Image

ഇന്ത്യയിൽ മാധ്യമങ്ങളെയും ന്യൂനപക്ഷങ്ങളെയും  പീഡിപ്പിക്കുന്നു, മണിപ്പൂരിൽ കടുത്ത മനുഷ്യാവകാശ  ലംഘനം: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് (പിപിഎം) 

Published on 23 April, 2024
ഇന്ത്യയിൽ മാധ്യമങ്ങളെയും ന്യൂനപക്ഷങ്ങളെയും  പീഡിപ്പിക്കുന്നു, മണിപ്പൂരിൽ കടുത്ത മനുഷ്യാവകാശ  ലംഘനം: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് (പിപിഎം) 

മണിപ്പൂരിൽ അവഗണിക്കാൻ കഴിയാത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് കഴിഞ്ഞ വർഷത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്ന റിപ്പോർട്ടിൽ പറയുന്നു. എതിർക്കുന്നവരെയും ന്യൂനപക്ഷങ്ങളെയും മാധ്യമങ്ങളെയും അമർച്ച ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

മണിപ്പൂരിൽ ഭൂരിപക്ഷമുള്ള ക്ഷത്രിയ മേയ് തെയ് ജാതിയും കുക്കി-സോ ഗോത്രവർഗവും തമ്മിൽ കഴിഞ്ഞ വര്ഷം ആരംഭിച്ച ഏറ്റുമുട്ടലിൽ ഒട്ടനവധി പേർ കൊല്ലപ്പെട്ടു. ഔദ്യോഗിക ഗോത്രവർഗ പദവി ആവശ്യപ്പെട്ടു മേയ് തെയ് വിഭാഗം സമരം ആരംഭിച്ചതാണ് കുക്കികൾക്കു പ്രകോപനമായത്. സർക്കാരിന്റെയും സമൂഹത്തിന്റെയും മേൽ ആധിപത്യമുറപ്പിക്കാനുളള നീക്കമാണ് മേയ് തെയ് നടത്തുന്നതെന്നു ന്യൂനപക്ഷ ആനുകൂല്യങ്ങളുള്ള കുക്കികൾ ആരോപിച്ചു. 

മണിപ്പൂരിൽ കഴിഞ്ഞ വർഷം മേയ് മുതൽ നവംബർ വരെ 60,000 പേർ വീടും കുടിയും ഉപേക്ഷിച്ചു പലായനം ചെയ്തെന്നു സ്റേറ് ഡിപ്പാർട്മെന്റ് വിലയിരുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഗവൺമെന്റിനെ വിമർശിക്കുന്ന മാധ്യമ സഥാപനങ്ങളുടെ മേൽ സമ്മർദം ചെലുത്തുകയും അവരെ പീഡിപ്പിക്കയും ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറയുന്നു. ഉദാഹരണത്തിനു പ്രധാനമന്ത്രിയെ വിമര്ശിക്കുന്ന ഡോക്യുമെന്ററി പുറത്തു വിട്ടതിനു 2023ൽ  ആദായനികുതി വകുപ്പ് ബി ബി സിയുടെ ഓഫിസുകളിൽ റെയ്‌ഡ്‌ നടത്തി. 

റിപ്പോർട്ടേഴ്‌സ് വിതൗട് ബോർഡേഴ്സ് 2023ലെ മാധ്യമ സ്വാതന്ത്ര്യ ഇന്ഡക്സിൽ 180 രാജ്യങ്ങളിൽ ഇന്ത്യയ്ക്കു നൽകിയത് 161 ആം സ്ഥാനമാണ്. ഇന്ത്യ ഇത്രയും താഴ്ന്ന നിലയിൽ എത്തിയത് ഇതാദ്യം. 

ന്യൂനപക്ഷങ്ങൾക്കു നേരെ രാജ്യത്തു അക്രമത്തിനു പരസ്യമായ ആഹ്വാനം നടക്കുന്നുണ്ടെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ്റ് പറയുന്നു. വിവേചനം നഗ്നമാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുമുണ്ട്. 

മൂന്നാം തവണ പ്രധാനമന്ത്രിയാവാൻ ഒരുങ്ങുന്ന മോദി ന്യൂനപക്ഷങ്ങൾക്കു നേരേയുള്ള അതിക്രമങ്ങൾ നിഷേധിക്കുന്നു. എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയുള്ള നയങ്ങളാണ് താൻ നടപ്പാക്കുന്നതെന്ന് അദ്ദേഹം നിഷ്‌കർഷിക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം മുസ്ലിങ്ങൾക്കെതിരെ പരസ്യമായി ആഞ്ഞടിച്ചിരുന്നു. 

മോദി വന്ന ശേഷം കാര്യങ്ങൾ വഷളായെന്നു മനുഷ്യാവകാശ സംഘടനകൾ പറയുന്നു. വിദ്വേഷ പ്രസംഗങ്ങൾ വ്യാപകമായി. മുസ്ലിം ഭൂരിപക്ഷ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. വൻ തോതിൽ മുസ്ലിങ്ങളെ പുറത്താക്കുന്ന പൗരാവകാശ നിയമം കൊണ്ടുവന്നു. അത് അടിസ്‌ഥാനപാരമായി വിവേചനം നിറഞ്ഞതാണെന്നു യുഎൻ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

മുസ്ലിങ്ങളുടെ വസ്തുവകകൾ നിയമവിരുദ്ധമെന്നു വാദിച്ചു തകർക്കുന്നത് ഇന്ത്യയിൽ പതിവാണ്.  

ചൈനയ്ക്കു ബദലായി ഇന്ത്യയെ ശക്തിപ്പെടുത്തുക എന്ന നയത്തിൽ മുറുകെ പിടിച്ചിട്ടുള്ള ബൈഡൻ ഭരണകൂടം ഈ റിപ്പോർട്ടിന്മേൽ നടപടി എടുക്കുമെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നില്ല. 

US State dept blasts Indian violations 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക