Image

പോക്കുവെയിലിന്‍റെ ഭിത്തിയില്‍ ( കവിത : രാധാമണി രാജ് ) )

Published on 22 April, 2024
പോക്കുവെയിലിന്‍റെ ഭിത്തിയില്‍ ( കവിത : രാധാമണി രാജ് ) )

ഉച്ച  കഴിയുമ്പോള്‍
ഈ തിണ്ണയിലിങ്ങനെ
ഭിത്തിയില്‍ ചാരിയിരിക്കുന്നത്
ഒരു ശീലമായതെന്തിനാവോ

ഇടവഴിയിലേക്കൊരു പൂച്ച
മെല്ലെ നടന്നുപോകുന്നത്
നോക്കിയിരിക്കെ
രണ്ടു കുഞ്ഞിപ്പൂച്ചകളും
അതുവഴി നടന്നുമറഞ്ഞു

ഒരു ചിത്രശലഭം
അരുമയോടെ
പൂവിതളുകളെ
ഓമനിക്കുന്നു

കറുകറുത്തൊരു
പട്ടിക്കുട്ടി
വേഗതയില്‍
വന്നൊരോട്ടോറിക്ഷയെ
വല്ലവിധേനെയും
മറികടന്ന്
തിരിഞ്ഞൊന്നു നോക്കുന്നു

മൂവാണ്ടന്‍ മാവില്‍
നേരത്തെയെത്തിയൊരു
മാങ്കുല
പറന്നുവന്നൊരു
കിളിയുമായി
ചങ്ങാത്തം പങ്കിടുന്നു

കോളാമ്പിപ്പൂവുകളെ
എണ്ണിത്തിട്ടപ്പെടുത്തവെ
എണ്ണിയാല്‍ തീരാത്ത
വസന്തം
എവിടെയോ
കളഞ്ഞുപോയതിന്‍റെ
വേവലാതികള്‍
നെഞ്ചിന്‍ കൂടിനുള്ളിലൊരു
നെരിപ്പോടിന്‍റെ
വിത്തെറിയുന്നു

യാത്രയുടെ
പകുതിയിലേറെയും
താണ്ടിയതിന്‍റെ
ക്ഷീണമകറ്റാന്‍
സൂര്യന്‍
മെല്ലയൊന്ന് മയങ്ങുന്നു

അയകെട്ടിയ കയറില്‍
സര്‍ക്കസ്സുകാരനെ
വെല്ലുന്ന പാദങ്ങളുമായിട്ടൊരു
കാക്ക
കിണറിന്‍റെ കമ്പിയില്‍
നടത്തം തുടരുന്നു

എതോ ഒരു വഴിപോക്കന്‍
മതിലിനു മുകളിലൂടെ
എത്തിവലിഞ്ഞു നോക്കി
അയ്യോ
എന്നവന്‍റെ
നാണം പൊത്തുന്നു

കുപ്പി  പാട്ട  പഴയപത്രം
ഒടിഞ്ഞ കസേര
ഏതെങ്കിലുമുണ്ടോ
എന്ന ചോദ്യത്തിന്‍റെ
മാറാപ്പില്‍
ഒരുകുഞ്ഞ്
അമ്മിഞ്ഞ നുണഞ്ഞുറങ്ങുന്നു

എവിടെയോ
മുറ്റമടിക്കുന്നതിന്‍റെ ഈണം
പോക്കുവെയിലിന്‍റെ ഭിത്തിയില്‍
ക്ഷീണം പകുത്തിടുന്നതിന്‍റെ
പടം വരക്കുന്നു

നടന്നുമറഞ്ഞ
പൂച്ചയും കുഞ്ഞുപൂച്ചക്കുട്ടികളും
ഇനിയും മടങ്ങിയെത്തിയിട്ടില്ല
പുതിയ
ഏതോ താവളത്തിലിപ്പോള്‍
ഓര്‍മ്മകളില്‍
തട്ടിത്തടഞ്ഞ്
പൊട്ടും പൊടിയും
പെറുക്കിക്കൂട്ടുകയാവും !!

Join WhatsApp News
josecheripuram 2024-04-22 02:04:16
This is a portrait of life, a simple poem but has many meaning of life. Well done, Radhamani.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക