെ കൃഷിയിടങ്ങള്‍, പുതിയ രീതിയിലുള്ള വെളുത്തു മെല്ലിച്ചു ഭീമാകാരമായ കാറ്റാടിയന്ത്രങ്ങള്‍ അങ്ങോളം ഇങ്ങോളം കാണാം. പോകുന്ന വഴിയിലാണ് ഹോളണ്ടിലെ മറ്റൊരു കൗതുകമായി അറിയപ്പെടുന്ന ടുലിപ് ഫെസ്റ്റിവല്‍ നടക്കുന്നത്. അവിടേക്കു ആളുകളെ കൊണ്ടുപോകുന്ന പൂക്കള്‍ അലങ്കരിച്ച ബസുകള്‍ നീങ്ങുന്നുണ്ടായിരുന്നു. അങ്ങനെ ആദ്യ സ്റ്റോപ്പ് ട്യൂലിപ് ഫെസ്റ്റിവല്‍ ആകട്ടെ എന്ന് തീരുമാനിച്ചു. 

റോഡിനിരുവശവും മൈലുകള്‍ കണക്കെ പൂക്കളുടെ കൃഷിപ്പാടം, മഞ്ഞ സാരികള്‍ വീശിയിട്ടപോലെ മഞ്ഞപ്പൂക്കള്‍, പിന്നെ വിവിധ നിറത്തിലുള്ള ട്യൂലിപ്പുകള്‍, തണുപ്പിലും കാറ്റിലും ചെറിയ ചൂടും അധികം തളംകെട്ടിനില്‍ക്കാതെ നിരന്തരം പരിരക്ഷിച്ചുകൊണ്ടിരിക്കുന്നു. വര്‍ഷത്തില്‍ ചില ആഴ്ചകള്‍ മാത്രം നടക്കുന്ന ഈ ഫ്ളവര്‍ ഫെസ്റ്റിവല്‍ കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകള്‍ കൂട്ടമായി എത്തിച്ചേരാറുണ്ട്.  

കണ്ണുകളെ അതിശയിപ്പിക്കുന്ന വിവിധ വര്‍ണ്ണങ്ങളുള്ള പൂക്കളുടെ ഒരു സ്വര്‍ഗ്ഗരാജ്യം. പൂക്കള്‍ നിറഞ്ഞ സ്വര്‍ഗ്ഗത്തെ ഒരിക്കല്‍ സ്വപ്നം കാണാന്‍ ശ്രമിച്ചതിലും മുകളിലാണ് മുന്നിലെ യാഥാര്‍ഥ്യം എന്ന് തിരിച്ചറിഞ്ഞു. മഴയിലും കാറ്റിലും അതിരാവിലെ തന്നെ ആളുകള്‍ വന്നുതുടങ്ങിയിരുന്നു. ചൂളന്‍അടിച്ചു പോകുന്ന കാറ്റിന്റെ ചിലമ്പലിനു ഒരു സുനാമിത്തിരമാല അടിച്ചുഉയരുന്നപോലെ ഭയാനകരമായ ആവേശം.ഹോളണ്ടിലെ നനവുള്ള പൂക്കള്‍ക്കു ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നോവുള്ള കഥകള്‍ പറയണമെന്നുണ്ടെന്നു തോന്നി.  

 

എഡി 1200-ല്‍ തന്നെ ഡച്ചുകാര്‍ കാറ്റാടി യന്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. പതിനാറാം നൂറ്റാണ്ടില്‍ സാന്‍ നദിക്കരയില്‍ പണിതുയര്‍ത്തിയ നൂറുകണക്കത്തിനു കാറ്റാടിമില്ലുകള്‍ ഹോളണ്ടിന്റെ ചരിത്രത്തില്‍ ഒട്ടേറെ കഥകള്‍ സമ്മാനിച്ചിട്ടുണ്ട്. ഹോളണ്ടിലെ കാറ്റാടിയന്ത്രങ്ങള്‍ക്ക് വ്യത്യസ്ത ഉദ്ദേശ്യങ്ങളുണ്ടായിരുന്നു; ചണ, ധാന്യം മുതല്‍ എണ്ണ, പെയിന്റ്, മരം വരെ എല്ലാം പ്രോസസ്സ് ചെയ്യാനും മിക്‌സ് ചെയ്യാനും പൊടിക്കാനും മുറിക്കാനും ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ അവര്‍ കാറ്റും വെള്ളവും ഉപയോഗിച്ചു.  പ്രധാനമായും കൃഷിയിടങ്ങളില്‍ ഉള്ള താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുകയും പിന്നീട് തീരങ്ങള്‍ക്കപ്പുറത്തുള്ള നദികളിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്ന ഇറിഗേഷന്‍ പ്രവര്‍ത്തനം ആണ് ഈ കാറ്റാടിമില്ലുകള്‍ ഉപയോഗപ്പെടുത്തിയത്. ഡച്ചുകാര്‍ക്ക് അവ സ്വാതന്ത്ര്യത്തിന്റെയും പിതൃരാജ്യത്തോടുള്ള വിശ്വസ്തതയുടെയും അഭിമാനത്തിന്റെയും പ്രതീകമാണ്. ഡച്ചു വിന്‍ഡ്മില്ലുകള്‍ നിറഞ്ഞ നദീതടങ്ങളുടെ നിറമുള്ള കലണ്ടറുകള്‍ അലങ്കരിച്ച മുറികള്‍ നമ്മുടെ പഴയ വീടുകളില്‍ തൂങ്ങിക്കിടന്നു ഓര്‍ത്തു. 

130 അടിയില്‍ (40 മീറ്റര്‍) ഉയരമുള്ള ഷീദാമിലെ കാറ്റാടി മില്ലുകള്‍ ജിന്‍ ഉല്‍പാദനത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. കാറില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ മഴ ചാറിത്തുടങ്ങി. കൈയ്യിലുള്ള കുട കാറ്റിന്റെ കടുപ്പത്തില്‍ പിടിച്ചുനില്‍ക്കാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു. നദിക്കരികില്‍ കൂറ്റന്‍ മണല്‍ത്തിട്ടകള്‍, ചെറിയ തടിപ്പാലങ്ങള്‍ അവക്കുമീതെ  നടക്കുമ്പോള്‍ ശക്തമായ കാറ്റില്‍ കാലുകള്‍ പറന്നുപോകാതെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. മഴക്കിടയില്‍ ഐസ് ചരലുകളും വീഴാന്‍തുടങ്ങി. നോക്കെത്താത്ത ദൂരത്തെ വയലുകളും അവക്കു തലങ്ങും വിലങ്ങുമായി വലയം വെക്കുന്ന ചെറുതോടുകളും കൈവഴികളും എന്റെ കുട്ടനാടന്‍ ഓര്‍മ്മകള്‍ ഓടിവന്നു. നെതര്‍ലാന്‍ഡിന്റെ മൂന്നിലൊന്ന് സമുദ്രനിരപ്പിന് താഴെയാണ്, ഏറ്റവും താഴ്ന്ന സ്ഥലം സമുദ്രനിരപ്പില്‍ നിന്ന് 22 അടി (6.7 മീറ്റര്‍) താഴെയാണ്. കടലിനും താഴെ വിസ്മയം സൃഷ്ട്ടിച്ച, പ്രകൃതിയെ അതിജീവിച്ചു മുന്നേറിയ ഒരു ജനതതി. 

കാറ്റാടിയന്ത്രങ്ങള്‍, ഭ്രമണം ചെയ്യുന്ന അവയുടെ ചിറകുകളിലൂടെയുള്ള ചലനത്തെ പിടികൂടി കാറ്റിന്റെ ഊര്‍ജ്ജം ഭ്രമണ ഊര്‍ജ്ജത്തിലേക്ക് മാറ്റുന്നു. ഈ ചലനം പിന്നീട് എല്ലാത്തരം ജോലികള്‍ക്കും ഉപയോഗിക്കുന്നു, വെള്ളം പമ്പ് ചെയ്യുന്നതിനും ധാന്യം പൊടിക്കുന്നതിനും, വൈദ്യുതി സൃഷ്ടിക്കുന്നതിനും. തുടക്കത്തില്‍ കാറ്റാടി യന്ത്രങ്ങള്‍ പാഡില്‍ വീല്‍ ഉപയോഗിച്ച് വെള്ളം ഉയര്‍ത്തി. പക്ഷേ കാര്യക്ഷമമല്ലാത്തതിനാല്‍ ഏകദേശം 1.5 മീറ്റര്‍ മാത്രമേ വെള്ളം ഉയര്‍ത്താനാകൂ. ആര്‍ക്കിമിഡിയന്‍ സ്‌ക്രൂ ഒരു കാറ്റാടിയന്ത്രത്തില്‍ ഘടിപ്പിച്ച് വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിക്കാമെന്ന ആശയം ഒരാള്‍ക്ക് ലഭിച്ചു. ഫലം അതിശയകരമായിരുന്നു, വെള്ളം ഉയര്‍ന്നതും വേഗത്തിലും പമ്പ് ചെയ്യാന്‍ കഴിയും. വെള്ളപ്പൊക്കം തടയുന്നതിനായി തടാകങ്ങളില്‍ നിന്ന് വെള്ളം ഒഴുകുന്നത് തടയുന്നതിനുള്ള ഒരു മാര്‍ഗമായി ഡച്ചുകാര്‍ അവരുടെ ഗ്രാമപ്രദേശങ്ങളില്‍ കാറ്റാടി മില്ലുകള്‍ നിര്‍മ്മിച്ചത് എട്ടാം നൂറ്റാണ്ടിലാണ്.

1854-ല്‍ ഡാനിയല്‍ ഹല്ലാഡേ കണ്ടുപിടിച്ച 'അമേരിക്കന്‍ വിന്‍ഡ്മില്‍' അല്ലെങ്കില്‍ 'കാറ്റ് എഞ്ചിന്‍' കിണറുകളില്‍ നിന്ന് വെള്ളം ഉയര്‍ത്താന്‍ ഉപയോഗിച്ചിരുന്നു.പുതിയ കാറ്റാടിയെന്ത്രങ്ങള്‍, അവക്ക് ചെറിയ കാറ്റ് പോലും മതി, ബ്ലേഡുകള്‍ കറങ്ങുന്നു, ഗതികോര്‍ജ്ജം സൃഷ്ടിക്കുന്നു. ഈ രീതിയില്‍ ഭ്രമണം ചെയ്യുന്ന ബ്ലേഡുകള്‍ നാസിലിലെ ഷാഫ്റ്റിനെ തിരിയുകയും നാസിലിലെ ഒരു ജനറേറ്റര്‍ ഈ ഗതികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുകയും ചെയ്യുന്നു.

കാറ്റാടിയന്ത്രത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഒരു വിന്‍ഡ്മില്ലിന്റെ മുകളില്‍ കയറി. അവയുടെ  പ്രവര്‍ത്തനങ്ങള്‍ വിശദമായി അവിടെ എഴുതിവച്ചിരിക്കുന്നു. മുകളിലെ കൈവരിയില്‍നിന്നു ചുറ്റുമുള്ള വിശാല വയലുകള്‍ നോക്കി. വെള്ളത്തെപോലും തങ്ങളുടെ വരുതിയില്‍ ഒതുക്കിനിറുത്തിയ അവരുടെ അപാരമായ കഴിവ് അത്ഭുതാവഹം. താഴെ തിരിച്ചെത്തിയപ്പോള്‍ വീണ്ടും വെളിയില്‍ കാറ്റും മഴയും കനത്തു. എന്തായാലും അല്പസമയംകൂടി അവിടെ നില്‍ക്കാം എന്നുകരുതി. ഒരു ചെറിയ കടയില്‍ കാപ്പിയും ചെറുപലഹാരങ്ങളും വച്ചിരിക്കുന്നു. ഒരു ചൂട് ചോക്കലേറ്റു കോഫി ഓര്‍ഡര്‍ ചെയ്തു. റം-കോഫി ആയാലോ എന്ന കടക്കാരിയുടെ ചോദ്യത്തിനു 'എസ്' എന്ന് ഉത്തരം മൂളാതിരിക്കാനായില്ല. അതുമായി കാറ്റും മഴയിലേക്കും വീണ്ടുമിറങ്ങി.

പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ്  ഇതിഹാസ നോവലായ മിഗ്വല്‍ ഡി സെര്‍വാന്റസിന്റ്‌റെ ഡോണ്‍ ക്വിക്‌സോട്ടിന്റെ ആംസ്റ്റര്‍ഡാമിലെ കാറ്റാടിയന്ത്രങ്ങള്‍ മനസ്സില്‍ ഓടിയെത്തി. ഒരേ രീതിയിലുള്ള  പുസ്തകങ്ങള്‍ വായിച്ചു പുസ്തകത്തിലെ കഥാപാത്രമായി ജീവിക്കുന്ന ഡോണ്‍ ക്വിക്‌സോട്ട് ഒരു നിമിഷം കാറ്റാടിയന്ത്രങ്ങള്‍ കണ്ടപ്പോള്‍ എതിര്‍ത്തു നില്‍ക്കുന്ന ഭിമാകാരമായ രാക്ഷസന്മാരായിക്കണ്ടു. നീതിക്കുവേണ്ടി പോരാടാന്‍ ആ രാക്ഷരോടു നേരിട്ടു യുദ്ധം ചെയ്യാന്‍ ഡോണ്‍ തയ്യാറായി.  കാറ്റാടിയന്ത്രങ്ങളോട് യുദ്ധം ചെയ്യുന്ന പരിഹാസ കഥാപാത്രത്തിന്റെ കഥ, നികൃഷ്ടമായ ബുദ്ധിയെപ്പോലും ചിരിപ്പിക്കുന്ന ഒരു പ്രോക്‌സി ലോകത്ത് തന്റെ ഫാന്റസി ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ഒരു പഴയ കഥയാണത് . 'For neither good nor evil can last forever; and so it follows that as evil has lasted a long time, good must now be close at hand'. അങ്ങനെ കാറ്റാടിയന്ത്രങ്ങള്‍ എന്നേ മനസ്സില്‍ കുടിയിരുന്നു. അവക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ എവിടൊക്കെയോ അറിയാതെ ഡോണ്‍ ക്വിക്‌സോട്ടിനെ തിരഞ്ഞുകൊണ്ടിരുന്നു. ചില സ്വപ്നങ്ങള്‍ എങ്ങനെ യാഥാര്‍ഥ്യമാകുന്നു എന്ന് തിരിച്ചറിയാതെ കാറ്റാടിയന്ത്രങ്ങളോടു യാത്രപറഞ്ഞു.

കാറ്റിനും കടലിനും വഴങ്ങാത്ത ഡച്ചുകാരുടെ കഠിനമായ അദ്ധ്വാനവും നിശ്ചയദാര്‍ഢ്യവും സമൃദ്ധമായ  മനുഷ്യക്കൂട്ടത്തെ നൂറ്റാണ്ടുകളായി നിലനിര്‍ത്തുന്നു. കാലങ്ങളെ അതിജീവിച്ചു ഈ സുന്ദര യന്ത്രങ്ങള്‍ കഥകള്‍ കൈമാറി നില്‍ക്കുന്നു. കാറ്റ് അപ്പോഴും വീശിക്കൊണ്ടേയിരുന്നു.

Join WhatsApp News
Sudhir Panikkaveetil 2024-04-14 03:43:48
പ്രിയ ശ്രീ കോരസാൻറെ ഓരോ വരികളിലും ദൃശ്യ ചാരുത നിറഞ്ഞു തുളുമ്പുന്നു ട്യൂലിപ് ഗാർഡനിൽ വച്ചാണ് സിൽസില എന്ന ഹിന്ദി മൂവിയിലെ പ്രസിദ്ധ ഗാനരംഗം ഷൂട്ട് ചെയ്തത്. അതിൽ പറയുന്ന പോലെ ദേഖാ ഏക് ഖാബ് യെ സിൽസിലെ ഹുവേ.. കണ്ട സ്വപനം സാക്ഷകരിക്കപ്പെട്ടപോലെ. https://www.youtube.com/watch?v=7dO_MS9tZ5E (readers interested can watch the song scene) ശ്രീ കോരസന്റെ സ്വപ്‍ന സാക്ഷാത്‍കാരം. ഒരു പക്ഷെ നടി രേഖ അദൃശ്യയായി നമുക് ഒരു ഡ്യൂയറ്റ് പാടാമെന്നു ലേഖകനോട് മൃദുവായി പറഞ്ഞുകാണും. സർഗാത്മകതയും സഹൃദയത്വവുമുള്ള എഴുത്തുകാരനാണ് ലേഖകൻ. അദ്ദേഹം നെതെര്ലാണ്ടിലെ ഭൂപ്രദേശങ്ങളിൽ കുട്ടനാടിന്റെ പ്രതിച്ഛായ കാണുന്നു. തന്നെയുമല്ല വിൻഡ് മില്ലുകൾ ഡോൺ ക്വിക്‌സോട്ടിന്റെ ഓർമ്മ അദ്ദേഹത്തിൽ കൊണ്ടുവരുന്നു . ഒരിക്കൽ വിശ്വസാഹിത്യത്തിലെ പത്തു നല്ല പുസ്തകങ്ങളിൽ ഒന്നായിരുന്നു മിഖേയേയ് സെർവാന്റസ് എന്ന സ്പാനിഷ് എഴുത്തുകാരന്റെ പുസ്തകം. അറിവുകളുടെ ഓർമ്മകൾ പുതുക്കാനും ലേഖനം സഹായിച്ചു. കാത്തിരിക്കുന്നു അടുത്ത രംഗചിത്രീകരണങ്ങളിലെക്ക്.
കോരസൺ 2024-04-14 16:12:26
സിൽസിലയിലെ ച്ത്രീകരണം കണ്ടു, അത് മനസ്സിന്റെ മറ്റൊരു കാലത്തേക്കു പറത്തിക്കൊണ്ടുപോയി. വളരെ നന്ദി സുധീർ സാർ, ഓർമ്മപ്പെടുത്തിയതിനും നല്ല വാക്കുകൾക്കും.
കോരസൺ 2024-04-14 20:05:08
വളരെ നന്ദി ശ്രീ സുധീർ സാർ നല്ല വാക്കുകൾക്ക് . സില്സിലയിലെ പാട്ട് ഈ ആർട്ടിക്കളുമായി ബന്ധിച്ചപ്പോൾ അതി മനോഹരമായി. ഒരുകാലത്തു വല്ലാതെ പ്രേമിച്ചുപോയ പാട്ടും ദ്രശ്യങ്ങളുമാണ്, പല ആവർത്തി അത് വീണ്ടും കണ്ടു. കോരസൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക