Image

ഇസ്രയേലിന്റെ മുഖ്യശത്രു- യുഎസ് ക്യാമ്പസുകളിൽ ഇസ്രയേലിനു  എതിരായ സമരങ്ങൾ വ്യാപിക്കുന്നു (പിപിഎം) 

Published on 23 April, 2024
ഇസ്രയേലിന്റെ മുഖ്യശത്രു- യുഎസ് ക്യാമ്പസുകളിൽ ഇസ്രയേലിനു  എതിരായ സമരങ്ങൾ വ്യാപിക്കുന്നു (പിപിഎം) 

ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങൾക്കെതിരായ പ്രതിഷേധം യുഎസ് ക്യാമ്പസുകളിൽ കത്തിപ്പടരുന്നു. പല ക്യാമ്പസുകളിലും സംഘർഷം നിയന്ത്രിക്കാൻ അധികൃതർ ബുദ്ധിമുട്ടുകയാണ്.

തിങ്കളാഴ്ച രാത്രി ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയിൽ പോലീസ് കടന്നു ഏതാനും വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. അതിനു മുൻപ് യേൽ യൂണിവേഴ്സിറ്റിയിലും അറസ്റ്റുണ്ടായി. 

കൊളംബിയ യൂണിവേഴ്സിറ്റിയിൽ 100 വിദ്യാർഥികളുടെ അറസ്റ്റിനു ശേഷം ക്ലാസുകൾ റദ്ദാക്കി. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്കിലി, എം ഐ ടി തുടങ്ങിയ  ക്യാമ്പസുകളിലും പ്രതിഷേധം നടക്കുന്നുണ്ട്.   

ഹാർവാർഡ് യാർഡ് പൊതുജനങ്ങൾക്കു പ്രവേശനം നിഷേധിച്ചു. ടഫ്‌സ്, എമേഴ്സൺ തുടങ്ങിയ ക്യാമ്പസുകളിൽ സമരക്കാരെ ഒഴിപ്പിക്കാൻ അധികൃതർ ശ്രമം തുടങ്ങി. 

ഇസ്രയേലിന്റെയും അവർക്കു ആയുധം നൽകുന്നവരുടെയും മേലുള്ള ആശ്രയം യൂണിവേഴ്സിറ്റികൾ അവസാനിപ്പിക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 


പ്രതിഷേധം യഹൂദ വിദ്വേഷത്തിലേക്കു വഴുതിയപ്പോൾ പല യഹൂദ വിദ്യാർഥികളും ഭീതിയിലായി. 

അതേ സമയം, സമാധാനമായി പ്രകടനം നടത്തിയവർക്കു നേരെ ഉണ്ടായ ബലപ്രയോഗത്തിൽ അധ്യാപകർ പലരും രോഷം പ്രകടിപ്പിച്ചു. 

കൊളംബിയയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിഷേധം രൂക്ഷമായത്. തിങ്കളാഴ്ച അവർ പോലീസിനെ വിളിച്ചു. യുഎസ് കോൺഗ്രസിന്റെ ആവശ്യപ്രകാരവുമായിരുന്നു ആ നടപടി. 100 പേരെ അറസ്റ്റ് ചെയ്തതിനു പുറമെ പലരെയും സസ്‌പെൻഡ് ചെയ്തു. ക്യാമ്പസുകളിൽ സ്വതന്ത്ര അഭിപ്രായ പ്രകടനത്തിനു തടസം സൃഷ്ടിക്കുന്ന നടപടിയാണ് അതെന്നു വിമർശനം ഉയർന്നു. 

പ്രതിഷേധം ക്യാമ്പസിനു പുറത്തേക്കു വ്യാപിക്കയും ചെയ്തു. 

കണക്ടിക്കട്ടിൽ ന്യൂ ഹാവെനിലെ ബീനക്ക് പ്ലാസയിൽ തടിച്ചു കൂടിയ യേൽ വിദ്യാർഥികൾ ആയുധ വില്പനക്കാരിൽ നിന്നു യൂണിവേഴ്സിറ്റിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 

പ്രതിഷേധക്കാരുമായി സംസാരിച്ചിട്ടു പ്രയോജനം ഉണ്ടാവാത്തതിനാലാണ് അറസ്റ്റിനു നീങ്ങിയതെന്നു അധികൃതർ വിശദീകരിച്ചു. വിദ്യാർഥികളെ പിരിച്ചു വിടുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാവുമെന്ന താക്കീതും നൽകി. എന്നാൽ തെരുവിൽ ഇറങ്ങിയ വിദ്യാർഥികൾ ഗതാഗതം സ്തംഭിപ്പിക്കുന്ന നടപടികളിലേക്കു വരെ നീങ്ങി. 

Campuses see swelling protests for Palestine 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക