Image

ഭാരതാംബയുടെ ഉറക്കംകെടുത്തുന്ന വോട്ട് യാചനയുടെ ഉച്ചഭാഷിണികള്‍...(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 23 April, 2024
ഭാരതാംബയുടെ ഉറക്കംകെടുത്തുന്ന വോട്ട് യാചനയുടെ ഉച്ചഭാഷിണികള്‍...(എ.എസ് ശ്രീകുമാര്‍)

പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരമോന്നതിയിലാണ് ജനാധിപത്യ ഭാരതം. കളം നിറഞ്ഞ് കളിക്കുന്നവര്‍ വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും പരമാവധി വോട്ടുകള്‍ പാട്ടിലാക്കുവാന്‍ കാണിക്കുന്ന ചേഷ്ഠകള്‍ തീര്‍ച്ചയായും ഒരു ദുരന്ത സൂചികയാണ്. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഗോദയില്‍ എതിരാളികളെ നേരിടുന്നതിനെ നമ്മളേവരും ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നു. പക്ഷേ, വ്യക്തിപരവും ജാതീയവും ആയ പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെയൊക്കെ ഒരു ചൂണ്ടുവിരല്‍ മഷിപ്പടര്‍പ്പില്‍ നേരിടാന്‍ ചങ്കൂറ്റമുള്ളവരാണ് ഈ നാട്ടിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍.

പ്രചാരണ വഴിയേ മൂന്നാമൂഴം തരപ്പെടുത്താന്‍ വെമ്പല്‍കൊണ്ട് നടക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കഴിഞ്ഞ ദിവസം വല്ലാതെ വഴിവിട്ടു പോയി.  മോദിയുടെ നാവില്‍ നിന്നുയര്‍ന്ന വാക്കുകള്‍ ഇങ്ങനെ...

''നേരത്തെ അവര്‍ (കോണ്‍ഗ്രസ്) അധികാരത്തില്‍ വന്നപ്പോള്‍, രാജ്യത്തിന്റെ പൊതു സ്വത്തില്‍ ആദ്യ അവകാശം മുസ്ലീങ്ങള്‍ക്കാണെന്ന് പറഞ്ഞിരുന്നു. അതിനര്‍ത്ഥം അവര്‍ ഈ സ്വത്തുക്കള്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും വിതരണം ചെയ്യുമെന്നാണ്. നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കാമോ...? അമ്മാരുടെയും മക്കളുടെയും കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ കണക്ക് എടുക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നുണ്ട്. ഈ സ്വര്‍ണ്ണം വിതരണം ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. മന്‍മോഹന്‍ സര്‍ക്കാര്‍ പറഞ്ഞത് മുസ്ലീങ്ങള്‍ക്കാണ് പൊതുസ്വത്തില്‍ ആദ്യാവകാശമെന്നാണ് സഹോദരീസഹോദരന്മാരെ, ഈ നഗരനക്സലുകള്‍ എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാല പോലും വെറുതെ വിടില്ല...''

മോദിയുടെ നാവിന്‍ തുമ്പില്‍ ഉറഞ്ഞു തുള്ളുന്ന വികാരത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ വോട്ടുകളായി പരിലസിച്ച് താമര വിരിയിക്കുമെന്ന സ്വപ്നാടനത്തിന്റെ വോട്ടിങ്ങ് ഘട്ടങ്ങള്‍ ഭാരതത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. വരുന്ന 26-ാം തീയതി കേരളത്തിലെ ജനങ്ങളും ഒരു ദിവസത്തെ 'പണി മുടക്കി' അവര്‍ക്കിഷ്ടമുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുവാന്‍ പോളിങ്ങ് ബൂത്തിലേക്ക് എത്തുകയാണ്.

ഇനി, ഇന്ത്യയുടെ സൗമ്യനും മിതഭാഷിയും ധനകാര്യ വിദഗ്ധനുമായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് 2006-ല്‍ പറഞ്ഞതിങ്ങനെ.  ''വികസനത്തിന്റെ ഗുണഫലം രാജ്യത്തെല്ലാവര്‍ക്കും തുല്യനിലയില്‍ ലഭിക്കാന്‍ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചും മുസ്ലീം ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കേണ്ടതുണ്ട്. ഇതിനായി നൂതനമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും...''

മുന്‍ പ്രധാനമന്ത്രിയും നടപ്പു പ്രധാനമന്ത്രിയും തമ്മിലുള്ള വാക്കിന്റെ വ്യാകരണ സമസ്യകള്‍ എത്രമാത്രം സംശുദ്ധിയോടെയുള്ളതാണെന്ന് തെളിയിക്കുന്നതാണിത്. മോദിയുടെ പ്രസംഗത്തില്‍ പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് തീര്‍ച്ചയായും പെരുമാറ്റച്ചട്ട ലംഘനം തന്നെയാണ്. മോദി ഭരിക്കുമ്പോള്‍ എന്ത് പെരുമാറ്റച്ചട്ട ലംഘനം..? അല്ലേ. നാവിന് കൂച്ചുവിലങ്ങിടുവാന്‍, ഒരു നവഭാരതസൃഷ്ടി നടത്തുവാന്‍ കെല്പില്ലാതെ പോയ നെഹ്രൂവിയന്‍ പാരമ്പര്യമുള്ള കോണ്‍ഗ്രസിനും താരതമ്യേന മിണ്ടാട്ടം മുട്ടിയിരിക്കുന്നു.

സത്യത്തില്‍ വിഷമവൃത്തത്തിലായിരിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരേയൊരു ഉത്തരമേയുള്ളു. ഭാരതത്തിലെ സാമാന്യ ജനവിഭാഗം. കോപ്രായങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട്. 500-ന്റെ നോട്ടുകളും മദ്യക്കുപ്പിയും നേര്യതും തോര്‍ത്തും ആടയാഭരണങ്ങളും എല്ലാം കൊടുത്തുകൊണ്ട് വോട്ടര്‍മാരെ വശത്താക്കുന്ന വൃത്തികെട്ട പരിപാടികള്‍ ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പ് 2024-ന്റെ, പിന്നാമ്പുറങ്ങളിലല്ല, ഉമ്മറത്തു തന്നെ നടക്കുന്നുണ്ട്. അത് വളരെ രസകരവും അതോടൊപ്പം ക്രൂരവുമായ തട്ടിപ്പ് പ്രചാരണ വേലയാണ്.

അഞ്ച് വര്‍ഷത്തേക്കാണ് അതാത് മണ്ഡലങ്ങളിലെ പ്രതിനിധികളെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് എത്തും മുമ്പ് തന്നെ സ്ഥാനാര്‍ഥി കുപ്പായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന മഹാന്മാര്‍ ഇക്കുറി പ്രചാരണം ആരംഭിച്ചിരുന്നു. ചിലയിടങ്ങളില്‍ മതിലെഴുത്തും നടത്തി. അവിടെയും ഇവിടെയും നില്‍ക്കക്കള്ളിയില്ലാത്തവര്‍ കാവിവേഷം ധരിച്ച് അമ്പലപ്പുഴ പാല്‍പ്പായസ വഴിപാടും നേര്‍ന്നു. നേര്‍ച്ച കാഴ്ചകളുടെ മുള്‍ക്കിരീടം തൃശൂരിലെ ലൂര്‍ദ് പള്ളിയിലുള്ള മാതാവിന്റെ ശിരസ്സില്‍ വയ്ക്കുന്നതും വച്ച മാത്രയില്‍ തന്നെ അത് താഴെ വീണു പോകുന്നതും നാം കണ്ടു. ഇലക്ഷന്‍ കോമഡിയുടെ കഥ പറഞ്ഞാല്‍ അത് അഞ്ച് വര്‍ഷം കൊണ്ട് തീരുന്നതല്ല.

ഇന്ത്യയിലെ ഒരു പൊതു തിരഞ്ഞെടുപ്പിന് ചിലവാകുന്ന തുക പരിശോധിച്ചാല്‍ ആ പണമൊഴുക്കിന്റെ സ്രോതസ്സിന് മാന്യമായ അക്കൗണ്ട് ബാലന്‍സില്ല. ഇന്ത്യയില്‍ ദരിദ്രര്‍, മധ്യവര്‍ഗം, സുഖലോലുപര്‍ എന്നീ തരത്തില്‍ ആളുകളെ തരംതിരിച്ചു വച്ചിട്ടുണ്ട്. പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ പിന്തുടര്‍ച്ചക്കാരാണ് ഈ നാട്ടിലെ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും. പരാന്നഭോജികളായ ഇത്തരം വിഷവിത്തുകളെ നേരെയാക്കാന്‍ ആരെക്കൊണ്ട് സാധിക്കും...?

ലോകത്തിലെ മികച്ച രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളാണ് ഇന്ത്യയും അമേരിക്കയും. അമേരിക്കയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക്  കൃത്യമായ വേതനവും സോഷ്യല്‍ സെക്യൂരിറ്റിയും ലഭിക്കുമെങ്കില്‍ അതേ നാണയത്തില്‍ ഇന്ത്യയില്‍ പണിയെടുക്കുന്നവര്‍ക്ക് കൈക്കാശ് പോകുമെന്നല്ലാതെ വേറെ നിവൃത്തിയില്ല.

ഉച്ചഭാഷിണികള്‍ മുഴങ്ങുകയാണ്. ഇന്ന സ്ഥാനാര്‍ഥിയെ നിങ്ങളുടെ മനസ്സിന്റെ മനഃസാക്ഷിയുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് അദ്ദേഹത്തെ പാര്‍ലമെന്റിലേക്ക് അയക്കേണമേ.

ഈ യാചന ഭിക്ഷാടനത്തിന്റെ ന്യൂജെന്‍ മുഖമുദ്രയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക