Image

പ്രണയത്തിന്റെ ഇടനാഴി (നോവൽ - ഭാഗം - 11: വിനീത് വിശ്വദേവ്)

Published on 17 April, 2024
പ്രണയത്തിന്റെ ഇടനാഴി (നോവൽ - ഭാഗം - 11: വിനീത് വിശ്വദേവ്)

എല്ലാവരും ഒരുപോലെ അംഗീകരിച്ചിട്ടുള്ള ഒരു പുസ്തകവും ഇതുവരെ എഴുതപ്പെട്ടിട്ടില്ല. ഒരു പുസ്തകവും എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ലതാനും. ഓരോ പുസ്തകവും അവ ലക്ഷ്യംവെയ്ക്കുന്ന ഒരു വായനാസമൂഹമുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പല എഴുത്തുകാരും അവരുടെ  ആത്മകഥ എഴുതിയിട്ടുണ്ടാകും എന്നാൽ ഞാൻ ആദ്യമായി വായിക്കുന്ന ആത്മകഥ കമലാദാസ് എന്ന മാധവിക്കുട്ടിയുടെ "എന്റെ കഥ" എന്ന പുസ്തകയിരുന്നു. ഒരു രാത്രികൊണ്ട് മുഴുവനായിരിരുന്നു അവരുടെ ആത്മകഥയായ ആ പുസ്തകം വായിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. എങ്ങനെ ഇങ്ങനെ പൊള്ളത്തരമില്ലാതെ മറയില്ലാതെ എഴുതുവാൻ സാധിക്കുന്നു? അവരുടെ ആത്മാംശം ഈ പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട് എന്നുള്ളത് പുസ്തകത്തിലെ ഓരോ വാക്കിലും വ്യക്തമായിരുന്നു. സന്തോഷവും ദുഃഖവും സഹതാപവും സ്നേഹവും പ്രണയവും കാമവും വിരഹവും അപകർഷതാബോധവുമെല്ലാം മറയില്ലാതെ പ്രകടമാക്കിയ "എന്റെ കഥ" എന്ന പുസ്തകം എന്നെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചുരുന്നു.

ഒരോ മനുഷ്യനും ഒരോ ഇതിഹാസമാണ്. നിരവധി മഹായുദ്ധങ്ങളും ജീവിത സന്ധികളും കണ്ട ഇതിഹാസങ്ങൾ. "മൂന്ന് സത്യങ്ങൾ മാത്രമേ നമുക്ക് മനസ്സിലാവേണ്ടതുള്ളൂ - ഭൂതകാലത്തിൽ ജനനം, വർത്തമാനകാലത്തിൽ ജീവിതം, ഭാവിയിൽ മരണം. ഇത് സത്യങ്ങൾക്കപ്പുറത്ത് അനന്തമായ ശൂന്യതയാണ്." എന്ന ആപ്തവാക്യം കൂടി ഈ പുസ്തകത്തിൽ മാധവിക്കുട്ടി ആലേഖനം ചെയ്തിരിക്കുന്നു. "നഷ്ടപ്പെടും എന്ന് കരുതി സ്നേഹിക്കാതിരിക്കരുത്" എന്ന് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. അതെ നമുക്ക് സ്നേഹിക്കാം, നഷ്ടപ്പെടും എന്നറിഞ്ഞുകൊണ്ട് തന്നെ. ഈ പുസ്തകം വായിച്ചതിനു ശേഷം ഞാൻ വീണ്ടും സിമിയുടെ സ്നേഹമെന്ന മഴയ്ക്കായി ഒരു വേഴാമ്പലിനെപ്പോലെ കാത്തു ദാഹിച്ചിരിരുന്നു. സ്നേഹിക്കുക എന്നതിനപ്പുറം സ്നേഹിക്കുന്ന ആളിനു വേണ്ടി നാം കാത്തിരിക്കുന്നതും ഒരു സുഖമുള്ള അനുഭൂതിയാണെന്നു ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി.

രണ്ടു ദിവസങ്ങൾ കൂടി ജീവിതത്തിൽ നിന്നും കൊഴിഞ്ഞുപോയി. ജീവിതത്തിന്റെ വഴിത്തിരിവെന്നപോലെ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖാപിച്ചു എന്ന വാർത്ത ടെലിവിഷനിൽ നിന്നും സ്വീകരണമുറിയെ പ്രകമ്പനംകൊള്ളിച്ചുകൊണ്ടു മുഴങ്ങി. എന്റെ ഭാവിലേക്കു അമിത പ്രതീക്ഷ ഉറപ്പിക്കാതിരുന്ന മാതാപിതാക്കളുടെ ആകാംഷയോടെ പത്താം ക്ലാസ്സ് പരീക്ഷാ ഫലത്തിന്റെ വർത്തയിലേക്കും എന്റെ മുഖത്തേക്കും മാറി മാറി കണ്ണുകളെറിഞ്ഞു. പരീക്ഷാ ഫലം പിറ്റേദിവസത്തെ പത്രങ്ങളിൽ വരുന്നത് കാണാം എന്നതായിരുന്നു എന്റെ ശ്രദ്ധയെങ്കിലും അതുവരെയുള്ള ക്ഷമയും കാത്തിരിപ്പിനും എന്റെ 'അമ്മ തയ്യാറായിരുന്നില്ല. അമ്മ അടുക്കളയിലെ ഏതോ നിലവറയായ മല്ലിപാത്രത്തിൽ നിന്നോ അരീംകലത്തിൽ നിന്നോ മറ്റും നിധി കാത്തു വെയ്ക്കുമ്പോലെ സൂക്ഷിച്ചിരുന്ന അമ്പതു രൂപ എടുത്തുകൊണ്ടു വന്നു എന്റെ നേർക്കു നീട്ടി. ടെക്നോളജിയുടെ അതിപ്രസരമായിരുന്നോ അതോ ആരോ പറഞ്ഞു ഫലിപ്പിച്ച അറിവിന്റെ വെളിച്ചത്തിലാണോന്നറിയില്ല ഇന്റർനെറ്റ് കഫെയിൽ പോയി പരീക്ഷാഫലം പ്രിന്റ് എടുത്തു വരാനുള്ള തുകയാണ് ഇതെന്ന് പറഞ്ഞുതിനുശേഷം എന്റെ മുഖത്തേക്ക് 'അമ്മ കണ്ണുകളുരുട്ടി. സ്ത്രീ അമ്മയായി മാറുമ്പോൾ കൈക്കൊള്ളുന്ന വേഷപ്പകർച്ചകൾ വൈവിധ്യമാർന്ന പാരകയപ്രേവേശങ്ങൾ പകർന്നാടുന്ന വിധമാണെന്നു എനിക്ക് അന്നത്തെ ദിവസം അനുഭവപ്പെട്ടു. അമ്മയുടെ ആ കണ്ണുരുട്ടലിൽ എന്റെ കണ്ണുകളിൽ ചെറിയ ഭയം ജന്മമമെടുത്തു. മനസില്ലാമനസ്സൊടെ ഏഴു കിലോമീറ്റർ ദൂരെയുള്ള ഇന്റർനെറ്റ് കഫെയിൽ പോകാനായി ഞാൻ വീടിന്റെ പുറത്തേക്കിറങ്ങി.

തുറവൂരുള്ള നെറ്റ് ഡോട്ട് കോം എന്ന ഇന്റർനെറ്റ് കഫെ വരെയുള്ള ഏഴു കിലോമീറ്റർ എന്റെ സൈക്കിളിനു ഒരു ദൂരമല്ലായിരുന്നെങ്കിലും ക്ലാസ്സിൽ നടത്തിയ മോഡൽ പരീക്ഷയ്ക്കു കണക്കിനും കെമിസ്ട്രിക്കും പിസിക്‌സിനും തോറ്റിരുന്ന ഞാൻ അവിടെ വരെ പോകാനുള്ള വിമുഖത കാട്ടി സൈക്കിൾ വളരെ പതുക്കെ ചവിട്ടി തുടങ്ങി. പരീക്ഷയ്ക്ക് മുൻപ് ചില ശ്രമങ്ങൾ ഞാൻ നടത്തിയിരുന്നതിനാൽ ജയിക്കുമെന്നുള്ള കാര്യത്തിൽ  എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. നമ്മുടെ പ്രതീക്ഷകൾക്കും  ആഗ്രഹങ്ങൾക്കും പരിധിയില്ലാത്തടുത്തോളം കാലം അതിനെ പട്ടംപോലെ തുറന്നു വിടുന്നതിനു ആരുടെയും അനുവാദം ആവശ്യമില്ലല്ലോ എന്ന ചിന്തയിൽ ഞാൻ സൈക്കിൾ വീണ്ടും മുന്നോട്ടു ചവുട്ടുന്നതു തുടർന്നു. കാലത്തിന്റെ കൈവഴികളിൽ ജയപരാജയങ്ങൾ എന്നുള്ളത് ഒരു അനശ്വരമായ സത്യമല്ല പക്ഷേ ആപേക്ഷികമാണ്. പക്ഷേ എന്റെ പരാജയം നാട്ടുകാരുടെ ചോദ്യാവലികൾക്കു മുന്നിൽ മാതാപിതാക്കൾ വലയുമോ എന്നുള്ള ആശങ്ക ഇന്റർനെറ്റ് കഫെയിലേക്ക് അടുക്കുംതോറും എന്റെ ചിന്തയിൽ കേറിത്തുടങ്ങി. നാളെ മകന്റെ ഭാവിയെന്നുള്ള എന്നുള്ള ഓരോ വിലാപകാരണങ്ങൾ മറ്റുള്ളവരിൽ നിന്നും നിരന്നിരുന്നതു ഫലവത്തായി വരല്ലേ എന്ന പ്രാർത്ഥനയോടെ ഞാൻ ഇന്റർനെറ്റ് കഫെയുടെ മുന്നിൽ എത്തിച്ചേർന്നു. 

നെറ്റ് ഡോട്ട് കോം എന്ന ഇന്റർനെറ്റ് കഫെയുടെ മുന്നിൽ പൂരത്തിന് വന്നിരിക്കുന്നപോലെയുള്ള ആളുകളെക്കണ്ടു ഞാൻ അന്താളിച്ചുപോയി.  സൈക്കിൾ സ്റ്റാന്റിട്ടു നിർത്തിയതിനുശേഷം അടുത്ത് നിന്നിരുന്ന ആൽമരത്തിന്റെ ചുവട്ടിലേക്ക് ചെന്ന് നിന്നു. അതിനോട് ചേർന്നുവരെയുള്ള ജനാവലിയിൽ ഉന്തും തള്ളുമുണ്ടാക്കുന്ന ബിനീഷിനെ ഞാൻ അവിടെ കണ്ടു. പണ്ടേ മറ്റുള്ളവരുമായി തർക്കിക്കാൻ ഡോക്ടറേറ്റ് എടുത്ത ആളായിരുന്നതിനാൽ അവൻ നിന്നിരുന്ന ഇടത്തിലേക്ക് എന്നെയും കൂട്ടിച്ചേർത്തു നിർത്തി. പിന്നെ ഞാൻ പരീക്ഷ പാലത്തിന്റെ കാര്യങ്ങളേക്കാൾ  ഗൗരവമായ കാര്യംപോലെ സിമിക്ക് കാത്തുകൊടുത്ത കാര്യം ബിനീഷിനോട് പറഞ്ഞു. എന്റെ ഭീരുത്വം അറിയാവുന്നതിനാൽ അവൻ എന്നെ  കളിയാക്കുവിധം "എടാ... നീ ഒരു സോംഭവമായിരുന്നല്ലേ മഹാനേ..." എന്ന് പറഞ്ഞു എന്റെ മുഖത്തെ നാണത്തെ ചിരികൊണ്ടു ഒപ്പിയെടുത്തു. ശബ്ദം താഴ്ത്തി ഞാൻ വീണ്ടും പറഞ്ഞു. ഹേമലത ടീച്ചറിന്റെ വീട്ടിൽ വെച്ച് ഞാൻ സത്യമായിട്ടും കത്ത് കൊടുത്തു. എന്റെ വാക്കിലെ നിജസ്ഥിതി മനസിലാക്കിയ ബിനീഷ് ചോദിച്ചു? എങ്ങിനെ..? എന്നിട്ടു സിമി എന്ത് പറഞ്ഞു.? വരികളിലെ ആളുകൾ മുന്നോട്ടു നീങ്ങി തുടങ്ങി. എടാ ബിനിഷേ നീ പറഞ്ഞപോലെ സിമിയുടെ പുസ്തകത്തിൽ അവൾ കാണാതെ ഒളിപ്പിച്ചു വെച്ച് കൊടുത്തത്. ദിവസങ്ങൾ കഴിഞ്ഞു പിന്നീട് ഞാൻ അവളെ കണ്ടില്ല എന്നുമാത്രമല്ല  മറുപടിയും കിട്ടിയില്ല. നീ കുറച്ചു ദിവസം കൂടി കാത്തിരിക്കൂ അവൾ മറുപടി തരുമെന്ന് ബിനീഷ് പറഞ്ഞപ്പോൾ റേഡിയോയിലെ പ്രോഗ്രാമിൽ കത്ത് വായിച്ചു കേട്ട കാര്യം മനഃപൂർവം അവനിൽ നിന്നും ഒളിപ്പിച്ചു. അവൾക്കു വേണ്ടി കാത്തിരിക്കാമെന്നു ഞാനും ആത്മഗതം പറഞ്ഞുകൊണ്ട് കഫെയുടെ മുന്നിൽ എത്തിച്ചേർന്നു.

ഇന്റർനെറ്റ് കഫേയിലെ സതീശൻ ചേട്ടന്റെ ഇരുത്തം കണ്ടപ്പോൾ കീബോർഡും മൗസുമുള്ള ആ വെള്ള പെട്ടി കണ്ടുപിടിച്ചത് ചാൾസ് ബബ്ബജ് അല്ല സതീശൻ ആണെന്ന ഭാവത്തിലായിരുന്നു. ബിനീഷിന്റെ മുന്നിൽ നിന്ന എന്റെ മുഖത്തേക്ക് ഗൗരവം കലർത്തി അദ്ദേഹം എന്റെ രജിസ്റ്റർ നമ്പർ പറയെടാ എന്നു ആജ്ഞാപിച്ചു. ആവശ്യം എന്റേതായതുകൊണ്ടു ഞാൻ പോക്കറ്റിൽ നിന്നും ഹോൾ ടിക്കറ്റ് എടുത്തു. രജിസ്റ്റർ നമ്പർ പറഞ്ഞു തുടങ്ങി. 6885212  സതീശൻ ചേട്ടന്റെ കൈ വിരലുകൾ കീബോഡിൽ താളം പിടിച്ചുകൊണ്ടു അക്കങ്ങൾ അമർന്നു. നിമിഷങ്ങൾക്കുശേഷം എന്റെ പത്താം ക്ലാസ് പരീക്ഷ ഫലം കമ്പ്യൂട്ടറിൽ തെളിഞ്ഞു വന്നു. എന്റെ പരീക്ഷ ഫലം തന്നെ എന്നു ഉറപ്പിക്കുന്നതിനായി അദ്ദേഹം പേര് വിഷ്ണു ശിവദാസ് ശരിയല്ലേ എന്നു വായിച്ചു. അതെ എന്നു ഗാംഭീര്യത്തിൽ ഞാൻ മറുപടി നൽകി. പാസ്സായിട്ടുണ്ട്, ഇരുപതുരൂപ എന്നു പറഞ്ഞു എന്റെ കയ്യിലേക്ക് പ്രിന്റ് ചെയിത പരീക്ഷ ഫലം നൽകി, പൈസ കൊടുത്തു ബാക്കി തുക വാങ്ങി ബിനീഷ് വരുന്നതിനായി ഞാൻ പുറത്തേക്കു നീങ്ങിനിന്നു. കലാസിലേക്കു ഞാൻ കണ്ണുകൾ മിഴിച്ചു നോക്കി. എന്റെ പ്രതീക്ഷകളെ തകിടം മരിച്ചുകൊണ്ടുള്ളതായിരുന്നു പരീക്ഷ ഫലം. പത്താം ക്ലാസ്സിൽ ഞാൻ 375  മാർക്ക് നേടി ഫസ്റ്റ് ക്ലാസ്സോടെ പാസ്സായിരിക്കുന്നു. ഞാനും പാസ്സായെടാ... എന്നു വിളിച്ചുകൂവി ബിനീഷ് എന്റെ അടുക്കലേക്കു ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നു. ബിനീഷ് എന്റെ മാർക്കു നോക്കി നീ ഫസ്റ്റ് ക്ലാസ് അടിച്ചാടാ... എന്റെ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരികളായി പുഞ്ചിരി വിടർന്നു.

തോളോട്തോൾ കൈകൾ ചേർത്ത് ഞാനും ബിനീഷും തൊട്ടടുത്തുള്ള കടയിൽ നിന്നും ഐസ് ഇട്ട ഓരോ സോഡാ സർബത്തു കുടിച്ചു. അഞ്ചു രൂപയുടെ ഫൈവ് സ്റ്റാർ മിട്ടായിയും വാങ്ങി ഞങ്ങൾ കഴിച്ചു. പുതിയകാവ് കവല വരെ ഞങ്ങൾ നിന്നും ഇരുന്നും കൈവിട്ടുമൊക്കെ ആഹ്ലാദിച്ചു സമരിച്ചുകൊണ്ടു സൈക്കിൾ ചവിട്ടി എത്തിയതിനുശേഷം രണ്ടു വഴിക്കു പിരിഞ്ഞു. വീട്ടിലെത്തിയ എന്റെ പരീക്ഷ ഫലം ഫസ്റ്റ് ക്ലാസ് ഉണ്ടെന്നു കേട്ടുമറിഞ്ഞ 'അമ്മ ഭാവിയിലേക്കുള്ള കൊട്ടാരങ്ങൾ കെട്ടി തുടങ്ങി. ആനന്ദവല്ലി അമ്മുമ്മ പെൻഷൻ കാശിൽ നിന്നും പേരക്കിടാവിനുവേണ്ടി പുതിയകാവ് അമ്പലത്തിൽ വഴിപാട് നേർന്നതിനു ശേഷം എല്ലാം ഭഗവാന്റെ അനുഗ്രഹം നന്നായി വരും മോനേ.. എന്നു പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു.

(തുടരും.....)

Read: https://emalayalee.com/writer/278

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക