ചെങ്ങന്നൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ വീടിന് പുറത്തു മരിച്ച നിലയിലുമാണ് കണ്ടെത്തിയത് .
വെണ്മണി പുന്തല കുറ്ററ ശ്രുതിലയത്തില്‍ ഷാജി(59), ദീപ്തി(48) എന്നിവരാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ദീപ്തി വീടിന്റെ അടുക്കള വാതിലിന് സമീപം ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഷാജിയെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയാണ് കണ്ടത്. കൊലയ്ക്ക് ഉപയോഗിച്ചെന്ന് കരുതുന്ന ചുറ്റിക മുറിയില്‍നിന്നു കണ്ടെടുത്തു.
ഇവരുടെ മക്കളായ ശ്രുതിയുടെയും ശ്രാവണിന്റെയും കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പഞ്ചായത്തംഗം ബി. ബാബുവിനൊപ്പം മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. മക്കളുടെ മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടിയിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
വിദേശത്തായിരുന്ന ഷാജി ഒരു മാസം മുമ്ബാണ് അവധിക്കായി വീട്ടിലെത്തിയത്. വിവാഹിതയായ മകള്‍ ശ്രുതി വിദേശത്ത് ജോലിയിലായിരുന്നു. അടുത്തയിടെയാണ് ഇവര്‍ അവധിക്ക് വീട്ടില്‍ വന്നത്. മകന് ബിരുദ വിദ്യാര്‍ത്ഥിയാണ്.