Image

ഇടതിനോട് പിണങ്ങി നില്‍ക്കുന്ന വടകര; ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുമോ?(ട്രൂ ക്രിട്ടിക്)

ട്രൂ ക്രിട്ടിക് Published on 23 April, 2024
ഇടതിനോട് പിണങ്ങി നില്‍ക്കുന്ന വടകര; ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുമോ?(ട്രൂ ക്രിട്ടിക്)

ഇടത് പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് സിപിഐഎമ്മിന് താഴേത്തട്ടില്‍ വോരോട്ടവും, സ്വാധീനവുമുള്ള ലോക്സഭാ മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ വടകര. തലശ്ശേരി, ഒഞ്ചിയം പോലുള്ള വിപ്ലവ ഓര്‍മ്മകള്‍ ഉറങ്ങുന്ന സ്ഥലങ്ങളുള്‍പ്പെട്ട വടകരയില്‍ പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങാന്‍ ഇടതുപക്ഷത്തിന് സാധിക്കാറില്ല. വടകര ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തലശ്ശേരി, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍, കൃത്യമായി പറഞ്ഞാല്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ എംഎല്‍എമാരായി നിലവില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും, 2009-ന് ശേഷമിങ്ങോട്ട് ഇതുവരെ ലോക്സഭാ മണ്ഡലം പിടിക്കാന്‍ മുന്നണിക്ക് സാധിച്ചിട്ടില്ല.

1996-ല്‍ സിപിഐയുടെ ഒ. ഭരതനില്‍ തുടങ്ങി 2004 വരെ വടകര ഇടതുമുന്നണിക്കൊപ്പമാണ് നിന്നിരുന്നത്. എന്നാല്‍ 2008-ല്‍ ഒഞ്ചിയത്തെ സിപിഐഎമ്മിലുണ്ടായ വിഭാഗീയതയും, റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി)യുടെ പിറവിയും, ആര്‍എംപി നേതാവായ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവും പിന്നീടിങ്ങോട്ട് മണ്ഡലത്തില്‍ വിജയം കൈവരിക്കുന്നതിന് പാര്‍ട്ടിക്കും, മുന്നണിക്കും തടസമായി നില്‍ക്കുകയാണ്.

2012 മെയ് 4-ന് ആര്‍എംപി നേതാവായ ടി.പിയെ അതിക്രൂരമായി ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രതിക്കൂട്ടിലായ സിപിഐഎം കുറ്റനിഷേധം നടത്തിയെങ്കിലും അത് വിശ്വസിക്കാന്‍ വടകരയിലെ വോട്ടര്‍മാര്‍ തയ്യാറായില്ല. പാര്‍ട്ടിയെ അകമഴിഞ്ഞ് പിന്തുണച്ചവര്‍ പോലും ഈ സംഭവത്തോടെ പാര്‍ട്ടിക്ക് എതിരായി.

2009-ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിന് സിപിഐഎമ്മിലെ വിഭാഗീയതയും വലിയൊരു കാരണമായിരുന്നു. പിന്നീടുണ്ടായ ഉന്മൂലനരാഷ്ട്രീയം 2014-ല്‍ വീണ്ടും മുല്ലപ്പള്ളിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായനായ പി. ജയരാജനെ 2019-ല്‍ വടകരയില്‍ ഇറക്കിയിട്ടും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന്‍ ജയിച്ചത് വടകരക്കാരുടെ മനസില്‍ വിദ്വേഷരാഷ്ട്രീയത്തിന്റെ മുറിപ്പാടുകള്‍ ഉണങ്ങാതിരുന്നതിനാല്‍ തന്നെയാണ്. ടി.പിയുടെ ഭാര്യയായ കെ.കെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി വടകരയില്‍ നിന്നും ജയിച്ച് നിയമസഭയിലെത്തിയതും ഉന്മൂലനരാഷ്ട്രീയത്തിനെതിരായ വടകരക്കാരുടെ താക്കീതാണ്.

മണ്ഡലം തിരിച്ചുപിടിക്കാനായി പാര്‍ട്ടി ഇത്തവണ ദൗത്യമേല്‍പ്പിച്ചിരിക്കുന്നത് മുന്‍ ആരോഗ്യമന്ത്രിയും, കേരളത്തിലെങ്ങും ജനകീയയുമായ കെ.കെ ശൈലജ ടീച്ചറെയാണ്. നിലവില്‍ മട്ടന്നൂര്‍ എംഎല്‍എ കൂടിയായ ശൈലജ, ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന ഉറപ്പാണ് ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വത്തിലേയ്ക്ക് നയിച്ചത്. നിപ്പ, കോവിഡ് എന്നീ ദുരന്തങ്ങളെ കേരളം അതിജീവിക്കുന്നതില്‍ മുന്നില്‍ നിന്നു നയിച്ച അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറുടെ നേതൃപാടവം വിസമരിക്കാവുന്നതല്ല. അന്താരാഷ്ട്രതലത്തില്‍ നിന്നുപോലും ടീച്ചര്‍ക്ക് അഭിനന്ദനം ലഭിക്കുകയും ചെയ്തതാണ്.

അതേസമയം ഇത് മനസിലാക്കിയ കോണ്‍ഗ്രസ് തങ്ങളുടെ ശക്തനായ യുവനേതാക്കളിലൊരാളായ ഷാഫി പറമ്പിലിനെയാണ് ടീച്ചറെ നേരിടാനായി വടകരയില്‍ എത്തിച്ചിരിക്കുന്നത്. ഷാഫിയുടെ വരവോടെ മത്സരം കടുക്കുകയും ജയം ആര്‍ക്കെന്ന് പറയാനാകാത്ത സ്ഥിതിവിശേഷമുണ്ടാകുകയുമാണ് ചെയ്തത്. കേരളത്തിലും, കേന്ദ്രത്തിലുമുള്ള സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കാറുള്ള ഷാഫി, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുറത്തും യുവനേതാവെന്ന നിലയില്‍ ജനകീയനാണ്.

ഇതിനിടെയാണ് ശൈലജ ടീച്ചര്‍ക്കെതിരെ അശ്ലീല സൈബര്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഒപ്പത്തോടൊപ്പം നിന്ന ഇരു പാര്‍ട്ടികളുടെയും പ്രചരണം ഇതോടെ വൃത്തികെട്ട സൈബര്‍ പ്രചരണത്തിലേയ്ക്ക് നീങ്ങുന്നതാണ് നിലവിലെ കാഴ്ച. വടകര ലോക്സഭാ മണ്ഡലത്തില്‍ പെടുന്ന പാനൂരില്‍ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി ഒരാള്‍ മരിക്കുകയും, മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ, സിപിഐഎമ്മിനെതിരായ കോണ്‍ഗ്രസ് വിമര്‍ശനം ശക്തിപ്പെട്ടു. പ്രതികള്‍ക്ക് പാര്‍ട്ടി ബന്ധമുണ്ടെന്നാണ് ആരോപണം.

പക്ഷേ വിമര്‍ശനം പല കോണ്‍ഗ്രസ് അണികളും, പിന്തുണയ്ക്കുന്നവരും ഏറ്റെടുത്തത് മറ്റൊരു തരത്തിലാണ്. സ്നേഹത്തോടെ ടീച്ചറമ്മ എന്ന് വിളിക്കുന്ന ശൈലജയെ ബോംബമ്മ എന്ന് വിളിച്ചും, അശ്ലീല അധിക്ഷേപം നടത്തിയും തേജോവധം നടത്താനാണ് എതിരാളികള്‍ ശ്രമം നടത്തുന്നത്. ഒപ്പം വാസ്തവവിരുദ്ധവും, വര്‍ഗ്ഗീയവുമായ പരാമര്‍ശങ്ങളും, മോര്‍ഫ് ചെയ്ത ഫോട്ടോകളും പ്രചരിച്ചതോടെ പൊലീസ് പലര്‍ക്കുമെതിരെ കേസ് എടുക്കുകയും ചെയ്തു.

മറുവശത്ത് ആദ്യം മൗനം പാലിച്ചെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥിയെ മോശക്കാരാക്കി ഇലക്ഷന്‍ ജയിക്കാന്‍ വന്നവരല്ല തങ്ങളെന്ന് ഷാഫി പറമ്പില്‍ പ്രസ്താവനയിറക്കി. പക്ഷേ അപ്പോഴേയ്ക്കും സിപിഐഎം അനുകൂലികള്‍ ഷാഫിക്കെതിരായ സൈബര്‍ ആക്രമണവും ആരംഭിച്ചിരുന്നു. തന്റെ ഉമ്മയുടെ പേര് പോലും വലിച്ചിഴച്ചു എന്നും ഷാഫി പറയുന്നു.

ഇതിനിടെ മണ്ഡലത്തില്‍ കാര്യമായ നേട്ടമൊന്നും ഇതുവരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും, നാട്ടുകാരന്‍ തന്നെയാണ് പ്രഫുല്‍ കൃഷ്ണനെയാണ് ബിജെപി മത്സരത്തിന് ഇറക്കിയിരിക്കുന്നത്. ഇടത്-വലത് സ്ഥാനാര്‍ത്ഥികളുടെ കടുത്ത വടംവലിക്കിടെ എത്രവോട്ട് മറിക്കാന്‍ ബിജെപിക്ക് കഴിയും എന്നാണ് അറിയാനുള്ളത്.

തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുന്ന വിധവും, തെരഞ്ഞെടുപ്പിനെ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതും വടകരയിലുണ്ടായ സംഭവവികാസങ്ങള്‍ വച്ച് പഠനവിധേയമാക്കാവുന്നതാണ്. എല്ലാത്തിനുമൊടുവില്‍ മണ്ഡലത്തില്‍ ചുവപ്പ് ജ്വലിക്കുമോ, അതോ ഏതാനും വര്‍ഷങ്ങളായുള്ള വലത് ചായ്വ് വോട്ടര്‍മാര്‍ തുടരുമോ എന്നതാണ് ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക