Image

നമ്പർ പ്ളേറ്റിനു പകരം 'ബൂമർ' എന്ന എഴുത്ത്; രൂപമാറ്റം വരുത്തി റോഡിൽ ചെത്തിനടന്ന കാർ പിടിച്ചെടുത്ത് എംവിഡി 

Published on 07 May, 2024
നമ്പർ പ്ളേറ്റിനു പകരം 'ബൂമർ' എന്ന എഴുത്ത്; രൂപമാറ്റം വരുത്തി റോഡിൽ ചെത്തിനടന്ന കാർ പിടിച്ചെടുത്ത് എംവിഡി 

 രൂപത്തിൽ അടിമുടി മാറ്റം വരുത്തി റോഡിൽ ശരവേഗത്തിൽ പാഞ്ഞിരുന്ന വണ്ടി പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ഹെഡ്‌ലൈറ്റ്, സസ്പെൻഷൻ, ഗിയർ, പെയ്ന്റ് തുടങ്ങി കാറിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളിലും രൂപമാറ്റം വരുത്തിയിട്ടുണ്ട്. മലപ്പുറം പൂക്കോട്ടൂർ സ്വദേശി കിഴക്കേൽ ചീനിക്കൽ വീട്ടിൽ സി.കെ. മുഹമ്മദ്‌ റോഷൻ, കാർ ഡ്രൈവർ കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് ശ്രീമന്തിരത്തിൽ അശ്വിൻ ബാബു എന്നിവർക്കെതിരെ MVD കേസെടുത്തു. 

കഴിഞ്ഞയാഴ്ച കൊല്ലം മേവറ ഭാഗത്ത് വച്ച് MVD ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും നിർത്താതെ പോകുകയും ഉമ്മയനല്ലൂർ ഭാഗത്ത് വച്ച് മറ്റ് വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കുകയും ചെയ്തിരുന്നു. നമ്പർ പ്ലെയ്റ്റിന്റെ സ്ഥാനത്ത് "ബൂമർ" എന്ന് മാത്രം ആയിരുന്നത് കാരണം വണ്ടിയുടെ പിങ്ക് നിറം മാത്രം വച്ചാണ് അന്വേഷിക്കാൻ കഴിഞ്ഞത്. 

ഇന്നലെ രാവിലെ മോട്ടോർ വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ബിജോയ്‌, മഞ്ജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പത്തനാപുരം മഞ്ചള്ളൂരിൽ പരിശോധന നടത്തുമ്പോൾ അതുവഴി ഈ കാർ വരികയും തടഞ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. 

കാർ കസ്റ്റഡിയിലെടുക്കുന്നത് ചോദ്യം ചെയ്ത് അതിലെ യാത്രക്കാരും ഡ്രൈവറായ അശ്വിൻ ബാബുവും റോഡിൽ വച്ച് ഏറെനേരം ബഹളം വച്ചു. പിന്നീട് ഏറെപണിപ്പെട്ട് പത്തനാപുരം സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഇവർ അവിടെ വന്നും ബഹളമുണ്ടാക്കി. കാറിൽ കൂടുതൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയെന്ന് വിശദമായി പരിശോധിച്ച് പിഴയീടാക്കിയ ശേഷം വിട്ടയക്കുമെന്ന് അധികൃതർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക