Image

പാറക്കെട്ടിൽ നിന്നു കാർ ഓടിച്ചിറക്കിയ ഡോ. പട്ടേലിനു  ഗുരുതര മാനസിക പ്രശ്നം

Published on 27 April, 2024
പാറക്കെട്ടിൽ നിന്നു കാർ ഓടിച്ചിറക്കിയ ഡോ. പട്ടേലിനു   ഗുരുതര മാനസിക പ്രശ്നം

കാലിഫോർണിയിൽ പാറക്കെട്ടിൽ നിന്ന് 250 അടിയോളം താഴ്ചയിലേക്കു ടെസ്‌ല കാർ ഓടിച്ചിറക്കിയ ഇന്ത്യൻ അമേരിക്കൻ ഡോക്ടർക്കു കടുത്ത മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നു രണ്ടു മാനസിക ചികിത്സാ വിദഗ്‌ധർ കോടതിയിൽ മൊഴി നൽകി. 

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഡോക്ടർ ധർമേഷ് പട്ടേൽ ഭാര്യയും രണ്ടു മക്കളുമൊത്തു യാത്ര ചെയ്യുമ്പോൾ ഹാഫ് മൂൺ ബെയ്ക്കു സമീപം ഹൈവേ 1ൽ ഡെവിൾസ് സ്ലൈഡ് എന്ന സ്ഥലത്തു കാർ പെട്ടെന്നു കുത്തനെ ഇറക്കിയത്. ഭാര്യയെയും മക്കളെയും കൊല്ലാൻ പട്ടേൽ കരുതിക്കൂട്ടി ചെയ്തതാണ് എന്നു പ്രോസിക്യൂഷൻ ആരോപിക്കുന്നു. 

കൈക്കും കാലിനുമൊക്കെ പരുക്കേറ്റ പട്ടേൽ പറയുന്നത് ടെസ്‌ല കാറിനു പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ്. എന്നാൽ ആ വാദം സാങ്കേതിക പരിശോധനയിൽ പൊളിഞ്ഞു. അദ്ദേഹത്തിനെതിരെ ഭാര്യ തന്നെ മൊഴി നൽകുകയും ചെയ്‌തു. ഏഴു വയസുള്ള മകൾക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. മൂന്നു വധശ്രമങ്ങളാണ് പട്ടേലിന്റെ മേൽ ചുമത്തിയത്. 

റേഡിയോളോജിസ്റ്റായ പട്ടേൽ അപകട സമയത്തു കടുത്ത മാനസിക പ്രശ്നം നേരിട്ടിരുന്നുവെന്നു ഡോക്ടർമാരായ മാർക്ക് പാറ്റേഴ്സൺ, ജെയിംസ് അർമാൻറ്റൗട്ട് എന്നിവർ വ്യാഴാഴ്ച റെഡ്‌വുഡ് സിറ്റിയിൽ വിചാരണ ആരംഭിച്ചപ്പോൾ കോടതിയോടു പറഞ്ഞു. തന്റെ കുട്ടികളെ മനുഷ്യക്കടത്തു സംഘങ്ങൾ ലൈംഗിക ചൂഷണം ചെയ്തുവെന്നും മറ്റും ആ സമയത്ത് അദ്ദേഹം ചിന്തിച്ചിരുന്നുവെന്നാണ് അവർ പറയുന്നത്. 

പട്ടേലിനെ മാനസിക ചികിത്സയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹത്തിന്റെ അഭിഭാഷകരാണ് ഡോക്ടർമാരെ കോടതിയിൽ വിളിപ്പിച്ചത്. രണ്ടു വർഷം നീളുന്ന ചികിത്സ വിജയകരമായാൽ അദ്ദേഹത്തിനു ജയിൽ ശിക്ഷ ഒഴിവാക്കാം.

എന്നാൽ പട്ടേലിന് ഷിസോഫ്രേനിയ എന്ന മാനസികാവസ്ഥ ഉണ്ടെന്നു പ്രോസിക്യൂഷൻ വാദിക്കുന്നു. വിട്ടയച്ചാൽ അദ്ദേഹത്തെ നിരീക്ഷിക്കാൻ സംവിധാനമില്ലെന്നും അവർ പറയുന്നു.  

പട്ടേൽ ചികിത്സ കൊണ്ടു രോഗമുക്തനാകുമെന്നു പാറ്റേഴ്സൺ പറഞ്ഞു. 

Dharmesh Patel had serious mental issues, say doctors 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക