Image

റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ആളുകളെ കടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍

Published on 07 May, 2024
റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ആളുകളെ കടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍. കഠിനകുളം സ്വദേശികളായ അരുണ്‍, പ്രിയന്‍ എന്നിവരാണ് അറസ്റ്റിലായത്. റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ തിരുവനന്തപുരത്തടക്കം സിബിഐ അന്വേഷണം നടത്തി വരികയായിരുന്നു. ഡല്‍ഹി സിബിഐ യൂണിറ്റാണ് പ്രതികളെ പിടികൂടിയത്.

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ അടക്കം 19 പേരാണ് പ്രതിപട്ടികയിലുള്ളത്. നേരത്തെ തിരുവനന്തപുരം, ചെന്നൈ, മുംബൈ, ഡല്‍ഹി അടക്കമുള്ള 13 സംസ്ഥാനങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തിയിരുന്നു. 50 ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് സിബിഐ അന്വേഷണം നടക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നിരവധി യുവാക്കള്‍ സ്വകാര്യ റിക്രൂട്ടിങ് ഏജന്റുമാര്‍ വഴി റഷ്യയില്‍ ചതിയില്‍പ്പെട്ടിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു.

തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിന്‍സിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

അഞ്ചുതെങ്ങ്- പൊഴിയൂര്‍ സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, ഡേവിഡ് മുത്തപ്പന്‍ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാര്‍ കൊണ്ടുപോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നല്‍കിയായിരുന്നു റഷ്യയിലേക്ക് അയച്ചത്. അതിന് ശേഷം ഇവരില്‍ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക