Image

സ്കൂളുകളിൽ കളിക്കളം  നിർബന്ധമാക്കുന്നു (സനില്‍ പി. തോമസ്‌)

Published on 16 April, 2024
സ്കൂളുകളിൽ കളിക്കളം  നിർബന്ധമാക്കുന്നു (സനില്‍ പി. തോമസ്‌)

മേൽക്കൂരയില്ലാത്ത ക്ലാസ് റൂം എന്നാണു കളിക്കളങ്ങളെ വിശേഷിപ്പിക്കുന്നത്. സ്കൂളിൽ ആയാലും കോളജിൽ ആയാലും ഇതൊന്നുമല്ല, പൊതു സ്ഥലത്തായാലും കളിക്കളങ്ങൾ  പഠന വേദി കൂടിയാണ്.കേരള ഹൈക്കോടതി വിധി ഇക്കാര്യത്തിൽ സർക്കാറിനുള്ള മുന്നറിയിപ്പാണ്. കളിസ്ഥലമില്ലെങ്കിൽ സ്കൂൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ്റെ ഉത്തരവിൽ പറയുന്നത് .
പത്തനംതിട്ട തേവായൂർ സർക്കാർ എൽ .പി .സ്കൂൾ ഗ്രൗണ്ടിൽ വിദ്യാഭ്യാസ അധികൃതരുടെ അനുമതിയില്ലാതെ പഞ്ചായത്ത് വാട്ടർ ടാങ്ക് നിർമിക്കാൻ ശ്രമിക്കുന്നതിനെതിരെ സ്കൂൾ പി.ടി.എ. നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി ഉണ്ടായത്.
സ്കൂളുകളിൽ യോജിച്ച കളിസ്ഥലം വേണമെന്നു വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ.) പറയുന്നുണ്ട്. എന്നാൽ, എൽ.പി., യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ കളിക്കളത്തിൻ്റെ അളവ് വ്യത്യസ്തമാകാം. ഇതു വ്യക്തമാക്കണം.സംസ്ഥാനത്തെ സ്കൂളുകളിൽ വേണ്ട കളിസ്ഥലത്തിൻ്റെ വിസ്തീർണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നു പ്രതീക്ഷിക്കാം.കോടതി നിർദേശം ഒട്ടേറെ സ്കൂളുകളെ ബാധിക്കും. കളിക്കളമില്ലാത്ത എത്രയോ സ്കൂളുകൾ കേരളത്തിലുണ്ട്.ഇവയിൽ പലതും അടുത്തുള്ള സ്കൂളുകളുമായി കളിക്കളത്തിൻ്റെ ഉപയോഗത്തിന് ധാരണയുണ്ടാക്കേണ്ടി വരും.
സംസ്ഥാന സിലബസിലെ സ്കൂളുകളിൽ മാത്രമല്ല, പബ്ളിക് സ്കൂളുകളിലും കളിക്കളം നിർബന്ധമാക്കണം. ഒട്ടേറെ സ്കൂളുകളിൽ പ്ളസ് ടു കോഴ്സുകളും ഉണ്ട് എന്നതും ശ്രദ്ധിക്കണം.
മേൽക്കൂരയില്ലാത്ത ക്ലാസ് റൂം എന്ന പ്രയോഗം ഇൻഡോർ സ്‌റ്റേഡിയങ്ങൾ വ്യാപകമാകുന്നതിന് മുമ്പാണ്.
ചില സ്കൂളുകളിലെങ്കിലും ഇൻഡോർ  സ്റ്റേഡിയം ഉണ്ട്. ചിലയിടങ്ങളിൽ ഇൻഡോർ കോർട്ട് ഉണ്ട്. യഥാർഥ കളിക്കളം ഇതൊന്നുമല്ല. അത് തുറന്ന സ്ഥലം തന്നെയാണ്. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
എന്തായാലും കോടതി വിധിയെ കേരളത്തിലെ കായിക പ്രേമികൾ സ്വാഗതം ചെയ്യും. ഒപ്പം കായികാധ്യാപകർ വർഷങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക