Image

കാനഡ കൂടുതൽ ഇന്ത്യക്കാരെ  ആകർഷിക്കുന്നുവെന്നു റിപ്പോർട്ട് (പിപിഎം) 

Published on 26 April, 2024
കാനഡ കൂടുതൽ ഇന്ത്യക്കാരെ  ആകർഷിക്കുന്നുവെന്നു റിപ്പോർട്ട് (പിപിഎം) 

കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക് ഒരു പതിറ്റാണ്ടിൽ നാലിരട്ടിയിലേറെയായി എന്നു കണക്കുകൾ കാണിക്കുന്നു. കൂടുതൽ ലളിതമായ കുടിയേറ്റ ചട്ടങ്ങൾ ആണ് കാനഡയുടെ പ്രധാന ആകർഷണം. 

യുഎസിനെക്കാൾ കൂടുതലായി  കനേഡിയൻ യൂണിവേഴ്സിറ്റികളാണ് ഇന്ത്യൻ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്നതെന്നു നാഷനൽ ഫൗണ്ടേഷൻ ഓഫ് അമേരിക്കൻ പോളിസി (എൻ എഫ് എ പി) പറയുന്നു. ഇന്ത്യയും കാനഡയും തമ്മിലുണ്ടായ നയതന്ത്ര പ്രശ്നങ്ങളെ തുടർന്നു വിസയ്ക്കു കാലതാമസമുണ്ടായിട്ടുണ്ട്. വിദേശവിദ്യാർഥികളെ രണ്ടു വർഷത്തേക്കു പരിമിതപ്പെടുത്താൻ കാനഡ തീരുമാനിച്ചിട്ടുമുണ്ട്. എന്നാൽ അതൊന്നും ഇന്ത്യയിൽ നിന്നുള്ള ഒഴുക്കിനെ ഗൗരവമായി ബാധിക്കില്ല എന്നാണ് വിലയിരുത്തൽ. 

"യുഎസിൽ  H-1B വിസയോ സ്ഥിരതാമസത്തിനുള്ള അനുമതിയോ കിട്ടാൻ കഷ്ടപ്പാടായതു കൊണ്ട് കാനഡയാണ് ഒട്ടേറെ വിദ്യാർഥികൾക്കു മുൻഗണന," റിപ്പോർട്ടിൽ പറയുന്നു. "താത്കാലിക അനുമതിയിൽ ജോലി ചെയ്യാനും സ്ഥിരതാമസം നേടിയെടുക്കാനും കാനഡയാണ് കൂടുതൽ സൗകര്യം നൽകുന്നത്. അന്താരാഷ്ട്ര വിദ്യാർഥികളെ കാനഡ ആകർഷിക്കുന്നതിൽ കൂടുതൽ ലളിതമായ കുടിയേറ്റ നയങ്ങൾ സുപ്രധാന ഘടകമാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക്."

ഉയർന്ന വൈദഗ്ധ്യമുള്ളവർക്കു നൽകുന്ന താത്കാലിക വിസകൾക്കു കാനഡ പ്രതിവർഷ പരിധി നിശ്ചയിച്ചിട്ടില്ല. അത്തരം വിസകൾ മിക്കവാറും രണ്ടാഴ്ച കൊണ്ടു തീരുമാനമാകാറുണ്ട്. യുഎസിൽ ആവട്ടെ, യൂണിവേഴ്സിറ്റി ബിരുദം നേടിയ ശേഷം താത്കാലിക H-1B വിസ നേടുന്നത് കൂടുതൽ ബുദ്ധിമുട്ടായി. പ്രതിവർഷ പരിധി 20 വർഷമായി നിലനിൽക്കുന്നു. 

H-1B കിട്ടിക്കഴിഞ്ഞാലും വിദേശ പൗരന്മാർക്കുള്ള പ്രശ്നങ്ങൾ തുടരുകയാണ്. ഓരോ രാജ്യങ്ങൾക്കും പരിധി ഉള്ളതിനാൽ, സ്ഥിര താമസം സാധ്യമാക്കാൻ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൻ ചിലപ്പോൾ പതിറ്റാണ്ടുകൾ കാത്തു നിൽക്കേണ്ടി വരുന്നു. ഗ്രീൻ കാർഡുകളും പരിമിതമായി മാത്രമേ നൽകുന്നുള്ളൂ. ഗ്രീൻ കാർഡുകൾക്കു 1.2 മില്യണിലധികം ഇന്ത്യക്കാർ കാത്തു നിൽപ്പുണ്ട്. 

എന്നാൽ കാനഡയിലെ സ്ഥിതി വളരെ വ്യത്യസ്തമാണ്. കാനഡയിലെ യൂണിവേഴ്സിറ്റികളിൽ നിന്നു പിഎച്.ഡി അല്ലെങ്കിൽ മാസ്‌റ്റേഴ്‌സ് എടുക്കുന്നവർക്കു ചില പ്രവിശ്യകളിൽ തൊഴിൽ പരിചയം പോലുമില്ലാതെ സ്ഥിര താമസത്തിനു അനുമതി ലഭിക്കും. യുഎസ് നിയമങ്ങളെക്കാൾ ഏറെ ഉദാരമാണ് കാനഡയുടെ ചട്ടങ്ങളെന്നു ടൊറോന്റോയിലെ ഒരു നിയമവിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു. 

കാനഡയിലേക്ക് കുടിയേറിയവരുടെ എണ്ണം 2013നും 2023നുമിടയിൽ  32,828 നിന്ന് 139,715 ആയി ഉയർന്നു: 326%. കനേഡിയൻ യൂണിവേഴ്സിറ്റികളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ പ്രവേശിച്ചവരുടെ എണ്ണം 5,800% ആണ് കൂടിയത്. 2000ൽ 2,181 പേർ ആയിരുന്നത് 2021 ആയപ്പോൾ  128,928 എത്തി. 

ഡൊണാൾഡ് ട്രംപ് പ്രസിഡന്റ ആയിരിക്കെ യുഎസിൽ കുടിയേറ്റം കൂടുതൽ ബുദ്ധിമുട്ടായി. യുഎസ് യൂണിവേഴ്സിറ്റികളിൽ അപേക്ഷകർ 6% കുറഞ്ഞപ്പോൾ കാനഡയിൽ 52% കൂടി.  

Canadian immigration policy attracts more Indians 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക