Image

ബൈഡനു പിന്തുണ കൂടുന്നു; സ്വതന്ത്ര, യഹൂദ  വോട്ടർമാർക്കിടയിൽ ട്രംപിനു തകർച്ച (പിപിഎം) 

Published on 23 April, 2024
ബൈഡനു പിന്തുണ കൂടുന്നു; സ്വതന്ത്ര, യഹൂദ  വോട്ടർമാർക്കിടയിൽ ട്രംപിനു തകർച്ച (പിപിഎം) 

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ആറു മാസം മാത്രം ബാക്കി നിൽക്കെ പ്രസിഡന്റ് ജോ ബൈഡൻ പല വിഭാഗങ്ങളിലും കൂടുതൽ പിന്തുണ നേടുന്നതായി സർവേകൾ. ഏറ്റവും ഒടുവിൽ പ്രാധാന്യം നേടുന്ന രണ്ടു സർവേകളിൽ ഡൊണാൾഡ് ട്രംപിനു സ്വതന്ത്ര വോട്ടർമാരിലും യഹൂദരിലും പിന്തുണ ഇടിഞ്ഞതായാണ് കാണുന്നത്. 

സ്വതന്ത്ര സ്ഥാനാർഥി റോബർട്ട് ആർ. കെന്നഡി ജൂനിയർ അടിച്ചു മാറ്റുന്നത് ട്രംപിന്റെ വോട്ടുകളാണെന്നും സർവേകളിൽ കാണുന്നു. അദ്ദേഹം ബൈഡനെ വീഴ്ത്തുമെന്നായിരുന്നു നിരീക്ഷകർ കരുതിയിരുന്നത്. 

ക്വിനിപിയക്ക് യൂണിവേഴ്സിറ്റിയുടെ പോളിംഗിൽ ബൈഡനു ഡിസംബറിൽ ഉണ്ടായിരുന്ന ലീഡിൽ നിന്നു 3% കുതിപ്പുണ്ട്. ഇപ്പോൾ അദ്ദേഹം ട്രംപിനെതിരെ 50--44% ലീഡ് നേടിയിട്ടുണ്ട്. ഇത് എറർ മാർജിനു പുറത്തുമാണ്. 
റജിസ്റ്റർ ചെയ്ത 1,192 വോട്ടർമാർക്കിടയിൽ മാറിസ്റ്റ് നടത്തിയ പോളിംഗിൽ ട്രംപിന് മാർച്ചിൽ ഉണ്ടായിരുന്ന 38% പിന്തുണ 30% ആയി കുറഞ്ഞതായി കാണുന്നു. ബൈഡനു പുറമെ കെന്നഡിയും കോർണെൽ വെസ്റ്റും ജിൽ സ്റ്റീനും സർവേയിൽ ഉൾപ്പെട്ടിരുന്ന പോളിംഗിൽ ബൈഡൻ തന്റെ പിന്തുണ ഒരു ശതമാനം ഉയർത്തി 34% നേടി.   

കെന്നഡിയും കുതിപ്പിലാണ്. മാർച്ചിൽ 21% പിന്തുണ കണ്ട അദ്ദേഹം ഏപ്രിലിൽ 27% നേടി. ട്രംപും ബൈഡനും മാത്രമാകുമ്പോൾ ഇരുവരും 49% നേടുന്ന സർവേയിൽ കഴിഞ്ഞ തവണ ട്രംപിനു 7% ലീഡ് (52--45) ഉണ്ടായിരുന്നു. 

ആ ലീഡ് തുടച്ചു നീക്കപ്പെട്ടു എന്നത് സുപ്രധാനമാണ്. 

ബൈഡൻ ലീഡ് ഉയർത്തുന്നതും ശ്രദ്ധേയമാണ്. ഏപ്രിൽ ആദ്യം ബൈഡനു 50%, ട്രംപിനു 48% എന്നിങ്ങനെ കണ്ട പോളിംഗിൽ ഏപ്രിൽ 16--18 ആയപ്പോൾ ബൈഡനു 51% പിൻബലമായി. കൂടുതൽ വിശകലനത്തിൽ സ്വതന്ത്ര വോട്ടർമാർ 52--40 എന്ന ലീഡ് ബൈഡനു നല്കുന്നതായാണ് കാണുന്നത്. അഞ്ചു സ്ഥാനാർഥികളും ചേരുമ്പോൾ  ബൈഡനു അതേ ലീഡുണ്ട്: അദ്ദേഹത്തിനു 35%, ട്രംപിനു 27%, കെന്നഡിക്കു 24% എന്നിങ്ങനെയാണ് പിന്തുണ.  

കെന്നഡി റിപ്പബ്ലിക്കൻ പാർട്ടിയിൽ കൂടുതൽ പിന്തുണയുണ്ട് എന്ന വാദം നിലനിൽക്കെ അദ്ദേഹം ട്രംപിന്റെ വോട്ടുകൾ പിടിച്ചെടുക്കുന്നതിൽ അത്ഭുതമില്ല. കൂടുതൽ വോട്ടുകൾ അദ്ദേഹം ട്രംപിൽ നിന്നു നേടാം എന്നാണ് നിഗമനം. 

എൻ ബി സി പോളിൽ ബൈഡൻ ട്രംപിനെക്കാൾ 2% പിന്നിലാണ് (44--46). എന്നാൽ കെന്നഡി കൂടി ചേരുമ്പോൾ ബൈഡൻ ലീഡ് നേടുന്നു: 39--37%. എറർ മാർജിനുള്ളിൽ തന്നെ നിൽക്കുന്ന രണ്ടു എൻ ബി സി പോളുകളിൽ രണ്ടാമത്തേതിൽ ബൈഡനു 4% മുന്നേറ്റമുണ്ടായി എന്നത് ഏറെ ശ്രദ്ധേയമാണ്. 

ന്യൂ യോർക്കിൽ യഹൂദരുടെ പിന്തുണയും ബൈഡൻ കൂടുതലായി നേടുന്നു എന്നാണ് പുതിയൊരു പോളിംഗിൽ കാണുന്നത്. ഈ വിഭാഗത്തിൽ ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിൽ ട്രംപിനു 15% പിന്തുണ കുറഞ്ഞു. ബൈഡനെക്കാൾ ഇസ്രയേലിനു പ്രിയപ്പെട്ട നേതാവാണെന്നാണ് ട്രംപിനെ കണ്ടിരുന്നത്.  

സിയന്ന കോളജ് ഏപ്രിൽ 15--17നു നടത്തിയ പോളിംഗിൽ 45% ആണ് ബൈഡന്റെ പിന്തുണ. ഫെബ്രുവരിയിൽ ട്രംപിനു ഇതേ പോളിൽ 53-44% ലീഡ് ഉണ്ടായിരുന്നു. 

Biden keeps surging in key segments 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക