Image

ലൈംഗിക പീഡനക്കേസ്; പ്രജ്വല്‍ രേവണ്ണയെ പിടികൂടാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രത കര്‍ശനമാക്കി പോലീസ്

Published on 07 May, 2024
ലൈംഗിക പീഡനക്കേസ്; പ്രജ്വല്‍ രേവണ്ണയെ  പിടികൂടാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രത കര്‍ശനമാക്കി പോലീസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ എംപി പ്രജ്വല്‍ രേവണ്ണയെ പിടികൂടാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രത കര്‍ശനമാക്കി പോലീസ്. ഞായറാഴ്ച വൈകുന്നേരം മുതലാണ് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ തമ്പടിച്ചത്. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍. പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി ജര്‍മനിയിലേക്കു പോകാനും പ്രത്യേക അന്വേഷണ സംഘം തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. അശ്ലീല വിഡിയോ പുറത്തുവന്നതിനു പിന്നാലെ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചു രാജ്യം വിട്ട പ്രജ്വല്‍, 2 തവണ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി. ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വിവാദ വീഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരു ബസവനഗുഡിയിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി. വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക