Image

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി

Published on 18 April, 2024
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി

ന്യൂഡൽഹി: ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുൻപാണ് ഈ കപ്പലിൽ എത്തിയത്.

‘‘ടെഹ്‌റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ, ചരക്കുക്കപ്പലായ എംഎസ്‌സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരിൽ നിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി‌.’’ – വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്നും ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക