Image

ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ച യുവതിയെ വിവാഹം കഴിക്കാൻ തയ്യാറായി കുഞ്ഞിന്റെ പിതാവ്

Published on 07 May, 2024
ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ച യുവതിയെ വിവാഹം കഴിക്കാൻ തയ്യാറായി   കുഞ്ഞിന്റെ പിതാവ്

കൊച്ചി: കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ച യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്‍റെ അച്ഛന്‍ കൊല്ലം സ്വദേശിയായ യുവാവ്. പോലീസ് ഇന്നലെ ഇരുവരുടെയും മൊഴി എടുത്തപ്പോഴാണ് യുവാവ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ തമ്മിലുള്ള ബന്ധം രണ്ട് പേരുടെയും കുടുംബം അറിഞ്ഞിരുന്നില്ല.

അവിവാഹിതയായ പെണ്‍കുട്ടിയുടെ പ്രസവത്തെ തുടര്‍ന്ന് പോലീസ് രണ്ട് വീട്ടുകാരെയും വിവരം അറിയിച്ചിരുന്നു. ബന്ധുക്കള്‍ കൊച്ചിയില്‍ എത്തി സംസാരിച്ചു. മക്കളുടെ വിവാഹത്തില്‍ വീട്ടുകാര്‍ എതിര്‍ത്തില്ല. ആശുപത്രി വിട്ടാലുടന്‍ വിവാഹം നടത്താനുള്ള തീരുമാനമാണെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം മുറിയില്‍ കൂടെയുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. ശുചിമുറിയില്‍ കയറിയ യുവതി  ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് മുറിയില്‍ കൂടെയുണ്ടായിരുന്നവര്‍ വാതില്‍ തല്ലിപ്പൊളിക്കുകയായിരുന്നു. യുവതി ശുചിമുറിയില്‍ പ്രസവിച്ചതായി കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. എറണാകുളം നോര്‍ത്ത് പോലീസ് ഉടന്‍ സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക