Image

ഒരു ദുഃസ്വപ്നംപോലെ കോവിഡുകാലം ഓർമ്മിക്കപ്പെടുമ്പോൾ (അശോകൻ വേങ്ങശ്ശേരി)

Published on 14 April, 2024
ഒരു ദുഃസ്വപ്നംപോലെ കോവിഡുകാലം ഓർമ്മിക്കപ്പെടുമ്പോൾ (അശോകൻ വേങ്ങശ്ശേരി)

ലോകത്താകമാനം  നാശം വിതച്ച  കോവിഡ് -19 എന്ന മഹാമാരിയുടെ കടന്നുവരവുണ്ടായിട്ടു നാലുവര്ഷങ്ങൾ പിന്നിടുന്നു.  ഒട്ടേറെയാളുകളുടെ ഓർമ്മകളിൽ ഒരു ദുഃസ്വപ്നംപോലെ, തീരാനഷ്ടങ്ങളുടെ ബാക്കിപത്രമായി, ഉണങ്ങാത്ത വടുപോലെ അതു സൃഷ്ടിച്ച മുറിവുകൾ  അവശേഷിക്കുന്നു. ലോകത്തെമ്പാടുമുള്ള മനുഷ്യജീവിതത്തെ വിവിധതരത്തിൽ അതുബാധിച്ചു. നമ്മുടെ പല പതിവു ശീലങ്ങളെയും അതുമാറ്റിമറിക്കുകയും അസ്തിത്വത്തെത്തന്നെ വെല്ലവിളിക്കുകയും ചെയ്തു. കുറെക്കാലത്തേക്ക് ചരിത്രഗതിയെ നിശ്ചലമാക്കാനും നിഷ്പ്രഭമാക്കാനും ഒരു കുഞ്ഞൻ അണുവിൻറെ താണ്ഡവം ഇടയാക്കി. 

രോഗപ്രസരണത്തെ പ്രതിരോധിക്കുവാനുള്ള ശ്രമത്തിൽ ലോകംമുഴുവൻ അടച്ചിടലിനു വിധേയമായി. 2020 മാർച്ച് 24-നു രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് ഭീഷണി നേരിടാൻ അടുത്തദിവസം മുതൽ ഇരുപത്തൊന്നു ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ചു. രാജ്യാതിർത്തികൾ അടച്ചു. ശമനമില്ലാതെ പടരുന്ന മഹാമാരിയെ തടുക്കാൻ വീണ്ടും മെയ് 31 വരെ ലോക്ക്ഡൗൺ നീട്ടി. വിമാന-ട്രെയിൻ സർവീസുകളും അടച്ചിടലിനെ തുടർന്നു നിശ്ചലമായി. റോഡുകൾ വാഹനഗതാഗതമില്ലാതെ ഒഴിഞ്ഞു കിടന്നു. അമേരിക്കയുൾപ്പെടെയുള്ള മിക്ക ലോകരാജ്യങ്ങളിലും ലോക്ക്ഡൗൺ നിലവിൽവന്നു. കോവിഡ് വ്യാപനവേളയിൽ  അമേരിക്കയിലായിരുന്നതിനാൽ വാഹനങ്ങൾ ചീറിപ്പാഞ്ഞുകൊണ്ടിരുന്ന അവിടുത്തെ ഹൈവേകളും റോഡുകളും ചരിത്രത്തിൽ ആദ്യമായി അടച്ചിടലിനെത്തുടർന്ന് നിശ്ശബ്ദതയിൽ ആഴുന്നതു കൗതുകത്തോടെ വീക്ഷിച്ചത് ഓർമ്മിക്കുന്നു.

ഓരോ വീടും നാടും ജയിലറകൾക്കു തുല്യമായി. ഭാര്യക്കു ഭർത്താവും അമ്മക്കു മക്കളും മറിച്ചും ഒരുപരിധിവരെ അന്യരെപ്പോലെയായി. ഒരിറ്റുവെള്ളം പ്രിയപ്പെട്ടവരിൽനിന്നും ചുണ്ടു നനക്കാനോ  അവരുടെ സ്‌നേഹത്തലോടലോ അന്ത്യമായി ഒരു ആശ്വാസവാക്കോ ലഭിക്കാതെ കടന്നുപോകേണ്ടിവന്നവർ ഏറെ. പ്രകൃതിയുടെയോ ഈശ്വരന്റയോ വരദാനമായി സ്വാഭാവികമായി  അനുഭവിച്ചുവന്ന പ്രാണശ്വാസത്തിന്റെ വില മനുഷ്യൻ മനസ്സിലാക്കി. സ്വയം ശ്വസിക്കുവാനുള്ള ശേഷിയെതകർത്തുകൊണ്ടാണ് കൊറോണവൈറസ്‌ ഇരയെ അക്രമിച്ചത്. ഇരകളുടെ സ്ഥാനമാനങ്ങളോ വ്യക്തിഗതമായ സിദ്ധികളോ സാമ്പത്തികശക്തിയോ ഒന്നും കോവിഡിന്റെ നീരാളിപ്പിടുത്തതിൽനിന്നും രക്ഷ നേടുവാൻ പര്യാപ്തമായിരുന്നില്ല. ആ മഹാമാരി ഏല്പിച്ച മനസികാഘാതത്തിന്റെ വ്യാപ്തി  പൂർണമായും തിട്ടപ്പെടുത്തുവാൻ ഇനീയും നമ്മുക്കായിട്ടില്ല.
സാമ്പത്തികവും സൈനികവും ആയ ശക്തികേന്ദ്രങ്ങൾ എന്നു കരുതപ്പെട്ടിരുന്ന രാജ്യങ്ങൾപലതും രോഗികളുടെ ആധിക്യത്താൽ ആരോഗ്യപരിപാലന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കുമുമ്പിൽ വീർപ്പുമുട്ടുന്നതും ലോകം കണ്ടു. കഴിവുകളെക്കുറിച്ചും ശാസ്‌ത്ര-സാങ്കേതിക നേട്ടങ്ങളെക്കുറിച്ചുമുള്ള മാനവരാശിയുടെ അവകാശവാദങ്ങൾ ബലൂൺ പോലെ പൊട്ടിത്തകരുന്നതു നിസ്സഹായരായി നാം നോക്കിനിന്നു. ചെറുതും വലുതുമായ ഒട്ടേറെ കച്ചവട സ്ഥാപനങ്ങളും വ്യവസായ കേന്ദ്രങ്ങളും അടച്ചിടേണ്ടിവന്നപ്പോൾ പലർക്കും ജോലിനഷ്ടമാവുകയും ജീവിതമാർഗ്ഗങ്ങൾ അടയുകയും ചെയ്തു. വലിയ സാമ്പത്തിക പ്രതിസന്ധികളെ മിക്കരാജ്യങ്ങളും നേരിട്ടു. പലതും ഇന്നും പൂർണ്ണമായി അതിൽനിന്നും കരകയറിയിട്ടില്ല. 

കുട്ടികളുടെ പഠന രീതികളെത്തന്നെ സ്ഥായിയായി മാറ്റിമറിച്ചുകൊണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങൾ ദീർഘകാലം അടച്ചിടേണ്ടിവന്നു. നാളുകളോളം പ്രതീക്ഷയോടെ കാത്തുവെച്ച ജീവിതത്തിലെ സുപ്രധാനങ്ങളായ വിവാഹാദി ആഘോഷങ്ങളും മറ്റും ശോഭയില്ലാതെ കഴിഞ്ഞുപോയി. ഇക്കാലയളവിൽ മരണപ്പെട്ടവരുടെ കാര്യമാണ് ഏറെ ദയനീയം.

ലോകമാകവെ ഇരുന്നൂറ്റിമുപ്പത്തൊന്നു രാജ്യങ്ങളിലായി ഏതാണ്ട് എഴുപതു ലക്ഷത്തോളം പേരാണ് കോവിഡുബാധിച്ചു ഇതുവരെ മരണമടഞ്ഞിട്ടുള്ളത്. കോവിഡുമൂലം അമേരിക്കയിൽ പന്ത്രണ്ടു ലക്ഷത്തിലധികം പേർ മരിച്ചപ്പോൾ ബ്രസീലിൽ ഏഴുലക്ഷവും ഇന്ത്യയിൽ അഞ്ചു ലക്ഷത്തിലധികം പേരും  മരിച്ചു. 2019 ഡിസംബറിൽ ചൈനയിലാണു കോവിഡ് ഉത്ഭവിച്ചതെങ്കിലും അവിടെ മരണം അയ്യായിരത്തില്പരം മാത്രം.

അനിഷ്ടകരങ്ങളും ദൗർഭാഗ്യകരങ്ങളുമായ സംഭവങ്ങളിൽപ്പോലും ഗൂഢമായ ചില നന്മകളും പാഠങ്ങളും പ്രകൃതി ഒളിപ്പിച്ചു വെക്കാറുണ്ട്. ഭീതിദമായ മരണക്കണക്കുകൾക്കിടയിലും  പ്രതീക്ഷാനിർഭരമായ ചില സൂചനകൾ കോവിഡുകാലം ലോകത്തിനു നൽകിയിരുന്നു. ആഗോളവ്യാപകമായി അടച്ചിടൽകാലത്തു വാഹനങ്ങളും ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും നിശ്ചലമായതോടെ ജൈവ ഇന്ധന ഉപഭോഗം ഗണ്യമായി കുറഞ്ഞതിൻറെ ഫലമായി  അന്തരീക്ഷ മലിനീകരണത്തിനു താല്കാലികമായെങ്കിലും വലിയ ആശ്വാസമുണ്ടായി. അമേരിക്കൻ നഗരങ്ങളായ ലോസ് ആഞ്ചലസ്‌ , ഷിക്കാഗോ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ തുടങ്ങി മനിലയിലും മിലാനിലും മുംബൈയിലും തെളിഞ്ഞ അന്തരീക്ഷത്തിനപ്പുറം നീലാകാശം ശോഭ പരത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു.  വെനീസ് നഗരത്തിലെ കനാലുകളിലെ തെളിഞ്ഞ ജലത്താൽ ആകൃഷ്ടരായി ഡോൾഫിനുകൾ അവിടേക്കു മടങ്ങിവന്നതും വാർത്തയായിരുന്നു. സമാനമായ പ്രതിഭാസം കൊൽക്കത്തയുൾപ്പെടെ ഗംഗാനദിയുടെ പലഭാഗങ്ങളിലും ദൃശ്യമായി. ഏതാണ്ട് മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഡോൾഫിനുകൾ അവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 

ഇന്ത്യയിലും അന്തരീക്ഷനിലവാരം അക്കാലത്തു ഗണ്യമായി മെച്ചപ്പെട്ടു. പഞ്ചാബിലെ ജലന്ധർ നഗരവാസികൾക്ക് ഏതാണ്ട് ഇരുന്നൂറ്റി അൻപത് കിലോമീറ്റര് അകലെയുള്ള ഹിമാലയ പർവ്വതശിഖരങ്ങൾ കാണാൻ കഴിയുന്നതായി ദേശീയ മാധ്യമങ്ങൾ 2020 ഏപ്രിൽ 3 നു റിപ്പോർട്ടുചെയ്തു. നൂറു വർഷങ്ങൾക്കുശേഷം നേപ്പാൾ തലസ്ഥാനമായ കാട്ട്മണ്ടുവിൽ നിന്നും എവറസ്റ്റ് കൊടുമുടി കാണാൻ കഴിയുന്നതായി ലോകമാധ്യമങ്ങൾ 2020 മെയ് 10 നു റിപ്പോർട്ടു ചെയ്യുകയുണ്ടായി. മലിനീകരണത്തിനു പേരുകേട്ട യമുനാ നദിയിൽ സ്ഫടികസമാനം ജലം തെളിഞ്ഞതിന്റെയും വാർത്തകൾ അക്കാലത്തു വായിച്ചത് ഓർക്കുന്നു. ചുരുക്കത്തിൽ, കാർബൺ ഉപഭോഗം കുറയുംതോറും അന്തരീക്ഷത്തിനും പ്രകൃതിക്കും ഉണ്ടാവുന്ന മാസ്മരികമായ മാറ്റം  കോവിഡ് കാലത്തെ അടച്ചിടിൽ തെളിയിച്ചു. പ്രകൃതിയുടെ മർമ്മരങ്ങളും തേങ്ങലുകളും ശ്രവിക്കുവാനും അതോടൊപ്പം അതിന്റെ ശാന്തഗംഭീരതയും നഗ്നസൗന്ദര്യവും ആസ്വദിക്കുവാനുമുള്ള അസുലഭ വേളയായും അടച്ചിടൽകാലം ലോകമാസകലം മാറുകയുണ്ടായി.  

പ്രകുതി തൻ്റെ കാൽക്കീഴിലാണെന്നു ഭാവിച്ചഹങ്കരിച്ച മനുഷ്യനെ അല്പകാലത്തേക്കെങ്കിലും വിനീതവിധേയനാക്കുവാൻ ഈ അണുജീവി കാരണക്കാരനായി. മനുഷ്യകുലത്തിനു പുലരുവാനാവശ്യമായതെല്ലാം ഉദാരപൂർവം ഭൂമി ഒരുക്കിനൽകുമ്പോഴും  അതിൻ്റെ സ്വാഭാവിക വ്യവസ്ഥകളെ മാനിക്കുവാൻ ആർത്തിപണ്ടാരങ്ങളായി മാറിയ മനുഷ്യനു കഴിയുന്നില്ല. പ്രകൃതിയുടെ താളവും രാഗവും നമ്മുടെ ബധിരകർണ്ണങ്ങളിൽ അർത്ഥമില്ലാത്ത ജല്പനങ്ങൾ മാത്രം. സഹനത്തിന്റെ സീമകൾ അതിലംഘിക്കുമ്പോൾ  പ്രതികരിക്കാതിരിക്കാൻ പ്രകുതിക്കാവില്ല. പ്രളയമായും കൊടുംവരൾച്ചയായും മഹാമാരിയായും അതു നമ്മെ പ്രഹരിച്ചുകൊണ്ടിരിക്കും. പ്രകൃതിയുടെ അപ്രമാദിത്യം മനുഷ്യൻ ഇനിയെങ്കിലും അംഗീകരിച്ചിരുന്നുവെങ്കിൽ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക