Image

ചമ്മന്തി (കഥ: ഷിജു കെ പി)

Published on 26 April, 2024
ചമ്മന്തി (കഥ: ഷിജു കെ പി)

"ഇന്നത്തെ ചമ്മന്തി സൂപ്പറായിട്ടുണ്ടല്ലോ മാഷേ?"

ഉച്ചക്ക് പല അടുക്കളയിൽ വെന്ത ചോറും കറികളും സദ്യവട്ടമായി ഇരുന്ന് കഴിക്കുമ്പോളാണ് നളിനി ടീച്ചറുടെ ഒരു പാസ്സ്.

"അത് കല്ലിൽ അരച്ചതിന്റെയാ ടീച്ചറെ."
ഗോപി മാഷ് പാസിൽ നിന്നൊഴിഞ്ഞു മാറി.
നളിനി ടീച്ചറിലെ ഫെമിനിസ്റ്റ് ഉണർന്നു. ബൂട്ട് നിലത്തുരച്ചു ഒരു കിക്കിന് ടീച്ചർ തയ്യാറായി.

"പാവം മാഷിന്റെ മിസ്സിസ്. എന്തിനാ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്? ഒരു മിക്സി വാങ്ങി കൊടുക്കണം മാഷേ. നിങ്ങൾ വല്യ പുരോഗമനം ഒക്കെ പറയുന്ന ആളല്ലേ?"
മാഷ് ഒന്നും മിണ്ടാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. തന്റെ കിക്ക് ഗോൾ ആയില്ലെന്ന് കണ്ടപ്പോൾ ടീച്ചർ വീണ്ടും അങ്കത്തിനൊരുങ്ങി. 

അപ്പോൾ അടുത്തിരുന്ന പീതംബരൻ മാഷിന്റെ ഒരു അപ്രതീക്ഷിത കടന്ന് കയറ്റം.
 "അത് പിന്നെ സ്നേഹം കൂടി ചേർത്ത് അരക്കുന്നത് കൊണ്ടാണ് ചമ്മന്തിക്ക് ഇത്ര രുചി ടീച്ചറെ."

ഭർത്താവും മക്കളുമായി പിരിഞ്ഞു കഴിയുന്ന ടീച്ചർക്ക് ആ ഗോൾ ശരിക്കും കൊള്ളേണ്ടിടത്ത് കൊണ്ടു. പിന്നെ ആരവമൊഴിഞ്ഞ ഫുട്ബോൾ ഗ്രൗണ്ട് പോലെ യായി അന്നത്തെ ലഞ്ച് ബ്രേക്ക്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക