Image

പപ്പാതി (കവിത:വേണുനമ്പ്യാർ)

Published on 20 April, 2024
പപ്പാതി (കവിത:വേണുനമ്പ്യാർ)

1
അർദ്ധം ഞാൻ അർദ്ധം നീ
അർദ്ധരാത്രിക്കും നമ്മൾ 
വെൺകൊറ്റക്കുട പിടിക്കും


2
അർദ്ധം നാരി അർദ്ധം പുരുഷൻ
സ്വാതന്ത്ര്യത്തിലും
രണ്ടിനുമില്ല പൂർണ്ണ സ്വരാജ്


3
അർദ്ധം അലകായ ഞാൻ
അർദ്ധം പിടിയായ നീ
നടുറോഡിൽ കുത്തേറ്റ് 
പിടയും ഹൃദയം ആരുടെ?
നമ്മുടെ സ്വന്തം!


4
അടിയനു പാതി പടുകാലം
അങ്ങേയ്ക്ക് പാതി ഓട്ടക്കലം
ഓട്ടക്കലത്തിൽ കഞ്ഞി വെപ്പാനും
തീ കൊളുത്തി സ്വയം ചാകാനും
ആരുടെയും അനുവാദം വേണ്ട
തീ പപ്പാതി


6
പാതി വെയിൽ
പാതി മഴ
നിക്കാഹ് അണ്ണാരക്കണ്ണന്റെ 
ക്ഷണിക്കാത്ത സദ്യക്ക് ചെന്നാൽ
പപ്പടത്തല്ല് പാതി
പാതി ഉശിരൻ കസേരപ്പോര്


6
കവി ഒന്നാം പാതി 
സ്വർഗ്ഗത്തിലെ പൂങ്കാവനത്തിലെങ്കിൽ
ശേഷിക്കും രണ്ടാം പാതി
വൈതരിണിയിൽ
രണ്ടവസ്ഥയും ഏകകാലത്തിന്റെ
തിരസ്ക്കാരക്കുരിശിൽ
തറയ്ക്കപ്പെട്ടിരിക്കുന്നു
കവിത ഏഴാമിന്ദ്രിയം പോലെ
ഉണ്ടെന്നും ഇല്ലെന്നും
ഉറപ്പിക്കാനാകാത്ത ദൈവത്തിന്റെ,
ഒരു സ്വപ്നവിസ്മയമഹാമുദ്ര!


7
പാതി വോട്ട് ബഹുമാനപ്പെട്ട പ്രതിപക്ഷത്തിന്
പാതി വോട്ട് ബഹുമാനപ്പെട്ട 
ഭരണപക്ഷത്തിന്
ഇക്കുറി ഫുൾ വോട്ട് 
ഒരു സാധുവിനിരിക്കട്ടെ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക