Image

മനുഷ്യവകാശങ്ങൾ യുഎസ് പൗരന്മാർക്കു  വലിയ വിഷയമല്ല; ഭീകരത പ്രധാനം (പിപിഎം) 

Published on 26 April, 2024
മനുഷ്യവകാശങ്ങൾ യുഎസ് പൗരന്മാർക്കു   വലിയ വിഷയമല്ല; ഭീകരത പ്രധാനം (പിപിഎം) 

ലോകമൊട്ടാകെ ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതല്ല, മറ്റൊരു ഭീകരാക്രമണം തടയുക എന്നതാണ് അമേരിക്കൻ ജനതയെ സംബന്ധിച്ചു യുഎസ് വിദേശകാര്യ നയത്തിൽ പ്രാധാന്യം അർഹിക്കുന്ന കാര്യമെന്നു പ്യു റിസർച് സെന്റർ നടത്തിയ പുതിയൊരു അഭിപ്രായ സർവേയിൽ കണ്ടെത്തി. 

നിയമവിരുദ്ധമായി ലഹരിമരുന്നു ഒഴുകിയെത്തുന്നത് തടയുക എന്നതാണ് രണ്ടാമത്തെ മുൻഗണനാ വിഷയം. മൂന്നാമത്, സർവ്വസംഹാരിയായ ആയുധങ്ങളുടെ വ്യാപനം നിയന്ത്രിക്കുക. ഏപ്രിലിലാണ് 3,600 പേരുമായി ബന്ധപ്പെട്ടു ഈ സർവേ നടത്തിയത്.  

റഷ്യയുടെയും ചൈനയുടെയും സ്വാധീനം പരിമിതപ്പെടുത്തണമെന്നും യുഎസ് ജനത ചിന്തിക്കുന്നു. കാലാവസ്ഥാ മാറ്റവും പ്രധാനമാണ്. എന്നാൽ മനുഷ്യാവകാശങ്ങൾ പരിപോഷിപ്പിക്കുക എന്നതും ജനാധിപത്യത്തിനുള്ള പ്രചോദനവും ഏറ്റവും താഴ്ന്ന പരിഗണനയാണ് നേടുന്നത്. 

ഭീകരതയെ നേരിടുക എന്ന മുൻഗണന ഇന്ത്യയ്ക്കും ഉള്ളതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ അവയ്ക്കു സ്വാധീനം ചെലുത്താൻ കഴിയും. യുഎസിൽ ഖാലിസ്ഥാൻ തീവ്രവാദം വളരുന്നതിൽ ഇന്ത്യക്കാർക്ക് ആശങ്കയുണ്ട്. 

2001 സെപ്റ്റംബർ 11നു നടന്ന അൽ ഖൈദ ആക്രമണം ഓർമിച്ചു 73% യുഎസ് പൗരന്മാരും ഭീകരാക്രമണം തടയുന്നത് മുഖ്യ വിഷയമായി കാണുന്നു. ഇന്ത്യൻ വംശജരായ 35 പേർ ഉൾപ്പെടെ 2,996 പേരാണ് ആ ആക്രമണത്തിൽ മരിച്ചത്. 

ലഹരിമരുന്നുകൾ തടയണമെന്നതു 64% പേർ രണ്ടാം മുൻഗണനയായി രേഖപ്പെടുത്തി. ആയുധവ്യാപനത്തിനു എതിരെ 63% പേരും. 

യുഎസ് സൈനിക കരുത്തു നിലനിർത്തണം എന്ന അഭിപ്രായക്കാർ 54% ഉണ്ട്. കോവിഡ് പോലുള്ള രോഗങ്ങളുടെ വ്യാപനം തടയണം എന്ന ആവശ്യം 52% പേർ ഉന്നയിച്ചു. 

റഷ്യയുടെ സ്വാധീനം പരിമിതപ്പെടുത്തണമെന്നു 50% പേർ പറഞ്ഞപ്പോൾ ചൈനയുടെ കാര്യത്തിൽ 49% അതേ അഭിപ്രായം പറഞ്ഞു. വടക്കൻ കൊറിയയെ കുറിച്ച് 38% പേർക്ക് മാത്രമാണ് ആശങ്ക. ഇറാന്റെ കാര്യത്തിൽ 37% പേർക്കും. 

കാലാവസ്ഥാ മാറ്റത്തെ കുറിച്ച് 44% പേർക്ക് ഉത്കണ്ഠയുണ്ട്. 

മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ആശങ്ക 26% പേർക്കു മാത്രമേയുള്ളൂ. യുഎസ് ഭരണകൂടങ്ങൾ അതിനു ഏറെ പ്രാമുഖ്യം നൽകി പണവും സമയവും ചെലവഴിച്ചിട്ടുണ്ട്. 

Terrorism top priority for Americans 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക