Image

'ജനങ്ങൾ ചൂടിൽ മരിക്കുമ്പോൾ പിണറായി ബീച്ച് ടൂറിസം ആസ്വദിക്കാൻ പോയി': വിമർശനവുമായി വി മുരളീധരൻ

Published on 07 May, 2024
'ജനങ്ങൾ ചൂടിൽ മരിക്കുമ്പോൾ പിണറായി ബീച്ച് ടൂറിസം ആസ്വദിക്കാൻ പോയി': വിമർശനവുമായി വി മുരളീധരൻ

റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. പിണറായിയും കുടുംബവും വിദേശ സന്ദര്‍ശനത്തിന് പോയതുമായി ബന്ധപ്പെട്ടാണ് മുരളീധരന്റെ വിമര്‍ശനം. കേരളത്തിലെ ജനങ്ങള്‍ ചൂടില്‍ മരിക്കുമ്പോള്‍ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാന്‍ പോയെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. ഇതില്‍ മുഖ്യമന്ത്രിയും, പാര്‍ട്ടിയും വ്യക്തത വരുത്തണെന്നും അദ്ദേഹം പറഞ്ഞു.

വിനോദയാത്ര നടത്താനുള്ള വരുമാന സ്രോതസ്സ് എന്താണ്? ആരാണ് സ്‌പോണ്‍സര്‍ എന്ന് വ്യക്തമാക്കണം. എംവി ഗോവിന്ദന്‍ മറുപടി പറഞ്ഞാലും മതി. മുഖ്യമന്ത്രിയും ഒരു മന്ത്രിയും ആര്‍ക്കും ചുമതല കൈമാറാതെ തോന്നിയതുപോലെ ഇറങ്ങിപ്പോയി. ഇത് ജനങ്ങളോട് കാണിക്കുന്ന നിരുത്തരവാദിത്തമാണ്. യെച്ചൂരിക്ക് ഇതില്‍ നിലപാടുണ്ടോ? -മുരളീധരന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ യാത്രയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ 19 ദിവസം വിനോദയാത്രയാണോ വേണ്ടതെന്ന് ചോദിച്ച മുരളീധരന്‍, താനൂര്‍ അപകടം നടന്നിട്ട് അന്വേഷണം എവിടെയെത്തിയെന്നും, മുഴുവന്‍ ആളുകള്‍ക്കും നഷ്ടപരിഹാരം കിട്ടിയോ എന്നും ചോദിച്ചു. മാസപ്പടി കേസില്‍ വി.ഡി സതീശന്‍ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിപ്പിച്ചു എന്നും കേസില്‍ അഡ്ജസ്റ്റ്‌മെന്റ് നടന്നോ എന്നും മുരളീധരന്‍ ഭരണപക്ഷി-പ്രതിപക്ഷങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി.

സ്വകാര്യസന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി ഇന്നലെയാണ് ഭാര്യയോടൊപ്പം ദുബായിലേയ്ക്ക് യാത്ര തിരിച്ചത്. ഔദ്യോഗികയാത്രയല്ല എന്നതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രത്യേക പത്രക്കുറിപ്പും പുറത്തിറക്കിയിട്ടില്ല. അതേസമയം പിണറായിയുടെ മരുമകനും, ഗതാഗതവകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസും കുടുംബത്തോടൊപ്പം വിദേശ സന്ദര്‍ശനത്തിന് പോയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക