Image

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

Published on 26 April, 2024
വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ വോട്ടു ചെയ്യുന്നയാള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ടു രേഖപ്പെടുത്തിയതെന്ന് ഉറപ്പിക്കാനുള്ള, വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിപിപാറ്റ്) പൂര്‍ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പരസ്പരം യോജിക്കുന്ന രണ്ടു വ്യത്യസ്ത വിധിന്യായങ്ങളിലാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റെ വിധി.

പേപ്പര്‍ ബാലറ്റിലേക്കു മടങ്ങണമെന്ന, ഹര്‍ജിക്കാരുടെ ആവശ്യവും കോടതി തള്ളി. ഹര്‍ജികളില്‍ രണ്ടു നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതായി ബെഞ്ച് വ്യക്തമാക്കി. സിംബര്‍ ലോഡിങ് യൂണിറ്റ് മുദ്രവച്ച് 45 ദിവസമെങ്കിലും സൂക്ഷിക്കണം. ഫലപ്രഖ്യാപനത്തിനു ശേഷം മൈക്രോ കണ്‍ട്രോളര്‍ പ്രോഗാം വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കാന്‍ സ്ഥാനാര്‍ഥിക്ക് അവസരം നല്‍കണമെന്നാണ് രണ്ടാമത്തെ നിര്‍ദേശം. ഇത്തരമൊരു ആവശ്യം സ്ഥാനാര്‍ഥി ഫലപ്രഖ്യാപനത്തിന് ശേഷം ഏഴു ദിവസത്തിനകം ഉന്നയിക്കണമെന്നും കോടതി പറഞ്ഞു.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണം എന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചത്.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക